scorecardresearch

Father's Day 2025: പാതാളത്തിൽ മുഴങ്ങിയത്

Father's Day 2025: വീട്ടുകാരന്റേയും അച്ഛന്റേയും മകന്റേയും സഹോദരന്റേയുമൊക്കെ വേഷങ്ങൾ പകർന്നാടി. വേണ്ടുന്നവർക്ക് വേണ്ടതെല്ലാം ആവുമ്പോലെ 'ഇതെന്‍റെ രക്തം, ഇതെന്‍റെ മാംസം' എന്ന്‌ പകർന്നേകി. പിന്നെ, രാവെണ്ണയെരിച്ച് പുസ്തകങ്ങളുടെ അധൃഷ്യ സൗന്ദര്യത്തെ ഉപാസിച്ചു; ആവാഹിച്ചു... കവി എന്‍ എന്‍ കക്കാടിനെ കുറിച്ച് മകന്‍

Father's Day 2025: വീട്ടുകാരന്റേയും അച്ഛന്റേയും മകന്റേയും സഹോദരന്റേയുമൊക്കെ വേഷങ്ങൾ പകർന്നാടി. വേണ്ടുന്നവർക്ക് വേണ്ടതെല്ലാം ആവുമ്പോലെ 'ഇതെന്‍റെ രക്തം, ഇതെന്‍റെ മാംസം' എന്ന്‌ പകർന്നേകി. പിന്നെ, രാവെണ്ണയെരിച്ച് പുസ്തകങ്ങളുടെ അധൃഷ്യ സൗന്ദര്യത്തെ ഉപാസിച്ചു; ആവാഹിച്ചു... കവി എന്‍ എന്‍ കക്കാടിനെ കുറിച്ച് മകന്‍

author-image
Sreekumar Kakkad
അപ്‌ഡേറ്റ് ചെയ്‌തു
New Update
Father's Day Sreekumar Kakkad

Father's Day 2025: ഫാദേഴ്സ് ഡേ

പാതാളത്തില്‍ മുഴങ്ങിയത്

കോഴിക്കോട്, അന്ന് ഒരു നഗരമായിരുന്നുവോ? കുറച്ചധികം വലിപ്പമുള്ള ഒരങ്ങാടി എന്നല്ലേ പറയാനാവൂ? പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പിന്നെ, കടപ്പുറം - അത്ര തന്നെ.

Advertisment

ഹജൂർക്കച്ചേരി, പുതിയറ ഓട് ഫാക്ടറി, തളിക്ഷേത്രം, റെയിൽവേ ആപ്പീസ്, കല്ലായി മരക്കച്ചവടം, മാതൃഭൂമി പത്രം ഓഫീസ് എന്നിവ നഗരത്തിനകത്തും പുറത്തുമായി ചിതറിക്കിടന്നു.

കടപ്പുറത്ത് ആകാശവാണി, ബീച്ച് ആശുപത്രി, സീ ക്വീൻ, ബീച്ച് ഹോട്ടൽ, പിന്നെ കനോലി പാർക്ക്. ഇംപീരിയൽ ആണ് വലിയ ഹോട്ടൽ; ക്രൗണും കോറണേഷനും വലിയ തിയറ്ററുകൾ; ടൗൺ ഹാൾ എന്ന സാംസ്കാരിക മഹാവേദി!

വാർപ്പുകെട്ടിടങ്ങൾ അധികമില്ല. ഓട് മേഞ്ഞ ഒറ്റമുറി അല്ലെങ്കിൽ രണ്ടു മുറിക്കെട്ടിടങ്ങൾ. നഗരത്തെച്ചുറ്റി വയലുകളും ചതുപ്പുകളും. അവയ്ക്ക് നടുവിൽ ഒറ്റപ്പെട്ട കൊച്ചു കൊച്ചു വീടുകൾ. രാവാകുമ്പോൾ ഇരുളിൽത്തെളിയുന്ന ചിമ്മിനി വിളക്കുകളുടെ മിന്നായം. പാതയോരത്തെ വിളക്കുകാലുകളിൽ മങ്ങിയ മഞ്ഞ വെളിച്ചം.

Advertisment

കോഴിക്കോട്‌ അന്നൊരു വമ്പൻ പട്ടണമൊന്നും ആയിരുന്നില്ല. എന്നാൽ അക്കാലത്തുണ്ടായിരുന്നു, കോഴിക്കോട് വമ്പന്മാരും വമ്പത്തികളും എമ്പാടും. അത് ഒരു വമ്പിന്‍റെ കാലമായിരുന്നു.

ബഷീറും പൊറ്റെക്കാടും മലയാളത്തോട് കഥ പറഞ്ഞിരുന്ന കാലം. എംടിയും എൻ പിയും പി.വത്സലയുമൊക്കെ ഭാഷയ്ക്ക് നവയൗവനം സമ്മാനിച്ച കാലം. ബാബുക്കയും അബ്ദുൽഖാദറും നെഞ്ച് പൊട്ടിപ്പാടിയിരുന്ന കാലം. കെ ടി, ശാന്താദേവി, നിലമ്പൂർ ആയിഷ, കുഞ്ഞാണ്ടി, നിലമ്പൂർ ബാലൻ, കുഞ്ഞാവ എന്നിവർ അരങ്ങിൽ നിറഞ്ഞു നിന്ന കാലം. എൻവിയും കേശവമേനോനും ദേവനും നമ്പൂതിരിയും എ എസ്സുമൊക്കെ കലാധൈഷണിക രംഗങ്ങളിലെ തിളക്കങ്ങളായിരുന്ന കാലം. ആന്റണി മാസ്റ്റർ, പ്രദീപ് വാസു, നീനാ ബാലൻ എന്നീ സജീവ സാംസ്കാരിക സാന്നിദ്ധ്യങ്ങളുടെ കാലം. അതൊരു കാലമായിരുന്നു.

Also Read: കുട്ടികൃഷ്ണമാരാരെ കുറിച്ച് മകൾ സുജാത എഴുതുന്നു 'വിമർശകന്റെ ജീവിതപര്യടനം'

N N Kakkad with his wife
പത്നി ശ്രീദേവിയുമൊത്ത് എന്‍ എന്‍ കക്കാട്

അക്കാലത്ത് കക്കാട്, ഇരുപത്തഞ്ച് കിലോമീറ്റർ അകലെയുള്ള അവിടനല്ലൂരിൽ നിന്നും നവവധു ശ്രീദേവിയുമൊത്ത് കോഴിക്കോട് പുതിയപാലത്തുള്ള വാടക വീട്ടിൽ വന്ന് താമസമാക്കി. ട്യൂട്ടോറിയൽ അദ്ധ്യാപകനായി. പിന്നീട് ആകാശവാണിയിൽ ഉദ്യോഗസ്ഥനായി.

കോഴിക്കോട് ആകാശവാണി അന്ന് പൊക്കക്കാരാൽ സമ്പന്നം. പ്രക്ഷേപണാവശ്യത്തിന്നായി സാഹിത്യം, നാടകം, ഹാസ്യം, സംഗീതം എന്നിവയിലെല്ലാം സ്വന്തം വാക്കുകളും ശബ്ദവും പ്രതിഭയും ധൂർത്തടിച്ചവർ. എല്ലാവരും കോഴിക്കോട് പട്ടണത്തിന്‍റെ പല കോണുകളിലായി തങ്ങളുടെ കൊച്ചു കൊച്ചു ജീവിതങ്ങൾ കരുപ്പിടിപ്പിക്കാൻ തുടങ്ങിയവർ.

ഉറൂബ് 'സുന്ദരികളും സുന്ദരൻമാരും' എഴുതി. അക്കിത്തം 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' എഴുതി. കക്കാട് 'ശലഭഗീത'വും 'പാതാളത്തിന്‍റെ മുഴക്ക'വും എഴുതി. കൊടുങ്ങല്ലൂരും തിക്കോടിയനും മനുഷ്യ സ്നേഹത്തിന്‍റെ അക്ഷരങ്ങൾ കുറിച്ചു.

