scorecardresearch

Father's Day 2025: വിമർശകന്റെ ജീവിതപര്യടനം

Father's Day 2025: മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന 'ഭാരതപര്യടനം' രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ... കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത

Father's Day 2025: മലയാളത്തിലെ നിരൂപണ രംഗത്തെ ഏറ്റവും മികച്ച പുസ്തകമെന്ന് വിലയിരുത്തപ്പെടുന്ന 'ഭാരതപര്യടനം' രചിച്ച, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലയേറിയ സംഭാവനകൾ നൽകിയ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭാധനന്റെ വ്യക്തിത്വവിശേഷങ്ങൾ... കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത

author-image
KM Sujatha
അപ്‌ഡേറ്റ് ചെയ്‌തു
New Update
Father's Day Sujatha 2025

Father's Day 2025: ഫാദേഴ്സ് ഡേ 2025

വിമർശകന്റെ ജീവിതപര്യടനം

വേണ്ടപ്പെട്ടവർ മരിച്ചാൽ അവരുടെ ജന്മദിനത്തിന് നാം സാധാരണ പ്രാധാന്യം കൊടുക്കാറില്ല. എന്നാലും ഇന്ന് അച്ഛന്റെ 118 ആം ജന്മദിനമാണ്. സത്യസന്ധതയും ആര്‍ജ്ജവവുമാണ് അച്ഛന്‍റെ  ഏറ്റവും വലിയ കൈമുതലെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ആ ധിഷണാ വൈഭവത്തെക്കുറിച്ചോ, ഓജസ്സുറ്റ, താളനിബദ്ധമായ ആ ഭാഷാ ശൈലിയെക്കുറിച്ചോ പ്രത്യേകം പറയേണ്ടതുമില്ല. അഭൂതപൂർവ്വമായ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും ആ അനുകരണീയമായ ശൈലിയിലൂടെ ഒഴുകി വന്നപ്പോൾ സാഹിത്യലോകം  അതേറ്റു വാങ്ങുകയായിരുന്നുവല്ലോ. വ്യതിരിക്തവും അതേ സമയം തീർത്തും യുക്തിയുക്തവുമായ നിരീക്ഷണങ്ങള്‍ക്കുപരി വൈകാരികമായ ഒരു സമീപനം അച്ഛന് ഒന്നിനോടും ഉണ്ടായിരുന്നില്ല, അത് കുടുംബത്തിലായാലും പുറത്തായാലും ശരി. വാക്കുകളിൽ എപ്പോഴും കണിശമായി പാലിച്ചിരുന്ന മിതത്വം സ്നേഹപ്രകടനങ്ങളിലും നിഴലിച്ചിരുന്നു; അതൊരു കുറവായി ഞങ്ങൾക്കാര്‍ക്കും തന്നെ തോന്നിയിട്ടുമില്ല.

Advertisment

ഞങ്ങൾ ഏഴ് മക്കളായിരുന്നു: മുരളീധരൻ, ഗംഗാധരൻ, ചന്ദ്രിക, ഞാൻ, ദിവാകരൻ, ഉഷ, ദുർഗ്ഗ. എന്റെ തൊട്ടു താഴെ വേറെ ഒരനിയൻ ഉണ്ടായിരുന്നു; ആ കുട്ടി ജനിച്ച ആയിടയ്ക്ക് തന്നെ ഇവിടം വിട്ടു പോയി. ഇപ്പോൾ ഞാനും അനിയത്തിമാരും മാത്രം ബാക്കി. മുരളീധരേട്ടൻ കഴിഞ്ഞാൽ അച്ഛന്റെ കൂടെ ഏറ്റവും അധികം കാലം കഴിയാനുള്ള സൗഭാഗ്യം ഉണ്ടായത് എനിക്കാണ്. പഠിപ്പും ജോലിയുമായി ഒരഞ്ചു കൊല്ലമേ വീട്ടിൽ നിന്നകന്നിരുന്നിട്ടുള്ളു.

എന്റെ വിഡ്ഢിത്തം പറയലിന്, എന്നെ ചീത്ത പറയാൻ പോലും പറ്റാത്ത ഒരു നിസ്സഹായാവസ്ഥയിൽ അച്ഛനേയും അമ്മയേയും ആക്കിയതാണ് എന്റെ ആദ്യത്തെ ഓർമ്മ. എനിക്ക് ഏകദേശം നാല് വയസ്സുള്ളപ്പാേൾ ഞങ്ങൾ പൊന്നാനിയിൽ അമ്മയുടെ വീടിനരികെയുള്ള അമ്പലത്തിൽ പോയി. അതു വരെ കോഴിക്കോടായിരുന്ന എനിക്ക് അമ്പലത്തിലെ ചിട്ടവട്ടങ്ങളൊന്നും അറിയുമായിരുന്നില്ല.

ശ്രീകോവിലിൽ നിന്ന് ഇറങ്ങി വരുന്ന തിരുമേനി "തൊടരുത് മാറിനിൽക്കൂ" എന്ന് പറഞ്ഞപ്പോൾ എനിക്കാകെ അറിയാവുന്ന, വീട്ടിൽ ഇടയ്ക്കിടയ്ക്ക് അമ്മ ആചരിച്ചു കാണുന്ന ആ അയിത്തം ഒരു സങ്കോചവുമില്ലാതെ തിരുമേനിക്ക് ഉറക്കെ ചാർത്തിക്കൊടുത്ത് "എനിക്കിനി കുളിക്കാനൊന്നും വയ്യേ " എന്ന ഭാവത്തോടെ ഉടുപ്പൊക്കെ ഒതുക്കി പിടിച്ച് ഭവ്യതയോടെ നിന്നു. "അയ്യോ ഈ കുട്ടി" എന്ന് എല്ലാവരും കൂടി പറഞ്ഞതോർമ്മയുണ്ട്. അച്ഛന്റേയും അമ്മയുടേയും അപ്പാഴത്തെ അവസ്ഥ ഇപ്പോൾ എനിക്കാലോചിക്കാനേ വയ്യ. ഏതായാലും എന്നെ ചീത്തയൊന്നും പറഞ്ഞില്ല. അമ്പലത്തിലെ ശുദ്ധാശുദ്ധം വേറെയാണെങ്കിലും പറയട്ടെ: അച്ഛന് സവർണ്ണാവർണ്ണർ തമ്മിലുള്ള അയിത്താചരണത്തോട് തികഞ്ഞ എതിർപ്പായിരുന്നു. ക്ഷേത്രപ്രവേശനം നടന്നിട്ടില്ലാത്ത ആ കാലത്ത് സാക്ഷാൽ ശ്രീകൃഷ്ണൻ വന്നാൽ പോലും ഗുരുവായൂരമ്പലത്തിൽ കേറ്റില്ലെന്ന് അച്ഛൻ പറയാറുണ്ടായിരുന്നത്രെ.

Also Read: അർമ്മാദചന്ദ്രൻ

Advertisment
kuttikrishna marar ,memories,sujatha
കുട്ടികൃഷ്ണ മാരാരും കുടുംബവും

അയിത്തത്തെപ്പറ്റി ഒരു കാര്യം കൂടി പറയട്ടെ: വള്ളത്തോളിന്റെ സ്വാധീനമാണ് അച്ഛന്റെ ശ്രദ്ധ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് തിരിച്ചുവിട്ടത്. അച്ഛൻ വള്ളത്തോളിന്റെ വീട്ടിൽ നിന്ന് ഊണ് കഴിച്ചെന്നറിഞ്ഞ മുത്തശ്ശി ആരു പറഞ്ഞാലും അവിടെ നിന്ന് ഉണ്ണരുതെന്ന് അമ്മയെ കർശനമായി താക്കീത് ചെയ്തത്രെ... കുലമഹിമ സ്ത്രീയെ ആശ്രയിച്ചാണല്ലോ നില നിൽക്കുക. (നായരും മാരാരും ജാതിയിൽ തങ്ങളാണെന്ന് മീതെ എന്നു ഭ്രമിച്ചിരുന്ന കാലം) അതുമല്ല, മുത്തശ്ശിക്ക് അമ്പലത്തിലെ അടിയന്തിരം നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. പക്ഷെ അച്ഛന്റെ ഭാഷയിൽ മുത്തശ്ശിയുടെ ഈ തലയണമന്ത്രത്തിന്ന് ഫലമുണ്ടായില്ല. പിൽക്കാലത്ത് എസ്.കെ.പൊറ്റെക്കാട്, മധുരവനം കൃഷ്ണക്കുറുപ്പ് തുടങ്ങി പലരും സാഹിത്യസല്ലാപത്തിന് വീട്ടിൽ വരാറുണ്ടായിരുന്നു. ഒരിക്കൽ വക്കം അബ്ദുൾ ഖാദർ ഉണ്ണാനുണ്ടായിരുന്നു. അതിഥി ദേവോ ഭവ എന്ന് അച്ഛനിൽ നിന്ന് ഉൾക്കൊണ്ട അമ്മയ്ക്ക് അദ്ദേഹം ഉണ്ടേടം തളിച്ചു തുടയ്ക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല.

അമ്പലവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ: ഒരിക്കൽ അമ്മ ഗംഗാധരേട്ടന് വേണ്ടി നേന്ത്രപ്പഴം കൊണ്ട് ഗുരുവായൂരമ്പലത്തിൽ തുലാഭാരം നേർന്നു, ഇവർ കർക്കിടക മാസത്തിലോ മറ്റോ ആണ് ഗുരുവായൂര് പോയത്. എന്തായാലും നല്ല പഴം കിട്ടാതെ, കിട്ടിയ കുരുട്ടു പഴം കൊണ്ട് ശരിക്കും 'വഴിപാട്' തന്നെ കഴിച്ചു പോരേണ്ടി വന്നു. അന്നച്ഛൻ അമ്മയോട് പറഞ്ഞു "നാരായണിക്കുട്ടീ, ദയവു ചെയ്ത് മീന മാസത്തിൽ തിരുവാതിര ഞാറ്റുവേലേലെ വെള്ളം കൊണ്ട് തുലാഭാരൊന്നും നേരരുത്. അമ്പലത്തിൽ പോവുമ്പോ എന്താ തോന്ന്ണത്ച്ചാ അത് ചെയ്യാം". അത് കേട്ടെങ്കിലും അമ്മയ്ക്കതെത്രത്തോളം പാലിക്കാൻ പറ്റി എന്നറിയില്ല . കുട്ടികൾക്ക് അസുഖം വരുമ്പോൾ ചിലപ്പോൾ അതൊക്കെ മറന്നിട്ടുണ്ടാവാം

അച്ഛൻ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ എന്ത് പറഞ്ഞാലും, തനിക്ക് ബോധ്യമായില്ലെങ്കിൽ അതിന് മാറ്റം വരുത്തില്ല. എനിക്കൊരു പത്ത് വയസ്സുള്ളപ്പോൾ എനിക്കേറെ പ്രിയപ്പെട്ട കൂട്ടുകാരി ഐക്യമുന്നണിയുടെ ജാഥയിൽ പോവുന്നെന്ന് പറഞ്ഞപ്പോൾ അന്ന് (ഇന്നും എന്ന് പറയാം) രാഷ്ട്രീയം ഒന്നും അറിയാത്ത ഞാൻ ആ കുട്ടിയോടുളള ഇഷ്ടം കൊണ്ടു മാത്രം പോവണമെന്ന് ശാഠ്യം പിടിച്ചു. സമ്മതിക്കാത്തപ്പോൾ "സലി പോണുണ്ടല്ലോ'' എന്ന് വാദിച്ചു. "സലിയല്ല ഈശ്വരൻ തന്നെ പോണ്‌ണ്ടെങ്കിലും സുജാത പോണ്ട" എന്ന് പറഞ്ഞ് ആശയ്ക്കുള്ള എല്ലാ പഴുതും അടച്ചു. അവിടെ ഒരു നീക്കുപോക്കുമില്ല .

സാമ്പത്തിക ബുദ്ധിമുട്ടിന്റെ നീർച്ചുഴിയിലൂടെയാണ് അച്ഛൻ കടന്നു പോന്നത്. എന്റെ തൊട്ടു താഴെയുള്ള അനിയൻ മരിച്ച ആയിടയ്ക്ക് ഞങ്ങളെ അമ്മയുടെ വീട്ടിൽ കൊണ്ടു പോയാക്കി. അവിടെ കാര്യമായിട്ട് മെച്ചമൊന്നുമുണ്ടായിട്ടല്ല. അമ്പലത്തിൽ കഴകമുള്ളത് കൊണ്ട് നേദ്യച്ചോറ് കിട്ടും; പിന്നെ വീടിന് വാടക വേണ്ട. അത്ര മാത്രം. എന്നിട്ട് അച്ഛൻ കോട്ടക്കൽ വൈദ്യശാലയിൽ സൗജന്യമായി താമസിച്ച് വീട്ടു വാടക മിച്ചം വെച്ചു. വൈദ്യശാലയാണെങ്കിൽ മാതൃഭൂമിയുടെ വളരെ അടുത്തും. പക്ഷെ ഈ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഞങ്ങൾക്കനുഭവപ്പെട്ടിരുന്നില്ല. മാത്രമല്ല, അമ്മയുടെയും അച്ഛന്റെയും വീട്ടിലേക്ക് പറ്റുന്ന സഹായങ്ങളും ചെയ്യുന്നത് കണ്ടിരുന്നു. എനിക്കഞ്ച് വയസ്സായപ്പോൾ ഞങ്ങളെ കോഴിക്കോട്ടെക്ക് തന്നെ കൊണ്ടു വന്നു.

ഭാരതപര്യടനവും ഋഷിപ്രസാദവും

അച്ഛന്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ളത് 'ഭാരതപര്യടന'മാണല്ലോ: നിരൂപണഗ്രന്ഥങ്ങൾക്ക് പൊതുവെ ആവശ്യക്കാർ കുറവാണ്. അതിനൊരപവാദമായിരുന്നു 'ഭാരതപര്യടനം'. ഈ 'ഭാരത പര്യടന'ത്തിന്റെ പകർപ്പവകാശം കേവലം 100 ഉറുപ്പികയ്ക്ക് അച്ഛൻ പി.കെ. ബ്രദേഴ്സിന് കൊടുക്കാനൊരുങ്ങിയതാണ്. അതറിഞ്ഞ അച്ഛന്റെ ഒരു ശിഷ്യയായ ചെങ്കളത്ത് പാറുക്കുട്ടിയമ്മ (അച്ഛൻ അവരെ സംസ്കൃതം പഠിപ്പിച്ചിരുന്നു) ആ നൂറുറുപ്പിക കൊടുത്ത് പകർപ്പവകാശം വിൽക്കുന്നത് തടഞ്ഞു. ഈ 'ഭാരതപര്യടന'ത്തിന്റെ വിൽപനയാണ് അച്ഛന് ഒരു വീട് വാങ്ങാൻ സഹായകമായത്. അതുകൊണ്ട് തന്നെ അച്ഛൻ ആ വീടിന്ന് കൊടുത്ത പേര് 'ഋഷിപ്രസാദം' (വ്യാസഭഗവാന്റെ പ്രസാദം).

Also Read: പാതാളത്തിൽ മുഴങ്ങിയത്

kuttikrishna marar ,memories,sujatha

ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ എന്റെ മരിച്ചു പോയ അനിയനെ പറ്റി ഒരു കവിത എഴുതിയിട്ടുണ്ടെന്നറിഞ്ഞത്. അതൊന്ന് വായിച്ചു പറഞ്ഞു തരാൻ അച്ഛനോട് തന്നെ ആവശ്യപ്പെട്ടു. അഞ്ചാമതായി പിറന്ന ആ കുട്ടിയെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു അച്ഛൻ. അമ്മ പ്രസവാനന്തരം കടുത്ത പനി പിടിച്ച് അപകടകരമായ നിലയിലായി. അമ്മയെ ശുശ്രൂഷിക്കലും മാതൃഭൂമിയിലെ ജോലിയും, അതും എരിഞ്ഞിപ്പാലത്ത് നിന്ന് മാതൃഭൂമി വരെ ഏകദേശം അഞ്ചാറ് കിലോമീറ്ററോളം നടക്കലും. ആ അലച്ചിലിന്റെ ക്ഷീണം കാരണം ഒരു ദിവസം അച്ഛൻ അമ്മയ്ക്ക് മരുന്നെടുക്കുമ്പോൾ മരുന്നിന് പകരം നിലവിളക്കിലെ എണ്ണ ഒഴിക്കാൻ ഒരുങ്ങിയത്രെ. അത് കാണാനിടയായ അമ്മയാണ് അതച്ഛന്റെ ശ്രദ്ധയിൽപെടുത്തിയത്.

ഈ ഉത്തരവാദിത്തങ്ങൾക്കിടയിൽ കുട്ടിയെ വേണ്ടത്ര എടുക്കുകയോ ലാളിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല അമ്മയുടെ അസുഖത്തിന് കാരണക്കാരനാണെന്ന് വരെ തോന്നിയത് കൊണ്ടുള്ള പശ്ചാത്താപാഗ്നിയിൽ നീറി അച്ഛൻ എഴുതിയതാണ് 'ആശ്വസിക്കേണ്ട' എന്ന ആ കവിത. അത് വായിക്കാനെടുത്ത അച്ഛന്ന് സങ്കടം കാരണം വായിക്കാനേ സാധിച്ചില്ല. അതിനു പകരം അപ്പോൾ മുരളീധരേട്ടൻ എനിക്ക് വായിച്ചു തന്നെന്നെ കരയിപ്പിച്ചത് 'മാമ്പഴം' എന്ന കവിത. ഒരുപക്ഷെ എനിക്കാ പ്രായത്തിൽ അച്ഛന്റെ ആ കവിത 'മാമ്പഴം' പോലെ മനസ്സിലാവുമായിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു. 'ആശ്വസിക്കേണ്ട' എന്ന കവിതയിലെ ഹൃദയസ്പർശിയായ ചില വരികൾ:

'ആശ്വസിക്കേണ്ട' എന്ന കവിത

"തിരിഞ്ഞു നോക്കാൻമേലാതമ്മയുണ്ടടു,
ത്തച്ഛൻ
തിരിഞ്ഞു നോക്കാൻ നേരം കാണാതുണ്ടുഴറുന്നൂ.

നാൽപ്പതിൽ പുറംനാളു കൊണ്ടച്ഛനെ
അളന്നുക -
ണ്ടാപ്പിഞ്ചു തിരിച്ചു തൻ പ്രാരബ്ധത്തിൻ പിമ്പേ

സത്യം - ഒട്ടാശ്വസ്തനായ്, മാർഗ്ഗമംഗളം നേർന്നാ-
സ്സത്വത്തിൻ ജഡം കൊണ്ടു പൂഴ്ത്തിനാനച്ഛൻ മണ്ണിൽ

ഒക്കെയും കഴിഞ്ഞെന്നു നിനച്ചേൻ - കഴിഞ്ഞീല
പിൽക്കാലത്തതുതന്നെയോർത്തോർത്തു കേഴ്
വൂ ചിത്തം
.......
"ഓമനേ മകനേ "എന്നവനെ വിളിപ്പാനും
നാവിനുണ്ടിപ്പോൾ നാണം നുണ ചൊൽവതിൽ പ്പോലെ
.....
അമ്മയ്ക്കൊരുൽപ്പാതമിക്കുഞ്ഞെന്നു പോലും, പിച്ചാ_
ണ്ടെൻ മനം ശപിച്ചീലെന്നോർക്കുവാൻ ധൈര്യം പോരാ.
ശോച്യനല്ലവൻ സ്നേഹമറ്റേടം കൈവിട്ടവൻ
ശോച്യനീയച്ഛൻ നിജസ്നേഹത്തിന്നതിർ കണ്ടോൻ.
.......
വേണ്ടെ,നിക്കാശ്വാസമേ വേണ്ട ,ഞാൻ ദിനംതോറും
വേദന കൊള്ളട്ടെയാച്ചരിതസ്മരണയാൽ
.......
പുഴുപുൽകളെപ്പോലും സ്നേഹിക്കുമൃഷിമാർ തൻ
വഴിക്കാണത്രെ, ഹന്ത, ദൃഷ്ടി വേക്കേണ്ടൂ ഞാനും;
എത്ര ദൂരമാമാർഗ്ഗ,മെത്ര ദൂരം! ഈയഞ്ചാം
പുത്രനിലോളം ചെല്ലാനാകാത്ത ഹൃദയമേ! "

ധാർമ്മികമൂല്യങ്ങളനുസരിച്ചാവണം ഞങ്ങൾ ജീവിക്കേണ്ടത് എന്ന് കരുതിയാവാം സന്ദർഭത്തിനനുസരിച്ച് ഉപദേശങ്ങൾ കിട്ടാറുണ്ടായിരുന്നു. ഏഴെട്ട് വയസ്സുള്ളപ്പോൾ എനിക്ക് ഒരിക്കൽ നല്ല പനി വന്നു. അന്നച്ഛൻ വാങ്ങിക്കൊണ്ടുവന്ന ലഡ്ഡുവോ മറ്റോ എനിക്ക് മാത്രം തന്നില്ല. ഞാൻ വാശിപിടിച്ചു, പനി മാറിയിട്ട് തരാമെന്ന് പറഞ്ഞാശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് കിട്ടാനുള്ള അത്യാഗ്രഹത്തോടെ "അപ്പോഴേക്കും ഞാൻ മരിച്ചാലോ" എന്ന് ചോദിച്ചപ്പോൾ കിട്ടിയ നിസ്സംഗമായ മറുപടി "സുജാതയ്ക്ക് അത് കഴിക്കാൻ വിധിയുണ്ടായിരുന്നില്ലെന്ന് കരുതും." അച്ഛന്റെ സ്നേഹവും സഹതാപവും മുതലെടുക്കാൻ ശ്രമിച്ച എന്നോട് അമ്മയും  കൂടി ഒരു സാന്ത്വനവചനം പറഞ്ഞില്ല. എന്റെ അതിര് കടന്ന സാമർത്ഥ്യം അവർക്ക് മനസ്സിലാവാതിരിക്കില്ലല്ലോ. എന്തായാലും അതെല്ലാം ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ സഹായകമായി.

 .AlsoRead:  കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍...kuttikrishna marar ,memories,sujatha

അടുത്ത വീട്ടിൽ കളിക്കാൻ പോയ ഉഷയെ നായ കടിച്ചതറിഞ്ഞ സങ്കടം കൊണ്ട് ഞാൻ പറഞ്ഞു, "അവിടെ വേറെയും കുട്ടികളുണ്ടായിരുന്നില്ലേ" അത് കേട്ട അച്ഛൻ പിന്നീട് എന്നോട് പറഞ്ഞത്: അവനവന് നല്ലതല്ലാത്തത് മറ്റുള്ളവർക്ക് വരണമെന്ന് കരുതരുത്. ആ ഒരൊറ്റ ധർമ്മം മാത്രം ജീവിതത്തിൽ പാലിച്ചാൽ മതി.

ഗംഗാധരേട്ടൻ ജോലി കിട്ടി ബോംബെയിൽ ഉള്ള കാലത്ത് ഒരു തീവണ്ടി അപകടവാർത്ത പത്രത്തിൽ വന്നു. അത് അച്ഛൻ കുറച്ചുറക്കെ വായിച്ചത് കേട്ട ഞാൻ "ആ"എന്ന് പറഞ്ഞു അതിനെ നിസ്സാരവത്ക്കരിച്ചു... എവിടെയാണെന്നാേ ബോംബെയിൽ എന്നച്ഛൻ പറഞ്ഞ ഉടനെ "ങ്ങേ എവിടെ നോക്കട്ടെ" എന്നായി ഞാൻ. അത് ശരി, ഏട്ടൻ ബോംബെയിലായത് കൊണ്ടറിയണം അല്ലേ എന്ന് പറഞ്ഞു പത്രം തന്നു.  മമത്വം തല പൊക്കുമ്പോഴൊക്കെ അത് പല വിധത്തിലും ചൂണ്ടിക്കാണിച്ചു തരുമായിരുന്നു .

അച്ഛൻ കലാമണ്ഡലത്തിൽ ക്ലാസെടുത്തിരുന്ന കാലത്ത് എന്തോ പഠിക്കാത്തതിന് ഒരു കുട്ടിയെ അടിച്ചു; പിന്നീട് അന്ന് ആ കുട്ടിയുടെ പിറന്നാളായിരുന്നെന്നറിഞ്ഞ് പ്രായശ്ചിത്തമായി ഉപവസിച്ചു. പിറന്നാൾ ദിനം നമ്മൾ കുട്ടികളെ അടിക്കാറില്ലല്ലോ. അച്ഛൻ ഉപവസിക്കുന്നുണ്ടെന്നറിഞ്ഞ് അമ്മയും. അന്ന് മുരളീധരേട്ടനും ഗംഗാധരേട്ടനും ചെറിയ കുട്ടികളായിരുന്നു. അതുകൊണ്ടവരെ ഉപവസിപ്പിച്ചില്ല. മാഷ് ഉപവസിക്കുന്നതറിഞ്ഞ് ശിഷ്യൻമാരും ഉപവസിച്ചു. മഹാത്മാഗാന്ധിയുടെ സ്വാധീനം നല്ല പോലെ ഉള്ള കാലം. ഏതായാലും അതിനുശേഷം അച്ഛൻ അടിക്കുന്ന പരിപാടി നിർത്തി. ശിക്ഷ ഏത്തമിടീക്കലാക്കി. അച്ഛന്റെ ആ വ്രതം എന്റെ പടുവികൃതിയായ അനിയൻ തെറ്റിപ്പിച്ചിട്ടുണ്ട്: റെയിൽപാളത്തിൽ നിന്ന് ദിവാകരൻ കുതിച്ചു വരുന്ന തീവണ്ടി കൈ കാണിച്ച് നിർത്താൻ നോക്കിയ വിവരം റെയിലിന്നടുത്തുണ്ടായിരുന്നവർ പറഞ്ഞറിഞ്ഞ അച്ഛന് അയാളെ പൊതിരെ അടിക്കയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല.

അച്ഛന്റെ നിലപാടുകൾ

നുണ പറയുന്നത് അച്ഛന് ഒരിക്കലും ക്ഷമിക്കാനാവുമായിരുന്നില്ല. നേര് പറയാതിരുന്നാൽ അച്ഛന് വരുന്ന ദേഷ്യം അറിയുന്ന ഞാൻ ഞങ്ങളുടെ ചാർച്ചയിലുള്ള എന്റെ സമപ്രായക്കാരി, രാധ നുണ പറഞ്ഞെന്ന് തെളിയിച്ചതിന്ന് എനിക്ക് തന്നെ ചീത്ത കേട്ട ഒരു രസകരമായ സംഭവവുമുണ്ടായിട്ടുണ്ട്. ഏടത്തിക്ക് ആറ്റു നോറ്റു വാങ്ങിയ ഒരു സ്വർണ്ണമാല കാണാതായി. പിന്നീടത് കിട്ടിയപ്പോൾ എല്ലാവരും സന്തോഷിച്ചാശ്വസിച്ചിരിക്കുമ്പാഴാണ്, മാല പോയതിലും കിട്ടിയതിലും അന്ന് 'സമലോഷ്ടാശ്മകാഞ്ചന'യായതു കൊണ്ട് കാര്യമായി ഒന്നും തോന്നാതിരുന്ന ഞാൻ രാധ മാല തിരയുന്നതിനിടയിൽ ഒരു ധാരണാപ്പിശക് കാരണം എന്തോ പറഞ്ഞത് കളവാണെന്ന് വാദിച്ച് അച്ഛന്റെ നീരസത്തിന് പാത്രമായി. ഏതായാലും ആ രാധയെയാണ് പിന്നീട് ഞങ്ങളുടെ പ്രിയപ്പെട്ട ഏടത്തിയമ്മയായി (ശരിക്കും ഏടത്തിയും അമ്മയും ആയി) മുരളീധരേട്ടൻ കൊണ്ടു വന്നത്.

ഒരു സാധനവും വെറുതെ കളയരുതെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ പല നിറത്തിലുള്ള നൂലുകൾ കെട്ടുപിണഞ്ഞത് വേർപെടുത്താൻ ഞാനൊരു പാഴ്ശ്രമം നടത്തി. ഒടുവിൽ ഞാൻ ആ നൂലാമാല അവിടെ ഉപേക്ഷിച്ചു പോയപ്പോൾ അച്ഛൻ അതെല്ലാം ക്ഷമാപൂർവ്വം വേർപെടുത്തി ഓരോന്നും വെവ്വേറെ ചുറ്റിവെച്ചു തന്നിട്ട് പറഞ്ഞു "ഒരു സാധനവും വെറുതെ കളയരുത്. "

എല്ലാം ചിട്ടയായി ഒതുക്കി വെക്കണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. എന്തു ചെയ്യുന്നതിലും ആ നിഷ്ഠ നിഴലിക്കും: കിടക്കയിൽ വിരി വിരിക്കുന്നത് മുതൽ പത്രം, ഉണങ്ങിയ തുണി, എഴുതിയ കത്തുകൾ തുടങ്ങിയവ മടക്കി വെക്കുന്നതിൽ എല്ലാം ഉടനീളം അച്ഛന്റെ ആ ജാഗ്രത പ്രതിഫലിച്ചു കാണാം. അച്ഛൻ വീട്ടു ജോലികളിൽ അമ്മയെ സഹായിക്കുന്ന പരിപാടി മേൽപറഞ്ഞ ചില്ലറ കാര്യങ്ങളിലല്ലാതെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ആണുങ്ങൾ സ്വതവെ വെപ്പുപണി മുതൽ എല്ലാം വേണ്ടിവന്നാൽ ചെയ്യുന്നവരായത് കൊണ്ടാണ് ഇതെടുത്ത് പറഞ്ഞത്...

kuttikrishna marar ,memories,sujatha

എനിക്ക് ജോലി എടുക്കാൻ നല്ല മടിയായിരുന്നു: കഞ്ഞിയിൽ ഉപ്പെടുത്തിടാൻ മടിച്ച് ഉപ്പില്ലാതെ കഞ്ഞി കുടിക്കുന്ന തരത്തിലുള്ള മടി. ഒരു ദിവസം അച്ഛന്നുള്ള മരുന്ന് എന്നോട് കൊടുക്കാൻ അമ്മ പറയവെ "അമ്മേ അമ്മയല്ലെ എന്നും കൊടുക്ക്ണത് അമ്മ തന്നെ കൊടുക്ക്വല്ലേ നല്ലത്." എന്ന് ഞാൻ ചോദിച്ചു. അമ്മ അച്ഛനോട് "കേട്ടില്ലേ മകൾ പറഞ്ഞത് ." അച്ഛന്റെ പ്രതികരണം "ഇങ്ങനെ പറയാനുള്ള മിടുക്ക് ഉണ്ടാവനല്ലെ സുജാതയെ കോളേജിലയച്ചതെ"ന്നായിരുന്നു.

എന്റെ മടിക്ക് അച്ഛന്റെ അടുത്ത് നിന്ന് തന്നെ ഒരു കൊട്ട് കിട്ടിയ സംഭവവും ഓർക്കുന്നു. ഏടത്തി വളരെ പാവമായിരുന്നു. എന്നേക്കാൾ മൂന്ന് വയസ്സിന്ന് മീതെയാണെങ്കിലും എന്റെ അനിയത്തിയാണെന്നാണ് തോന്നുക. എനിക്കും ഞാൻ ഏടത്തിയെ സംരക്ഷിക്കേണ്ടതാണെന്നായിരുന്നു ഭാവം. പക്ഷെ ജോലിയുടെ കാര്യത്തിൽ ഏടത്തിയെ പറ്റിക്കും. ബുദ്ധിമുട്ടുള്ള ജോലി ഏടത്തിയുടെ തലയിലിടാൻ ഞാൻ ശ്രമിക്കുന്നത് കണ്ട അച്ഛൻ പറഞ്ഞു: "പണ്ട് ഇതേ മാതിരി ഒരനിയത്തി ഏടത്തിയോട് പറഞ്ഞു, ഏടത്തി ഇവിടെ നിന്ന് എഴുന്നേറ്റ് നടന്ന് തൊടിയിൽ പോയി കുനിഞ്ഞ് നിന്ന് മുള്ളൊന്നും കൊള്ളാതെ വഴുതിനങ്ങ പറിക്കുന്നോ അതോ നെല്ല് കുത്തുന്നോ." അത്ര മാത്രം. അത് മതിയല്ലോ !

വീട്ടിലെ ആണുങ്ങൾ വരുമ്പോഴൊക്കെ എഴുന്നേറ്റു ബഹുമാനിക്കുന്ന രീതി ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നില്ല. അമ്മായിയെ കല്യാണം കഴിച്ചുകൊണ്ട് വന്നപ്പോൾ, അവർ അച്ഛൻ വരുമ്പോഴൊക്കെ എഴുന്നേൽക്കാൻ തുടങ്ങിയത് കണ്ട് അച്ഛൻ പറഞ്ഞു. "ഞാൻ തോറ്റൂലോ. ഈ കുട്ടി കാരണം എനിക്കീ വീട്ടിൽ ഒരിടത്തും വരാനേ പറ്റില്ല എന്നായീലോ."

ഇതിന്റെ ഒരു മറുപുറം: ഒരിക്കൽ അച്ഛനും ഞാനും കൂടി ഒരു ബന്ധുവീട്ടിൽ ഒന്നു രണ്ട് ദിവസം താമസിക്കയുണ്ടായി. ഞാനവിടെ ഉമ്മറത്തിരിക്കവെ ആരോ അകത്ത് നിന്ന് വരുന്നത് കണ്ട് ധൃതിയിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റു. അവിടത്തെ കാരണവരാണെന്ന് വിചാരിച്ചിട്ട്...

പക്ഷെ അതച്ഛനായിരുന്നു. ഉടനെ ആ ,അച്ഛനാണോ എന്ന് പറഞ്ഞു സുഖമായി ഇരുന്നു. "അച്ഛൻ വരുമ്പോൾ എഴുന്നേറ്റൂച്ചാൽ അബദ്ധൊന്നൂല്ല്യ" എന്നായിരുന്നു അച്ഛന്റെ പ്രതികരണം.

അമ്മയുടെ രോഗകാലം

അമ്മ കാൻസർ ബാധിതയായപ്പോൾ മദിരാശിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ടി വന്നു. അന്നത്തെ സാമ്പത്തികസ്ഥിതിയിൽ അതൊന്നാലോചിക്കാനേ വയ്യായിരുന്നു. അച്ഛന്റെ സീനിയറായി പഠിച്ച ഡോക്ടർ. യു.പി.ശങ്കുണ്ണി മേനോൻ ഈ വിവരമറിഞ്ഞു അവരുടെ കുടുംബത്തിന്റെ എല്ലാ സഹായവും നിർല്ലോഭം നൽകി. അങ്ങിനെ ഒരു മാസത്തോളം അവിടെ താമസിച്ച് റേഡിയേഷന്റെ കടുത്ത പാർശ്വഫലമനുഭവിക്കുന്ന അമ്മയേയും കൂട്ടി തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞത്: "ഈ അസുഖം കാരണം ലോകത്ത് ഇത്രയും നല്ല ആൾക്കാരും ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റി." ഏത് ദുരിതത്തിലും ആശ്വാസത്തിന്റെ ഒരു കണികയെങ്കിലും അച്ഛൻ കണ്ടെത്തുമായിരുന്നു. മറ്റുള്ളവർക്ക് സർജറി വേണ്ടി വന്നപ്പോഴും ആ കുടുംബം തന്നെയായിരുന്നു ഞങ്ങൾക്ക് ആശ്രയമായത്.

അച്ഛനോ അമ്മയോ ഞങ്ങളെ "മോനേ", ''മോളേ" എന്നൊന്നും വിളിച്ചിട്ടേ ഇല്ല. ഞങ്ങൾ മക്കളും അങ്ങനെ തന്നെ. പേരക്കുട്ടികളിൽ ചിലരിൽ മാറ്റമുണ്ട്. അതു മാത്രമല്ല നീ, അവൾ, അവൻ ഒന്നും പറയാറില്ല ഞങ്ങളങ്ങനെ പറയുമ്പോൾ ശാസിക്കാറുമുണ്ട്; "പിന്നെ എന്തിനാ പേരിട്ടിരിക്കുന്നത്? പേര് പറഞ്ഞുകൂടെ" പക്ഷെ ഞങ്ങളിൽ പലർക്കും ഇളയവരെ നീ അവൻ എന്നൊക്കെ പറഞ്ഞ് ശീലിച്ചത് മാറ്റാൻ പറ്റിയിട്ടില്ല. അച്ഛൻ "മോളേ" എന്ന് വിളിക്കാറില്ലെന്ന് പറഞ്ഞതിന് ഒരപവാദമൊരിക്കലുണ്ടായി. ദുർഗ്ഗ നന്നേ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പോയിരുന്നത്. അത് കഴിഞ്ഞ് മറ്റുള്ളവരുടെ ചികിത്സയ്ക്കും: അവിടെ ശങ്കുണ്ണിമേനോൻ തന്റെ പേരക്കുട്ടിയെ "മോളെ" എന്ന് വിളിക്കുന്നത് അടിക്കടി കേൾക്കാനിടയായത് മനസ്സിൽ നല്ലപോലെ പതിഞ്ഞത് കൊണ്ടാവാം ദുർഗ്ഗയെ രണ്ടുമൂന്ന് പ്രാവശ്യം എന്തോ ഒരു പ്രായശ്ചിത്തം പോലെ "മോളെ" എന്ന് വിളിച്ചിട്ടുണ്ട്.

Also Read: മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്

kuttikrishna marar ,memories,sujatha

ഈ ഡോക്ടർ ശങ്കുണ്ണി മേനോന്റെ ജാമാതാക്കളാണ് വള്ളത്തോളിന്റെ അനന്തരവനും സാഹിത്യകാരനുമായ വി.വി.മേനോനും സിനിമാ സംവിധായകനും കൂടിയായ ഡോക്ടർ ബാലകൃഷ്ണനും. വി.വി.മേനോൻ അച്ഛനെപ്പറ്റി ഒരു വാങ്ങ്മയചിത്രം തന്നെ എഴുതിയിട്ടുണ്ട്: അതച്ഛന്ന് വളരെ ഇഷ്ടവുമായിരുന്നു. ഇനി ആരും തന്റെ തൂലികാചിത്രം എഴുതേണമെന്നില്ല എന്ന് പറയത്തക്കവണ്ണം ഇഷ്ടമായിരുന്നു. കുട നിവർത്താനും, ഷർട്ടിന്റെ കുടുക്കിടാനും മറ്റും പറ്റാതെ അതിരു കടന്നു പരിഭ്രമിക്കുന്നത്, യാത്ര പോവുമ്പോൾ ടിക്കറ്റ് വാങ്ങുന്നതു പോലെയുള്ള നിസ്സാരവ്യവഹാരകാര്യങ്ങളിലും കൂടി വേവലാതിപ്പെടൽ തുടങ്ങിയ അച്ഛന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റി നന്നായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നു അതിൽ.

അച്ഛന്റെ എഴുത്തിലുള്ള കാർക്കശ്യമൊന്നും സ്വഭാവത്തിലുണ്ടായിരുന്നില്ല; വളരെ തരളഹൃദയനായിരുന്നു. ഞങ്ങൾ പെൺമക്കൾ എല്ലാം സ്ഥിരം അസുഖക്കാരായിരുന്നു. അതും അമ്മയുടെ അസുഖവും പിന്നീടുള്ള വേർപാടും അച്ഛനെ വളരെ തളർത്തിയിരുന്നു; പക്ഷെ അതാണച്ഛനിൽ നിർലീനമായിരുന്ന അധ്യാത്മികതയെ തഴച്ചു വളർത്തിയത്. കൂട്ടത്തിൽ അവസാനകാലത്ത് സുകൃതവശാൽ കിട്ടിയ അനുകൂല സാഹചര്യവും.

രാമകൃഷ്ണാശ്രമത്തിന്നടുത്തുള്ള താമസം ,ആശ്രമത്തിന്റെ വിവേകാനന്ദ സാഹിത്യസർവസ്വ പ്രസിദ്ധീകരണവുമായി ചേർന്നു പ്രവർത്തിക്കൽ, ഭഗവാൻ സത്യസായി ബാബയെ ദർശിക്കൽ, പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ ആശ്രമത്തിൽ നടത്തിയിരുന്ന ക്ലാസുകളിൽ പോവൽ, ക്ലാസ് തുടങ്ങുന്നതിന് മുമ്പും പിമ്പും പ്രഫസറുമായി നടന്നിരുന്ന അധ്യാത്മിക ചർച്ചയിൽ പങ്കെടുക്കൽ തുടങ്ങിയവ എല്ലാം ആ അധ്യാത്മികാഗ്നിക്ക് ആളിക്കത്താനുള്ള നെയ്യ് തന്നെയായിരുന്നു. അതുകൊണ്ട് കുറേ നല്ല അധ്യാത്മിക കൃതികളും അച്ഛൻ രചിക്കാനിടയായി. അച്ഛന്റെ സാഹിത്യ -സപര്യയെക്കാൾ ഈ അധ്യാത്മികസപര്യയാണ് എനിക്കേറ്റവും ഹൃദ്യമായിട്ടുള്ളത്.

ഞങ്ങൾ പഠിക്കുന്നത് ഏത് ക്ലാസിലാണെന്നൊന്നും അച്ഛൻ ഓർക്കാറില്ല. ഞങ്ങളുടെ പേരും തെറ്റി വിളിക്കും. പലപ്പോഴും എഴുതാനുള്ളതിനെ പറ്റി ആലോചിച്ചു നടക്കുന്നത് കാണാം; ഒന്നും ശ്രദ്ധിക്കാതെ.  ഞങ്ങൾക്ക് മാർക്കധികം കിട്ടുന്നുതോ ഞങ്ങൾ ജയിക്കുന്നതോ തോൽക്കുന്നതോ ഒന്നും അച്ഛൻ ശ്രദ്ധിച്ചിരുന്നതേ ഇല്ല. രണ്ടു മൂന്ന് വയസ്സുവരെയേ കുട്ടികളെ ലാളിക്കാറുണ്ടായിരുന്നുള്ളു. കുട്ടികളെ രാത്രി എടുത്ത് നടന്ന് ഓമനക്കുട്ടൻ പാടി ഉറക്കാൻ നല്ല ഇഷ്ടമായിരുന്നു. വലിയ കുട്ടികൾക്ക് ഭാരതത്തിലെയും മറ്റും കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നു.

ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ കണക്ക് പഠിക്കാൻ വേറെ പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ട് മാത്രം കെമിസ്ട്രിയാണെടുത്തത്. പക്ഷെ അതിലെ പ്രാക്ടിക്കൽ ചെയ്യലും ( ഒരു പ്രാവശ്യം പിപ്പെറ്റിൽ കൂടി എന്തോ വായയിൽ കുടി വലിച്ചെടുത്തപ്പോൾ അതെന്റെ വായയിലെത്തുമെന്നു തോന്നി എല്ലാം താഴത്തിട്ട് പിന്നോക്കം ചാടി വേണ്ടത്ര അബദ്ധത്തിൽ പെട്ടിട്ടുണ്ട്) റെക്കോർഡ് വരയ്ക്കലും മറ്റും എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയത് അച്ഛനോട് പറവാനിടയായി... അവനവന്ന് ധൈര്യമില്ലെന്ന് വെച്ച് ചെയ്യുന്നതൊക്കെ അധർമ്മമാണെന്ന് പറഞ്ഞു കണക്ക് തന്നെ എടുക്കാൻ എന്നെ പ്രേരിപ്പിച്ചു . ഭാരതപര്യടനത്തിലെ 'നേശേബലസ്യേതി ചരേദധർമ്മ' ( താൻ ബലത്തിനാളല്ല എന്ന് വെച്ച് എന്ത് ചെയ്താലും അത് അധർമ്മമാവും)യ്ക്ക് അച്ഛൻ കൊടുത്ത അതേ വ്യാഖ്യാനം തന്നെ.

ഇങ്ങനെ വേണ്ട ഉപദേശങ്ങളൊക്കെ അതാതവസരങ്ങളിൽ കിട്ടിയെങ്കിലും അത് പ്രാവർത്തികമാക്കാൻ പറ്റിയിട്ടില്ലെന്നത് വേറെ കഥ. മനസ്സിനെ അങ്ങനെ പെട്ടെന്നൊന്നും നേർവഴിക്ക് തെളിക്കാനാവില്ലല്ലോ.

അച്ഛൻ എഴുതിയ പാട് തന്നെ അതെടുത്ത് വായിക്കൽ എന്റെ പതിവായിരുന്നു. അതിന് പിന്നീട് ഒരു പാട് മിനുക്ക് പണികൾ അച്ഛൻ നടത്തിക്കൊണ്ടേ ഇരിക്കും. സാമൂതിരി സ്കൂളിലെ രണ്ട് അധ്യാപകർ (ശങ്കരവാരിയരും ഗോവിന്ദൻ നായരും ) അച്ഛൻ എഴുതിയത് വായിച്ചു കേൾക്കാനായി ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു. അച്ഛൻ ഇംഗ്ലീഷ് പഠിച്ചിട്ടില്ലായിരുന്നുവല്ലോ. പക്ഷെ അത് അച്ഛന് ഇംഗ്ലീഷ് സാഹിത്യത്തിലെ ഗ്രന്ഥങ്ങളെ സംസ്കൃത സാഹിത്യത്തിലെ ഗ്രന്ഥങ്ങളുമായി താരതമ്യം ചെയ്യുന്നതിന്ന് തടസ്സമായിരുന്നില്ല. അച്ഛന്റെ ഒരു സഹപ്രവർത്തകനായ എൻ.പി.ദാമോദരനാണ് അതിനച്ഛനെ സഹായിച്ചിരുന്നത്. പക്ഷെ അതിൽ വന്നേക്കാവുന്ന നോട്ടപ്പിശകുകളെപ്പറ്റി അച്ഛൻ ഗുരുതുല്യം കണക്കാക്കിയിരുന്ന നാലപ്പാട്ട് നാരായണമേനോൻ അച്ഛനെ ബോധ്യപ്പെടുത്തിയപ്പോൾ ആ താരതമ്യപഠനപരിപാടി നിർത്തി. നാലപ്പാടനുമായുള്ള അച്ഛന്റെ സഹവാസമാണ് ഇതിഹാസ കഥാപാത്രങ്ങളുടെ പുതുമയാർന്ന വ്യാഖ്യാനത്തിന്ന് അച്ഛന് പ്രചോദനമായത്. നാലപ്പാടൻ അച്ഛന് 'ഏറ്റവും ഇഷ്ടപ്പെട്ട കവി' മാത്രമായിരുന്നില്ല, ഗുരുവും അച്ഛനും അമ്മാമനും ഏട്ടനുമൊക്കെയായിരുന്നു.kuttikrishna marar ,memories,sujatha

അച്ഛൻ ഒരു ലേഖനത്തിൽ beware dogs (beware of dogsനു പകരം) എന്ന് എഴുതിയിരുന്നു. ഞാനത് വായിച്ചപ്പോൾ ശ്രദ്ധിക്കയും ചെയ്തിരുന്നു. പക്ഷെ എന്തുകൊണ്ടോ അച്ഛനോടത് പറയുകയുണ്ടായില്ല. പിന്നീട് അച്ഛന്റെ ആ രണ്ട് സ്ഥിരം ശ്രോതാക്കൾ വന്നപ്പോഴാണ് അത് തിരുത്തിയത്. അവർ പോയപ്പോൾ അച്ഛനെന്നോട് ചോദിച്ചു ."സുജാത എന്തേ ആ തെറ്റ് പറ്റിയത് പറയാഞ്ഞത്?" ആ ചോദ്യം ഉൾക്കൊണ്ട നിർദ്ദേശം സർവ്വാത്മനാ സ്വീകരിച്ച് ഞാൻ പലർക്കും തെറ്റ് ചൂണ്ടിക്കാണിച്ച് നീരസമുണ്ടാക്കിയുണ്ടെന്നത് അതിന്റെ വേറൊരു വശം.

എനിക്ക് ഡിഗ്രിക്ക് മലയാളത്തിലായിരുന്നു ഏറ്റവും കുറവ് മാർക്ക്. അത് കണ്ട് ഞാൻ നേരത്തെ പരാമർശിച്ച എൻ.പി.ദാമോദരൻ ''സുജാതേ ഇത് മോശമായല്ലോ"എന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് "അല്ല ,അത് നന്നായി മലയാളത്തിലാണ് മാർക്കധികം കിട്ടിയിരുന്നതെങ്കിൽ ഓ മാരാരുടെ മകളല്ലേ എന്ന് പറഞ്ഞ് ആരും അതിന്ന് ഒരു വിലയും കാണില്ല."

അതിന് ദാമോദരന്റെ പ്രതികരണം കൗതുകകരമായതായിരുന്നു. "മാരാര് മലയാളം പരീക്ഷയ്ക്കിരുന്നാൽ ജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം". കാരണം സാഹിത്യ ഭാഷ എന്ന് പറഞ്ഞാൽ കടുകട്ടി വാക്കുകൾ ഉപയോഗിക്കലാണല്ലോ . അച്ഛന്റെ ലാളിത്യമാർന്ന നറുംമലയാളത്തിന്ന് എങ്ങിനെ മാർക്ക് കിട്ടാനാ!

ഞാൻ പാലക്കാട് എം.എസ്സ്സിക്ക് പഠിക്കവെ ഡിഗ്രിക്ക് പഠിച്ച കൃസ്ത്യൻ കോളേജിൽ (കോഴിക്കോട്) നിന്നു ഒരു കത്ത് കിട്ടി. യൂനിവേഴ്സിറ്റിയുടെ അവാർഡായി ഒരു ഗോൾഡ് മെഡൽ ഉണ്ടെന്നും അതവിടെ ചെന്ന് വാങ്ങണമെന്നും പറഞ്ഞ്. കോഴിക്കോട് പോയി അത് വാങ്ങുന്നതിനേക്കാൾ നല്ലത് അതെനിക്കയച്ചു തരുകയല്ലേ എന്ന് കരുതി അങ്ങിനെ ഒരെഴുത്തെഴുതി അയച്ചു. കോളേജധികൃതർ അതവിടെ ചെന്ന് വാങ്ങുക തന്നെ വേണമെന്ന് പറഞ്ഞതനുസരിച്ച് ഞാൻ കോഴിക്കോട് വന്നപ്പോൾ അച്ഛൻ പറഞ്ഞത് : "ഒരു നിലപാടെടുക്കുമ്പോൾ അത് നല്ലപോലെ ആലോചിച്ചുറപ്പിക്കണം. അതെടുത്തു കഴിഞ്ഞാൽ അതിൽ നിന്ന് നിവൃത്തിയുള്ളതും വ്യതിചലിക്കരുത്." ഇതിന്റെ തുടർച്ചയായി മറ്റൊരു കാര്യം: അച്ഛനും മുണ്ടശ്ശേരിയുമായുണ്ടായ ഒരു വിവാദത്തിൽ മുണ്ടശ്ശേരി അഭിപ്രായം മാറ്റിയതിനെപ്പറ്റി അച്ഛനെന്തോ പറഞ്ഞപ്പോൾ "അഭിപ്രായം എന്താ ഇരുമ്പുലക്കയാണോ മാറ്റാതിരിക്കാൻ" എന്ന് മുണ്ടശ്ശേരി ചൊടിച്ചു പറഞ്ഞിട്ടുണ്ട്.

"മറ്റുളളവർക്ക് വേണ്ടി ജീവിക്കുക"

അമ്മ മരിച്ചതറിഞ്ഞ് ഇങ്ങോട്ട് വരാനൊരുങ്ങിയ ഗംഗാധരേട്ടനോട് കാശിയിൽ ചെന്ന് അമ്മയുടെ ഉദകക്രിയകൾ ചെയ്യാൻ അച്ഛൻ പറഞ്ഞു. അതനുസരിച്ചു അവിടെ ചെന്ന ഏട്ടന് അവിടത്തെ കാലാവസ്ഥാമാറ്റം കാരണം അസുഖം വരുകയും ഒരു പാട് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരികയും ചെയ്തു. പോരാത്തതിന് ആ വിഷമഘട്ടത്തിൽ ഇവിടെ ഞങ്ങാളോടൊത്ത് ഉണ്ടാവാൻ പറ്റാത്തതിന്റെ സങ്കടവും. ആ മാനസികാവസ്ഥയിൽ അച്ഛന്നെഴുതി: "ചുരുക്കത്തിൽ ജീവിതം മറ്റാർക്കോ വേണ്ടി തള്ളി നീക്കുന്ന പോലെയാണ് എനിക്ക് തോന്നുന്നത് ". അതിനച്ഛന്റെ മറുപടി "വാസ്തവത്തിൽ മറ്റാർക്കോ വേണ്ടി ജീവിക്കുക എന്നത് മഹത്തായ ഒരാദർശമാണ്; തന്റേടമുറച്ചാൽ മനുഷ്യനിൽ ആ വിചാരം വളർന്നു വരേണ്ടതാണ്. എന്നിരിക്കിലും തന്റെ ആ വാചകം വായിച്ചപ്പോൾ ഞാൻ കുറച്ചൊന്നുമല്ല ഭയപ്പെട്ടത്. ഏതായാലും അമ്മയുടെ അനുഗ്രഹം കൊണ്ട് തൽക്കാലം ആ അസുഖമെല്ലാം ഏതാണ്ട് തീർന്നുവല്ലോ. ഇനി ആ എഴുതിയ വാചകം തന്നെയാണ് ജീവിതാദർശം എന്നു കരുതി മുന്നോട്ടു പോവുക. മറ്റുള്ളവർക്കു വേണ്ടി ആവുന്നത്ര കാലം ജീവിക്കുവാൻ ശ്രദ്ധിക്കുക."

kuttikrishna marar,sujatha ,memories
കുട്ടികൃഷ്ണ മാരാര് കുടുംബത്തോടൊപ്പം

സത്യസായിബാബയെയും ചിന്മയാനന്ദസ്വാമിയെയും പറ്റി ചോദിച്ചെഴുതിയ ഒരാൾക്ക് അച്ഛനയച്ച മറുപടിയിലെ പ്രസക്തഭാഗം : താൻ സത്യസായി ബാബയെ ഭഗവദവതാരമായി കാണുന്നുവെന്നും ചിന്മയാനന്ദസ്വാമി വളരെ യോഗ്യനാണെന്ന് തനിക്ക് വിശ്വാസമുള്ളവർ പറഞ്ഞിട്ടുള്ളതുകൊണ്ട് അത് വിശ്വസിക്കുന്നുവെന്നും പറഞ്ഞ് തുടരുന്നു:

"ഒരു പാഠമുദ്ദേശിച്ചു കൂടിയാണ് ഇതെഴുതിയത്. ആരെപ്പറ്റിയും അയാളുമായി ഇടപെട്ടുണ്ടാവുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ വെച്ചു മാത്രം വിധിയെഴുതുക. മറ്റാരെങ്കിലും അവരുടെ സ്വന്തം വെളിച്ചത്തിലോ ഇരുട്ടിലോ വെച്ചു നോക്കി പറയുന്ന അഭിപ്രായങ്ങളെ ചെവിക്കൊള്ളാതിരിക്കുക. നല്ലതാണ് പറയുന്നതെങ്കിൽ, മറിച്ചനുഭവപ്പെടാത്ത കാലത്തോളം നല്ലതു തന്നെയായിരിക്കും എന്നുറപ്പിക്കുക.

തന്റെ പേര് കുട്ടികൃഷ്ണമാരാര് എന്നാണ് അച്ഛൻ എഴുതാറ്; കുട്ടിക്കൃഷ്ണമാരാര് എന്നല്ല. അച്ഛന്റെ അമ്മ അച്ഛനെ കുട്ടികൃഷ്ണാ (ദ്വിത്വമില്ലാതെ) എന്ന് വിളിച്ചിരുന്നതായിരുന്നു അതിന് കാരണം . അച്ഛന് അമ്മ 'മാതൃ ദേവോ ഭവ' തന്നെ ആയിരുന്നു. എന്നിരുന്നാലും ആരോ അച്ഛന്ന് ആ തെറ്റ് ചൂണ്ടിക്കാണിച്ചെഴുതിയപ്പോൾ അച്ഛന്റെ മറുപടി "എന്റെ ലേഖനത്തിൽ ഒരു തെറ്റുമുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം; പക്ഷെ പൂർണ്ണമായ ഒന്നും ഉണ്ടാവുകയുമില്ല എന്നാണല്ലോ.എന്നാൽ ആ അപൂർണ്ണത എന്റെ പേരിൽ തന്നെയാവട്ടെ." എന്നായിരുന്നു.

മുരളീധരേട്ടൻ ആദ്യകാലത്ത് കടുത്ത കമ്യൂണിസ്റ്റായിരുന്നു: കമ്മ്യൂണിസ്റ്റുകാർക്ക് എന്തോ വിലക്കുണ്ടായിരുന്ന കാലം. കിട്ടിയ വേദി അവരുടെ ആശയപ്രചരണത്തിന്ന് അവർ ഉപയോഗിക്കും. അച്ഛൻ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ അച്ഛന്റെ ആശയങ്ങൾ പിൻതിരിപ്പനാണെന്ന് ഏട്ടൻ പ്രസംഗിക്കവെ അറിയാതെ അച്ഛൻ എന്ന് ഏട്ടൻ പറയുമ്പോഴൊക്കെ "അച്ഛൻ എന്ന് പറയരുത് കുട്ടികൃഷ്ണമാരാര് എന്ന് പറയൂ" എന്നച്ഛൻ സദസ്യരിൽ ചിരി പടർത്തിക്കൊണ്ട് തിരുത്തിക്കൊണ്ടേ ഇരുന്നു. വീട്ടിൽ വെച്ചും ധാരാളം വാദപ്രതിവാദങ്ങൾ ഇതിനെച്ചൊല്ലി ഉണ്ടാവാറുണ്ടായിരുന്നു. പിന്നീട് ഏട്ടന്റെ അഭിപ്രായമൊക്കെ പാടെ മാറി. അതറിയാതെ ചിലർ പരിഹസിക്കാറുണ്ടായിരുന്നു "സ്വന്തം മകന്റെ അഭിപ്രായം മാറ്റാൻ കൂടി മാരാർക്ക് പറ്റിയിട്ടില്ല" എന്ന്. അത് പറഞ്ഞ് അച്ഛൻ പറയും "അവരറിയുന്നുണ്ടോ യഥാർത്ഥസ്ഥിതി!!"

ഒരു സാഹിത്യകാരനുള്ള ഏറ്റവും ഉചിതമായ സ്മാരകം അദ്ദേഹത്തിന്റെ കൃതികളാണെന്നായിരുന്നു അച്ഛന്റെ നിലപാട്. അച്ഛന്റെ കാലശേഷം ചില പുസ്തകങ്ങൾ ആവശ്യക്കാർക്ക് ലഭിക്കാതായപ്പോൾ 'പിതൃദേവോ ഭവ' എന്ന് തന്നെ കരുതിയിരുന്ന മുരളീധരേട്ടൻ 'മാരാർ സാഹിത്യ പ്രകാശം' തുടങ്ങി ആ കോട്ടം നികത്തി.

അച്ഛന്ന് കുട്ടിക്കാലം മുതൽക്കേ ചിത്രകലയിൽ നല്ല അഭിനിവേശമായിരുന്നു. പക്ഷെ അത് പഠിക്കാൻ ഗുരുവായൂരിൽ പോയാൽ കൂട്ടത്തിൽ അമ്മാമന്റെ അടുത്ത് നിന്ന് മന്ത്രവാദവും പഠിക്കാമല്ലോ എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ അച്ഛന് മന്ത്രവാദത്തിനോടുള്ള കടുത്ത വിരോധം ചിത്രകലാഭ്രമത്തെ തോൽപ്പിച്ചു: എന്നിട്ട് സംസ്കൃതം പഠിക്കാൻ പട്ടാമ്പിയിൽ പോയി. അച്ഛന്റെ മാരാത്തെ ചുമരിൽ ശ്രീകൃഷ്ണന്റെ ചിത്രം വരച്ചത് കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആ വീട് അവിടെ ഇല്ല. മുത്തശ്ശന്റെ മാരാത്ത് കരിക്കാട് ആയിരുന്നു. അവിടെ അച്ഛൻ അമ്പലത്തിൽ പൂജകൊട്ടിന് പോയി കുറച്ചു നാൾ താമസിച്ചപ്പോൾ അവിടത്തെ അമ്പലത്തിന്റെ ചുമരിൽ കയ്യിൽ കിട്ടിയ ചായപ്പെൻസിൽ കൊണ്ട് ഓടക്കുഴൽ വിളിക്കുന്ന ശ്രീകൃഷണന്റെ ഒരു ചിത്രം വരയ്ക്കുകയുണ്ടായിട്ടുണ്ട്; അച്ഛന്ന് 15 വയസ്സുള്ളപ്പോഴൊ മറ്റോ ആണ് അത്. ഞങ്ങളാരും ആ ചിത്രം കണ്ടിട്ടില്ല; ശാസ്ത്ര ശർമ്മൻ കരിക്കാട് അച്ഛനെപ്പറ്റിയുള്ള ഒരു സ്മരണികയിൽ എഴുതിയത് കണ്ടിട്ടാണ് ഞങ്ങൾ തന്നെ അതറിയുന്നത്. അത് ഒട്ടും പഠിക്കാതെ വരച്ചതാണത്. പൊതുവെ ആർക്കും അറിയാത്തതാണ് അച്ഛന്റെ ഈ ചിത്രകലാഭ്രമം. പിൽക്കാലത്ത് കഥകളിമുദ്രയെപ്പറ്റി ഒരു ലേഖനമെഴുതിയപ്പോൾ കഥകളിമുദ്രകൾ അച്ഛൻ തന്നെയാണ് അതിൽ ചിത്രീകരിച്ചത്. അച്ഛന്റെ നൈസർഗ്ഗികമായ ഈ ചിത്രകലാതാൽപര്യം ഏട്ടൻമാർക്കും അനിയനും പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു.

kuttikrishna marar ,memories,sujatha
കുട്ടികൃഷ്ണമാരാര് വരച്ച ചിത്രം

സംസ്കൃതം പഠിക്കാൻ നല്ല സാഹചര്യമുണ്ടായിട്ടും ഞങ്ങളാരും ദൗർഭാഗ്യവശാൽ അത് പ്രയോജനപ്പെടുത്തിയില്ല. ദുർഗ്ഗ മാത്രം കോളേജിൽ പേരിന് സംസ്കൃതം പഠിച്ചു എന്ന് പറയാം. ഞാൻ അച്ഛന്റെ അടുത്ത് നിന്ന് സംസ്കൃതം പഠിക്കാനൊരുങ്ങിയിരുന്നു; മൂന്നാം ദിവസം ഉഷയെ കണ്ടപ്പോൾ രാമന്റെ വിഭക്തിയൊക്കെ ഉഷയിൽ പ്രയോഗിച്ച് അച്ഛന്ന് അഷ്ടാവക്രന്ന് ഉണ്ടാക്കിയ അലോസരം (അച്ഛൻ വേദം തെറ്റി ചൊല്ലുന്നത് കേട്ട് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് പുളഞ്ഞാണത്രെ അഷ്ടാവക്രന്ന് എട്ട് വളവുകൾ ഉണ്ടായത്.) ഉണ്ടാക്കി ആ പരിപാടി നിന്നു കിട്ടി. സംസ്കൃതപഠനത്തിനുള്ള ആ സുവർണ്ണാവസരം കളഞ്ഞുകുളിച്ചതിനെപ്പറ്റി ഇപ്പോൾ ഓർത്തോർത്ത് ഞാൻ ദു:ഖിച്ചുകൊണ്ടേ ഇരിക്കുന്നു.

ആസ്തിക്യബോധത്തിലും ശാശ്വതമൂല്യങ്ങളിലും അടിയുറച്ചുകൊണ്ടായിരുന്നു വാൽമീകിയും വ്യാസനും മനുഷ്യകഥാനുഗായികളാണെന്ന് സമർത്ഥിച്ചുകൊണ്ടുള്ള അച്ഛന്റെ ഇതിഹാസ കഥാപാത്രനിരൂപണങ്ങളെല്ലാം.

ജീവിതത്തിലും പ്രൂഫ് റീഡർ

മാതൃഭൂമിയിൽ 23 കൊല്ലത്തോളം പ്രൂഫ്റീഡർ മാത്രമായി ജോലി ചെയ്ത അച്ഛൻ തനിക്ക് സാഹിത്യപരമായി സംഭവിച്ച ഒരു നോട്ടക്കുറവ് വളരെ ആർജ്ജവത്തോടെ തുറന്നു സമ്മതിച്ച് മൂന്ന് പതിറ്റാണ്ടിനു ശേഷം ജീവിതത്തിലും പ്രൂഫ് റീഡറായിക്കൊണ്ട് തിരുത്തിയിട്ടുണ്ട്.

വാൽമീകിയുടെ രാമന്റെ മാനുഷികഭാവത്തിനെ എടുത്ത് കാണിച്ച 'വാൽമീകിയുടെ രാമൻ' എന്ന ലേഖനം 1940 ൽ എഴുതിയിരുന്നു. അക്കാലത്ത് തന്നെ അച്ഛന്റെ രാമഭക്തയായ ഒരു ആരാധിക "മാരാര് ആ ലേഖനം മാറ്റി എഴുതണ"മെന്ന് പലവുരു പറഞ്ഞിരുന്നു. പക്ഷെ കുറേ കാലം അച്ഛൻ ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നു.

അദ്ധ്യാത്മികതയിൽ ശ്രദ്ധയൂന്നിയ കാലത്ത് അച്ഛൻ രാമകൃഷ്ണാശ്രമത്തിലെ സിദ്ധിനാഥാനന്ദസ്വാമികളോടും കുഞ്ഞുണ്ണിമാഷോടും "ഇന്നാണെങ്കിൽ വാൽമീകിയുടെ രാമൻ ഞാൻ ഇങ്ങനെ എഴുതില്ല; പക്ഷെ അതന്നാമട്ടിൽ എഴുതിയതിൽ ഞാൻ പശ്ചാത്തപിക്കുന്നുമില്ല." എന്ന് പറഞ്ഞിട്ടുണ്ട് . പിന്നീട് കുറച്ചുകാലം കൂടി കഴിഞ്ഞ് 1970ൽ ശ്രീരാമന്റെ അഭിഷേകവിഘ്നസമയത്തെ സ്ഥിതപ്രജ്ഞാഭാവത്തിലുള്ള സമചിത്തതയെ വാനോളം വാഴ്ത്തിക്കൊണ്ട് അച്ഛൻ അതിന് ഒരു അനുബന്ധലേഖനമെഴുതി. ആസ്തിക്യബോധം എന്നും ഒരു ശ്രുതിയായി ഉണ്ടായിരുന്നതു കൊണ്ട് തന്റെ ആദ്യത്തെ ലേഖനത്തിൽ തന്നെ രാമന്റെ ഈ അനിതരസാധരണമായ മഹത്വം താൻ ഉയർത്തിക്കാണിച്ചിരുന്നു എന്ന് തന്നെ പറ്റി എഴുതുമ്പോൾ അച്ഛൻ സ്വയം ഒട്ടാശ്വസിച്ചിട്ടുണ്ട്.

അമ്മയുടെ വേർപാടിന്റെ ആഘാതത്തിൽ എഴുതിയ 'പുനസ്സമാഗമം' എന്ന രചനയിൽ അച്ഛൻ അമ്മയോട് പറയുന്നു: "ഹാ ,പ്രിയതമേ, നീണാൾ ജീവിച്ചിരുന്ന കാലത്തോളം 'നീ' എന്ന് നിന്നെ ഞാൻ കുറിച്ചിട്ടില്ല. ഇന്നങ്ങനെ ചെയ്യുന്നത് പൊറുക്കണേ. നീ ജന്മനാ കൊണ്ടു വന്ന ഗുണങ്ങൾ.. പ്രേമവും സഹിഷ്ണുതയും ദാക്ഷിണ്യവും എല്ലാം എന്നിൽ സമർപ്പിച്ചും വെച്ചിട്ട് അതിന് വേണ്ടി എടുത്ത ഭൗതികശരീരം കൈവിടുകയാണുണ്ടായതെന്ന് എനിക്ക് വല്ലപ്പോഴും ആശ്വസിക്കാനൊക്കുമോ? നീ മൃത്യുവോളം ചെന്ന് പല ക്ലേശങ്ങൾ സഹിച്ചും ഏറെക്കാലം എന്നെ സേവിച്ചു വന്നതോർക്കുമ്പോൾ ഞാൻ കരഞ്ഞു പോകുന്നു. അതു നിന്നെ ഓർത്തുള്ള ധന്യതാബോധം കൊണ്ടാണേ ഒരിക്കലും മതിവരായ്കകൊണ്ടല്ല! നാൽപ്പതാണ്ടിലേറെക്കാലം നീ എന്റെ കൂടെ സമ-വിഷമദശകളിലൂടെ സ്വസ്ഥമായി നടക്കേണ്ടതെങ്ങനെ എന്ന് എന്നെ പഠിപ്പിച്ചു. നീ പോയതിനുശേഷം എനിക്കതിനിയും പഠിഞ്ഞില്ലെന്നു ഞാൻ കാണിച്ചാൽ പിന്നെ ഈശ്വരനു പോലും എന്നെ രക്ഷിക്കാനൊക്കുമോ."

kuttikrishna marar,memories.sujatha
കുട്ടികൃഷ്ണ മാരാരുടെ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങള്‍

അമ്മയുടെ അഭാവത്തിൽ ഒരഞ്ചാറു കൊല്ലത്തിത്തള്ളിൽ അച്ഛൻ അൽഷൈമേഴ്സ് രോഗത്തിന്നധീനനായി. പൊതുവെ അച്ഛന്ന് അങ്ങനെ രോഗമൊന്നും വരാറില്ലായിരുന്നു. ചെറിയ രോഗം വന്നാൽ പോലും അച്ഛന്ന് സഹിക്കാനാവുമായിരുന്നില്ല; അമ്മയുടെ നേർവിപരീതം. അച്ഛന്ന് മറവിരോഗം വന്നതിൽ പിന്നെയായിരുന്നു എന്റെ കല്യാണം. അതുകൊണ്ട് എന്റെ കല്യാണം കഴിഞ്ഞതൊന്നും അച്ഛന് ശരിക്കറിയാമായിരുന്നില്ല. പണ്ടൊരിക്കൽ അച്ഛൻ "മകളുടെ ഭർത്താവിനെ ഈശ്വരനെ പോലെ കാണണ" മെന്ന് സന്ദർഭവശാൽ പറഞ്ഞിരുന്നു. അതച്ഛന്റെ മനസ്സിലുള്ളത് കൊണ്ടാവാം ഓർമ്മയുടെ സ്ഫുരണം അപൂർവ്വമായി ഉണ്ടാവുന്ന സമയത്ത് എന്റെ മകനെ ശങ്കരന്റെ കുട്ടി എന്നല്ലാതെ ഒരിക്കലും സുജാതയുടെ കുട്ടി എന്ന് പറഞ്ഞിട്ടില്ല.

അച്ഛന്റെ നിലപാടിനെ അച്ഛൻ തന്നെ എഴുതിയ ഈ വരികളിൽ ചുരുക്കി പറയാം,

"സർവ്വാത്മനേ ഭഗവതോ
പ്രണതോസ്മ്യന്തരാത്മനാ
യദാശ്രയതോന്യത്ര
ക്വചിന്മൂർദ്ധാ ന സന്നമേത് "
(സർവ്വാത്മാവായ ഭഗവാനെ അന്തരാത്മാവിനാൽ, ഞാൻ പ്രണമിക്കുന്നു; അവിടുത്തെ ആശ്രയമുള്ളത് കൊണ്ട് മറ്റെങ്ങുംതല താഴ്ന്നു പോവില്ല )

അതുകൊണ്ടാവാം അച്ഛന് മറ്റുള്ളവരുടെ പ്രിയാപ്രിയമൊന്നും നോക്കാതെ കാര്യം തുറന്നു പറയാൻ സങ്കോചവുമുണ്ടാവാതിരുന്നത്. പക്ഷെ ഈ നിർഭയത്വം സാഹിത്യമേഖലയിൽ മാത്രമായിരുന്നു എന്നു പറയാം.

സാഹിത്യത്തിൽ​ നിന്ന് ആധ്യാത്മികതയിലേയ്ക്ക്

'കല ജീവിതം തന്നെ' എന്ന് വിശ്വസിച്ചിരുന്ന അച്ഛന്റെ സ്വാഭാവികപരിണാമമായിരുന്നു അധ്യാത്മികത തന്നെ ജീവിതം എന്നത്. അധികമാരാലും ശ്രദ്ധിക്കപ്പെടാതെപോയ ശ്രദ്ധേയമായ പരിണാമം. അതിനു നിദാനമായി അച്ഛന്റെ ഭഗവാനോടുള്ള
ശരണാഗതഭാവത്തിലുള്ള 'ഭഗവൻ!'എന്ന രചനയിൽ നിന്ന് ചിലത് ഉദ്ധരിച്ച് ഞാനിതവസാനിപ്പിക്കുന്നു.

kuttikrishna marar,sujatha ,memories
കുട്ടികൃഷ്ണ മാരാര് പുട്ടപര്‍ത്തിയില്‍

''ഗതികെട്ടവൻ അവിടുത്തെ നേർക്ക് തിരിഞ്ഞു കൊള്ളട്ടെ എന്ന് പറയുന്നത് വെറുതെ. ഗതികെട്ടവനേ ഇങ്ങോട്ടു തിരിയൂ. ഭൗതികലോകം സുലഭമായി മുന്നിലിരിക്കെ അസുലഭനായ അവിടുത്തെ നേർക്കു തിരിയാൻ ആർ മിനക്കെടും, നചികേതസ്സൊഴികെ? ഒടുക്കത്തെ അറിവും കയ്യിലെത്തും വരെ കിട്ടുന്ന അറിവെല്ലാം ഞാൻ എന്റേതാക്കി വെക്കുന്നു, ഒടുക്കത്തേത് വന്നാൽ എല്ലാം കൂടി അവിടുത്തെ തൃക്കാൽക്കൽ സമർപ്പിക്കാൻ."

എന്റെ ജീവിതത്തിന്റെ ഏറെ മുന്നേറിയ ഈ സായംസന്ധ്യയിൽ എവിടെയൊക്കെയോ മറഞ്ഞിരുന്ന, പറഞ്ഞു കേട്ടതും അനുഭവിച്ചുതും എനിക്കതീവ ഹൃദ്യവുമായ, അഹമഹമികയാ വരുന്ന ഈ ഓർമ്മകളിൽ പലതിനെ പറ്റിയും എഴുതാൻ ഒരവസരമുണ്ടായത് ഭഗവദനുഗ്രഹമായി കരുതുന്നു... അതെ ദു:ഖകരമായ ഓർമ്മകൾക്കും ഹൃദ്യത ഒട്ടും കുറവില്ല:
തുഞ്ചത്താചാര്യർ പറഞ്ഞ പോലെ,

"സുഖവും ദു:ഖവും അനുഭവകാലം
പോയാൽ സമമിഹ നാരായണ ജയ"

Read More: ‘മൊനേര്‍ മാനുഷി’നെപ്പോലെ ഒരു ഓര്‍മ്മക്കാറ്റ്

Fathers Day Malayalam Writer Literature Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: