/indian-express-malayalam/media/media_files/6NiF3gEtv0iapCiABUa1.jpg)
രണ്ടാം ദിവസം
നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ആരുടെയോ അലാറത്തിന്റെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ബേസ് ക്യാമ്പ് ഉണർന്നു കഴിഞ്ഞിരിക്കുന്നു. ഒരു ഭാഗത്ത്, അഗസ്ത്യ കൂടം കയറാൻ തയ്യാറായി ആവേശത്തോടെ പ്രഭാത കൃത്യങ്ങൾ എളുപ്പത്തിൽ തീർക്കുന്ന ഒരു കൂട്ടർ. മറുഭാഗത്ത്, യാത്ര കഴിഞ്ഞ് തിരിച്ചുപോവാൻ ഒരുങ്ങുന്നവരുടെ ബഹളം.
പതിയെ എണീറ്റു ഇരുന്നപ്പോഴാണ് ശ്രദ്ധിച്ചത്, ഉറങ്ങാൻ കിടന്ന ഞാനല്ല ഉണർന്നിരിക്കുന്നത്. ശരീരത്തിൽ നിന്നും വേദനകളെല്ലാം പറന്നുപോയിരിക്കുന്നു. ഇടയിൽ എന്തു മാജിക് ആണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് ഞാനും പായയിൽ നിന്നെണീറ്റു.
ഐസ് പോലുള്ള വെള്ളമാണ് പൈപ്പിലൂടെ വരുന്നത്, ഉറക്കച്ചടവ് വിട്ടുമാറും വരെ മുഖം കഴുകി. പല്ലുതേപ്പും ടോയ്‌ലറ്റിൽ പോവലും ഫ്രഷാവലുമെല്ലാം വേഗത്തിൽ ചെയ്ത് തീർത്ത് കാന്റീനിലേക്ക് നടന്നു. റവ ഉപ്പുമാവായിരുന്നു ബ്രേക്ക് ഫാസ്റ്റ്. വിശപ്പായി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കഴിക്കാൻ നിന്നില്ല, പൊതിഞ്ഞുവാങ്ങി.
രാവിലെയൊരു ഊർജം കിട്ടാനായി തൽക്കാലത്തേക്ക് കയ്യിലുണ്ടായിരുന്ന നട്സും പഴങ്ങളും കഴിച്ചു. ക്യാമ്പിനു മുന്നിൽ മുളവടികൾ കൊണ്ട് ബ്ലോക്ക് ചെയ്തുവച്ച ഗേറ്റിനു മുന്നിൽ അനുസരണയുള്ള കുട്ടികളെ പോലെ ഞങ്ങളെല്ലാവരും കാത്തിരുന്നു.
സഞ്ചാരികളെ കാട്ടിലേക്ക് വിടും മുൻപ്, ഗൈഡുകൾ മുന്നിൽ പോവും. വഴിയിൽ തടസ്സങ്ങളില്ല, അപകടകാരികളായ മൃഗങ്ങളൊന്നും സമീപത്തില്ല എന്നൊക്കെ ഉറപ്പുവരുത്തി ബേസ് ക്യാമ്പിലേക്ക് സന്ദേശം എത്തിക്കും. അതുകഴിഞ്ഞു മാത്രമേ, സഞ്ചാരികൾക്കായി വഴി തുറന്നു നൽകൂ.
മുളവടികൾ മാറ്റി ഗേറ്റ് തുറന്നതും സ്കൂൾ വിട്ടതുപോലെ എല്ലാവരും ധൃതിപിടിച്ചു നടത്തം തുടങ്ങി, അവർക്കൊപ്പം ഞങ്ങളും. തലേദിവസത്തെ യാത്രയിൽ പലപ്പോഴും ബുദ്ധിമുട്ടായത് ബാക്ക് പാക്ക് ആയിരുന്നു. അതിനാൽ ഇത്തവണ ബാഗിന്റെ ഭാരം പരമാവധി കുറച്ചു. ഒരു കുപ്പി വെള്ളവും ബ്രേക്ക് ഫാസ്റ്റും ഗ്ലൂക്കോസും നട്സും അത്യാവശ്യത്തിനുള്ള മരുന്നുകളും മാത്രം ഒരു തുണി സഞ്ചിയിൽ നിറച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഏതാണ്ട് ഏഴര മണിയോടെയാണ് ഞങ്ങൾ മലകയറ്റം തുടങ്ങിയത്.
തുടക്കത്തിൽ, തലേ ദിവസം കണ്ടു ശീലിച്ച അരുവികളും ചെറിയ കയറ്റങ്ങളുമടങ്ങിയ ടെറെയ്ൻ തന്നെയായിരുന്നു മുന്നിൽ. എന്നാൽ, ഉൾകാട്ടിനകത്തേക്കു പ്രവേശിക്കുന്തോറും കാടിന്റെ വന്യത വെളിപ്പെട്ടു തുടങ്ങി. ഏഴുമടക്കിലും ദുർഘടമായ വഴികളാണ് മുന്നിൽ.
വഴി മാത്രമായിരുന്നില്ല പ്രശ്നം. മുകളിലേക്ക് കയറുന്തോറും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടു തോന്നി തുടങ്ങി. അഞ്ചു മിനിറ്റു കഴിയുമ്പോഴേക്കും അതിഭീകരമായി കിതക്കാൻ തുടങ്ങി. കിതപ്പ് അസഹനീയമാവുമ്പോൾ ഒന്നു നിൽക്കും, ചെറിയ ബ്രീത്തിംഗ് വ്യായാമങ്ങൾ ചെയ്ത് ശ്വാസമൊന്നു നേരെയാക്കി വീണ്ടും യാത്ര തുടരും. പക്ഷേ, മുന്നോട്ടു നടക്കുന്തോറും വെല്ലുവിളികളും ഏറി വന്നു.
അതുവരെ ഞങ്ങൾ കണ്ട കാടൊന്നുമല്ല മുന്നിൽ. ഒട്ടും പരിചയമില്ലാത്തൊരു ഭൂപ്രകൃതി. ഒരു ഭാഗത്ത് ഭീമൻ പാറകൾ, ദൂരകാഴ്ചയിൽ ഒരു കാട്ടുകൊമ്പൻ തിരിഞ്ഞിരിക്കുന്നതു പോലെ തോന്നിപ്പിക്കും. അവയുടെ അരികിലൂടെ മഴകാലത്ത് വെള്ളം കുത്തിയൊലിച്ചുപോവുന്ന കാട്ടരുവി പോലുള്ള വഴികൾ.
ചെങ്കുത്തായ പാറക്കൂട്ടങ്ങളും കല്പടവുകളും കയറിപ്പറ്റുക ശ്രമകരമായിരുന്നു. വിശപ്പും കലശലായി തുടങ്ങിയിരുന്നു. അൽപ്പം കൂടി നടന്നാൽ പൊങ്കാലപ്പാറ എത്തുമെന്ന് സഹയാത്രികർ പറഞ്ഞു. അവിടെയാവുമ്പോൾ കൈകഴുകാനും കുടിക്കാനുമൊക്കെ ആവശ്യത്തിനു വെള്ളവും ലഭിക്കും.
പാറക്കെട്ടുകൾക്കിടയിലെ ഇടുങ്ങിയ വഴികളിലൂടെ നടന്ന് ഒടുവിൽ ഞങ്ങൾ പൊങ്കാലപ്പാറയുടെ താഴ്വാരത്തിലെത്തി. മനോഹരമായൊരു അരുവിയാണ് വരവേറ്റത്. അവിടെ കൂട്ടം കൂടിയിരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവർ. അവർക്കൊപ്പം ഞങ്ങളും കൂടി. അപ്പോഴേക്കും കോട വന്നു മൂടാൻ തുടങ്ങി. തൊട്ടു മുന്നിൽ കയറിപ്പോയവരെ പോലും കാണാനാവാത്ത രീതിയിൽ മുന്നിലെങ്ങും കോട മാത്രം. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വീണ്ടും ഞങ്ങൾ യാത്ര തുടങ്ങി.
പൊങ്കാലപ്പാറയുടെ പരിസരത്തുവച്ചാണ് ഗൈഡ് ശിവകുമാറിനെ പരിചയപ്പെടുന്നത്. ഞങ്ങൾക്കൊപ്പം സഹായത്തിനു ആരുമില്ലെന്നു കണ്ട് ശിവകുമാറും കൂടെ കൂടി. മുകളിലേക്ക് പോവുമ്പോൾ പാറയിൽ പലയിടത്തും നല്ല വഴുക്കുണ്ടായിരുന്നു. ഒന്നു തെന്നിയാൽ തല പോയി പാറയിൽ ഇടിച്ചു ചിതറും.
അപകടസാധ്യതയെ കുറിച്ചോർത്തപ്പോൾ കയ്യിലെ ട്രെക്കിംഗ് പോളിൽ കൂടുതൽ മുറുകെ പിടിച്ചു ഞാൻ. ഒരിടത്തും വഴുക്കാനോ വീഴാനോ വിടാതെ ഒരു കാവൽ മാലാഖയെ പോലെ ശിവകുമാർ ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു. വഴിയിൽ വച്ച്, സോളോ യാത്രക്കാരി ഗായത്രിയും ഞങ്ങൾക്കൊപ്പം കൂടി. തമിഴ്നാട്ടിൽ നിന്നെത്തിയതാണ് ഗായത്രി. കൂട്ടത്തിലെ സ്ലോ ട്രെക്കേഴ്സ് ഞങ്ങൾ മൂന്നുമായിരുന്നു.
അതിരുമല ക്യാമ്പിൽ നിന്നും അഗസ്ത്യ കൂടത്തേക്ക് ആറു കിലോമീറ്ററുകൾ മാത്രമേയുള്ളൂ ദൂരം. കഴിഞ്ഞ ദിവസം താണ്ടിയ ദൂരം വച്ചുനോക്കുമ്പോൾ മൂന്നിലൊന്നു മാത്രം. പക്ഷേ ആ ആറു കിലോമീറ്റർ ആയിരുന്നു യാത്രയിലെ ഏറ്റവും ദുഷ്കരമായ വഴിത്താര. പൊങ്കാലപ്പാറ പിന്നിട്ടതോടെ വീണ്ടും നിബിഡ വനത്തിലൂടെയായി യാത്ര. നിത്യഹരിതവനങ്ങൾ, ഇലപൊഴിയും കാടുകൾ, ഈറ്റക്കൂട്ടങ്ങൾ, പുൽമേടുകൾ, കാട്ടരുവി, പാറക്കെട്ടുകൾ എല്ലാം പിന്നിട്ട് വേണം അഗസ്ത്യന് അരികിലെത്താൻ.
12 മണി വരെയെ അഗസ്ത്യ കൂടത്തിലേക്ക് പ്രവേശനമുള്ളൂ. അതുകഴിഞ്ഞാൽ മുകളിലേക്ക് ആളെ കയറ്റിവിടില്ല. തിരിച്ചു മടങ്ങേണ്ടി വരും. ആളുകളെ പറത്തികളയുന്നത്ര ശക്തമായ കാറ്റാണ് മലമുകളിൽ. വേഗം നടക്കൂ എന്ന് ശിവകുമാർ ധൃതികൂട്ടി. പക്ഷേ, എത്ര നീട്ടി കാൽ വച്ചിട്ടും നീങ്ങുന്നില്ല. 12 മണിയ്ക്കു മുൻപു എത്താനാവുമോ എന്ന കാര്യത്തിൽ ഞങ്ങൾക്കു തന്നെ സംശയം തോന്നി തുടങ്ങി. ഒരൽപ്പം കൂടി വേഗത്തിൽ നടക്കാൻ ശ്രമിക്കൂ, എങ്കിൽ നിങ്ങളെ 12 മണിയ്ക്ക് മുൻപ് അവിടെ എത്തിക്കാമെന്ന് ശിവകുമാർ ഉറപ്പുനൽകി.
ഇടയ്ക്ക്, ഇലപടർപ്പുകളും മരച്ചില്ലകളും മേലാപ്പു വിരിച്ച ഒരു കാടിനകത്തേക്കു പ്രവേശിച്ചു. ഏസി കാട് എന്നാണ് ഈ പ്രദേശത്തിന് സഞ്ചാരികൾക്കിടയിലെ പേര്. ആ പേരിട്ടത് ആരാണെന്നറിയില്ല, പക്ഷേ അതിലും യോജിക്കുന്നൊരു പേരു കണ്ടെത്തുക പ്രയാസമായിരിക്കും. ഈ കാടിനകത്തേക്ക് പ്രവേശിക്കുമ്പോൾ, ഒരു ഏസി മുറിയിലേക്ക് പ്രവേശിക്കുന്നതുപോലെ തണുപ്പു പുതയുന്നത് നമ്മളറിയും.
നടന്ന് നടന്ന് ഞങ്ങൾ വലിയൊരു പാറയുടെ താഴെയെത്തി. പാറയുടെ മുകളിലേക്ക് റോപ്പിൽ പിടിച്ചു കയറണം. പാറയ്ക്ക് മുകളിലെന്താണെന്നു പോലും മനസ്സിലാവാത്ത രീതിയിൽ കോട മൂടിയിരുന്നു. ഒരു പാറയല്ല, അതുപോലെയുള്ള രണ്ടു പാറകൾ കൂടി കയറിപറ്റണം അഗസ്ത്യന് അരികിലെത്താൻ എന്ന് ഗൈഡ് വിശദീകരിച്ചു. ഞങ്ങൾക്കും അഗസ്ത്യനുമിടയിൽ ഇനി മൂന്നു കൂറ്റൻ പാറകളുടെ അകലം മാത്രം! ആ ആവേശത്തിൽ റോപ്പിലൂടെ മുകളിലേക്ക് കയറാൻ മനസ്സിനെ ഒരുക്കി.
സഹയാത്രികരിൽ പലർക്കും ഏറെ ടെൻഷൻ സമ്മാനിച്ചത് ഈ റോപ്പിൽ പിടിച്ചുള്ള കയറ്റവും ഇറക്കവുമായിരുന്നു. എന്നാൽ എന്തോ, ആ പാറകൾ എന്നെ ഒട്ടും ഭയപ്പെടുത്തിയില്ല. മലപ്പുറത്തെ കുട്ടിക്കാലത്ത് എത്രയോ തവണ ഇതുപോലുള്ള കൂറ്റൻ പാറകളിലേക്ക് ഓടി കയറിയിരിക്കുന്നു.
അച്ഛനു കുടുംബസ്വത്തായി ലഭിച്ച ഭൂമിയിൽ ഏതാണ്ട് 90 സെന്റോളം നിറഞ്ഞു നിൽക്കുന്ന ഒരു കൂറ്റൻ പാറയുണ്ടായിരുന്നു. അതിലൂടെയായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ പല കസർത്തുകളും. മഴക്കാലത്ത് പാറയിൽ തെന്നി വീണ് എത്രയോ മുറിവുകൾ ഏറ്റുവാങ്ങിയിരിക്കുന്നു. A4 സൈസിൽ ഞാൻ കണ്ടറിഞ്ഞ ഒരു ടെറയ്നിന്റെ A3 സൈസിലുള്ള വ്യൂ! അത്രയേ തോന്നിയുള്ളൂ. റോപ്പിൽ പിടിച്ച് ഒട്ടും ഭയമില്ലാതെ സുഖമായി മുകളിലേക്ക് കയറി.
അതേ വേഗത്തിൽ, അടുത്ത പാറയും താണ്ടി അഗസ്ത്യന് അരികിൽ എത്തുമ്പോൾ 12 മണി കഴിഞ്ഞു. യാത്രികരെയെല്ലാം അപ്പോഴേക്കും താഴേക്ക് ഇറങ്ങിയിരുന്നു. മുകളിൽ അഗസ്ത്യന്റെ പ്രതിമയും ഫോറസ്റ്റ് ഗാർഡായ പ്രദീപും ഗൈഡ് അജിത്തും ശിവകുമാറും മാത്രം! യാത്രികരായി ഞാനും രാധികയും ഗായത്രിയും. ആളെ തന്നെ പറത്തി കളയാൻ കെൽപ്പുള്ള ശക്തമായ കാറ്റാണ് ഞങ്ങളെ വരവേറ്റത്.
കണ്ണു നിറയെ ഞങ്ങൾ അഗസ്ത്യനെ കണ്ടു. കുറിയ ശരീരവും അൽപ്പം കുടവയറുമൊക്കെയുള്ള ഒരു മുനിവര്യൻ, നീണ്ടതാടിയും യോഗദണ്ഡും കമണ്ഡലുവും ഏന്തിയ ആ നിൽപ്പ് മനസ്സിൽ കൊത്തിയെടുത്തു. നിറയെ ചിത്രങ്ങളെടുത്തു, അഗസ്ത്യനൊപ്പമൊരു സെൽഫിയും പകർത്തി. അത്രയേറെ കഷ്ടപ്പെട്ട്, വിയർപ്പൊഴുക്കി സ്വന്തമാക്കിയ മറ്റൊന്നില്ല എന്നതിനാൽ തന്നെ ഫോണിലെ ഏറ്റവും വിലകൂടിയ സെൽഫികളിലൊന്നായി ആ ചിത്രം മാറി.
എത്രയോ നാളായി കണ്ട സ്വപ്നം കയ്യെത്തി തൊട്ട സന്തോഷത്തിൽ അൽപ്പനേരം ആ പാറയിൽ കിടന്നു. രണ്ടടിയപ്പുറം അഗസ്ത്യമുനിയുടെ പ്രതിമ. കണ്ണെത്താദൂരത്തോളം മലനിരകൾ. വീശിയടിക്കുന്ന കാറ്റ്.... ഭൂമിയിലെ സ്വർഗ്ഗമായിരുന്നു അത്. മനസ്സു നിറഞ്ഞ് ആകാശം നോക്കി കിടന്നു. അതുവരെ താണ്ടിയ കഷ്ടതകളൊക്കെ ആ കാഴ്ചയിൽ മുങ്ങിപ്പോയി. മന്ത്രം മണക്കുന്ന, ഔഷധ മണമുള്ള കാടു പകർന്ന ആനന്ദം, അനിർവചനീയം.
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടികളിൽ ഒന്നിലാണ് നിൽക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 6,129 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിലേറെ ഔഷധസസ്യങ്ങൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണിവിടം. പശ്ചിമഘട്ടത്തിലെ അതുല്യവും വൈവിധ്യമാർന്നതുമായ ആവാസവ്യവസ്ഥയായ അഗസ്ത്യമലയെ യുനെസ്‌കോ ലോക ബയോസ്ഫിയർ റിസർവായി അംഗീകരിച്ചിട്ടുണ്ട്.
"ഇവിടുത്തെ ഒരില പോലും കഴിക്കാനോ മണപ്പിക്കാനോ പാടില്ലെന്ന് ഞങ്ങൾ സഞ്ചാരികളോട് കർശനമായി പറയാറുണ്ട്. കാരണം മരണത്തിന്റെ വക്കിലെത്തിയ ഒരാളെ ജീവിപ്പിക്കാൻ വരെ സാധിക്കുന്ന മരുന്നുകൾ ഇവിടെ കാണും. അതേസമയം തന്നെ, പൂർണ ആരോഗ്യവാനായ ഒരാളെ മരണത്തിലേക്കു കൂട്ടികൊണ്ടുപോവാൻ കഴിയുന്നത്ര ശക്തമായ സയനൈഡ് പവറുള്ള സസ്യങ്ങളും ഇവിടെയുണ്ട്. മരുന്നുകളെ കുറിച്ചറിയാതെ നമ്മൾ അവ മണക്കാനോ കഴിക്കാനോ പോയാൽ അപകടമാണ്," ഗാർഡ് പറഞ്ഞു. മൃതസഞ്ജീവനി പോലും അഗസ്ത്യാർകൂടത്തിലുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അഗസ്ത്യമല കേരളവുമായി മാത്രമല്ല, തമിഴ്നാടുമായി കൂടി അതിർത്തി പങ്കിടുന്നുണ്ട്. തമിഴരെ സംബന്ധിച്ച് ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണിവിടം. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. തമിഴർക്കിടയിൽ പൊതിഗൈ മലയെന്നും അഗത്തിയ മലയെന്നും അഗസ്ത്യാർ കൂടത്തിനു പേരുകളുണ്ട്.
ഈ വനസമ്പത്ത് നാളത്തെ തലമുറയ്ക്കു വേണ്ടി കൂടി കാത്തുവെയ്‌ക്കേണ്ടതാണെന്ന ഉത്തമബോധ്യത്തോടെയാണ് ഓരോ ഫോറസ്റ്റ് ഗാർഡുമാരും ഗൈഡുകളും പ്രവർത്തിക്കുന്നത്. കാടിനെ മലിനമാക്കാതെ, മുറിപ്പെടുത്താതെ ആ കാഴ്ചകൾ കണ്ടു മടങ്ങേണ്ടതെങ്ങനെയെന്നതിന്റെ ഏറ്റവും മാതൃകാപരമായൊരു പാഠം കൂടിയാണ് അഗസ്ത്യകൂടം കയറിയിറങ്ങുമ്പോൾ നമ്മൾ പഠിക്കുന്നത്. അഗസ്ത്യകൂടത്തിൽ നിന്നും ഒന്നും എടുക്കരുത്, ആ ഓർമകൾ മാത്രം മനസ്സിൽ നിറച്ച് തിരിച്ചിറങ്ങുക.
അഗസ്ത്യന്റെ ചരിത്രവും ഐതിഹ്യങ്ങളുമെല്ലാം കേട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഞങ്ങൾ ആ മലമുകളിൽ ചെലവഴിച്ചു. തിരിച്ചിറങ്ങുമ്പോൾ, ഞങ്ങൾക്കൊപ്പം ഗാർഡ് പ്രദീപും ഗൈഡ് അജിത്തും ശിവകുമാറും ഉണ്ടായിരുന്നു. ഇരുട്ടുന്നതിനു മുൻപ് എല്ലാവരും ബേസ് ക്യാമ്പിൽ തിരിച്ചെത്തണം, ഇനി മുന്നിലുള്ള ലക്ഷ്യം അതുമാത്രം. കയറിൽ പിടിച്ച് പാറകളിലൂടെ സാഹസികമായി ഇറങ്ങി താഴെയെത്തി.
തിരിച്ചുള്ള യാത്രയ്ക്കിടയിൽ ഗൈഡിനോട് വിശേഷങ്ങൾ തിരക്കി. കാണി സമുദായത്തിൽ നിന്നുള്ളയാളാണ് ശിവകുമാറും അജിത്തുമൊക്കെ. സീസണൽ ട്രെക്കിംഗ് സമയത്ത് അവരിവിടെ ഗൈഡായി സേവനം അനുഷ്ഠിക്കും.
വനം സംരക്ഷിക്കാൻ വനംവകുപ്പിനു മാത്രം സാധ്യമാവില്ലെന്നും വനത്തെ ഉള്ളറിയുന്ന ട്രൈബൽ സമുദായങ്ങളുടെ കൂടെ സഹകരണത്തോടെ വേണം മുന്നോട്ടുള്ള യാത്രയെന്നും അനുശാസിക്കുന്ന പങ്കാളിത്ത വനപരിപാലന പോളിസിയുടെ ഭാഗമായിട്ടാണ് ട്രൈബൽ സമുദായത്തിൽ നിന്നുള്ള ഈ ചെറുപ്പക്കാർ ഗൈഡ് ജോലികൾ ചെയ്തു വരുന്നത്. അതുമാത്രമല്ല, പരമ്പരാഗതമായ ജോലിയ്ക്കു പുറമെ അവർക്ക് മറ്റൊരു ഉപജീവനമാർഗം കൂടി ലഭിക്കുകയാണ്.
കാടിന്റെ ഓരോ വളവും തിരിവും അനക്കങ്ങളും അവർക്ക് മന:പാഠമായിരുന്നു. ഞങ്ങൾ ട്രെക്കിംഗ് ഷൂവിന്റെ ഗ്രിപ്പിൽ പാറകളിലൂടെ സാഹസികമായി താഴോട്ട് ഇറങ്ങുമ്പോൾ സാധാരണ ചെരിപ്പുമിട്ട് ഒരു വടിയുടെയും സഹായമില്ലാതെ പാറകളിലൂടെ കൂളായി നടന്ന് അവർ അത്ഭുതപ്പെടുത്തി.
പാറക്കൂട്ടങ്ങൾ നിറഞ്ഞ വഴികളിലൂടെയുള്ള തിരിച്ചിറക്കം ഏറെ ശ്രദ്ധ വേണ്ട ഒന്നായിരുന്നു. എന്നാൽ, കയറ്റത്തേക്കാൾ താരതമ്യേന എനിക്ക് എളുപ്പമായി തോന്നിയത് ഇറക്കമാണ്. അതേസമയം, രാധികയെ സംബന്ധിച്ച് തിരിച്ചായിരുന്നു അവസ്ഥ.
ചെരിഞ്ഞ പ്രതലങ്ങളോട് രാധികയ്ക്ക് ഉള്ളിലൊരു പേടിയും കിടന്നിരുന്നു. അതോടെ ഞങ്ങളുടെ തിരിച്ചിറക്കത്തിന്റെ വേഗത കുറഞ്ഞു. ഗാർഡിനൊപ്പം കാടിറങ്ങിയ ഗായത്രി അതിനകം തന്നെ ഞങ്ങൾക്ക് ഏറെ മുന്നിൽ എത്തിയിരുന്നു. അന്ന് മലയിറങ്ങുന്ന അവസാന സഞ്ചാരികളായിരുന്നു ഞാനും രാധികയും, 'കഥയിലെ ആമ പട്ടം' ഞങ്ങൾ ഇത്തവണയും ആർക്കും വിട്ടു കൊടുത്തില്ല.
ഇടയ്ക്ക് രാധികയുടെ കാൽപാദമൊന്നു ട്വിസ്റ്റായി. അതോടെ, തിരിച്ചിറക്കം ബുദ്ധിമുട്ടായി. ഒരിടത്തിരുന്ന് വിശ്രമിച്ച് കാലിൽ ബാമൊക്കെ പുരട്ടിയാണ് യാത്ര പുനരാരംഭിച്ചത്. നടക്കാൻ പഠിക്കുന്ന കുഞ്ഞുങ്ങളെ അമ്മമാർ നോക്കുന്നതുപോലെ, ഞങ്ങളുടെ ഓരോ കാൽവെപ്പിലും ശ്രദ്ധിച്ച് വീഴില്ലെന്ന് ഉറപ്പുവരുത്തി ശിവകുമാറും അജിത്തും കൂടെ നടന്നു.
അഗസ്ത്യർകൂടം യാത്ര നമുക്ക് തനിയെ പൂർത്തിയാക്കാനാവുന്ന ഒന്നല്ലെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. പ്രകൃതിയും മനുഷ്യനും കാടുമെല്ലാം ആ യാത്രയിൽ സഹായഹസ്തം നീട്ടും. തളർന്നു വീഴാറായപ്പോൾ ഒരത്ഭുതം പോലെയാണ് ഏഴുമടക്കിൽ വച്ച് മനോജിനെ കണ്ടത്, ഇന്നിതാ ശിവകുമാറും അജിത്തും.
തന്നെ കാണാനെത്തുന്നവരെല്ലാം സുരക്ഷിതരായി തിരിച്ചുപോവണമെന്ന് അഗസ്ത്യൻ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നി. നിർണായകമായ മുഹൂർത്തങ്ങളിലേക്ക്, കൃത്യമായ മനുഷ്യരെ ഇറക്കിവിട്ട്, അഗസ്ത്യൻ ഞങ്ങളെ അപകടങ്ങളിൽ നിന്നും സംരക്ഷിച്ചു പിടിക്കുകയാണെന്നു തോന്നി! അല്ലാതെ എങ്ങനെയാണ്, ഇനിയെന്തെന്ന് സംശയിച്ചു നിൽക്കുന്ന ഓരോ വളവിലും തിരിവിലും സഹായഹസ്തവുമായി മനുഷ്യർ പ്രത്യക്ഷപ്പെടുന്നത്!
ഒരർത്ഥത്തിൽ, ഒരു ചരിത്രത്തിലേക്കു കൂടിയായിരുന്നു എന്റെയും രാധികയുടെയും ആ മലകയറ്റം. അഗസ്ത്യ കൂടത്തിന്റെ ചരിത്രമെടുത്താൽ, ഇന്നോളം ആ മല കയറിയ സ്ത്രീകളുടെ എണ്ണം 2000ൽ താഴെയെ വരൂ! ഓരോ വർഷവും ഇതിൽ കൂടുതൽ പുരുഷന്മാർ അഗസ്ത്യകൂടം യാത്രയ്ക്ക് എത്തുമ്പോഴാണ് ഇതെന്നോർക്കണം. കേരളത്തിലെ സ്ത്രീകളുടെ ജനസംഖ്യ കണക്കുമായി ഒത്തു നോക്കുമ്പോഴും ഈ നമ്പർ എത്രയോ തുച്ഛമായ ശതമാനകണക്കാണ്. അഗസ്ത്യകൂടത്തിനു മാത്രം സമ്മാനിക്കാനാവുന്ന അനിർവചനീയമായ ആ യാത്രാനുഭവം അനുഭവിച്ചറിയാൻ കൂടുതൽ സ്ത്രീകൾ ഈ കാടു താണ്ടി വരട്ടെ എന്ന് ആഗ്രഹം തോന്നി.
തിരിച്ചു കാമ്പിൽ എത്തിയപ്പോൾ സഹയാത്രികർ ഹർഷോന്മാദത്തോടെ സ്വീകരിച്ചു. ഇന്നലത്തെ ആരോഗ്യസ്ഥിതി കണ്ടപ്പോൾ നിങ്ങൾ കേറില്ലെന്നാണ് തോന്നിയതെന്ന് ചിലർ കുശലം പറഞ്ഞു. കേറിയത് അഗസ്ത്യ കൂടമാണെങ്കിലും, ഹിമാലയം കീഴടക്കിയ സന്തോഷത്തിലായിരുന്നു ഞാൻ.
കാമ്പിൽ പുതുതായി എത്തിച്ചേർന്ന യാത്രികരിൽ പലരെയും പരിചയപ്പെട്ടു. സ്കൂൾകാലം മുതൽ ഒന്നിച്ചു പഠിച്ച നാലു സുഹൃത്തുക്കൾ, തമിഴ്നാട്ടിൽ നിന്നുമെത്തിയ ഒരമ്മയും അച്ഛനും മകളും, 20 തവണ അഗസ്ത്യകൂടം താണ്ടിയ മറ്റൊരു യാത്രികൻ... എല്ലാവരോടും മിണ്ടി, കാന്റീനിൽ പോയി വേണ്ടുവോളം കഞ്ഞികുടിച്ച് അന്ന് സുഖമായി ഇറങ്ങി.
മൂന്നാം ദിവസം
പിറ്റേന്ന് രാവിലെയെണീറ്റ് ബാഗെല്ലാം പാക്ക് ചെയ്ത് അഗസ്ത്യനോട് യാത്ര പറഞ്ഞ് ഞങ്ങൾ മലയിറങ്ങി. ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാതെ, കാടിന്റെ വന്യതയും സൗന്ദര്യയും ആസ്വദിച്ച് പ്രകൃതിയോട് അലിഞ്ഞു ജീവിച്ച ആ രണ്ടു ദിവസങ്ങൾ നൽകിയ പുതിയ ഉണർവ്വോടെയായിരുന്നു മലയിറക്കം.
മൂന്നാം ദിവസത്തെ യാത്രയിൽ, വഴിയിലെവിടെയോ വച്ച് കൊച്ചിക്കാരായ ബിവിനെയും ജ്യോതിഷിനെയും സഹയാത്രികരായി കിട്ടി. നല്ല ഫുഡിയായ ബിവിൻ തിരിച്ചിറങ്ങിയിട്ട് എവിടെ ബിരിയാണി കഴിക്കാൻ പറ്റുമെന്ന ആലോചനയിലായിരുന്നു. പതിനാറു കിലോമീറ്ററോളം നീണ്ട നടത്തം ഒരാനയെ തിന്നാനുള്ള വിശപ്പു തന്നെ ഞങ്ങളിൽ ഉണ്ടാക്കിയിരുന്നു.
ഞങ്ങൾ കാലുകൾ നീട്ടി വച്ചു നടന്നു. ലാത്തിമൊട്ടയിൽ എത്തിയപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. രണ്ടു കിലോമീറ്ററുകൾ കൂടി താണ്ടിയാൽ ഈ യാത്ര ഞങ്ങൾ വിജയകരമായി അവസാനിപ്പിക്കുകയാണ്. പക്ഷേ, ആ രണ്ടു കിലോമീറ്ററിനായിരുന്നു ഏറ്റവും നീളക്കൂടുതൽ അനുഭവപ്പെട്ടത്.
നീണ്ടൊരു ടണൽ യാത്രയ്ക്ക് ഒടുവിൽ പ്രകാശം കൺമുന്നിൽ തെളിയും പോലെയൊരു ഫീലായിരുന്നു ബോണക്കാട് പിക്കപ്പ് സ്റ്റേഷനിൽ തിരിച്ചെത്തിയപ്പോൾ അനുഭവപ്പെട്ടത്. കടന്നു വന്ന വഴികൾ ദുർഘടമായിരുന്നുവെങ്കിലും, വെല്ലുവിളികളെ അഭിമുഖീകരിച്ച് ശരീരം തളർന്നിരുന്നുവെങ്കിലും, സ്വപ്നം സഫലമായ സന്തോഷം മനസ്സിൽ നിറഞ്ഞു തന്നെ നിന്നു.
"ട്രെക്കിംഗിനു പോവാം?" എന്നൊക്കെ ഞാൻ പ്ലാനിട്ടു ചെല്ലുമ്പോൾ ഒട്ടും മൗണ്ടെയ്ൻ പ്രേമികളല്ലാത്ത അവരിൽ പലരും തിരിച്ചുചോദിക്കാറുണ്ട്, "എന്തിനാണ് ഈ കണ്ട മലയൊക്കെ കയറുന്നത്? ഇത്രമാത്രം കഷ്ടപ്പെട്ടു കയറിയിട്ട് എന്തു കാണാനാണ്?"
"മല കയറുന്നത്, സന്തോഷത്തോടെ തിരിച്ചിറങ്ങാനാണ്," എന്നു ഞാനെപ്പോഴും അവർക്ക് ഉത്തരമേകുമായിരുന്നു.
പക്ഷെ, ആരോഗ്യകാര്യത്തിൽ ആശങ്കയുള്ളപ്പോഴും എന്തിനായിരുന്നു ഈ അഗസ്ത്യാകൂടം യാത്ര എന്നു ആരെങ്കിലും ചോദിച്ചാൽ, "ഇത് ഞാൻ എനിക്ക് വേണ്ടി മാത്രം ചെയ്തതാണെന്ന്" പറയും. ഇടയിലെവിടെയോ വെച്ച് നഷ്ട്ടപെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുക്കാൻ, ഉള്ളിലെ ഇച്ഛാശക്തി ഇപ്പോഴും ജ്വലിക്കുന്നു എന്നു തിരിച്ചറിയാൻ, ജീവിതത്തിലെ മഹാസ്വപ്നമായ ഹിമാലയം യാത്രയിലേക്കുളള ദൂരം കുറക്കാൻ. അതിനു അഗസ്ത്യനെ കാണേണ്ടിയിരുന്നു. അല്ലെങ്കിലും, എത്രയെത്ര മലകൾ കയറിയാലാണ് ഒന്ന് ഹിമാലയം കയറാനാവുക!
മൂന്നു ദിവസം കൊണ്ട് 50 കിലോമീറ്ററോളം താണ്ടുന്ന ഈ ട്രെക്കിനിടയിൽ എന്റെയുള്ളിലെ കരുത്തും ഇച്ഛാശക്തിയും ഞാൻ വീണ്ടും തിരിച്ചറിയുമെന്ന് എനിക്കുറപ്പായിരുന്നു. സേഫ് സോണുകൾ വിട്ട് മഞ്ഞിനും മഴക്കും വെയിലിനും കൊടും തണുപ്പിനും കാടിന്റെ വന്യതക്കും കൊടുംകാറ്റിനും മുന്നിൽ മുഖമുഖം നിൽക്കുന്ന എന്നെ തന്നെ കാണാനാണ് ഞാനിറങ്ങി പുറപ്പെട്ടത്.
അല്ലെങ്കിലും, നമ്മുടെ ആഗ്രഹങ്ങളെ കുറിച്ച്, ശേഷിക്കുന്ന പദ്ധതികളെ കുറിച്ച്, ലക്ഷ്യങ്ങളെ കുറിച്ച് നമ്മളല്ലാതെ മറ്റാരാണ് നമ്മെ ഓർമപ്പെടുത്തി കൊണ്ടിരിക്കുക! കാട് കയറുന്നതിന്റെ കിക്ക് ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവർക്ക് കാടു വിളിക്കുമ്പോൾ പോവാതിരിക്കാനാവില്ലല്ലോ!
ആദ്യരണ്ടു ഭാഗങ്ങൾ ഇവിടെ വായിക്കാം:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.