വില്ലാളിവീരനും വിക്രമാദിത്യ വരഗുണനുമായിരുന്ന അലകുവിദ്വാന്റെ വിദ്യാഭ്യാസകാലം തീരും വരെയുള്ള വിക്രിയകളെക്കുറിച്ചാണല്ലോ പറഞ്ഞു നിർത്തിയത്. ഇൻറർമീഡിയേറ്റ് എട്ടുനിലയിൽ പൊട്ടിയതോടെ പഠനകാണ്ഡം ഉപേക്ഷിച്ച പുമാൻ വണ്ടിക്കച്ചവടം മുതലായ തട്ടുതരികിട പരിപാടികൾ നടത്തി ചായയ്ക്കും ചാരായത്തിനുമുള്ള വക കണ്ടെത്താൻ കിണഞ്ഞു പണിഞ്ഞു. കാർന്നോന്മാർ നടത്തിയിരുന്ന ഒരു സ്കൂളിൽ കക്ഷി കുറച്ചു കാലം താൽക്കാലിക വാദ്ധ്യാരായിപ്പോലും ജോലി ചെയ്തു.
ആ ഞെട്ടിപ്പിക്കുന്ന ഭൂതകാലചരിത്രമറിഞ്ഞ ദിവസം അങ്ങേര് ക്ലാസ്സ്റൂമിൽ അധ്യാപക വേഷത്തിൽ നിന്നിരുന്ന സീൻ സങ്കൽപ്പിച്ചു ചിരിച്ചു ചിരിച്ചു ഞാൻ ‘ഫ്രണ്ട്സ്’ സിനിമയിലെ ശ്രീനിവാസനെപ്പോലെ ആയിപ്പോയി. കാര്യമെന്തൊക്കെപ്പറഞ്ഞാലും തടിക്കണക്കിലും മനക്കണക്കിലും മച്ചാൻ മിടുക്കനായിരുന്നു കേട്ടോ. അത് വലിയ കാര്യമാണോ എന്നു ചോദിക്കുന്നവർ വെട്ടിയിട്ട ഒരു ആഞ്ഞിലിമരം അളന്ന് ക്യൂബിക് അടി തിട്ടപ്പെടുത്തി തടിവില കൃത്യമായി കണക്കാക്കി വരണം. എന്നിട്ടേയുള്ളൂ ആ വിഷയത്തെക്കുറിച്ച് ഫർതർ ചർച്ച.
പഠനകാര്യങ്ങളിൽ ലോക പരാജയമായിരുന്നെങ്കിലും ചൊട്ടയിൽ നിന്ന് ചെറുങ്ങനെ വിടർന്നു പൂക്കുലയായി വിലസാൻ തുടങ്ങിയ കാലം മുതൽ ചീട്ടുകളി, കള്ളുകുടി തുടങ്ങിയ സുകുമാര കലകളിൽ വാചാമഗോചരമായൊരു വാസനാബലം ആ മഹിതാത്മാവ് പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ജനിതകശേഷികളെ അനിതരസാധാരണമായ അഭ്യാസമുറകളാൽ ശതഗുണീഭവിപ്പിച്ചെടുത്തു ആ യുവതരുണൻ. മൗനം മന്ദനും മദ്യം വിദ്വാനും ഭൂഷണം എന്നയാൾ വിശ്വസിച്ചു. ‘മദ്യദാനം മഹാദാനം’ എന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി. പയറു പോലെ പണിയെടുത്തു നടന്നാലൊന്നും വയറു നിറയെ കള്ളുകുടിക്കാനാവില്ലെന്നു പിടികിട്ടിയപ്പോളാകണം പുള്ളി നാടു വിട്ടൊരു കളി കളിക്കാൻ തീരുമാനിച്ചതു തന്നെ.
കള്ളവണ്ടി എന്നൊരു ഐറ്റം കണ്ടുപിടിച്ചത് തന്നെ ഇത്തരം ഉലകം ചുറ്റും വാലിബൻമാർക്ക് വേണ്ടിയാണല്ലോ. ആദ്യ ഡെസ്റ്റിനേഷൻ ബോംബെ ആയിരുന്നു. ‘അണ്ടർവേൾഡ്’ ഒന്നും അന്ന് അത്ര ക്ലച്ചു പിടിക്കാത്ത കാലമായതു കൊണ്ടാകണം കക്ഷിക്ക് ആ നഗരവാരിധി മൊത്തത്തിലങ്ങോട്ട് സെറ്റായില്ല. തത്ര ഭവാൻ അവിടെ അത്ര ഹാപ്പി ആകാത്തത് കൊണ്ട് വെസ്റ്റ് കോസ്റ്റ് വഴി ഗുജറാത്ത് വരെ ചില ചിത്രയാത്രകൾ നടത്തി . ഒടുവിൽ ‘കാടേ നമുക്കു ഗതി’ എന്ന് ആട്ടക്കഥയിൽ പറഞ്ഞതു മാതിരി കടലേ തനിക്കു ഗതിയെന്നുറച്ചു. എന്നിട്ടത് മറികടക്കാനുറപ്പിച്ചു. ശേഷം ‘കടലിനക്കരെ പോണോരേ കാണാപ്പൊന്നിന് പോണോരേ’ എന്ന പാട്ടും പാടി ഏതോ ലോഞ്ചിൽ കയറിപ്പറ്റി.
ഉരുവിൽ കയറി ഏതോ ഊരിലേക്ക് സമുദ്രസന്തരണം ചെയ്ത മനുഷ്യന്റെ അന്നത്തെ ചങ്കൂറ്റത്തെക്കുറിച്ചോർക്കുമ്പോൾ ഇന്നും എന്റെ നെഞ്ചിടിച്ചു പോകും. അതു കൊണ്ടു തന്നെ ‘നാടോടിക്കാറ്റി’ലെ ദാസന്റെയും വിജയന്റെയും ‘മദ്രാസ് നീന്തൽ’ കാണുമ്പോൾ മതിമറന്നു ചിരിക്കാൻ കഴിയാറില്ലെനിക്ക്. ‘പത്തേമാരി’ സിനിമയിലെ ചില രംഗങ്ങൾ കാണുമ്പോൾ അകവാള് വെട്ടുന്നതും അതു കാരണം തന്നെ.
അറബിനാട്ടിലെ ഏതോ പേരറിയാത്തീരത്തിനകലെനിന്ന് ആരുടെയൊക്കെയോ ഒപ്പം അയാളും എടുത്തുചാടി അലകടലിലേക്ക്. പണ്ട് വീട്ടുകുളത്തിൽ വെറുതെ ചാടിച്ചാവാൻ പോയവൻ അന്ന് പ്രാണൻ പണയം വെച്ച് വീറോടെ നീന്തിക്കാണും. ജീവിതം ഒരു കര പിടിപ്പിക്കാൻ വേണ്ടി ജലരാശികൾ താണ്ടാൻ തുനിഞ്ഞ മനുഷ്യരെത്രയുണ്ടാകും.
അതിൽ മുങ്ങിയവരെത്ര? പൊങ്ങിയവരെത്ര?.
അതിൽ അക്കരെ കയറിയവരെത്ര? ആഴ്ന്നു പോയവരെത്ര? ആർക്കറിയാം.
‘താണ്ടിനാനാഴി ഹനുമാൻ
ആണ്ടവർക്കെന്തു ദുഷ്കരം’
ആരുമില്ലാത്തവർക്ക് ആണ്ടവർ തുണ.
ആണ്ടവർ ഇല്ലാത്തവർക്ക് അവരവർ തുണ.
ഉലകം ചിലർക്കൊരു കടവുൾ സഹായം സ്റ്റേജ്നാടകം. മറ്റു ചിലർക്കത് തനിക്ക് താനും പുരയ്‌ക്ക് തൂണുമെന്ന കണക്കിലുള്ളോരു പടക്കളം. പോരാളി ഒരുവട്ടം മരിക്കും. പേടിച്ചുതൂറി പല വട്ടവും. അങ്ങനെ പറയാൻ എളുപ്പമാണ്. പ്രവർത്തിക്കാനാണ് പ്രയാസം. പെരുംതിരയ്‌ക്ക് എന്ത് ധീരനും ഭീരുവും. അലകിനൊപ്പം ആഴി നീന്തിയവരിലെത്ര പേരെ അറബിക്കടലെടുത്തെന്നറിയില്ല. അയാൾ എന്തായാലും അറബിക്കര പിടിച്ചു.
കടൽ നീന്തിപ്പോയവൻ കപ്പലേറി മടങ്ങി വന്നു. പിന്നെ പൊന്നുവിളയുന്ന മണലാരണ്യത്തിലേക്കും തിരിച്ചു പിറന്നുവീണ മണ്ണിലേക്കും പറന്നായി പര്യടനങ്ങൾ. അതിനൊപ്പം പലരെയുമയാൾ ചിറകിലേറ്റി. പലരുടെയും സ്വപ്നങ്ങൾക്കു ചിറകു നൽകി. എല്ലുമുറിയെ പണിതു. പള്ള നിറയെ കുടിച്ചു. പത്തു കൈകൊണ്ട് പണംവാരി. പറമ്പും പുരയിടവും വാങ്ങി. പഞ്ഞം നടന്നവൻ പ്രതാപ രഥമേറി. മുടിഞ്ഞു പൊറുത്തവൻ മാളികപ്പുറത്തായി. ഒടുവിൽ മാമന്റെ മകളെ മംഗലവും കഴിച്ചു. (പ്രണയമെന്നൊന്നും പറയാനില്ല. കെട്ടാമടന്തയായി നിന്നൊരു പെണ്ണിനെയും പെണ്ണ് കിട്ടാൻ വഴിയില്ലായിരുന്നൊരു ചെക്കനെയും വീട്ടുകാർ ചേർന്ന് ഒട്ടിച്ചു എന്ന് കൂട്ടിയാൽ മതി.)
എന്തായാലും പഞ്ചായത്തിലെ ഏറ്റവും വലിയ പുര വച്ച് അതിലാണ് അങ്ങേര് പെമ്പ്രന്നോത്തിയെയും പിള്ളേരെയും പൊറുപ്പിച്ചത്. അങ്ങനെയാണ് മെയിന്റനൻസ് കൊണ്ട് മാത്രം മുടിഞ്ഞു പോകുന്ന ആ വീട്ടിൽ ഞാനും വളരാൻ ഇടയായത്. അതിന്റെ ഗുട്ടൻസ് എന്താണെന്ന് ചോദിച്ചാൽ…
ഈ പറഞ്ഞ അലകിന്റെ അമ്മായിയുടെ മോളാണ് എന്റെ അമ്മ എന്നതാണ് അതിനുത്തരം. അവരെ അങ്ങേര് കെട്ടിയ വകയിലുണ്ടായ ഉൽപ്പന്നമായതു കൊണ്ടാണല്ലോ ഇതൊക്കെ ആധികാരികമായിട്ടെഴുതാൻ എനിക്ക് പറ്റുന്നത്. അവനവന്റെ അച്ഛനെപ്പറ്റി വകുപ്പടിക്കാൻ ആരുടെയും സർട്ടിഫിക്കറ്റും കരം കെട്ടിയ രസീതും വാങ്ങേണ്ട കാര്യമില്ലല്ലോ. ഒരിക്കൽ ബിൽഗേറ്റ്സ് ഒരു ഹോട്ടലിൽ ടിപ്പ് വച്ചപ്പോൾ അവിടുത്തെ വെയിറ്റർ ഇങ്ങനെ പറഞ്ഞത്രേ.
‘അങ്ങയുടെ മകൾ വന്നപ്പോൾ ഇതിൻറെ ഇരട്ടി തുകയാണ് തന്നത്.’
അന്നേരം ബിൽഗേറ്റ്സ് മറുപടി മൊഴിഞ്ഞു.
‘അവൾക്ക് അത് തരാൻ പറ്റും. കാരണമവൾ ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്റെ മകളാണ്. പക്ഷേ ഞാനൊരു സാധാരണക്കാരനായ അച്ഛൻറെ മകനാണ്.’
ചിലപ്പോൾ നടന്നിട്ട് പോലുമില്ലാത്തൊരു സങ്കല്പകഥയാകാമിത്. സംഭവിച്ചൊരു സത്യകഥ പറയാം.
ഒരിക്കൽ എന്റെ ചേട്ടൻ അച്ഛനോട് നിർബന്ധം പറഞ്ഞ് ഒരു ഫുട്ബോൾ വാങ്ങി. പുള്ളിക്ക് പെലെ ആകാനായിരുന്നു അപ്പോൾ പൂതി. രണ്ടു ദിവസം തട്ടി കമ്പം തീർന്നപ്പോൾ അത് വീടിന്റെ ഒരു മൂലയിൽ ബോറടിച്ചു കിടന്നു. അപ്പോഴേക്ക് ഭാവിയിൽ കപിൽദേവ് ആവുക എന്ന കർമപദ്ധതിയിലേക്ക് ചേട്ടൻ കൂടുമാറിയിരുന്നു. കുറേ നാൾ കഴിഞ്ഞ് ഏതൊക്കെയോ ജീവികൾ ബലാത്സംഗം ചെയ്തു മൃതപ്രായമാക്കിയ ഫുട്ബോൾ എടുത്ത് തോട്ടിൽ കളയുമ്പോൾ അച്ഛൻ പറഞ്ഞു.
‘അവന് ഇതൊക്കെ ആകാം. കടൽ നീന്തിക്കയറി കാശുകാരനായി തിരിച്ചു വന്ന രാമചന്ദ്രന്റെ മോനല്ലേ. പക്ഷേ എനിക്ക് ഇതൊക്കെ കാണുമ്പോൾ ഇച്ചിരി ദണ്ണം വരും. കാരണം എന്റെ അച്ഛൻ കാശില്ലാത്ത കാട്ടിക്കുന്നത്ത് നാറാപിള്ള ആയിരുന്നു. എനിക്കൊരു പന്ത് മേടിച്ച് തരാൻ പാങ്ങില്ലാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടങ്ങേര്. അന്ന് പഞ്ഞത്തിന് മരുന്ന് പച്ചവെള്ളമായിരുന്നു. പിന്നല്ലേ പന്ത്.’
ബിൽഗേറ്റ്സിന്റെ കഥ പലർക്കുമറിയാം. അതിനു മുമ്പേ ആ സൈസ് ഡയലോഗടിച്ച ചന്ദ്രൻ ചേട്ടന്റെ കഥ അടുത്തുള്ളവർ പോലും ശരിക്കറിഞ്ഞില്ല. റൊഡാരിയോ മൊട്ടയടിച്ചപ്പം ഹാ! ഹാ! വട്ടോളി മൊട്ടയടിച്ചപ്പം ഹേ! ഹേ! (സംഗതി പിടി കിട്ടാത്തവർ ‘ഒളിമ്പ്യൻ അന്തോണി ആദം’ കാണുക.)
‘വജ്രം’ സിനിമയിൽ ഡ്രാക്കുള ദേവരാജനു വേണ്ടി ഡെന്നിസ് ജോസഫ് എഴുതിയൊരു സെറ്റ് സംഭാഷണമുണ്ട്. ‘പന്ത്രണ്ടണയുടെ ക്വയിനാ ഗുളിക മേടിക്കാൻ ഗതിയില്ലാതെ മലമ്പനി പിടിച്ച് ചത്ത അച്ഛന്റെ മോനാ ഞാൻ.’ എന്നു പറഞ്ഞു തൊണ്ടയിടറി മമ്മൂട്ടി നടത്തിയ മുറ്റ് പ്രകടനം മാത്രമായിരുന്നു എനിയ്‌ക്കാ സിനിമയിൽ ഇഷ്ടം.
ഡയലോഗുകളുടെ കാര്യത്തിൽ സിനിമയിൽ ഡെന്നിച്ചായനും ജീവിതത്തിൽ ചന്ദ്രൻ ചേട്ടനുമാണ് എന്റെ മോഡൽസ്. ഭഗത് സിങ്ങോ നെപ്പോളിയനോ കർണ്ണനോ അല്ലായിരുന്നവർ. മറിച്ച് അലുക്കുകളും ആടയാഭരണങ്ങളും ആലഭാരങ്ങളുമില്ലാത്ത പച്ചമനുഷ്യരായിരുന്നു. കൊടുമുടി കയറുകയും അവിടുന്ന് തലയുംകുത്തി താഴേക്ക് വീഴുകയും ചെയ്ത അസാധാരണ മനിതർ. പരിക്കുപറ്റിയപ്പോഴും ഒടുക്കത്തെ വിൽപവർ കൊണ്ട് പിടിച്ചു നിന്നവർ.
ചങ്ങമ്പുഴ പാടിയത് തന്നെയായിരുന്നു ചന്ദ്രൻ ചേട്ടന്റെ ക്യാരക്ടർ സ്കെച്ച്. ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും.’
കൂറവാശികളും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും കലശലായ ജാതിബോധവും ചില സമയങ്ങളിൽ. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സെക്യുലർ ബോധവും സോഷ്യലിസ്റ്റ് സെൻസും സഹജീവിസ്നേഹവും മറു നേരങ്ങളിൽ.
കോൺട്രാസ്റ്റ്കളുടെ കോംബോ. വൈചിത്ര്യങ്ങളുടെ അവിയൽ മിശ്രിതം. കൗതുക ജീവിതത്തിന്റെ ക്യൂരിയസ് കേസ്. ഒരേ സമയം ‘unavoidable ,unwanted,unconditional, unexpectable, unacceptable, unthinkable, unavoidable, unimaginable, unstoppable…’ എന്നിങ്ങനെ ഒരു നൂറ് അഡ്ജെക്റ്റീവുകളാൽ വിശേഷിപ്പിക്കപ്പെടാവുന്ന അതിവിചിത്ര ജീവിതം. ചങ്ങാതികൾക്ക് ചങ്കായിരിക്കുമ്പോൾത്തന്നെ അല്ലാത്തവർക്ക് അങ്ങേയറ്റം അൺസഹിക്കബിൾ.
ഒരു പൈന്റിനു മുകളിൽ ചെന്നാൽ പേ ആയിരുന്നു പുള്ളി. ചിലപ്പോഴൊക്കെ പൊളപ്പൻ കോമഡിയും. ചിരിക്കാതെ അടിക്കുന്ന കൗണ്ടറുകൾക്കൊക്കെ അന്യായ ടൈമിംഗുമുണ്ടായിരുന്നു.
ബന്ധത്തിൽപ്പെട്ട ഒരാൾ ഹാർട്ട് അറ്റായ്‌ക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെന്നറിഞ്ഞപ്പോൾ അങ്ങനെ വരാൻ വഴിയില്ലെന്നങ്ങേര് കട്ടായം പറഞ്ഞു.
‘ഹാർട്ട് ഇല്ലാത്തവന് എങ്ങനെയാടാ ഹാർട്ടറ്റാക്ക് വരുന്നത്’ എന്നായിരുന്നു ആ ക്രൂരഫലിതന്യായം. പുതുവിധ പുലഭ്യങ്ങളുടെയും അൺപാർലമെന്ററി അസഭ്യങ്ങളുടെയും അപ്പസ്തോലനായിരുന്നു അദ്ദേഹം.
‘ഡാഡിയുടെ എട്ടു കൊല്ലം മുൻപ് ഡേറ്റ് ഓഫ് ബർത്ത് ഉള്ളവൻ’ തുടങ്ങിയ തനതു ശൈലികൾ ഒരുപാടുണ്ടായിരുന്നു പിള്ളേച്ചന്റെ പ്രയോഗസഞ്ചിയിൽ. അബ്യൂസീവ് ലാംഗ്വേജിന്റെ അറ്റ്ലസും അറ്റ്ലാന്റിക്കുമായിരുന്നു അച്ഛൻ. കലിപ്പിന്റെ കടലും കൊളംബസുമായി പുള്ളി പകർന്നാടി. അടിയും തടയും തെറിയും പടയുമായി ജീവിതം കുഴിയിൽ നിന്നു പടുകുഴിയിലേക്ക് പതിക്കുമ്പോഴും താതകണ്വൻ എന്നെ തല്ലി നോവിച്ചിട്ടില്ല എന്നതൊരു ചില്ലറ കാര്യമല്ല. ഞാനൊക്കെ എത്രയോവട്ടം എന്റെ മക്കളുടെ മുന്നിൽ ഈദി അമീൻ ആയി വേഷം കെട്ടിയിട്ടുണ്ടാകും.
വേഷം കെട്ടൽ തീരെയില്ലെന്ന ക്വാളിറ്റിയാകണം ജീവിതനാടകത്തിൽ ചന്ദ്രൻ ചേട്ടനെ അങ്ങേയറ്റം വ്യത്യസ്തനാക്കിയത്. കുറഞ്ഞപക്ഷം കൂട്ടുകാർക്കിടയിലെങ്കിലും കക്ഷി കണ്ണും കരളുമായിരുന്നു. കാനം രാജേന്ദ്രനെപ്പോലുള്ള കമ്യൂണിസ്റ്റുകാരും കള്ള്ഷാപ്പിലെ ജീവനക്കാരും ഒരുപോലെ അങ്ങേരുമായി കൂട്ടുകൂടി. മണർകാട് പാപ്പനെപ്പോലുള്ള മദ്യരാജാക്കന്മാരും മാർക്കറ്റിലെ മീൻ കച്ചവടക്കാരും അങ്ങേരുടെ സൗഹൃദവലയത്തിലുണ്ടായിരുന്നു.
പഠിക്കുന്ന കാലത്ത് കെ. പി. ദിനേശന്റെ വാഴപ്പള്ളിഷാപ്പിലും ചങ്ങനാശ്ശേരിക്കവലയിലെ ആർക്കേഡിയ ഹോട്ടലിലും ഞാൻ കയറുമ്പോൾ എത്ര കുപ്പി വലിച്ചു കേറ്റി എന്നും എത്ര കുറ്റി വലിച്ചു തള്ളി എന്നുമുള്ള കണക്ക് ഫാദർപ്പടി കറക്‌റ്റായിട്ടറിഞ്ഞിരുന്നതങ്ങനെയാണ്.
സുബൈർ അണ്ണൻ എന്ന ഒരാളെക്കൊണ്ട് പറഞ്ഞു തെറുപ്പിച്ചിരുന്ന ഗദ പോലുള്ള ബീഡി ആയിരുന്നു അച്ഛന്റെ ഫേവറിറ്റ് ബ്രാൻഡ്. ഒരു ദിവസം മൂന്നു മുതൽ നാലു വരെ കെട്ട് തിന്നു തീർക്കും. അതായത് 90 മുതൽ 120 വരെ ബീഡി. ഒരു ദിവസം അച്ഛൻ അപ്രതീക്ഷിതമായി എന്നോട് ബീഡിക്കെട്ട് മൊത്തമെടുത്ത് പുറത്തുകളയാൻ ആവശ്യപ്പെട്ടു. കാര്യമെന്തെന്ന് കത്തിയെങ്കിലും ആശ്ചര്യം നടിച്ച് ‘എന്താണ് അച്ഛാ പ്രശ്നം ?’ എന്നു ഞാൻ ചോദിച്ചു.
‘കൂടുതൽ കുണാരമൊന്നും ചോദിക്കേണ്ട. പറഞ്ഞത് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്,’ എന്നായിരുന്നു മറുമൊഴി.
അതുകഴിഞ്ഞപ്പോൾ വന്നു ഞാൻ പ്രതീക്ഷിച്ചിരുന്ന ചോദ്യം .
‘ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല. പുകവലി പതിവുണ്ടോ?’
ആദ്യം നുണ പറയാമെന്ന് കരുതി. പിന്നെ രണ്ടും കൽപ്പിച്ച് നേര് തന്നെ പറഞ്ഞു.
‘ഉവ്വ്.’
അടുത്തത് ചോദ്യമല്ലായിരുന്നു. ഒരു ആശ്വാസ ഗോളായിരുന്നു.
‘കള്ളുകുടിയുടെ കാര്യം ഞാൻ ചോദിക്കുന്നില്ല.’
ഞാൻ ഉരുകിയൊലിച്ച് ചീഞ്ഞുനാറി നാശകോശമായിപ്പോയെങ്കിലും അവിടം കൊണ്ട് തീർന്നതാണ് ആ കേസ്. അപ്പോഴാണ് നന്മയിൽ ഗോപാലനും സദ്ഗുണങ്ങളുടെ വിളനിലവും പച്ചവെള്ളം ചവച്ചു കുടിക്കുന്നവനുമായ ചേട്ടച്ചാര് എന്നെ ചോദ്യ ശരങ്ങൾ കൊണ്ട് വലച്ചു കളയാൻ വന്നത്.
‘എത്രയെണ്ണം വലിക്കും ? എത്രനാളായി വലിക്കും? വലിച്ചിട്ട് എന്താണ് ഗുണം ? എന്തിന്റെ കേടാണ് ഇത്? എന്ന് നിർത്തും?’
എന്നിങ്ങനെ ഒരുപിടി അലവലാതി ചോദ്യങ്ങളും അലന്ന ഒച്ചയുമായി അയാൾ കത്തിക്കയറി. അന്നേരം തന്നെ ചേട്ടനുള്ള മരുന്ന് അച്ഛൻ വൃത്തിയായിട്ടങ്ങ് കൊടുത്തു.
‘ഈ ടൈപ്പ് വൃത്തികെട്ട ചോദ്യങ്ങൾ അവനോട് ചോദിക്കുന്ന നീ ചൂല്. നിന്നെപ്പോലെ ഒരുത്തന്റെ മുന്നിൽവച്ച് പുകവലിക്കുമോ എന്ന് അവനോട് ചോദിച്ച ഞാൻ നിന്നെക്കാൾ വലിയ ചൂല്.’
പിന്നെ അച്ഛൻ ജീവിതത്തിൽ ബീഡി തൊട്ടിട്ടില്ല. ബീഡിവലി നിർത്തിയപ്പോൾ തനിത്തങ്കമായി. എന്നു വച്ചാൽ ഫിൽറ്റർ ഇല്ലാത്ത ഗോൾഡിലേക്ക് കളം മാറ്റിച്ചവിട്ടിയെന്ന് സാരം. മിനിമം 40 എണ്ണം ഡെയിലി. ബീഡിവലി നിർത്തി എന്നല്ലേ പ്രതിജ്ഞയെടുത്തുള്ളൂ. പറയാത്ത വാക്കെന്തിന് പാലിക്കണം.
കാര്യം ചിലപ്പോൾ ഫാസിസ്റ്റ് ആയിരുന്നെങ്കിലും ഒരു മിനിമം മര്യാദയൊക്കെ ഉണ്ടായിരുന്നു ചന്ദ്രൻചേട്ടന്. ചില ചീഞ്ഞ ജനാധിപത്യവാദികളെപ്പോലെ വീണവനെ വീണിടത്തിട്ട് ചവിട്ടിത്തേച്ച് ചിത്രവധം ചെയ്യില്ലായിരുന്നു അങ്ങേര്. എന്ന് വെച്ച് മര്യാദാപുരുഷോത്തമനാണീ രാമചന്ദ്രനെന്നാരെങ്കിലും ധരിച്ചാൽ അതിന്റെ ഉത്തരവാദിത്വം ധരിക്കുന്നവർക്ക് മാത്രമായിരിക്കും. അലമ്പിന്റെ അങ്ങേത്തലയായിരുന്നു ചിലനേരത്തങ്ങേര്. സാമ്പിളിന് ഒരു സംഗതി പറയാം.
ഒരിക്കൽ കള്ള് മൂത്തപ്പോൾ കൂട്ടുകാരന്റെ കയ്യിലെ ലൈസൻസുള്ള ഡബിൾ ബാരൽ ഗണ്ണു കൊണ്ട് കലിപ്പ് തോന്നിയ ഒരാളെ വെടി വെച്ചിടാൻ തീരുമാനിച്ചു ചന്ദ്രൻ ചേട്ടൻ. പക്ഷേ ശത്രുവിന്റെ വീട്ടുപടിക്കൽ ചെന്നപ്പോൾ അഴിഞ്ഞ മുണ്ട് മുറുക്കിക്കുത്താൻ പോലും വയ്യാത്ത പരുവത്തിൽ വാറായിപ്പോയതു കൊണ്ട് കാറിന്റെ ഡിക്കിയിൽ നിന്ന് തോക്കെടുക്കാൻ പറ്റിയില്ല. താങ്ങിപ്പിടിക്കാൻ ചെന്ന കൈക്കാരനോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തോക്കെടുത്ത് കൊടുക്കാതിരിക്കാനുള്ള വെളിവ് അയാൾക്കുണ്ടായിരുന്നു. അതു കൊണ്ട് മാത്രം അനിഷ്ടകരമായതൊന്നും സംഭവിച്ചില്ല. പൂസിറങ്ങിയപ്പോൾ പിള്ളാച്ചൻ ആ കേസ് വിട്ടു.
‘ശ്രീധരാ, തോക്കെടുക്കടാ, വെക്കടാ വെടി’ എന്ന ഫ്രെയ്സ് അക്കാലത്ത് നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ ഹിറ്റായി എന്ന് മാത്രം. അങ്ങേയറ്റം സിനിമാറ്റിക് ആയിരുന്നു ചന്ദ്രൻ ചേട്ടന്റെ ജീവിതപുസ്തകത്തിലെ എപ്പിസോഡുകളൊക്കെ. അടൂർ സിനിമയല്ല, മറിച്ച് അതിഭാവുകത്വം നിറഞ്ഞുകളിച്ചൊരു മസാലപ്പടം. സാഗർ കോട്ടപ്പുറത്തിന്റെ സൈസ് ഹ്യൂമർ മാത്രമല്ല ഹൊററും ടെററും ട്വിസ്റ്റും ടേണും സെന്റിയും സസ്പെൻസുമൊക്കെ അതിൽ ആവശ്യത്തിലേറെ ഉണ്ടായിരുന്നു.
വീട്ടിലും നാട്ടിലും ചീട്ടിലും കൂട്ടിലുമൊക്കെയുള്ള അന്തമില്ലാത്ത ആഘോഷങ്ങളായിരുന്നു ലൈഫ് ഓഫ് ചന്ദ്രേട്ടന്റെ കഥാസംഗ്രഹം. കളിക്കാത്ത കളിയും ഇറക്കാത്ത കൃഷിയുമില്ല എന്നതായിരുന്നു ലൈൻ ഓഫ് ലിവിംഗ്. ഗുണ്ടും ഗുലാൻപെരിശും പോലെ പരീലും പന്നിമലർത്തും കളിച്ചു പിള്ളേച്ചൻ. കാപ്പിയും കവുങ്ങും പോലെ പറമ്പിൽ തെങ്ങും റബ്ബറും നട്ടു. തേനിയിൽ കൊണ്ടുപോയി കുരുമുളകും ജാതിയ്‌ക്കയും വിറ്റാൽ കിട്ടുന്ന കാശ് കണക്കുകൂട്ടി കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ എടുത്തു കുടിച്ചു. ദ്രുതവാട്ടം വന്ന് കൊടിയും മാഹാളിയടിച്ച് കവുങ്ങും മണ്ഡരി പിടിച്ചു തെങ്ങും മുടിഞ്ഞു. റബ്ബറിന് വില മൊത്തത്തിലിടിഞ്ഞു.
വരവ് കണ്ണീരു പോലെ ഒരിടത്തുനിന്നു മാത്രമായി. ചെലവ് വിയർപ്പ് പോലെ പലയിടത്തു നിന്നും ചാടി. ചാരായക്കച്ചവടം നടത്തി കാശുമൊത്തം പോയ അപൂർവ്വ ജനുസ്സിലും പെട്ടു അദ്ദേഹം. മണലിൽ വിയർപ്പു വടിച്ചു നേടിയ സ്ഥാവരജംഗമങ്ങളെല്ലാം സർക്കാര് ജപ്തി ചെയ്തു കൊണ്ടു പോയ ദിവസം വെളുക്കുവോളം ഒറ്റയ്ക്കിരുന്ന് കുടിച്ചാണ് അങ്ങേരാ മാനസികപ്രതിസന്ധിയെ അതിജീവിച്ചത്. എല്ലാ ദിവസവും തന്നെ അച്ഛൻ അതിജീവനപ്പോരാട്ടങ്ങൾ നടത്തി. അടുത്ത ബന്ധുവിന് കൂട്ടായി ആശുപത്രിയിൽ കിടന്നപ്പോൾ ബോറടിയ്ക്ക് തിരിച്ചടി കൊടുത്തത് പോലും അരക്കുപ്പി ഒതുക്കത്തിൽ ഊറ്റിയടിച്ചാണ്. പോയതൊക്കെ ലേലത്തിൽ തിരിച്ചു പിടിച്ച് മുണ്ടും മടക്കിക്കുത്തി വന്ന ദിവസവും വെളുക്കുവോളം നീണ്ടു വെള്ളമടി.
കഥയിലെ ചതി നടത്തിയ വില്ലന്റെ ചെന്നിയിൽ തോക്ക് വെച്ച് ഒരു ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങിയിട്ടാണ് പിള്ളാച്ചൻ പ്രശ്നം പരിഹരിച്ചതെന്നൊരു കഥ പൂച്ചം പൂച്ചം പ്രചരിച്ചിരുന്നത് ഞാനും കേട്ടിട്ടുണ്ട്. സംഗതി പരമാർത്ഥമായാലും ശരി പാണന്മാർ പാടി ഉണ്ടാക്കിയതായാലും ശരി ഒരു കാര്യത്തിനു മാത്രം മുടക്കം വന്നില്ല. ഏതു വെളിച്ചപ്പാട് വരുമ്പോഴും തല പോകുന്ന കോഴികളെപ്പോലെ എന്ത് സംഭവം നടക്കുമ്പോഴും കുപ്പികളുടെ കഴുത്ത് പൊട്ടിക്കൊണ്ടേയിരുന്നു.
‘അച്ഛനുറങ്ങാത്ത വീട്’ എന്നതായിരുന്നില്ല ഞങ്ങളുടെ വീടിനു പറ്റിയ ക്യാപ്ഷൻ. ആരുമുറങ്ങാത്ത വീട് എന്നതായിരുന്നു.
എന്റെ വിപ്ലവക്കല്യാണത്തിന് പോലും പുള്ളിക്കാരൻ വന്നത് ലഹരിയുടെ ബെൻസിലേറിയാണ്. ഒപ്പം എന്തിനും പോന്ന കുറേ കൂട്ടുകക്ഷികളും. അച്ഛന്റെ യമകണ്ടൻ എൻട്രി കണ്ടപ്പോൾ എന്റെ കൂട്ടുകാരെല്ലാം ചേർന്ന് കോറസ്സായി ‘ഗോഡ്ഫാദറി’ലെ അഞ്ഞൂറാന്റെ തീം മ്യൂസിക് പാടി. ഷോ മൊത്തം അങ്ങേര് കട്ടോണ്ട് പോയി. ഞാനും ഭാര്യയും പരസ്പരം പൂമാലയിട്ടപ്പോൾ മഹാരാജാസിലെ സഹപാഠികൾ ചേർന്ന് മുതുമുറ്റൻ മുദ്രാവാക്യങ്ങൾ വിളിച്ചു. സഖാക്കളുടെയാ വിളിയത്ര സുഖിച്ചില്ല പഴയ സാഹസികന്. സ്റ്റേജിൽ നിന്ന് മകന്റെ കൂട്ടുകാരെ മൊത്തം അങ്ങേരൊന്ന് നോക്കി.
എന്നിട്ട് എന്ത് ചെയ്തെന്നോ? അത്യുഗ്രമായിട്ട് അറഞ്ഞു കൂവി!!! പണ്ടൊരു കേസിൽ പ്രതിയായ എനിക്ക് ജാമ്യക്കാരനായി ഒരു പകൽ മുഴുവൻ പച്ചവെള്ളം കുടിക്കാതെ കോടതിത്തിണ്ണയിൽ കാത്തുകെട്ടിനിന്ന അതേ മനുഷ്യനാണ് എന്റെ കല്യാണത്തിന് ഒറ്റയ്ക്ക് നിന്ന് ഒരു കോളേജ്കൂട്ടത്തെ മൊത്തം കൂവിത്തകർത്തത്. അത്രയ്ക്ക് അപ്രവചനീയമായിരുന്നാ മനുഷ്യന്റെ കയ്യിലിരിപ്പുകൾ. അനുസ്യൂതമായിരുന്നു അങ്ങേരുടെ അർമ്മാദങ്ങൾ.
ജെറ്റ് ലീ യുടെ ഒരു സിനിമയുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിലെ ഒരു കുടിയൻ മതിലിലെ പോസ്റ്ററിൽ നിന്നാ പടത്തിന്റെ തലക്കെട്ട് തപ്പിപ്പിടിച്ച് വായിച്ചെടുത്തു. My Father is a Hero
എന്നിട്ടയാൾ കവലയിൽ നിന്നവരെ നോക്കി പറഞ്ഞു.
‘ഓ ,ചുമ്മാതാ.’
എന്റെ അച്ഛന്റെ കാര്യത്തിലും അത്രേയുള്ളൂ സംഗതി. മിക്കവാറും മക്കൾക്കൊക്കെ മരിച്ചു കഴിയുമ്പോൾ സ്വന്തം തന്തമാർ വലിയ സംഭവങ്ങളായിത്തോന്നും. കാശ് കൂടുമ്പോൾ ചിലർക്ക് സ്വയം മഹാന്മാരായി തോന്നുന്നതു പോലെ ഒരു മനോരോഗം മാത്രമാണത്. ഒരാൾ ചാകുമ്പോൾ അയാളുടെ പെമ്പ്രന്നോത്തിയും പിള്ളേരും കരയുന്നത് വലിയ പുതുമയൊന്നുമല്ല. പക്ഷേ ചത്തവന്റെ ജീവിതത്തിന്റെ മെച്ചമളക്കാനുള്ള ഒരു ടെസ്റ്റ് ഉണ്ട്.
‘Who will cry when you die ?’
അച്ഛൻ മരിച്ചപ്പോൾ അമ്മയ്ക്ക് വലിയ സങ്കടമൊന്നുമുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല. ഞാനും ചേട്ടനും അന്ന് പൊട്ടിക്കരഞ്ഞില്ല. പക്ഷേ ചന്ദ്രൻ ചേട്ടന്റെ മരണത്തിൽ പൊട്ടിക്കരയുകയും ചങ്ക് വേദന തോന്നുകയും ചെയ്ത ഒരുപാട് പേരെ എനിക്കറിയാം. മണിരത്നത്തിന്റെ ‘നായകൻ’ സിനിമയിൽ ഒരു ചോദ്യമുണ്ട്. കൊച്ചുമകൻ കമലഹാസനോട് ചോദിക്കുന്ന, കൊളുത്തിക്കയറുന്നൊരു ചോദ്യം.
‘നീങ്ക നല്ലവരാ കെട്ടവരാ?’ചന്ദ്രൻ ചേട്ടൻ കൊള്ളാവുന്നവനായിരുന്നു എന്നും കെട്ടവനായിരുന്നു എന്നും രണ്ടു പക്ഷമുണ്ട്. ഏതെങ്കിലും ഒരു പക്ഷം പിടിച്ചേ മതിയാവൂ എന്നാണെങ്കിൽ തന്തയുടെ തലകുത്തിമറിയലിനെല്ലാം കുട പിടിച്ചും ചൂട്ട് തെളിച്ചും കൊടുത്തൊരു സന്തതിയെന്ന നിലയിൽ എന്റെ പക്ഷം ചന്ദ്രപക്ഷമല്ലാതെ മറ്റെന്താവാൻ. ചത്താൽ ശവം ചീയാത്ത പുണ്യാളനായിരുന്നു എന്നത് കൊണ്ടല്ല എനിക്ക് മനുഷ്യരെ ഇഷ്ടം. ശരിതെറ്റുകളുടെ കടലുകളിൽ സ്വയം കൈകാലിട്ടടിക്കുമ്പോഴും ചില നേരങ്ങളിലെങ്കിലും മറ്റുള്ളവരെ മുങ്ങിത്താഴാതെ പിടിയ്‌ക്കുന്ന കരുതലിന്റെ അളവു കൊണ്ടാണ്.
അലക്‌ചന്ദ്രൻ എന്ന ആട്ടുംകണ്ണൻ ചുരുക്കം ചിലർക്കെങ്കിലും ആത്മാർത്ഥതയുടെ അഭയസ്ഥാനമായിരുന്നു. എനിക്കയാൾ അനുഭവകഥകളുടെ അലകടലായിരുന്നു. നന്മതിന്മകളുടെ പെരുംവള്ളികൾ മാറാടി മറിഞ്ഞു ചുറ്റിപ്പുണർന്നു പടർന്ന മഹാമരമായിരുന്നു. എങ്ങും അടിതെറ്റി വീഴാത്തൊരു മഹാനായതു കൊണ്ടല്ല എനിക്ക് അങ്ങേരോടുള്ള ഇഷ്ടം. എന്റെ അച്ഛനായിപ്പോയത് കൊണ്ടു മാത്രവുമല്ല.
എന്നു വെച്ച് നിങ്ങളോട് നടത്തിയ മൂന്നാം ലോക മഹായുദ്ധങ്ങളുടെ പേരിൽ മാപ്പ് പറയാനൊന്നും എന്നെ കിട്ടില്ല. അങ്ങനെ ആണ്ടുബലി ഇടാനും അപരാധം പറഞ്ഞു കരയാനും നിന്നാൽ ഞാൻ വേറെ ആരാണ്ടടയോ മകനായി പോകത്തില്ലേ. അതു കൊണ്ട് അത് അങ്ങനെ തന്നെയങ്ങ് പോകട്ടെ.
പിന്നെ നിങ്ങള് പണിത വീട്ടിൽ ഇതുവരെയായിട്ടും ഒരു ദൈവത്തിന്റെയോ ആൾദൈവത്തിന്റെയോ ഫോട്ടോ കയറിയിട്ടില്ല കേട്ടോ. സ്വന്തം വല്യതന്തയുടെ പടം വലിച്ചു നിലത്തിട്ടു ചവിട്ടി ചില്ലുപൊട്ടിച്ച ടീമേ, നിങ്ങളുടെ ഫോട്ടോയും ആ ഭിത്തിയിലെങ്ങുമില്ല. പകരം ഞാൻ വരച്ച ഒരു കാരിക്കേച്ചർ തേക്കുതടിയുടെ ഫ്രെയിമിട്ട് തൂക്കിയിട്ടുണ്ട്. നിങ്ങൾക്കത് ഇഷ്ടപ്പെടുമെന്നെനിക്ക് നന്നായിട്ടറിയാം ചന്ദ്രൻ ചേട്ടാ. നിങ്ങളാ പടം കുറേ നേരം നോക്കി നിന്നിട്ട് ഒറ്റക്കണ്ണു തുടച്ചു കൊണ്ട് പോകുന്നത് പണ്ട് ഞാൻ ഒളിച്ചു നിന്ന് കണ്ടിട്ടുണ്ട്. ചെലപ്പം നിങ്ങളുടെ കണ്ണിൽ പൊടി വീണതായിരിക്കും. നിങ്ങടെ കൊച്ചുമക്കൾ രണ്ടു പേരും അത്യാവശ്യം വരയ്ക്കും കേട്ടോ. അവന്മാര് ചെലപ്പം എന്നെങ്കിലും എന്റെയും പടം വരയ്ക്കുമായിരിക്കും… ചെലപ്പം.
എന്താന്നറിയില്ല, എനിയ്‌ക്കും കണ്ണീന്നിച്ചിരി വെള്ളം വരുന്നു. സീലിംഗിൽ നിന്ന് പൊടി വീഴുന്നതായിരിക്കും. നിങ്ങളുണ്ടാക്കിയ പടപണ്ടാരം വീടിന് പെയിന്റടിക്കാറായി.
Read Here: അലകുസാർ