കേന്ദ്രസർക്കാർ ഉദ്യോഗത്തിന്‍റെ ഇന്നത്തെച്ചന്തമൊന്നും അന്നില്ല. ഒരു ദരിദ്രരാഷ്ട്രത്തിന്‍റെ ഭരണപരിപാടികളുടെ പ്രചാരണം എന്ന ക്ലിപ്തവും ക്ലിഷ്ടവുമായ ചുമതല മുതുകത്ത്. തൂങ്ങിയാടുന്ന വാള് തലയ്ക്ക് മീതെ. കോൺട്രാക്ട് ജോലി എന്നു വരെ ഏത് നിമിഷം വരെ തുടരും എന്ന് ആർക്കുമറിയില്ല. ആരും അതെക്കുറിച്ച് ആലോചിച്ചുമില്ല. നിരന്തരമായി എഴുതി, പാടി, കവിത ചൊല്ലി, നാടകം കളിച്ചു. സോല്ലാസം; സാഘോഷം.

ആകാശവാണിയുടെ പുറത്ത് നിലയ്ക്കാത്ത കടലിരമ്പം. അകത്ത് സർഗാത്മകതയുടെ അടങ്ങാത്ത ആർത്തിരമ്പം. അങ്ങനെ തിളയ്ക്കുന്ന കുറെ നാളുകൾ. അറുപതുകൾ, എഴുപതുകൾ പിന്നെ എൺപതുകൾ.

അച്ഛനെക്കുറിച്ചുള്ള എന്‍റെ ഓർമ്മകൾ എന്തെല്ലാമാണ് ? അതിനാദ്യം ഞാൻ എന്ന കുട്ടിയെ ഓർത്തെടുക്കേണ്ടിയിരിക്കുന്നു. മനോരാജ്യക്കാരനും അന്തർമുഖനും വിഷാദിയുമായ ഒരു കുട്ടി. അച്ഛന്‍റെ പ്രസരിപ്പും പ്രസാദാത്മകത്വവുമാണ് എന്നെ ജീവിതത്തിൽ എന്നും മുന്പോട്ടു നയിച്ചിട്ടുള്ളത് എന്ന് ഞാൻ തിരിച്ചറിയുന്നു.

തലേ ദിവസം തന്നെ വാടകയ്ക്കെടുത്ത് വീട്ടിൽ കൊണ്ടു വന്നു വെച്ച സൈക്കിളിൽ എന്നെ നഴ്‌സറി സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകുന്ന അച്ഛൻ. സൈക്കളിന്‍റെ തണ്ടിൽ ഒതുങ്ങിയിരിക്കുന്ന മൂന്നു വയസ്സുകാരന്‍റെ മുഖത്തും മുടിയിലും ഇപ്പോഴും കാറ്റടിച്ചു കൊണ്ടിരിക്കുന്നു.

Also Read: ‘മൊനേര്‍ മാനുഷി’നെപ്പോലെ ഒരു ഓര്‍മ്മക്കാറ്റ്

kakkad,memories,sreekumar kakkad
കക്കാടും  ഇളയമകന്‍  ശ്യാം കുമാറും

ടെക്സ്റ്റ് പുസ്തകമില്ലാത്തതിന് ക്ലാസിന്‍റെ പുറത്തു നിൽക്കുന്ന നാലാം ക്ലാസുകാരൻ. "നാട്ടിൽ കിട്ടാനില്ലാത്ത പുസ്തകത്തിന് കുട്ടികളെന്ത് പിഴച്ചു?" എന്ന് ഹെഡ് മിസ്ട്രസിനോട് ക്ഷോഭിക്കുന്ന അച്ഛൻ.

ഡിഫ്തീരിയ ബാധിച്ച് കടപ്പുറം ആശുപത്രിയിൽ കിടക്കുന്ന ഉണ്ണി (എന്‍റെ സഹോദരൻ ശ്യാം) യുടെ ബെഡിലിരുന്ന് നെറുകയിൽ തലോടുന്ന അച്ഛൻ. പുതിയറയിലെ പൂർണ്ണിമ സ്റ്റുഡിയോയിൽ നമ്പീശന്‍റെ ക്യാമറക്ക് മുമ്പിൽ ഉണ്ണിയേയുമെടുത്ത് പൊട്ടിച്ചിരിയോടെ നിൽക്കുന്ന അച്ഛൻ. ഞങ്ങളെ പുറത്താക്കി, കൊതുകിനെ കൊല്ലാൻ കയ്യിൽ ഫ്ലിറ്റ് പമ്പും തലയിൽ കെട്ടുമായി വീട്ടിനകത്തു കയറി വാതിലടയ്ക്കുന്ന അച്ഛൻ.

മാസാദ്യം രണ്ട് കയ്യിലും സഞ്ചി നിറയെ പലചരക്കും പച്ചക്കറിയുമായി അമ്മയോടൊപ്പം ഒറ്റത്തടിപ്പാലം കടന്ന് ചിരിച്ചുകൊണ്ട് വരുന്ന അച്ഛൻ. അമ്മയുമായി നർമ്മവും സ്നേഹവും പരിഭവവും പങ്കു വയ്ക്കുന്ന അച്ഛൻ.

പിന്നെ, വീട്ടിൽ പാതിരാവോളവും അതു കഴിഞ്ഞും നീളുന്ന സാഹിത്യ ചർച്ചകളിൽ സ്വയം നഷ്ടപ്പെടുന്ന അച്ഛൻ. ദൂരത്തെങ്ങാണ്ടോ സമ്മേളനം കഴിഞ്ഞ് നേരം വെളുപ്പിന് വന്നെത്തുന്ന അച്ഛൻ. അപൂർവമായി, കുടുംബത്തോടൊപ്പം വീണു കിട്ടുന്ന സമയത്തെ ഉത്സവമാക്കുന്ന അച്ഛൻ. ഓണത്തിന് പൂവിടുകയും വിഷുവിന് പടക്കം പൊട്ടിക്കുകയും ചെയ്യുന്ന അച്ഛൻ. ഷട്ടിൽ കോർട്ടിലെ താരമായ അച്ഛൻ. എഴുത്തിൽ മുഴുകുന്ന മുറുകുന്ന മുഖവുമായി അച്ഛൻ.

കാലത്തിനു മുന്പേ നടന്നു. ഭാഷയിലും ശിൽപ്പത്തിലും ധീരമായ പരീക്ഷണങ്ങൾ നടത്തി. കാവ്യാനുശീലനത്തിൽ സർഗ്ഗാത്മകതയ്ക്കും ബൗദ്ധിക വ്യാപാരത്തിനും തുല്യ സ്ഥാനം കൽപ്പിച്ചു. രചനയുടെ രേഖീയഗതിയെ അതിക്രമിക്കുന്ന നോൺലീനിയർ കവിതകൾ എഴുതി. അങ്ങിനെ കഠിനത കുറുകിയ കവിതകളുടെ കർത്താവായി.

ഏറെ വിമർശിക്കപ്പെട്ടു. കക്കാട് അക്ഷമനായില്ല. തന്‍റെ കവിതകളുടെ കാലം വരുന്നതേയുള്ളൂ എന്ന് കക്കാട് അറിഞ്ഞു. കക്കാട് മുൻപേ നടന്നു. വളരെ മുൻപേ.

പലരാൽ ഏറെ എഴുതപ്പെട്ട ഇക്കാര്യങ്ങൾ ഇനിയും പരത്തേണ്ടതില്ല. എന്നാൽ പറയാതിരിക്കാൻ പാടില്ലാത്തത്, ആകാശവാണിയും കക്കാട് എന്ന സർഗ്ഗപ്രതിഭയുമായുള്ള രാഗദ്വേഷമിശ്രമായ ബാന്ധവത്തെക്കുറിച്ചാണ്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും കക്കാടിനെ സർക്കാരിന്‍റെ കഴുകൻ കണ്ണുകൾക്ക് ഇരയാക്കി. ഓഫീസിന്‍റെ ഇടനാഴികളിലും അധികാരത്തിന്‍റെ അന്തപ്പുരങ്ങളിലും കക്കാടിന്‍റെ പേര് സംശയത്തോടെയും ഭയപ്പാടോടെയും മന്ത്രിക്കപ്പെട്ടു.

കേരളത്തെ ചുവപ്പിച്ച അറുപതുകളിലും അടിയന്തിരാവസ്ഥയ്ക്കെതിരെ പ്രതിരോധമുയർത്തിയ എഴുപതുകളിലും കക്കാട് തന്‍റെ രചനകളിലൂടെ ഉറച്ച നിലപാടുകൾ ഉറക്കെപ്പറഞ്ഞു. എഴുത്തോ നിന്‍റെ കഴുത്തോ എന്ന ചോദ്യത്തിന് മറ്റൊരുത്തരം ഒരു കാലത്തും കക്കാടിന് മുമ്പിലില്ലായിരുന്നു. എഴുതുമ്പോഴേ താൻ നിലനിൽക്കുന്നുള്ളൂ എന്ന് 'സഫലമീയാത്ര' കവിതാ സമാഹാരത്തിന്‍റെ ആമുഖത്തിൽ കവി പറയുന്നുമുണ്ട്.

ഒരു ചങ്ങലയും കവി മനസ്സിനെ ഇരുട്ടറയിൽ തളയ്ക്കാൻ പോന്നതായിരുന്നില്ല. പ്രക്ഷേപണ പ്രക്രിയയുടെ നിയതക്രമങ്ങളോട് നീതി പുലർത്തുമ്പോഴും കക്കാടിന്‍റെ വഴി ഒത്തുതീർപ്പിന്റേതായിരുന്നില്ല. ആകാശവാണിയുടെ കോൺക്രീറ്റ് ഭിത്തികൾക്കപ്പുറത്തെ തുറന്ന ലോകവുമായി കവിയുടെ ബോധ മണ്ഡലം എപ്പോഴും സംവദിച്ചുകൊണ്ടിരുന്നു. തന്‍റെ ലോകം അതാണെന്ന് രചനകളിലൂടെ സാക്ഷ്യം ചെയ്തു കൊണ്ടിരുന്നു.

Also Read: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍...

kakkad,memories,sreekumar kakkad
എന്‍ എന്‍ കക്കാട്

കടപ്പുറത്തെ പ്രക്ഷേപണക്കൂടാരത്തിന്‍റെ ജാലകത്തിലൂടെ നോക്കിയാൽ പടിഞ്ഞാറൻ കടൽ കാണാം. കടൽക്കാക്കകളെ കാണാം. ഉച്ചവെയിലിൽ തിളയ്ക്കുന്ന അറബിക്കടൽ; പകലിളവാകുമ്പോൾ ചെന്തീസ്സൂര്യന്‍റെ ചെങ്കനലാട്ടം; അന്തിമങ്ങൂഴത്തിൽ അലിഞ്ഞൊടുങ്ങുന്ന സാന്ധ്യദീപ്തി.

പ്രശസ്ത ആംഗലേയ കവി മാത്യൂ അർണോൾഡ് 'ഡോവർ ബീച്ചിൽ ' കുറിച്ചിട്ടപോലെ, മനുഷ്യ സംസ്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയുമെല്ലാം ദീനമായ പിൻവാങ്ങലിന്‍റെ ഞരക്കങ്ങൾ, കടലിരമ്പത്തിൽ കക്കാട് കേട്ടിരിക്കാം. വർത്തമാനകാല കലാപങ്ങളുടെ രണഝണാരവങ്ങളും ഇരുപതാം നൂറ്റാണ്ടിന്‍റെ ഉപഭോഗസംസ്കാരത്തിന്‍റെ ഉത്പന്നമായ നവമാനവന്‍റെ ആർത്തിയുടേയും അഹന്തയുടേയും അട്ടഹാസങ്ങളും കേട്ടിരിക്കാം.

എല്ലാം, എല്ലാം തന്‍റെ ഇരിപ്പിടത്തിലിരുന്നുകൊണ്ട് കക്കാട് പേർത്തറിഞ്ഞു. മേശമേൽ ഉൽഫണങ്ങളായി നിന്ന പ്രോഗ്രാം ഷെഡ്യൂളുകളെ പേനയാൽ കുത്തി മലർത്തിയ നിണം കൊണ്ട് കക്കാട് കവിതകളെഴുതി.

ഔദ്യോഗിക ജീവിതത്തിന്‍റെ ദ്രുത ഘടികാരചക്രങ്ങൾക്കിടയ്ക്ക് ചതഞ്ഞരഞ്ഞവയിൽ നിന്ന് രക്ഷപ്പെടുത്തിയ നിമിഷങ്ങൾ മാറാപ്പിലാക്കി രാക്കൂടണഞ്ഞു.

kakkad,memories,sreekumar kakkad
കുടുംബത്തോടൊപ്പം കക്കാട്

വീട്ടുകാരന്റേയും അച്ഛന്റേയും മകന്റേയും സഹോദരന്റേയുമൊക്കെ വേഷങ്ങൾ പകർന്നാടി. വേണ്ടുന്നവർക്ക് വേണ്ടതെല്ലാം ആവുമ്പോലെ 'ഇതെന്‍റെ രക്തം, ഇതെന്‍റെ മാംസം' എന്ന്‌ പകർന്നേകി. പിന്നെ, രാവെണ്ണയെരിച്ച് പുസ്തകങ്ങളുടെ അധൃഷ്യ സൗന്ദര്യത്തെ ഉപാസിച്ചു; ആവാഹിച്ചു.

ആംഗലേയ - മലയാള- സംസ്കൃത - യവന സാഹിത്യങ്ങളുടെ ശൃംഗൗന്നത്യങ്ങൾക്കു മീതെ ചിറകുവിരിച്ചുയർന്നു. ക്ലാസിക്കൽ സാഹിത്യത്തിൽ നിന്ന് ഒട്ടേറെ മൊഴിമാറ്റം നടത്തി. മലയാള കവിതയ്ക്ക് പുതുവഴി വെട്ടി. പുതുമൊഴി നൽകി. മലയാളത്തിലെ എണ്ണപ്പെട്ട കവിതകൾ എഴുതി.

ലോകത്തെ, മനുഷ്യനെ, ജീവിതത്തെ സ്നേഹിച്ചു. കമ്യുണിസ്റ്റായി. ഹ്യുമനിസ്റ്റായി. ചിന്തകനായി. കവിയായി. ചങ്ങാതിമാർക്കുറ്റ ചങ്ങാതിയായി. മക്കൾക്ക് അച്ഛനായി. നല്ല പാതിയ്ക്ക് നല്ല പങ്കാളിയായി. എല്ലാവർക്കും പ്രിയപ്പെട്ട കക്കാടായി.

അങ്ങിനെയൊരാൾ ജീവിച്ചു. ജീവിതത്തെ സ്നേഹിച്ചു. മരണത്തെ കവിത കൊണ്ട് വെല്ലുവിളിച്ചു. തീർച്ചയായും മരണത്തിന്ന് അത് ഇഷ്ടപ്പെട്ടിരിക്കാൻ വഴിയില്ല. അറുപത് തികയുന്നതിനുമുമ്പുതന്നെ വിളിച്ചിറക്കിക്കൊണ്ടുപോയി...

കോഴിക്കോട് അന്ന് ഒരു വലിയ നഗരമൊന്നും ആയിരുന്നില്ല.

"ഇവിടെ ജനിപ്പീലാദിത്യൻ
ഇവിടെ മരിപ്പീലാദിത്യൻ
ഉച്ചത കൊൾവീലുച്ചണ്ഡൻ"

എന്ന് കക്കാട് വരച്ചിട്ട മഹാനഗരം ഏതായിരുന്നു? പാതാളത്തിൽ മുഴങ്ങിയത് എന്തായിരുന്നു?

Read More: ബിപിൻ ചന്ദ്രൻ അച്ഛനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു 'അർമ്മാദചന്ദ്രൻ'

Father Fathers Day Malayalam Writer Poem Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: