Father’s Day: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിറം മങ്ങിയ ഒരു സന്ധ്യാനേരത്ത് തിരുവാങ്കുളത്തെ ഞാളിയത്ത് തറവാട് വീടിന്റെ മര ഗേറ്റ് തുറന്നു, നടവഴി താണ്ടി, പടിക്കല്ലുകള്‍ ചവിട്ടിക്കയറി വിശാലമായ വീട്ടുമുറ്റത്ത് ഒരു ബ്രീഫ്കേസും തൂക്കി ഒരു അപരിചിതന് വന്നു നിന്നു. മുഖത്ത് കട്ടിക്കണ്ണട, ചുണ്ടുകളില്‍ കുസൃതിച്ചിരി. ഉമ്മറത്ത് വന്നു നില്ക്കുന്ന ആഗതനെക്കണ്ട് ഞാനോടിച്ചെന്ന് അമ്മയോട് പറഞ്ഞു, ‘ആരോ വന്നിരിക്കുന്നു!’. അടുക്കളയില്‍ നിന്നും ഉമ്മറത്തെത്തിയ അമ്മ മുറ്റത്ത് നില്ക്കുന്ന ‘അപരിചിത’നെ കണ്ടാദ്യമൊന്നമ്പരന്നു. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു – ‘നിന്റെ ഡാഡിയല്ലേ വന്നിരിക്കുന്നത് മോനെ!’ അതു കേട്ട് ഒന്നും മനസിലാവാതെ വല്ലാത്തൊരുതരം നിസംഗതയോടെ ഞാന്‍ നിന്നു. ഓര്‍മ്മ വച്ചിട്ടാദ്യമായി അച്ഛനെ കാണുന്ന ഏഴെട്ടു വയസുള്ള മൂന്നാം ക്ലാസ്സുകാരനായിരുന്നു ഞാന്‍.
കൊല്‍ക്കത്തയില്‍ ജനിച്ച് ഏറെക്കഴിയുന്നതിനു മുന്‍പു തന്നെ അമ്മയോടൊപ്പം ഞങ്ങള്‍ മൂന്ന് കുട്ടികള്‍ നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഡാഡി നാട്ടിലെത്തിയത്. അതു കൊണ്ടു തന്നെ ഡാഡിയുടെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി സ്കൂളില്‍ ചേരാന്‍ പോയതും, സര്‍ക്കസും സിനിമയും കാണാന്‍ പോയതും, അധ്യയനവര്ഷത്തലേന്ന് ബുക്കും പെന്‍സിലും റബ്ബറും വാങ്ങാന്‍ പോയതും, പിറന്നാളുടുപ്പ് വാങ്ങാന്‍ പോയതുമായ ബാല്യകാലസ്മരണകളൊന്നും എന്റെ ഓര്മ്മച്ചെപ്പിലില്ല. ഏകാന്തമായ കുട്ടിക്കാലം, ചേര്‍ത്തു പിടിക്കാത്ത കൗമാരം, കല്‍പ്പനകള്‍ തീണ്ടാത്ത യൗവ്വനം. എന്നിട്ടും ഡിഎന്‍എയുടെ അദൃശ്യമായ ചരടില്‍ കോര്‍ത്ത സ്നേഹവാത്സല്യങ്ങളുടെ തികച്ചും നിശബ്ദമായ ഒരു പാരസ്പര്യം ഞങ്ങള്‍ക്കിടയില്‍ എന്നുമുണ്ടായിരുന്നു. അതു കൊണ്ടാണ് അച്ഛനോര്മ്മയില് ഞാന്‍ പേര്‍ത്തും പേര്‍ത്തും കുതിര്‍ന്നു പോകുന്നത്, ഗതകാലസ്മൃതികള്‍ തെളിയുമ്പോഴെല്ലാം പിതൃസ്മരണളുടെ തടവുകാരനായി തീരുന്നത്. അക്ഷരങ്ങള്‍ കൊണ്ട് ഡാഡിയുടെ രേഖാചിത്രം വരയ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പേനത്തുമ്പിനു നേര്‍ത്ത വിറയല്‍ ബാധിക്കുന്നത്. അടിക്കടി വാക്കുകളുടെ വക്കുപൊട്ടിപ്പോകുന്നത്.
താളവാദ്യങ്ങള്‍ നിറഞ്ഞ ഒരു ജീവിതമായിരുന്നില്ല ഡാഡിയുടേത്. ഒരു ഒറ്റതന്ത്രി വാദ്യം പോലെ എകാകിത്വം ജീവിതത്തില്‍ ഉടനീളം അനുഭവിച്ചിരുന്നു കാണണം. അതു കൊണ്ടാണോ എന്നറിയില്ല, പ്രകടമായി ലാളിക്കാനും അഭിനന്ദിക്കാനും നന്നേ പിശുക്ക് കാട്ടിയിരുന്നു. പക്ഷേ മുതിര്‍ന്ന് എഴുത്തില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയ കാലത്ത് യാത്രാവേളകളില്‍ അകലങ്ങളിലിരുന്ന് തപാല്‍ വകുപ്പിന്റെ നീലത്താളില്‍ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെക്കുറിച്ചും കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ചും പതിവായി എനിക്കെഴുതുമായിരുന്നു.
കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ യുവതുര്‍ക്കികളില്‍ ഒരാള്‍, തോട്ടം മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ട്രേഡ് യൂണിയന് നേതാവ്, സാഹിത്യകാരന്, സാമൂഹ്യപ്രവര്‍ത്തകന്‍, പത്രപ്രവര്ത്തകന്, പ്രസാധകന്, പത്രാധിപര്‍, യുക്തിവാദി, സംരഭകന് എന്നിങ്ങനെ നിരവധി കുപ്പായങ്ങള്‍ മാറി മാറി അണിഞ്ഞ ഒരാള്‍ എന്ന് ഡാഡിയെ വിശേഷിപ്പിക്കാം. പക്ഷേ ഏതെങ്കിലുമൊന്നില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ അത് വ്യക്തിപരമായി ഏറെ ഗുണകരമായി ഭവിച്ചേനെ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിവിന്റെയോ അവസരങ്ങളുടെയോ അഭാവമായിരുന്നില്ല, പകരം അവ യഥാസമയം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല എന്നതു കൊണ്ടാവണം ജീവിതത്തിലുടനീളം തിരിച്ചടികളും നഷ്ടങ്ങളും നേരിടേണ്ടി വന്നു. പലപ്പോഴും തിരസ്കൃതനും ബഹിഷ്കൃതനുമായി.

അറുപതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങി രണ്ടു ദശാബ്ദക്കാലത്തിലേറെ കൊല്‍ക്കത്തയുടെ ഹൃദയഭാഗത്ത് രശ്മി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി എന്ന പേരില്‍ അച്ചടിശാലയും പുസ്തകപ്രസാധനവും മറ്റു പല അനുബന്ധ സംരംഭങ്ങളും നടത്തിയെങ്കിലും ഒടുവില്‍ അതൊക്കെയും സാമ്പത്തിക ബാധ്യതയിലാണ് കലാശിച്ചത്. കൊല്‍ക്കത്തയിലെ ആദ്യത്തെ മലയാളം അച്ചടിശാലകളില്‍ ഒന്നായിരുന്നു രശ്മി പ്രസ്. ആ മഹാനഗരത്തില്‍ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും പ്രസാധക സംരഭമായിരുന്നു രശ്മി ബുക്സ്.
മുഖ്യധാരയിലെ സാഹിത്യ-സാംസ്കാരിക മാസികയായിരുന്നു കേരളരശ്മി. തുടക്കത്തില്‍ ഈശ്വര്‍ ഗാംഗുലി സ്ട്രീറ്റിലും പിന്നീട് ഫ്രീ സ്കൂള്‍ സ്ട്രീറ്റി ലും പ്രവര്‍ത്തിച്ചിരുന്ന കാലമത്രയും കൊല്‍ക്കത്തയില്‍ എത്തിയിരുന്ന ദേശാടകരും തൊഴിലന്വേഷകരുമായ ചെറുപ്പക്കാരുടെ അഭയകേന്ദ്രവും കൊല്‍ക്കത്ത മലയാളികളുടെ പ്രിയപ്പെട്ട ഒത്തുചേരല്‍ ഇടവുമായിരുന്നു രശ്മി പ്രസ്. ഒരുപാട് തടിയലമാരകളും മേശകളും കസേരകളും നിറഞ്ഞ ആ ഓഫീസിലെ ഒരു മൂലയില്‍ ഒതുക്കിയിട്ട മേശയ്ക്ക് പിന്നിലിരുന്ന് സദാ ബീഡി പുകച്ച്, മിതഭാഷിയായ ആതിഥേയനായി ഡാഡി ഇരിക്കുമായിരുന്നു. കേരളത്തില്‍ നിന്നും എന്ത് കൊണ്ടു വരണം എന്നു ചോദിച്ചവരോടെല്ലാം ദിനേശ് ബീഡി എന്നായിരുന്നു എല്ലാ കാലത്തും പതിവ് മറുപടി. അവിടയുണ്ടായിരുന്ന പുസ്തകങ്ങള്‍ കുത്തി നിറച്ച ഒരു തടിയലമാരയില്‍ നിന്നാണ് എന്റെ വായനക്കാലം തുടങ്ങിയത്. മൂലയില്‍ കിടന്നിരുന്ന ആ മേശയാണ് ഇന്നെന്റെ എഴുത്തുമേശ.
കാലാന്തരത്തില്‍ ജീവിതത്തിന്റെ നടവഴികളില്‍ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത നിരവധി പ്രഗൽഭര് ടി.പി.ഞാളിയത്ത് എന്ന അവരുടെ പ്രിയസുഹൃത്തിനെ എന്നിലൂടെ ഓര്‍ത്തെടുക്കുന്നതിനു ഞാന്‍ സാക്ഷ്യം വഹിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയുടെ മണ്ണില്‍ വച്ച് കണ്ടുമുട്ടി പരിചയപ്പെട്ടപ്പോള്‍ ഞാളിയത്തിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം പെരുമ്പടവം ശ്രീധരന്‍സാറും വൈശാഖന് മാഷും വാത്സല്യപൂര്‍വ്വം ചേര്‍ത്തു പിടിച്ചപ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. പിന്നീട് ജീവിതത്തിന്റെ നടപ്പാതയില്‍ കണ്ടുമുട്ടിയ പലരും അതേ വികാരവായ്പോടെ പരിചയപ്പെടുകയും ഊഷ്മളമായ, പൊയ്പ്പോയ ഒരു കാലത്തെ ഓര്‍ത്തെടുക്കുകയും ചെയ്തു.
എം.ടി.യും കുട്ടിക്കൃഷ്ണമാരാരും ഉള്‍പ്പെടെ തന്റെ തലമുറയില്‍പെട്ട മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ഡാഡിക്ക്. ബഷീറും എസ്.കെ.പൊറ്റക്കാടുമടക്കമുള്ളവര് കത്തുകള്‍ അയക്കുമായിരുന്നു. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാവരും തന്നെ അടുത്ത ചങ്ങാതിമാരായിരുന്നു. കൊല്‍ക്കത്ത നഗരപ്രാന്തത്തിലുള്ള സാമ്പാ മിര്‍സ നഗര്‍ ഹൗസിങ് കോളനിയിലെ കൊച്ചു ഫ്ലാറ്റായിരുന്നു കൊല്‍ക്കത്തയില്‍ എത്തുമ്പോഴൊക്കെ അവരില്‍ പലരുടെയും ഇടത്താവളം. ഞങ്ങള്‍ അഞ്ചു പേര് താമസിച്ചിരുന്ന ടു-ബെഡ് റൂം ഫ്ലാറ്റില്‍ ഒരു അസൗകര്യവും ഇല്ലാതെ ഇടമറുക് അടക്കമുള്ളവര്‍ താമസിച്ചു മടങ്ങിയ കാലത്തെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാനിന്ന് അതിശയിക്കും.
ആകെയുള്ള രണ്ടു മുറികളിലൊന്നില്‍ എല്ലായ്പ്പോഴും ദിനപത്രങ്ങളും പുസ്തകക്കെട്ടുകളും ആനുകാലികങ്ങളും ചിതറിക്കിടന്നു. പലപ്പോഴായി കലാകൗമുദി ഗ്രൂപ്പിന്റെ പ്രത്യേക പ്രതിനിധിയായും മാധ്യമം ദിനപത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കലാകൗമുദിയുടെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും വന്നിരുന്നു. അതിനു പുറമെയായിരുന്നു കേരളത്തിലെ ഒട്ടുമിക്ക സമാന്തര മാസികകളും അയച്ചു കിട്ടിയിരുന്നത്. സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ വച്ചു തന്നെ കൊല്‍ക്കത്തയിലേയ്ക്ക് മാറ്റി നട്ടതിനാല്‍ ആ ആനുകാലികങ്ങളായിരുന്നു മലയാളഭാഷയിലേക്കുള്ള എന്റെ തൂക്കുപാലങ്ങള്‍. ഡാഡിയുടെ ആ മുറിയായിരുന്നു എന്റെ മലയാളഭാഷാ കളരി. എം.പി.നാരായണ പിള്ളയുടെ പത്രാധിപത്യത്തില്‍ അക്കാലത്ത് ഇറങ്ങിയിരുന്ന ‘ട്രയല്‍’ വാരികയിലൂടെയാണ് പതുക്കെപ്പതുക്കെ ഞാനെഴുതിയ കുട്ടിക്കുറിപ്പുകള് വെളിച്ചം കണ്ടത്. ‘കഥ’യിലും ‘ദേശാഭിമാനി’യുടെ ബാലപക്തിയിലും കഥകള്‍ മഷി പുരണ്ടത്. ഡാഡി നടന്ന അക്ഷരവഴികളിലൂടെ പിച്ചവച്ചു തുടങ്ങിയത്.
പൊതുവില്‍ നിര്‍ബന്ധിച്ച് കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്ന ആളേ ആയിരുന്നില്ല എങ്കിലും ചിലപ്പോള്‍ ചില കാര്യങ്ങളില്‍ നിര്‍ബന്ധം പിടിക്കുമായിരുന്നു. എന്നെ ഡ്രൈവിങ് പഠിപ്പിച്ചതില്‍ ആ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. ടു-വീലര്‍ പതുക്കെപ്പതുക്കെ ഓടിച്ച് ബാലന്‍സായി വരുന്ന സമയത്താണ് ഒരു ദിവസം പ്രസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി സദാ വാഹനങ്ങളുടെ മഹാപ്രളയസാന്നിധ്യമുള്ള ചൗരംഗി സ്ട്രീറ്റില്‍ വച്ച് പിന്‍സീറ്റിലേയ്ക്ക് നീങ്ങിയിരുന്ന് എന്നെക്കൊണ്ട് വണ്ടിയോടിപ്പിച്ചത്.
എല്ലാ കാര്യങ്ങളും ഏറെ സമയമെടുത്ത് ചെയ്തിരുന്ന ഡാഡിക്ക് പക്ഷേ ജീവിതത്തില്‍ നിന്നുള്ള അനിവാര്യമായ വിടവാങ്ങലിന് ഞെട്ടിപ്പിക്കുന്ന വേഗതയും തിടുക്കവുമായിരുന്നു. ആരെയും ഒരു നേരം പോലും ആശ്രയിക്കാതെ, ബുദ്ധിമുട്ടിക്കാതെ അമിത സ്പീഡില്‍ ഒരു യാത്ര. ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്നും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് പാതയിലൂടെ ആലുവയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴൊക്കെ ഡാഡിയുടെ ഓര്‍മ്മ വല്ലാതെ അലട്ടും. കാക്കനാട് പിന്നിട്ട് റോഡ് രണ്ടായി പിരിഞ്ഞ് ഒന്ന് മെഡിക്കല്‍ കോളേജിലേക്കും മറ്റൊന്ന് സെന്റ് പോള്‍സ് കോളേജിലേക്കും തിരിയുമ്പോഴൊക്കെ ഒരു ട്രാഫിക് സിഗ്നലിലെ മഞ്ഞവെളിച്ചമെന്ന പോലെ ആ മുഖം തെളിയും.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒരുമിച്ചാണ് മെഡിക്കല്‍ കോളേജിലേക്ക് പോയത്. അന്ത്യാഭിലാഷപ്രകാരം മതപരമായ ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കി, ഭൗതിക ശരീരം ആശുപത്രി അധികൃതരെ ഏല്‍പ്പിക്കുമ്പോള്‍ കൊല്‍ക്കത്തയിലെ തണുപ്പ് കാലം കഴിച്ചെടുക്കാന്‍ കഷ്ടപ്പെട്ടിരുന്ന ആളെയാണല്ലോ അവിടത്തെ അതിശെത്യ മുറിയിലാക്കി മടങ്ങുന്നതെന്ന് ഓര്‍ത്ത് മടക്കയാത്രയില്‍ ഞാന്‍ പിന്നെയും പിന്നെയും വിതുമ്പി.
അച്ഛനോര്‍മ്മ ഒരു ജീവപര്യന്തമാണെനിക്ക്. മാധുര്യവും കയ്പും ചവര്‍പ്പും ഇടകലര്‍ന്ന ഓര്‍മ്മകളില്‍ തിങ്ങിഞെരുങ്ങിയും, നഷ്ടബോധത്തിന്റെ നിര്‍ത്താപ്പെയ്ത്തില്‍ ഒരു ചേമ്പിലച്ചാര്ത്തിന്റെ ഔദാര്യം പോലുമില്ലാതെ നിന്നു നനഞ്ഞും, ജീവിതത്തിന്റെ അനിവാര്യമായ പ്രതിസന്ധികള്‍ നിറഞ്ഞ നാല്ക്കവലകളില് തലച്ചോറിലും കണ്ണിലും ഇരുട്ടുനിറയുമ്പോഴൊക്കെ ഓര്ത്തോര്ത്തും, ജീവിതവേനലില് വിയര്‍ത്തൊലിക്കുമ്പോഴും പിതൃസ്മരണയുടെ ഇരമ്പമെനിക്ക് ചുറ്റും നിറയും. ഞാന്‍ മാത്രം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒന്ന്.
ഇപ്പോഴും കൊല്‍ക്കത്ത യാത്രകളില്‍ ഞങ്ങള്‍ താമസിച്ചിരുന്ന സാമ്പാ മിര്‍സ നഗറിലും പ്രസ് പ്രവര്‍ത്തിച്ചിരുന്ന മിര്‍സ ഗാലിബ് സ്ട്രീറ്റിലും പോകുന്ന പതിവ് ഞാന്‍ മുടക്കാറില്ല. ഒറ്റയ്ക്ക് ആ വഴികളിലൂടെ നടക്കുമ്പോഴൊക്കെയും ഞങ്ങള്‍ ഒരുമിച്ചാണ് നടക്കുന്നതെന്നു എനിക്ക് തോന്നും. പാര്‍ക്ക് സ്ട്രീറ്റ് പിന്നിട്ട് ന്യൂമാര്ക്കറ്റിലേയ്ക്ക് നീളുന്ന മിര്‍സ ഗാലിബ് സ്ട്രീറ്റിലൂടെ നടന്ന് ഫെന്നര്‍ ഇന്ത്യ എന്ന കമ്പനിയുടെ എതിര്‍വശത്തുള്ള 53C എന്ന നമ്പര്‍ കാണുമ്പോള്‍ അത് നോക്കി ഞാന്‍ സമയബോധമില്ലാതെ അവിടെ നില്ക്കും. അപ്പോഴൊക്കെയും പോയകാലത്തിന്റെ ഈര്‍പ്പവും സുഗന്ധവുമുള്ള ഒരു ചെറുകാറ്റ് എന്നെ വന്നു പൊതിയും. പിന്നെ നടന്നു തുടങ്ങുമ്പോള്‍ ഏറെ ദൂരം, ഏറെ സമയം ആ ഓര്‍മ്മക്കാറ്റ് ഒരു ‘മൊനേര്‍ മാനുഷി’നെപ്പോലെ എനിക്ക് കൂട്ടു വരും.
പ്രശസ്ത ബാവൂൾ ഗായകൻ ലാലൻ ഫക്കീറിന്റെ ജീവിതത്തെ ആസ്പദമാക്കി സുനിൽ ഗംഗോപാധ്യായ രചിച്ച നോവൽ ‘മൊനോർ മാനുഷ്’ എന്നാൽ ‘പ്രിയപ്പെട്ടവൻ’ എന്നർത്ഥം
Read More: Father’s Day 2019 features Here