/indian-express-malayalam/media/media_files/2025/06/14/u9HKa2RUFcNNTBjXrnk2.jpg)
Father's Day 2025: ഫാദേഴ്സ് ഡേ 2025
Father’s Day 2025: ഓർമകൾക്ക് ഓരോ മണമുണ്ട് അമ്മയോർമകൾക്ക് സ്നേഹം കൂടി കലർന്ന വിയർപ്പിന്റെ മണമാണെങ്കിൽ, അപ്പനോർമ്മകൾക്ക് മദ്യത്തിന്റെ കെട്ട മുഷ്ക്കു മണമാണ്. ബാല്യത്തിന്റെ നിറം കെടുത്തിയ, കൗമാരത്തിന്റെ വർണങ്ങളെ തല്ലിക്കൊഴിച്ച ആ മണം ഇപ്പോഴും ഓർത്തെടുക്കാം. എത്രയൊക്കെ ആരെല്ലാം ആശ്വസിപ്പിച്ചാലും എന്റെ ജീവിതത്തിനു മേൽ ആഞ്ഞടിച്ച ഒരു ഇരുമ്പുദണ്ഡു തന്നെയായിരുന്നു അപ്പൻ. എന്റെ കാലത്തെ ഭയവും അപമാനകരവും അരക്ഷിതവുമാക്കിയതിന് എനിക്കൊരിക്കലും മാപ്പു കൊടുക്കുക വയ്യ.
Also Read:അർമ്മാദചന്ദ്രൻ
അയാളുടെ മരണം ഉറപ്പായ നിമിഷം ആശ്വാസമായിരുന്നു. കഴിഞ്ഞു പോയിരിക്കുന്നു ദുരിതകാലം. നിഗൂഢമായ ആഹ്ളാദത്തോടെയാണ് ഞാൻ ആ ശവമഞ്ചത്തിനരികെ നിന്ന് കണ്ണീർ വാർത്തത്. കുട്ടിക്കാലത്ത് അയാൾ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് എനിക്കോർമയുണ്ട്. ലഹരിയുടെ മണം വന്ന് വീർപ്പുമുട്ടിക്കുമ്പോൾ ഞാൻ കുതറി എണീക്കാൻ ശ്രമിച്ചാലും അയാൾ വീണ്ടും അടക്കിപിടിക്കും. പിന്നെയും ശ്രമിച്ചാൽ അയാൾ ചിലപ്പോൾ അടിച്ചേക്കുമെന്നുള്ളതുകൊണ്ട് നിസ്സഹായയായി കിടക്കും. അതിൽപ്പിന്നെ ഞാനയാളെ തൊടുന്നത് അപ്പോഴായിരുന്നു. അയാളുടെ മരണം ഉറപ്പാക്കിയ ശേഷം .
സംസാരിച്ച് കാടുകയറുമ്പോൾ പലരോടും ചോദിക്കുന്ന ചോദ്യമുണ്ട്. എന്താണ് ആദ്യത്തെ ഓർമ്മ ? എന്റെ ഓർമയടരുകളിൽ ആദ്യമെത്തുന്നത് അയാളാണ്. അയാൾ ഗൾഫിലായിരുന്നു. ഒരിക്കൽ അവധിക്കു വന്നപ്പോൾ കണ്ണൂരിലുള്ള അച്ചന്റെയടുത്തേക്കുള്ള യാത്രയിലാണ്. അമ്മയും ചേച്ചിയുമുണ്ട് ഒപ്പം. ഉടുപ്പൊക്കെയിട്ട് തുള്ളിക്കളിച്ചു നടക്കുന്ന ചെറിയ കുട്ടിയായ എന്നെ ഇപ്പോളോർമ്മിക്കുമ്പോൾ പോലും എടുത്തോമനിക്കാൻ തോന്നും. അയാൾ ട്രെയിനിൽ കയറിയപ്പോൾ തുടങ്ങി വാട്ടർ ബോട്ടിലിൽ നിന്ന് എന്തോ കുടിക്കുന്നുണ്ട്.
യാത്രകളിലെല്ലാം അങ്ങനെയാണ്. മദ്യം അതിൽ ഒഴിച്ചു വെച്ചിരിക്കും. കുടി പുരോഗമിക്കുന്നതിനനുസരിച്ച് മുഖം വിയർത്തൊഴുകാനും കണ്ണുകൾ ചുവക്കാനും തുടങ്ങും. പിന്നീടെല്ലാം ദേഷ്യമാണ്. തീ പോലെ പൊള്ളുന്ന ദേഷ്യം. അതിൽ ഞങ്ങൾ മൂവരും കരിഞ്ഞു പോകും. അയാളപ്പോഴേക്കും ഉറക്കം പിടിച്ചിട്ടുണ്ടാകും.
ട്രെയിൻ ഏതോ സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുകയാണ്. അയാൾ ഇറങ്ങിപ്പോയി തിരികെ വന്നപ്പോൾ കൈയിലൊരു മാസിക. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയപ്പോഴേ വായനയുടെ ഭ്രമം എന്നിൽ പടർന്നു കയറിയിരുന്നു. അല്ലെങ്കിൽ ആകാശത്ത് പട്ടം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ കുട്ടിയെ ഞാൻ വായനയിലേക്ക് കുരുക്കിയിട്ടു എന്നതാവും ശരി. കമ്പാർട്ട്മെന്റിന്നകത്തേക്ക് വന്നപ്പോൾ ഞാനാ പുസ്തകം വാങ്ങാനായി ഓടിച്ചെന്നു. ആ നിമിഷം പുസ്തകം ചുരുട്ടി അയാൾ എന്റെ മുഖത്ത് ഒറ്റയടി. അതു വരെ ഒച്ചകളുയർന്നിരുന്ന അവിടം നിശബ്ദമാകുന്നത് എനിക്കോർമ്മയുണ്ട്. ഞാൻ അമ്മയുടെ മടിയിലേക്ക് മുഖം പൂഴ്ത്തുന്നതും. ഓർമ്മ എന്നു പറയുമ്പോളേക്കും തിക്കിതിരക്കി മുന്നിലേക്ക് വരുന്നത് ആ ഓർമയാണ്. കണ്ണീരൊലിപ്പിച്ച, മൗനം കെട്ടിയ ഓർമ്മ.
/indian-express-malayalam/media/media_files/uploads/2019/06/theresa-1.jpg)
Also Read: വിമർശകന്റെ ജീവിതപര്യടനം
ദു:ഖഭരിതമായിരുന്നു ജീവിതമാകെയും. ഒരസ്സൽ മദ്യപാനിയായിരുന്നു അയാൾ. മദ്യപിച്ചാൽ ഇലയിൽ ചവിട്ടി വഴക്കുണ്ടാക്കുന്ന ഒരാൾ. വുത്തികെട്ട തെറിപ്പദങ്ങൾ പറയുന്ന, അസഭ്യം സംസാരിക്കുന്ന ഒരാൾ. ഒരിക്കലും അപ്പൻ ഞങ്ങൾക്ക് അഭിമാനമായിരുന്നില്ല, അപമാനമായിരുന്നു. 'അമ്മാ, നമുക്കിയാളെ ഉപേക്ഷിച്ച് ഈ ജീവിതത്തിൽ നിന്നു രക്ഷപ്പെടാം' എന്ന് എത്രയോ തവണ ഞങ്ങൾ പെൺമക്കൾ കെഞ്ചിയിരിക്കുന്നു. അമ്മ സഹനം എന്ന മൂല്യത്തിൽ വിശ്വസിച്ചു. ആ സഹനം ഞങ്ങൾക്കൊന്നും നേടിത്തന്നില്ല.
കേട്ടിട്ടുണ്ട് , തറവാട്ടിലെ മൂത്ത മകനായതു കൊണ്ട് ഏറെ ലാളനയിലാണ് അയാൾ വളർന്നു വന്നതെന്ന്. ഒരിക്കൽ ദേഷ്യം വന്നപ്പോൾ മുറ്റത്തു നിൽക്കുന്ന കോഴിയെ പിടിച്ച് ജീവനോടെ പപ്പും പൂടയും പറിച്ച കഥ കേട്ട് ഞെട്ടിപ്പോയിട്ടുണ്ട്. അപ്പാപ്പനും കുടിയനായിരുന്നു. ഒരു പ്രദേശം മുഴുവൻ കയ്യിലിരിക്കുന്ന ജന്മി. കുടിക്കാനായി ചാരായ ഷാപ്പ് ലേലത്തിൽ പിടിച്ചയാൾ. വൈകുന്നേരം വീട്ടിലെത്തുന്ന കുപ്പിയിൽ നിന്ന് മുട്ടിലിഴയുന്ന മക്കളുടെ നാവിൽ തൊട്ടു വെച്ച് അപ്പാപ്പൻ എല്ലാ മക്കളേയും മദ്യത്തിലേക്ക് സ്നാനം ചെയ്തു. മക്കൾ ദേശത്തെ പേരുകേട്ട കുടിയൻമാരായി.
ഞങ്ങളുടെ ജീവിതത്തിലേക്കെത്തുന്നതിനു മുൻപ് അപ്പനൊരു ഫ്ലാഷ്ബാക്കുണ്ട്. ഇരുപതു വയസ്സാവുന്നതിനു മുമ്പു തന്നെ അയാളുടെ അപ്പനോട് തല്ലിട്ട് വീടു വിട്ടിറങ്ങിപ്പോയിരുന്നു. നീണ്ട പതിനാറു കൊല്ലങ്ങൾ ലോകം ചുറ്റി സഞ്ചരിച്ച് അയാൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു മുഴു മദ്യപാനിയായി തീർന്നിരുന്നു. അമ്മാമയുടെ തീരുമാനത്തിൽ നന്നാക്കാൻ വേണ്ടി അയാളെ കല്യാണം കഴിപ്പിക്കുന്നു. കന്യാസ്ത്രിയാക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ കല്യാണമേ വേണ്ടെന്നു വെച്ച് ഒടുവിൽ ആങ്ങളമാരുടെ നിർബന്ധത്തിനു വഴങ്ങിയ അമ്മയായിരുന്നു വധു.
Also Read: ‘മൊനേര്‍ മാനുഷി’നെപ്പോലെ ഒരു ഓര്‍മ്മക്കാറ്റ്
അയാൾ ജോലിക്കായി ഗൾഫ് നാട്ടിലേക്ക് വിമാനം കയറുന്നു. നാട്ടിൽ വരുന്നതിന്നിടയ്ക്ക് രണ്ടു മക്കളുണ്ടാകുന്നു. കുടുംബത്തിന്റെ പിൻതുടർച്ച നില നിർത്താൻ ഒരു ആൺകുട്ടിയെ ആഗ്രഹിക്കുന്നു. രണ്ടും പെണ്ണായി പോയതിനു നിരാശ, ദേഷ്യം. അയാൾ കുടിക്കാൻ വേണ്ടി നശിപ്പിച്ച സ്വത്തുക്കൾ ഞങ്ങളുടെ ഐശ്വര്യക്കേടുകൊണ്ട് പോയതെന്നായി പറച്ചിൽ. ശാപങ്ങൾ കേട്ടു കേട്ടു വളർന്ന രാത്രികൾ. അതെ,
കുട്ടിക്കാലം നിറമില്ലാത്തതായിരുന്നു.
രണ്ടാം ക്ലാസു വരെ താമസിച്ചത് തറവാട്ടിലാണ്. വലിയൊരു നാലുകെട്ടായിരുന്നു തറവാട്. നടുമുറ്റവും കുളവും കശുമാവിൻ തോപ്പും തെങ്ങിൻ പറമ്പുമൊക്കെയുള്ള വീട്. പകൽ ആഡ്യത്തത്തോടെ നിൽക്കുന്ന വീട് വൈകുന്നേരമാവുമ്പോഴേക്കും ഒരു താവളം പോലെയായിത്തീരും. അപ്പനടക്കം അഞ്ചു സഹോദരങ്ങളും അപ്പാപ്പനും കുടിച്ചു ഇഴഞ്ഞു വന്നു കയറുന്ന വെറുമൊരു മാളം. അതു വരെ തിമിർത്തു കളിച്ചിരുന്ന ഞങ്ങൾ കുട്ടികൾ ഇരുട്ടിലേക്ക് പതുങ്ങും. പരസ്പ്പരം വഴക്കില്ലാത്ത രാത്രികളുണ്ടായതേയില്ല. അപ്പനും മക്കളും തമ്മിൽ ചേട്ടനനിയന്മാർ തമ്മിൽ, അമ്മയോട്, ഭാര്യയോട് എല്ലായ്പ്പോഴും കലഹം മാത്രം. എപ്പോഴും ഏതെങ്കിലും ഒരു പെണ്ണിന്റെ കണ്ണീരു വീണു നനഞ്ഞൊരു വീടായിരുന്നു ആ തറവാട്.
/indian-express-malayalam/media/media_files/uploads/2019/06/theresa-2.jpg)
ഒടുവിൽ കുടിച്ച് കുടിച്ച് കടം കയറി തറവാടു വിൽക്കേണ്ടി വന്നു. വലുതായൊന്നും കിട്ടിയില്ല ഭാഗം വെപ്പിൽ. തെങ്ങിൻ തോപ്പിലെ ഒറ്റമുറി വീട്ടിലേക്ക് ഞങ്ങൾ രണ്ടു മക്കളെയും കൊണ്ടു പോരാൻ അമ്മയ്ക്ക് സങ്കടമുണ്ടായില്ല. ഗൾഫിൽ നിന്ന് വരുന്ന അവധികളിൽ അപ്പന്റെ പെട്ടിയിൽ ചൈനാ സിൽക്കിന്റെ ഒന്നു രണ്ട് തുണികളും കുറച്ച് മിഠായിയും ഒഴിച്ചാൽ പിന്നെ മുഴുവൻ കുപ്പികളാകും. പല വലുപ്പത്തിലും നിറത്തിലും മണത്തിലുമുള്ളവ. ഒരു കൈയിൽ എരിയുന്ന സിഗററ്റും മറുകൈയിൽ ലഹരി നിറച്ച ഗ്ലാസുമായി അയാൾ ഉഴറി നടക്കും. ലഹരി മൂക്കുന്ന നിമിഷങ്ങളിൽ കൺമുന്നിൽ കണ്ടതെല്ലാം ചവിട്ടി തൊഴിച്ചെറിയും. അതെ, സങ്കടമായിരുന്നു എന്റെ കുട്ടിക്കാലം.
Also Read: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍...
ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അയാൾ ഗൾഫിൽ നിന്ന് അവസാനിച്ചു പോരുന്നത്. ഇടയ്ക്കു മാത്രം പൊള്ളിച്ചിരുന്ന തീക്കനലുകൾ പിന്നീട് എന്നും കത്തിക്കൊണ്ടിരുന്നു. നിസ്സാര കാര്യങ്ങൾക്കു പോലും ബെൽറ്റൂരി അടിച്ച് ഞങ്ങളുടെ ശരീരം മുഴുവൻ തിണർത്തു കിടന്നു. മറ്റുള്ളവർ ഈർക്കിലി കൊണ്ടു തല്ലു കൊണ്ടു, വടികൊണ്ടടിച്ചു എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ ചിരിക്കും. വെട്ടിയെടുത്ത വലിയ പത്തലു വടികൾ, ചൂലിൻകെട്ട്, ആറടി പൊക്കക്കാരന്റെ ഉരുക്കു കൈ ഇതൊക്കെയായിരുന്നു ഞങ്ങളുടെ മേൽ പതിഞ്ഞിരുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ കടയിൽ നിന്ന് സിഗററ്റ് വാങ്ങാൻ പോവാത്തതിന് അയാളെന്റെ പുസ്തകങ്ങളെടുത്ത് മഴയത്തിട്ടു. കല്ലെടുത്ത് വീക്കി ഓടിച്ചു. ജീവനും വാരിപ്പിടിച്ച് ഭയന്നു കൊണ്ടോടുക അപ്പോഴേക്കും എനിക്ക് പതിവായിരുന്നു. ഇരുട്ടിനെ ഭയന്നിരുന്ന കുട്ടിയായിരുന്നു ഞാൻ. അതറിയാവുന്ന അയാൾ വൈകുന്നേര വഴക്കുകളിൽ എന്നെ മാത്രം വീടിനു പുറത്താക്കി വാതിലടച്ചു. ഇരുട്ടിലെ നിഴലുകളെ ഭയന്ന് ഞാൻ ഓരോ ജനലിനു ചുറ്റുവട്ടത്തെത്തി കരയും. അമ്മ ഞാനോടുന്നതിനേക്കാൾ വേവോടെ ഉള്ളിലോടുന്നുണ്ടാവും. അയാൾ ഉന്മാദത്തോടെ ഞാനെത്തുന്ന ജനാലയരികിലേക്ക് പാഞ്ഞെത്തും. അലറിപ്പിടഞ്ഞ് അടുത്ത വാതിലിലേക്ക് ഞാൻ ഓടിക്കൊണ്ടിരിക്കും.
അടുത്തുള്ളവർ അറിയാറില്ല ഈ കളി. ഒന്നുകിൽ ഗാഡ നിദ്രയിലായിരിക്കും. അഥവാ അറിഞ്ഞാലും മുറ്റം മറികടന്നെത്തില്ല. വന്നവരുടെ അനുഭവം അവരുടെ ഓർമയിലുണ്ടായിരിക്കണം. വൃത്തികെട്ട വാക്കുകൾ കൊണ്ട് നാണം കെടുത്തി വിടും.
ചില ദിവസങ്ങളിൽ കഴിക്കാൻ ഭക്ഷണമുണ്ടാവില്ല. എല്ലാം എടുത്തു വലിച്ചെറിഞ്ഞിട്ടുണ്ടാവും. ദിവസങ്ങളോളം ഭക്ഷണം വെക്കാൻ സമ്മതിക്കാതിരുന്നിട്ടുണ്ട്. ക്രിസ്മസ്, ഈസ്റ്റർ ഒന്നും ആഘോഷിച്ചിട്ടില്ല. ബന്ധുവീടുകളിലെ ആഘോഷങ്ങളും. എല്ലാം കണ്ണീരിലാണ് അവസാനിക്കുന്നത്. എല്ലായിടത്തും അയാൾ അമിതമായി കുടിച്ചു. നില തെറ്റി വഴക്കിട്ടു, അടികൂടി. അപ്പോഴെല്ലാം നാണക്കേടിന്റെ വഴുവഴുപ്പിൽ നിന്നു ഞാനോടി രക്ഷപ്പെട്ടു.
എല്ലാവരോടും അയാൾ വഴക്കിട്ടു. കുടിച്ചിട്ടും കുടിക്കാതെയും. അയൽവക്കക്കാരോട്, ബന്ധുക്കളോട്, നാട്ടുകാരോട്. സ്കൂളിൽ നിന്ന് ബസ്സിറങ്ങി വരുമ്പോൾ നെഞ്ച് പടാപടാമിടിക്കും. വഴിയിൽ അയാൾ വഴക്കു കൂടി നിൽക്കുന്നുണ്ടാവുമോ എന്ന് ഏതു സമയവും ഒരു ഭയം എന്റെയുള്ളിൽ പറ്റിപ്പിടിച്ചു കിടന്നു. അതെ, സങ്കടകരമായിരുന്നു എന്റെ കുട്ടിക്കാലം.
അമ്മ അനുഭവിച്ചത് ഇതിനെല്ലാമപ്പുറമായിരുന്നു. അയാളെ അനുസരിച്ചില്ലെങ്കിൽ, ചെറുതായൊന്ന് എതിർത്താൽ, അല്ലെങ്കിൽ എത്ര അനുസരണയോടെ നിന്നാലും ഒരു മൃഗത്തെ പോലെ തല്ലി, മുഖത്തു തുപ്പി, ചെരുപ്പു കൊണ്ടടിച്ച്, ചൂടുവെള്ളം കോരിയൊഴിച്ച്, പട്ടിണിക്കിട്ട് അയാൾ രസിച്ചു. അമ്മയെ തല്ലുന്നത് ചോദ്യം ചെയ്യാൻ വരുന്ന ആണുങ്ങളെ കൂട്ടി പറഞ്ഞ് അയാൾ ജയം നേടി. ഞാൻ കൊള്ളുന്ന അടിയേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മ കൊള്ളുന്ന അടികളായിരുന്നു. ഇന്നും അവയെന്നെ പൊള്ളിക്കുന്നു. മദ്യപാനം മൂലം സ്വയം കൈവിട്ട മനുഷ്യനായിരുന്നു അത്.
കാലത്തു തുടങ്ങുന്ന മദ്യപാനം. രാവോളം നീണ്ടു. ഒരു കുടിയന്റെ എല്ലാ ലക്ഷണങ്ങളും അയാളിൽ പ്രകടമായിരുന്നു.
/indian-express-malayalam/media/media_files/uploads/2019/06/theresa-3.jpg)
ചേച്ചി കുറേക്കൂടി കരുത്തയായിരുന്നു. ഒരിക്കൽ തിരിച്ചടിച്ചപ്പോൾ അവളെ ഭയന്നു തുടങ്ങി. അവൾ പഠിക്കാൻ പോയതോടു കൂടി ഞാനും അമ്മയും കൂടുതൽ ദുരിതത്തിലായി. മദ്യപാനവും ബഹളവും കൂടി വന്നു. ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ നാളുകൾ. ലോകം വലിയൊരു നാണക്കേടിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു. ആത്മവിശ്വാസം തീരെയില്ലാത്ത ഒരാളായാണ് ഞാൻ വളർന്നു വന്നത്. കൂട്ടത്തിൽ നിൽക്കുമ്പോഴും നാണക്കേടിന്റെ പശ മുഖത്ത് പറ്റി പിടിച്ചു കിടന്നു. ഒരിക്കൽ കോളജിലെ ടൂറു കഴിഞ്ഞ് രാത്രി കൂട്ടുകാരുമൊത്ത് എത്തുമ്പോൾ അയാൾ കുടിച്ച് ബോധമില്ലാതെ വീട്ടിലേക്കുള്ള വഴി തിരയുന്നതു കണ്ട് ഞാൻ തല കുനിച്ച് വീട്ടിലേക്കോടി. എത്ര നാളുകൾ കഴിഞ്ഞാണ് എന്റെ തലയൊന്നുയർന്നത്. അതെ, അയാളുണ്ടായിരുന്ന കാലമെല്ലാം സങ്കടകരമായിരുന്നു.
ഒരു കല്യാണം കഴിക്കാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു. അയാളുടെ മദ്യപാനവും വഴക്കുകളും എന്റെ ജീവിതം തകർത്തേക്കുമെന്ന് ഞാൻ ഭയന്നു. ഒടുവിൽ ഒരുപാട് ഉപദേശങ്ങൾക്കൊടുവിലാണ് ഞാൻ സമ്മതം മൂളുന്നത്. കല്യാണത്തിന്റെയന്ന് പള്ളിയിൽ എന്റെ തൊട്ടുപിന്നിലായി നിൽക്കുമ്പോഴും മൂക്കിലേക്കടിച്ചു കയറിയിരുന്നു മദ്യത്തിന്റെ മണം.
പ്രസവ കാലം ദുരിതപൂർണ്ണമായി. അപ്പോഴേക്കും സാമ്പത്തികവും വിഷയമായി തുടങ്ങിയിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ നാളുകളായിരുന്നു അത്. ഞാൻ മാത്രമല്ല , എന്നോടു ചേർന്ന എല്ലാവരും ദു:ഖത്തിന്റെ പങ്കു പറ്റേണ്ടി വന്നു. മകന് മൂന്നു വയസ്സുള്ളപ്പോൾ ടി വി കാണുന്ന സമയത്ത് ഒച്ചയെടുത്ത് കളിച്ചതിന് കസേരയെടുത്ത് തല്ലാൻ ചെന്നത് ഇപ്പോഴും അവൻ ഓർത്തെടുത്ത് പറയുമ്പോൾ ഹൃദയം നുറുങ്ങും. ഒടുവിൽ അയാൾ അടിച്ചത് രണ്ടാമത് ഗർഭിണിയായിരിക്കുന്ന സമയം. ഞാൻ ബ്രഷു ചെയ്തു കൊണ്ടിരിക്കുന്നു. കുപ്പി വാങ്ങാനായി പൈസ ചോദിച്ചു. എന്റെ കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ പിന്നിലൂടെ വന്ന് എന്നെ കാലുയർത്തി ചവിട്ടി .
എം ടിയുടെ കഥയിലെ കഥാപാത്രത്തെ പോലെ അയാളുടെ മരണമറിഞ്ഞ നിമിഷം ആശ്വാസമാണ് തോന്നിയത്. ഇനി നാണക്കേടിന്റെ വഴുവഴുപ്പില്ലാതെ, ഭയമില്ലാതെ ജീവിക്കാം. അതു ശരിയായിരുന്നു. അയാളില്ലാത്ത ജീവിതമാണ് ഏറ്റവും മനോഹരം.
Read More: പാതാളത്തിൽ മുഴങ്ങിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.