Fathers Day: അച്ഛന് ഒരു ഓറഞ്ച് അല്ലിയാണ് എന്നാണ് എപ്പോഴും തോന്നാറ്. അല്ലിയില്‍ നിന്ന് കുരുവും നേര്‍ത്ത പാട പോലത്തെ തൊലിയും തൊലിയടര്‍ത്തിയാലും പിന്നെയും അവശേഷിയ്ക്കുന്ന നാരുകളുമെല്ലാം കളഞ്ഞ് ഏതാണ്ട് അര്‍ദ്ധ സുതാര്യമായ, തിളങ്ങുന്ന ഓറഞ്ച്‌നിറതോണികള്‍ പോലെ അച്ഛന്‍ നിരത്തിവയ്ക്കുന്ന ഓറഞ്ച് അല്ലികള്‍ അടുങ്ങിയടുങ്ങിയിരിക്കുന്ന പ്‌ളേറ്റ് അത് എന്റെ ബാല്യമാണ്. അസുന്ദരവും അനാവശ്യവുമായ എല്ലാ ചേരുവകളില്‍ നിന്നുമടര്‍ത്തിമാറ്റി ഓറഞ്ച് അല്ലികളെയും മുസംബിഅല്ലികളെയുമൊക്കെ ‘എല്ലാം തികഞ്ഞ സുന്ദരസ്വപ്‌നങ്ങള്‍’ പോലെ അടുക്കിവയ്ക്കാന്‍ ഈ ലോകത്ത് അച്ഛനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്നാണ് അന്നും ഇന്നും ഞാന്‍ കരുതാറ്.
Read More: ഒരു കോവിഡ്ക്കാലച്ചിരി
കിടന്നുകൊണ്ടുതന്നെ ഒന്നു വിരല്‍നീട്ടിയാല്‍ എടുത്തുകഴിക്കാന്‍ പാകത്തില്‍ ആശുപത്രിക്കിടക്കയില്‍ അടുപ്പിച്ചുവച്ച ഓറഞ്ച് അല്ലിപ്‌ളേറ്റുകള്‍ കാലിയാക്കി ശീലിച്ച ഒരു പെണ്‍കുഞ്ഞായിരുന്നു ഞാന്‍. വളര്‍ന്ന് വലുതായി അമ്മയായപ്പോഴും ബാക്കി മനുഷ്യര്‍ കഴിയ്ക്കും പോലെ ഓറഞ്ച് പൊളിച്ച് അല്ലി നേരെ വായിലിട്ട് കഴിക്കാനോ മകനെ അങ്ങനെ കഴിപ്പിക്കാനോ എനിയ്ക്ക് സാധിച്ചില്ല. കുരുവും നാരും നേര്‍ത്ത തൊലിയും അടര്‍ത്തി മാറ്റി സുന്ദരസ്വപ്‌നം പോലെ, വായിലേക്കിട്ടാല്‍ ഒരു മധുരപ്പുളിയായും ഉള്ളിലേയ്ക്ക് പടരുന്ന പഴച്ചാറായും എന്ന നിലയില്‍ മാത്രമേ ഓറഞ്ച് അല്ലികള്‍ കഴിക്കാവൂ എന്ന് ശഠിക്കുന്ന എന്നോട്, ‘എന്റെയമ്മേ, ഇങ്ങ് താ, എന്തിനാ ഇത്ര പാടുപെടുന്നേ’ എന്ന് ചോദിച്ച് എന്റെ മകന്‍ഓറഞ്ചിനെ ഓറഞ്ചായിത്തന്നെ ‘ഠപ്പോ’ന്നാണ് കഴിയ്ക്കാറുള്ളത്.
ലളിതമായ നേർവരകളുടെ ജീവിതം
അച്ഛന്‍, ആ ഓറഞ്ച് അല്ലികളോട് കാണിയ്ക്കുന്ന സമീപനം, മാങ്ങാ പൂളുമ്പോഴും തൂമ്പാ കൊണ്ട് മുറ്റം വൃത്തിയാക്കി തട്ടിപ്പൊത്തിവയ്ക്കുമ്പോഴും പുസ്തകം പൊതിയാനുള്ള കടലാസ്സിനെ ബ്‌ളേഡ് വച്ച് കുട്ടികള്‍ വരയ്ക്കുന്ന ചെടിച്ചട്ടിയാകൃതിയില്‍ കീറിയിടുമ്പോഴും കാല് കഴുകുമ്പോഴും കറിക്ക് കഷണം മുറിയ്ക്കുമ്പോഴും ജീവിതം കുത്തിക്കെട്ടിതുന്നുമ്പോഴും കാണിച്ചുപോന്നു.എല്ലം കൃത്യം.ആര്‍ക്കോ വേണ്ടിയെന്നപോലെ ഒരുപാട് കാര്യങ്ങള്‍ കാട്ടിക്കൂട്ടലല്ല ജീവിതം, ഇത്തിരിയേ ചെയ്യുന്നുള്ളുവെങ്കിലും അതിനൊരു ഓമനത്തമുള്ള അടുക്കും ചിട്ടയും വേണം എന്നെല്ലാമറിഞ്ഞത് പുസ്തകപ്പൊതിച്ചിലുകളുടെ നേരത്ത് അച്ഛന്‍ വെട്ടിയിട്ട കടലാസ് തുണ്ടങ്ങള്‍ പെറുക്കിയെടുത്തപ്പോഴും ഓരോന്നും മറ്റൊന്നിനോടു തുല്യമായി ചേര്‍ന്നിരിക്കുന്നതു കണ്ടപ്പോഴും ഒരു വിശിഷ്ടമായ കളിവസ്തുപോലെ അത് കൗതുകശേഖരത്തിലേക്കു ചേര്‍ത്തപ്പോഴും ആയിരുന്നിരിക്കണം.

Father’s Day: പ്രിയ എ എസ്സിന്റെ അച്ഛൻ
കാര്‍ക്കശ്യമുള്ള,കണിശതയുള്ള കണക്കുകൂട്ടലുകള്‍ കൊണ്ടല്ല അച്ഛന്‍, ജീവിതത്തെ അഭിമുഖീകരിച്ചത്.അത് ലളിതമായിരുന്നു.നേര്‍വരകളേ അതിലുണ്ടായിരുന്നുള്ളു. ദീര്‍ഘവീക്ഷണങ്ങളായിരുന്നില്ല ഒന്നും, കരുതലോടെയുള്ള ചേര്‍ത്തുപിടിക്കലുകളായിരുന്നു.ആ കരുതലിന്റെ അടയാളങ്ങളായിരുന്നു സ്‌ക്കൂള്‍ക്കാലത്ത് കട്ടിലില്‍കയറി എത്തിവലിഞ്ഞുനിന്ന് മുകളിലെ തട്ടില്‍ നിന്ന് മാസികകള്‍ പരതിപ്പരതിവലിച്ചെടുക്കുമ്പോള്‍ എന്റെ കൈയില്‍ത്തടഞ്ഞിരുന്ന പതിനായിരത്തിന്റെ നോട്ടുകെട്ട്.മകള്‍ക്കെപ്പോള്‍ വേണമെങ്കിലും ആശുപത്രിവാസം വേണ്ടിവന്നേക്കാം എന്നു കണ്ട് അച്ഛന്‍ എന്ന ഹൈസ്‌ക്കൂള്‍മാഷ്, പി എഫില്‍ നിന്നെടുത്ത് പൈസ സൂക്ഷിക്കുന്ന ഇടമായിരുന്നു മാസികയ്ക്കും ഭിത്തിയ്ക്കുമിടയിലെ സ്ഥലം. ഞാനെങ്ങനെയൊക്കെ ആശുപത്രിയിലായാലും അച്ഛന്‍ കടംവാങ്ങുന്നത് കണ്ടിട്ടില്ല ഇന്നേവരെ.
എന്നെക്കൊണ്ടുണ്ടായ ഭീമമായ ആശുപത്രിച്ചെലവുകള്‍ നിലനില്‍ക്കെത്തന്നെ അമ്മയറിയാതെ എനിയ്ക്കുവേണ്ടി എന്റെ സ്‌ക്കൂള്‍കാലത്തുതന്നെ അച്ഛന്‍സ്വര്‍ണ്ണം വാങ്ങി സൂക്ഷിച്ചു. എന്റെ കല്യാണനേരത്ത്, പെണ്‍കുട്ടികള്‍ നീളമുള്ള കട്ടിമാല ഇടുന്ന കല്യാണപ്പതിവുണ്ടെന്നച്ഛനും’ എനിക്ക് നീളന്‍ മാലകള്‍ ചേരില്ല, എനിക്കുവേണ്ട അങ്ങനൊന്ന് ‘എന്നു ഞാനും പറഞ്ഞു.അവസാനം അച്ഛന്റെ നിര്‍ബന്ധം സഹിക്കാതെ മനസ്സില്ലാമനസ്സോടെ വാങ്ങി കല്യാണത്തിന് മാത്രമിട്ട ചോപ്പുകല്ലന്‍ മാല – അത്തരം സ്വര്‍ണ്ണഓര്‍മ്മകള്‍ കൊണ്ടാണ് എന്റെ ബാങ്കിലെ ലോക്കര്‍ സമ്പന്നമാകുന്നത്.
അത്തരം കരുതലുകളുടെ ബാക്കിയായാണ് അച്ഛന്‍ പറയുന്നത്, അച്ഛന്‍ ഭൂമി വിട്ടുപോകുമ്പോള്‍ കുളിച്ചുവന്നീറനുടുത്തുവന്നിരുന്ന് ജലമയയോര്‍മ്മകള്‍കൊണ്ടുവിറച്ചുനിന്ന് ആരും ബലിയിടണ്ട എന്ന്. പ്രാണനറ്റശേഷവും ആര്‍ക്കെങ്കിലും ഉപകാരമുണ്ടാകട്ടെ എന്നു വിചാരിക്കുന്നതു കൊണ്ടാവാം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ശരീരം വിട്ടുകൊടുക്കണം എന്ന് അച്ഛന്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുന്നത്.
എങ്ങോട്ട് ശരീരം പോയാലും, ‘നിന്നെ വിട്ട് എവിടേക്കുപോകാനാണല്ലേ കുഞ്ഞുണ്ണീ ‘എന്ന് എന്റെ മകനെപ്രതി അച്ഛന്റെ ആത്മാവ് മിടിയ്ക്കും എന്നറിയാം. എന്റെ മകന്‍,അപ്പൂപ്പന്‍ കുട്ടിയാണ്. അപ്പൂപ്പന്‍ എന്ന മലയാളം അദ്ധ്യാപകനെപ്പോലെ തന്നെ ഗരിമയുള്ള മലയാളം വാക്കുകള്‍ പറയുന്നവന്‍, അപ്പൂപ്പന്‍ ചെയ്യുന്ന അതേ മട്ടില്‍ തന്നെ കൈയില്‍ ഷോപ്പിങ് ബാഗ് തൂക്കിയിടുന്നവന്‍,അപ്പൂപ്പന്റെ അതേ ആംഗ്യങ്ങളുള്ളവന്‍.. അങ്ങനെയാണെന്റെ മകന്‍. ക്ഷമയുടെ നെല്ലിപ്പലകയും കഴിഞ്ഞാല്‍ മാത്രമേ അപ്പൂപ്പന്‍, എടാ എന്നും നീ എന്നും അവനെ വിളിയ്ക്കൂ എന്ന് അവനറിയാം. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തവന്‍ ഹൃദയംതകര്‍ന്ന് കരഞ്ഞിരുന്നത്, അപ്പൂപ്പന്‍ ദേഷ്യപ്പെട്ട് എന്നെ എടാ എന്നും നീ എന്നും വിളിച്ചു എന്നു പറഞ്ഞാണ്.
അച്ഛൻ എന്ന അലിവ്
അവനോട് ഞാന്‍ പറയാറുണ്ട് എരമല്ലൂരെ താരാവീട്ടിലെ കളിമണ്‍കട്ടകളിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്ന സിമന്റ് പാടുകളോരോന്നും ഒന്നൊരവര്‍ഷം നീണ്ട വീടുപണിക്കാലത്ത് അപ്പൂപ്പന്റെ ദേഹത്തുകൂടി ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെയും ഉള്ളിലടക്കിപ്പിടിച്ച കണ്ണീരിന്റെയും അടയാളങ്ങളാണ്, ഒരിയ്ക്കലും അത് മറക്കരുത് എന്ന്.വീടുപണി തുടങ്ങി നാലാള്‍പ്പൊക്കത്തില്‍ ഇഷ്ടികക്കെട്ടെത്തിയപ്പോഴാണ് എന്റെ ജീവിതത്തിന്റെ അടിത്തറതന്നെ ഇളകിയതും വീടുപണി മുന്നോട്ടുപോകില്ലെന്നും ഒരു കാനായിക്കുഞ്ഞിരാമന്‍ ശിൽപ്പം പോലെ വീട്, ആകാശത്തേക്ക് തെറ്റിത്തെറിച്ച് നില്‍ക്കുമെന്നും സങ്കടപ്പെട്ട് ഞാന്‍ കരഞ്ഞതും. അച്ഛന്‍ അന്ന് എന്റെ തോളില്‍ത്തട്ടി പറഞ്ഞു, ‘ഞാന്‍ വീടുപണി തീര്‍ത്തുതന്നിരിക്കും,ഉറപ്പ്.’ ആ ഉറപ്പും മുറുക്കിപ്പിടിച്ച് തൃക്കാക്കരയിലെ വാടകവീട്ടില്‍നിന്ന് പല ബസുകള്‍ മാറിക്കേറി എന്നും അച്ഛന്‍ ചേര്‍ത്തലയോളം പോയി വന്നത് ഒന്നൊരക്കൊല്ലമാണ്. ‘എല്ലാ സൈറ്റുകളിലും ആഴ്ചയവസാനമാണ് കൂലി പണിക്കാര്‍ക്ക് തീര്‍ത്തു കൊടുക്കുക, ഇവിടെ മാത്രമാണ് അന്നന്ന് കൊടുക്കുന്നത്’ എന്ന് വീട് പണിത എന്‍ജിനീയര്‍ പലതവണ അച്ഛനെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. എന്റെ ഇടപെടലും കൂടിയായപ്പോള്‍ ‘എന്നാലിനിയങ്ങനെ ചെയ്യാം’ എന്നച്ഛന്‍ ഉറപ്പുപറയുകയും പക്ഷേ പിന്നെയും പഴയ പതിവ് ആവര്‍ത്തിയ്ക്കുകയും ‘പണിക്കാര്‍ക്ക് ഓരോ ദിവസവും വീടുകളില്‍ ആവശ്യങ്ങളുണ്ടാകില്ലേ’ എന്ന് സമര്‍ത്ഥിക്കുകയും എനിക്ക് ദേഷ്യം വന്ന്, ‘അച്ഛന്‍ എന്റെ അച്ഛനാണോ അതോ പണിക്കാരുടെ അച്ഛനാണോ’ എന്ന് ഞാന്‍ ഇടയുകയും പിന്നെ ആ രംഗമോര്‍ത്തോര്‍ത്ത് ഞങ്ങള്‍ ചിരിയ്ക്കുകയും ചെയ്തു.

Father’s Day: പ്രിയ എ എസ്സും മകനും അച്ഛനോടും അമ്മയോടുമൊപ്പം
അച്ഛനെപ്പോഴും അങ്ങനെതന്നെയായിരുന്നു. അലിവ്, അച്ഛന് അച്ഛന്റെ അച്ഛനില്‍ നിന്ന് കിട്ടിയതായിരിയ്ക്കണം. മുത്തച്ഛന്‍, പെരുമ്പളം എന്ന ദ്വീപില്‍ പലചരക്കുകട നടത്തിയിരുന്നത് പൈസ സമ്പാദിക്കാനാണോ അതോ നാട്ടുകാരുടെ ദാരിദ്ര്യം മാറ്റാനാണോ എന്ന് സംശയം തോന്നുന്ന എത്രയെത്ര കഥകളാണ് അച്ഛന്‍ പറഞ്ഞുതന്നിരിയ്ക്കുന്നത്! അടുത്ത വീട്ടിലെ പെണ്‍കുട്ടി, തയ്യല്‍മെഷീന്‍ ചവിട്ടുന്നത് സഹിക്കാഞ്ഞ് അവള്‍ക്ക് അതില്‍ ഘടിപ്പിയ്ക്കാന്‍ അച്ഛന്‍ മോട്ടോര്‍ വാങ്ങിക്കൊടുത്തത് ആരും പറയാതെയാണ്. നെന്മാറ നിന്ന് വീട്ടില്‍ വന്നുപോയിരുന്ന വിവാഹമോചിതയും അശരണയുമായ ഒരു ബന്ധുവുണ്ടായിരുന്നു എനിയ്ക്ക് എന്റെ വിവാഹബന്ധം വഴി.അവരോട്, ഓണമൊഴിവിന് നിങ്ങളവിടെ വാടകവീട്ടില്‍ തന്നെ നില്‍ക്കണ്ട ,ഇങ്ങോട്ട് പോന്നോളണം കുഞ്ഞുമകളെയും കൂട്ടി എന്നു നിര്‍ബന്ധമായി ചട്ടം കെട്ടിയിരുന്നതും അച്ഛനാണ്. ഒന്നും തിരിച്ചു പ്രതീക്ഷിക്കാറില്ല എന്നതാണ് അച്ഛന്റെ കരുതലുകളിലെ രസം. ഇനി അഥവാ, ഇവരൊക്കെത്തന്നെ നന്ദികേടു കാണിച്ചാലും അച്ഛന്‍ കണക്കുപുസ്തകം നിവര്‍ത്തില്ല എന്നതാണതിലെ പരമരസം.
നട്ടെല്ലിന് പ്രശ്‌നം വന്ന് ഞാന്‍ കിടപ്പായതായിരുന്നു വീടുപണി കഴിഞ്ഞുള്ള രംഗം. ‘ഇനിയുമൊരു സര്‍ജറി കൂടി വേണ്ടിവരും, ഒരുവശം തളരലാണ് അല്ലെങ്കില്‍ ഉണ്ടാവുക’ എന്നു കേട്ട് അച്ഛന്‍ അന്ന് അമൃതയിലിരുന്ന് വിതുമ്പി. സര്‍ജറി ഒഴിവായെങ്കിലും പിന്നീടൊന്നരവര്‍ഷം, നരകതുല്യമായി കടന്നുപോയപ്പോള്‍ അച്ഛന്‍, എന്റെ വീല്‍ചെയര്‍ യാത്രകള്‍ക്ക് പുറകേ അമൃതയിയിലെ അന്തമില്ലാത്ത അനേകം ഇടനാഴികളിലൂടെലൂടെ മെല്ലെമെല്ലെ നടന്നുവന്നു.വീല്‍ചെയറുന്തുന്നവരോട് പലപ്പോഴും പറയേണ്ടി വന്നു ,’ഇത്ര സ്പീഡ് വേണ്ട,കൂടെ വരാനുള്ളയാള്‍ എണ്‍പതു വയസ്സുകാരനാണ്.എത്ര വേഗം നടന്നാലും ഒപ്പമെത്തില്ല.’അവര്‍ തിരിഞ്ഞുനോക്കി, കാണാമറയത്തെങ്ങോ ഏറെപ്പുറകിലായിപ്പോയ, പക്ഷേ ഉള്ളു കൊണ്ടെപ്പോഴും കൂടെയുള്ള ആളിനുവേണ്ടി വീല്‍ചെയറുന്തല്‍ അവരെല്ലാം കരുണയോടെ പതുക്കെയാക്കി.
രാവിലെ ഡോക്ടര്‍ വന്നു പോയിക്കഴിയുമ്പോള്‍ അച്ഛന്‍ ,എന്നെ ഹോം നേഴ്‌സിനെ ഏല്‍പ്പിച്ച് ഇടപ്പള്ളിയില്‍ നിന്ന് തൃക്കാക്കരയിലെ വീട്ടിലേയ്ക്ക് പോയി. പോകും വഴി, ഇടപ്പള്ളി ടോളിലെ ബെസ്റ്റ് ബേക്കറിയില്‍ കയറി, കുഞ്ഞു മകന് വേണ്ടി ചിക്കന്‍ ബര്‍ഗറോ ( എന്റെ മലയാളിയച്ഛന് ആ വാക്കും ആ വസ്തുവുമൊന്നും തീരെയറിയില്ല,കുഞ്ഞുമകനുവേണ്ടി കഷ്ടപ്പെട്ട് പഠിച്ചതാണ് അതെല്ലാം) പഴവര്‍ഗ്ഗങ്ങളോ വാങ്ങി.വീടിനടുത്തെ കടയില്‍ നിന്ന് പച്ചക്കറി വാങ്ങി .കുഞ്ഞുമകന്‍ സക്കൂളില്‍ നിന്നു വരുമ്പോള്‍ അവനെ കണ്ട് കണ്‍നിറച്ച്, അവന്റെ വിശേഷങ്ങളും ആവശ്യങ്ങളും ശ്രദ്ധിച്ചു കേട്ട് തിരികെ അമൃതയിലേയ്ക്ക്. തിരിച്ചുവരും വഴിയേ ,ആശുപത്രിയോടടുത്ത കടകളിലലഞ്ഞ് മാസികകള്‍ മുറതെറ്റാതെ വാങ്ങി. അതിലെ അക്ഷരങ്ങളില്‍ നിന്ന് ജീവിതം സമചിത്തതയോടെ ജീവിച്ചു തീര്‍ക്കാനുള്ള സ്ഥൈര്യം തേടി താളുകള്‍ മറിച്ചു.

Father’s Day: പ്രിയ എ എസിന്റെ അച്ഛൻ
ഒരിയ്ക്കല്‍ മാതൃഭൂമിദിനപ്പത്രത്തിലെ ജിജോ സിറിയക് കാണാന്‍ വന്നു ആശുപത്രി മുറിയില്‍. അപ്പുറത്തെവിടെയോ ജിജോ, അച്ഛന് ബെസ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു. ‘അച്ഛന് വയസ്സെത്ര’ എന്ന് ഞാന്‍ ചോദിച്ചു. എണ്‍പതടുക്കുന്നു എന്നു മറുപടി കിട്ടി. അന്ന് തനിച്ചു കിടന്ന് ഞാന്‍ കരഞ്ഞു, മറ്റൊരെണ്‍പതുകാരന്‍ മകള്‍ക്ക് ബൈസ്റ്റാന്‍ഡറായി നില്‍ക്കേണ്ടി വരുന്നതോര്‍ത്ത്, നേരവും കാലവും പേരും വിവരവും നോക്കി പന്ത്രണ്ടുമരുന്നുകള്‍ മകള്‍ക്കെടുത്തു തരേണ്ടി വരുന്നതോര്‍ത്ത്…
കരുതലിന്റെ ഉളളംകൈ
ഒരു മരുന്നും മനഃസമാധാനം തരാതെയായപ്പോള്‍ അച്ഛന്‍ എന്റെ ആശുപത്രിഫയലുകളും കൊണ്ട് പരിചയത്തിലെ പല ഡോക്ടര്‍മാരെയും കണ്ടു. ഒരിയ്ക്കല്‍ പോയത് ഡോ.ബാലചന്ദ്രന്‍ എന്ന എന്റെ പ്രിയപ്പെട്ട ഹോമിയോ ഡോക്ടറുടെ അടുത്തേയ്ക്കാണ്. എരമല്ലൂരുനിന്ന് കോട്ടയത്തേയ്ക്കുള്ള ആ കാര്‍യാത്രയുടെ തലേന്ന് എന്റെ അനിയന്റെ മകള്‍ കല്‍ക്കണ്ടമന്വേഷിക്കുന്നതും ‘അപ്പൂപ്പനോട് പറയ്’ എന്നവളോട് അനിയന്‍ പറയുന്നതും അകത്തു കിടന്നു കൊണ്ട് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പിറ്റേന്ന്, ഊണുപോലും കഴിക്കാതെ യാത്ര കഴിഞ്ഞ് നട്ടുച്ചനേരത്ത് കോട്ടയത്തുനിന്നു വന്നു കയറിയ അച്ഛന്‍ അവള്‍ക്ക് കല്‍ക്കണ്ടപ്പൊതി നീട്ടുന്നത് അകത്തെ മുറിയില്‍ കിടന്നുകൊണ്ടുതന്നെ അറിഞ്ഞ് ഞാന്‍ അത്ഭുതപ്പെട്ടു .കല്‍ക്കണ്ടക്കാര്യം, പറഞ്ഞ അവളും കേട്ട ഞങ്ങളും മറന്നു കഴിഞ്ഞിരുന്നു, അച്ഛന്‍ മാത്രം അതും ഇത്ര വേവലാതികള്‍ക്കിടയിലും എങ്ങനെയാണതോര്‍ത്തത്! ആ കല്‍ക്കണ്ടക്കഥ ഉദാഹരിച്ച് ഞാനെപ്പോഴും പറയാറുണ്ട് മകനോട്, ആ കല്‍ക്കണ്ടത്തിന്റെ പേരാണ് കരുതല്‍ അഥവാ concern.

Father’s day 2019: പ്രിയയും അച്ഛനും അച്ഛന്റെ സുഹൃത്ത് ശബരി അങ്കിളും
അച്ഛന് വൈകുന്നേരങ്ങളില്‍ തൃക്കാക്കര അമ്പലത്തിന്റെ അരയാല്‍ത്തറയില്‍കുറച്ച് വയസ്സന്‍ കൂട്ടുകാരോടൊത്ത് ഒരിരുപ്പുണ്ട്. അമ്പലത്തില്‍ കയറാത്ത അച്ഛനു പറ്റിയ കൂട്ടുകാര്‍. വായനയുള്ളവര്‍.അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ കാര്‍ട്ടൂണിലെ രാമുവിന്റെ പ്രതിരൂപമായ ശബരി അങ്കിള്‍ അതില്‍പെടും.അമ്പലത്തില്‍ കയറില്ല എന്ന വാശിയൊന്നുമില്ല അച്ഛന്. ഉള്ളിലാണ് ഈശ്വരന്‍ എന്നാണ് അച്ഛന്‍ പറയാറ്. അതു കൊണ്ടാണല്ലോ മകള്‍ മരണാസന്നയായി കിടക്കുമ്പോഴും ഒരു ദൈവത്തിന്റെയടുത്തും അച്ഛന്‍ ശുപാര്‍ശയും വഴിപാടുമായി ചെല്ലാത്തത് !
എന്റെ മലയാളം, എട്ടാം ക്ലാസിലെ മലയാളപാഠപുസ്തകത്തിലെ സംശയങ്ങളുമായി ഞാന്‍ വല്ലപ്പോഴും ചെല്ലുമ്പോള്‍ അച്ഛന്‍ പറഞ്ഞുതന്നതില്‍ നിന്നു കിളിര്‍ത്തതാണ് എന്നാണ് എന്റെ തോന്നല്‍. എട്ടാം ക്ലാസില്‍ അച്ഛന്‍ തുടര്‍ച്ചയായി പഠിപ്പിച്ചിരുന്ന കാലത്താണ്, ഞാന്‍,എട്ടാം ക്‌ളാസിലായത്. മാരാരുടെ അര്‍ജ്ജുനവിഷാദയോഗം,, പി ഭാസ്‌ക്കരന്റെ വണ്ടിക്കാളകള്‍, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മാണിക്കന്‍, വെണ്ണിക്കുളത്തിന്റെ നാഴികക്കല്ലൂകള്‍, കഥകളി, പ്രാദേശികഭാഷാഭേദങ്ങള്‍ – ആ അച്ഛന്‍പാഠങ്ങളാണ് ഉള്‍ക്കൊള്ളലെന്താണെന്നെന്നെ പഠിപ്പിച്ചത്.
മക്കള്‍ രണ്ടാളും പലമാതിരി ചെരുപ്പുകള്‍ വാങ്ങുമ്പോഴും അച്ഛന് ഒറ്റച്ചെരുപ്പേയുള്ളു. ‘ഒരെണ്ണം കൂടി വാങ്ങി വയ്ക്കട്ടെ ഇപ്പോഴുള്ളത് പൊട്ടിപ്പോകുമ്പോള്‍ ഇടാന്‍’ എന്നു ചോദിച്ചാല്‍, ‘വേണ്ട,ഇതു പൊട്ടുമ്പോള്‍ വാങ്ങാം’ എന്നു പറയും .യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് ഇരുന്നൂറും മുന്നൂറും രൂപയ്ക്ക് പോസ്റ്റല്‍ കവറുകള്‍, അച്ഛനാവശ്യപ്പെടാതെ തന്നെ വാങ്ങിക്കൊടുക്കുമ്പോള്‍, ജീവിതത്തിലേറ്റവും പ്രിയപ്പെട്ട ഒരു വസ്തു കിട്ടിയതുപോലെ അച്ഛന്‍ കണ്ണുകൊണ്ടും ചുണ്ടുകൊണ്ടും ചിരിയ്ക്കും. (യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് ഇത്രയും കവറുകള്‍ വാങ്ങുന്ന വേറെയൊരാളുമുണ്ടാവില്ല!) മാസികകള്‍ വരിസംഖ്യയൊടുക്കി പോസ്റ്റലായും ഡ്രൈവറെക്കൊണ്ടും വാങ്ങിപ്പിച്ച് സമയാസമയത്തെത്തിയ്ക്കലും അച്ഛന്റെ മകന്റെ പണിയാണ്. സമയത്ത് മാസിക കിട്ടാതിരുന്നാല്‍ പിന്നെ തികഞ്ഞ അസ്വസ്ഥതയാണച്ഛന്. നോക്കിയയുടെ കുഞ്ഞുഫോണെടുത്ത് എല്ലാ പത്രമോഫീസുകളിലേക്കും വിളിയാണ് പിന്നെ. മാസികകള്‍ കിട്ടി,എല്ലാം വായിച്ച് ,ഓരോന്നിലേയ്ക്കും ‘വായനക്കാര’നായി എഴുതാനാണ് അച്ഛനിപ്പോള്‍ ‘സമയം’. ‘എഴുതിത്തെളിഞ്ഞു അച്ഛന്‍’ എന്നാണ് അമ്മ കളിയാക്കി പറയുക. ചെവി അല്‍പ്പം പുറകോട്ടായ അച്ഛന്‍, ഞങ്ങള്‍ പറയുന്നത് തീരെ കേള്‍ക്കുന്നില്ല, ശ്രദ്ധിയ്ക്കുന്നില്ല എന്നു വരുമ്പോള്‍ അനിയന്‍ ദിപു ഗൗരവത്തിലൊരു തമാശ പറയും .’നമുക്ക് പറയാനുള്ളതെല്ലാം കലാകൗമുദിക്കോ മലയാളത്തിലേക്കോ എഴുതാം. അപ്പോ അച്ഛന്‍ അടുത്തലക്കത്തില്‍ നമുക്ക് മറുപടി എഴുതും.’

Father’s Day: പ്രിയ എ എസ്സിന്റെ അച്ഛനും അമ്മയും
കാലനിശ്ചയം പോലൊരു കുട നിവരുന്നു
ചന്ദ്രികയുടെ പത്രാധിപരായിരുന്ന കാലത്ത് ഒരിയ്ക്കല്‍ ശിഹാബുദ്ദീന്‍ പെയ്ത്തുംകടവ് എന്നോട് പറഞ്ഞു ,’അച്ഛന്റെ കത്തുകള്‍ എല്ലാം നല്ലതാണ്. പക്ഷേ ചന്ദ്രികയ്ക്കുള്ളത് ദേശാഭിമാനിയിലേയ്ക്കും ദേശാഭിമാനിയ്ക്കുള്ളത് ചന്ദികയിലേക്കും അയയ്ക്കരുത് എന്നു പറയണം.’ ആ തമാശ ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍, ‘ഇങ്ങനെ പരവേശം പിടിച്ച് കത്തെഴുതരുത് എന്ന് ഞാന്‍ പറയാറുള്ളതാണ്’ എന്ന് അമ്മ ,അച്ഛനെ വഴക്കു പറഞ്ഞു. നിത്യസംഭവമായ വഴക്കുകള്‍ക്കപ്പുറം, ഒരു ദാമ്പത്യം അഭിപ്രായഭിന്നതകളെ മറികടന്ന് എങ്ങനെയാണ് ഒരേ ദിശയിലേക്കുള്ള ഒരുമിയ്ക്കലാകുന്നത് എന്ന് എന്റെ മകന്‍ അറിയുന്നതും ഇവരെക്കണ്ടാണ്. ഈയിടെ അമ്മയ്ക്ക് വയ്യാതെ വന്നപ്പോള്‍ ഉലഞ്ഞുപോയ അച്ഛന്‍, ‘അമ്മയില്ലാതെ അച്ഛനില്ല’ എന്ന തോന്നലിനെ അടിവരയിട്ട ഒരു ഉറപ്പാക്കി കാണിച്ചുതന്നു.
Read More: Mother’s Day: അമ്മ എന്ന തായ്വേര്
‘അച്ഛന് ഒരു കുടയാണല്ലേ’ എന്നു ചോദിച്ചു ഒരഭിമുഖകാരന്‍. കുടയില്ലാതെ പുറത്തുപോകാത്ത, കുട എപ്പോഴും കൊണ്ടുക്കളയുന്ന ശീലക്കാരനായ, കുട പോയാല്‍ സ്വത്തെല്ലാം പോയപോലെ പിടയ്ക്കുന്ന, കുടത്താഴെ മക്കളെ നിര്ത്താന്എപ്പോഴും കൂടെ നടക്കുന്ന ആളെ ‘കുട’ എന്നു തന്നെയാണ് പറയേണ്ടത്. ‘അച്ഛന്‍’ എന്ന എന്റെ ആദ്യകാല ചെറുകഥയിലെ അച്ഛനെ ഒരു ചെറുനേര സ്‌ക്രീനില്‍ അവതരിപ്പിയ്ക്കുമ്പോള്‍, തിരക്കഥയിലില്ലാതിരുന്നിട്ടും നെടുമുടിവേണുവിന് കുട പിടിക്കാന്‍ തോന്നിയത്, യാദുച്ഛികമാവാം. പക്ഷേ, അച്ഛനും അച്ഛന്‍കുടയും എപ്പോഴും ഉണ്ടാവുമോ എന്നു പേടിച്ച് ഞാന്‍ പണ്ടുമുതലേ കുടത്താഴെ നിന്ന് മാറി ഒറ്റയ്ക്ക് നടന്ന് ശീലിയ്ക്കാന്‍ പരമാവധി ശ്രമിച്ചു. എന്നിട്ടുമിപ്പോഴും എനിയ്ക്ക് മുകളില്‍ അച്ഛന്‍കുട നിവരുന്നു, കാലനിശ്ചയം പോലെ.
ഇനിയൊരു ജന്മമുണ്ടായാല്‍ ഇനിയും ഈ അച്ഛന്റെ മകളാവണേ എന്നൊരു പ്രാര്‍ത്ഥന എനിയ്ക്കില്ല.കാരണം എന്റെ അച്ഛന് ഇനിയൊരു ജന്മമില്ല. കടമകള്‍, ഭാര്യയോടും മക്കളോടും സഹോദരങ്ങളോടും അച്ഛനമ്മമാരോടും എന്തിന് അയല്‍പക്കക്കാരോടും വരെ കൃത്യമായി ചെയ്തു തീര്‍ത്ത ഒരാള്‍ ഈ ലോകത്ത് വേറെയില്ല. അത്തരമൊരാള്‍, നിർമ്മയന്‍, നിരാമയന്‍, പിന്നെയുമെന്തിന് ഈ ഭൂമിയിലേക്ക് വരണം ?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook