scorecardresearch

അഗസ്ത്യകൂടം ട്രെക്കിംഗ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഒരു അനുഭവസ്ഥയുടെ വിവരണം

അഗസ്ത്യകൂടം ട്രെക്കിംഗിനിടെ വ്യാഴാഴ്ച ഒരു യാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു. എത്രത്തോളം റിസ്കിയാണ് അഗസ്ത്യകൂടം യാത്ര? എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

അഗസ്ത്യകൂടം ട്രെക്കിംഗിനിടെ വ്യാഴാഴ്ച ഒരു യാത്രികൻ ഹൃദയാഘാതം മൂലം മരിച്ചു. എത്രത്തോളം റിസ്കിയാണ് അഗസ്ത്യകൂടം യാത്ര? എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

author-image
Dhanya K Vilayil
New Update
Agasthyakoodam trek Essential tips

Planning Your Agasthyakoodam Trek? Here Are Crucial Tips You Need

'അഗസ്ത്യകൂടം ട്രെക്കിംഗിനിടെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ സ്വദേശി ആർ രമേശ് (55)  അന്തരിച്ചു,' എന്ന വാർത്ത വളരെ നടുക്കത്തോടെയാണ് കേട്ടത്. കൃത്യം 12 ദിവസങ്ങൾക്കു മുൻപ്  അഗസ്ത്യകൂടം കയറിയിറങ്ങിയ ഒരാളെന്ന രീതിയിൽ ആ വാർത്ത നൽകിയ നടുക്കം ചെറുതല്ല. വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തു, ട്രെക്കിംഗിന്റെ ആദ്യ ദിവസമാണ് രമേശ് എന്ന യാത്രികന് ദാരുണമായ മരണം സംഭവിച്ചത്. അതും ആദ്യദിവസ യാത്രയിലെ ഏറ്റവും റിസ്കിയായ പ്രദേശങ്ങളിലൊന്നായ മുട്ടിടിച്ചാൽതേരിക്ക് സമീപത്തുവച്ച്. അന്നത്തെ യാത്ര പൂർത്തിയാക്കി അതിരുമല ബേസ് ക്യാമ്പിൽ എത്താൻ രണ്ടു കിലോമീറ്റർ ദൂരം മാത്രം ശേഷിക്കവേ... ജീവിതത്തിലായാലും യാത്രയിലായാലും, ലക്ഷ്യത്തിലെത്തും മുൻപ് വിട പറയേണ്ടി വരുന്ന ഓരോ സഞ്ചാരിയും നോവാണ്. 

Advertisment

ഇത്രയേറെ റിസ്കിയാണോ അഗസ്ത്യകൂടം യാത്ര? എന്താണ് ഈ യാത്രയെ അപകടം നിറഞ്ഞതാക്കുന്ന ഘടകങ്ങൾ? എന്തൊക്കെ മുന്നൊരുക്കങ്ങളാണ് സ്വീകരിക്കേണ്ടത്? വിശദമായി നോക്കാം. 

അഗസ്ത്യകൂടം യാത്ര ഒറ്റനോട്ടത്തിൽ
കേരളത്തിലെ ഏറ്റവും ദുർഘടം പിടിച്ച ട്രെക്കിംഗുകളിൽ ഒന്നാണ് അഗസ്ത്യകൂടം ട്രെക്കിംഗ്. സമുദ്രനിരപ്പിൽനിന്ന്  6,129 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടത്തേക്കുള്ള യാത്ര ആരംഭിക്കുന്നത് തിരുവനന്തപുരത്തെ ബോണക്കാട് നിന്നുമാണ്. രണ്ടു മുതൽ മൂന്നു ദിവസം വരെ നീളുന്ന ഈ കാൽനടയാത്രയിൽ ഒരു യാത്രികൻ പിന്നിടുന്ന ദൂരം ഏതാണ്ട് 50 കിലോമീറ്ററിനടുത്താണ്.

ബോണക്കാട് പിക്കപ്പ് സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുക.  ഏതാണ്ട് 16 കിലോമീറ്ററോളം കൊടും കാടിനകത്തൂടെ നടന്നാൽ അതിരുമല ബെയ്സ് ക്യാമ്പിൽ ചെന്നെത്തും. രാത്രി കാടിനകത്തൂടെ യാത്ര ചെയ്യുക അപകടകരമായതിനാൽ ആദ്യദിനം അതിരുമലയിലെ ക്യാമ്പിൽ തങ്ങി പിറ്റേദിവസം വേണം അഗസ്ത്യകൂടം യാത്ര പുനരാരംഭിക്കാൻ. ആറു കിലോമീറ്റർ കയറ്റവും ആറു കിലോമീറ്റർ തിരിച്ചിറക്കവുമായി മൊത്തം 12 കിലോമീറ്ററാണ് രണ്ടാം ദിവസം പിന്നിടേണ്ടത്. രണ്ടാം ദിവസം, അഗസ്ത്യകൂടം കയറി നേരത്തെ തിരിച്ച് ബേസ് ക്യാമ്പിലെത്താനായാൽ, സഞ്ചാരികളുടെ  ആരോഗ്യസ്ഥിതി ഓകെയാണെങ്കിൽ, അന്നു തന്നെ തിരിച്ച് ബോണക്കാട് ബേസ് ക്യാമ്പിലേക്കുള്ള മടങ്ങാം. എന്നാൽ, രാത്രിയ്ക്കു മുൻപു കാടു താണ്ടാനുള്ള സമയവും സാവകാശവും ആരോഗ്യസ്ഥിതിയുമുണ്ടെങ്കിൽ മാത്രമേ രണ്ടാം ദിവസം തന്നെ തിരിച്ചിറങ്ങാനുള്ള അനുമതി ലഭിക്കൂ. അല്ലെങ്കിൽ ആ രാത്രി കൂടി ക്യാമ്പിൽ തങ്ങി, പിറ്റേ ദിവസം രാവിലെ മാത്രം തിരിച്ചിറങ്ങുക. 

അഗസ്ത്യകൂടം യാത്രയെ  അപകടകരമാക്കുന്നതെന്ത്?

Advertisment

"കഠിനമായ ടെറയ്ൻ കടന്നുവേണം അഗസ്ത്യകൂടത്തിൽ എത്താൻ. അതുകൊണ്ടു തന്നെ  ഫിസിക്കലി ഫിറ്റായിട്ടുള്ള, ഇത്തരത്തിലുള്ള  ഔട്ട് ഡോർ ആക്റ്റിവിറ്റികളൊക്കെ ചെയ്തു പരിചയമുള്ള ആളുകൾക്കു മാത്രമേ ഈ യാത്ര നടത്താനാവൂ. രജിസ്ട്രേഷൻ സമയത്ത് ഞങ്ങൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടാറുണ്ട്. ട്രെക്കിംഗിനു വേണ്ടി ഒരു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുക എന്ന ലാഘവത്തോടെ അതിനെ കാണരുത്. മെഡിക്കലി ഫിറ്റാണോ എന്ന കാര്യം ഉറപ്പുവരുത്തണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുന്നതിനൊപ്പം ബിപി പോലുള്ള കാര്യങ്ങളും പരിശോധിക്കുന്നത് യാത്രികരുടെ സുരക്ഷയ്ക്ക് നല്ലതാണ്. ചിലപ്പോൾ എന്തെങ്കിലും അസുഖത്തിനു മരുന്നു എടുക്കുന്ന ആളുകളുണ്ടാവും. ഇതൊക്കെ ഹൈഡ് ചെയ്ത് വച്ചിട്ടാവും പലരും ഡോക്ടറെ കണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത്. അങ്ങനെ ചെയ്യാൻ പാടില്ല. ഡോക്ടറോട് സത്യസന്ധമായി കാര്യങ്ങൾ പറയുക. ചിലപ്പോൾ ട്രെക്കിംഗിന്റെ ഭാഗമായി ചില മരുന്നുകൾ കൂടി അധികമായി കരുതാൻ ഡോക്ടർമാർ പറയും. നമ്മുടെ ആരോഗ്യത്തെ കുറിച്ച് സത്യസന്ധമായി വിലയിരുത്തി മാത്രം യാത്ര പോവുക, അല്ലാതെ ഒരു പാസ് കിട്ടി എന്നതുകൊണ്ടുമാത്രം അഗസ്ത്യകൂടം കയറിയിറങ്ങാം എന്നു കരുതരുത്. യാത്രയ്ക്ക് മുൻപു തന്നെ അത്യാവശ്യം നടന്നും സ്റ്റെപ്പ് കയറിയുമൊക്കെ ശരീരത്തെ ഫിറ്റാക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ തുടർച്ചയായുള്ള മണിക്കൂറുകൾ നീണ്ട നടപ്പ് മസ്സിൽ കോൺട്രാക്ഷൻ ഒക്കെയുണ്ടാവാൻ കാരണമാവും. "  ഫോറസ്റ്റ് വാർഡനായ സുരേഷ് കുമാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. 

"അഗസ്ത്യകൂടം ട്രെക്കിംഗിനിടെ സംഭവിച്ചിട്ടുള്ള മരണങ്ങളിൽ ഏറെയും ഹൃദയാഘാതം മൂലമുള്ളതാണ്. ഉയരത്തിലേക്ക് പോവുന്തോറും പ്രഷർ വേരിയേഷൻ ഉണ്ടാവും. ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജൻ്റെ ലഭ്യത കുറയുന്നു. അതാണ് ഹൈ ആൾട്ടിറ്റിയൂഡിലേക്ക് പോവുമ്പോഴേക്കും പലർക്കും മൂക്കിലൂടെ രക്തമൊക്കെ വരുന്നത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെങ്കിൽ അൽപ്പനേരം വിശ്രമിച്ച് ചെറിയ ബ്രീത്തിംഗ് വ്യായാമങ്ങൾ ചെയ്തു മാത്രം തുടരുക. കോവിഡിനു ശേഷം പലരുടെയും ശ്വാസകോശത്തിന്റെയൊക്കെ കപ്പാസിറ്റി കുറഞ്ഞ അവസ്ഥയുണ്ട്. അതുകൂടി കണക്കിലെടുത്തുവേണം യാത്ര," സുരേഷ് കുമാർ ഓർമിപ്പിച്ചു. 

ഉയരത്തിലേക്ക് പോവുമ്പോൾ വേഗത്തിൽ കയറാൻ ശ്രമിക്കരുത്. വേഗത കുറയ്ക്കുക. തലവേദന, ഓക്കാനം, ബലഹീനത, വിശപ്പില്ലായ്മ തുടങ്ങിയവയൊക്കെ ആൾട്ടിറ്റ്യൂഡ് സിക്ക്‌നെസിന്റെ ലക്ഷണങ്ങൾ ആണ്. നടക്കുമ്പോഴും തുടർച്ചയായി നടക്കാതെ, വല്ലാതെ തളരുന്നു എന്നു തോന്നുമ്പോൾ അൽപ്പം റെസ്റ്റ് എടുത്തിട്ട് യാത്ര തുടരുക. 

ഡി ഹൈഡ്രേഷനും സൂര്യാതപവും വരാതെ നോക്കുക

ഉയരത്തിലേക്കു പോവുമ്പോൾ ശരിയായി ജലാംശം നിലനിർത്തുക. നിർജ്ജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. കാരണം നിർജ്ജലീകരണം പേശീവലിവിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നീണ്ട ട്രെക്കിംഗുകളിൽ ഇടയ്ക്ക്  ഇടവേള എടുക്കുകയും ചെയ്യുക, അല്ലെങ്കിൽ പേശികൾ ക്ഷീണിച്ചേക്കാം. ആവശ്യത്തിനു വെള്ളവും ഡി ഹൈഡ്രേഷൻ കുറയ്ക്കാനുള്ള പൊടികളും കരുതാൻ ശ്രമിക്കുക. തൽക്ഷണ ഊർജ്ജത്തിനായി, ഗ്ലൂക്കോസ് പൗഡറോ എനർജി ഡ്രിങ്കുകളോ ചോക്ലേറ്റുകളോ കരുതുക.  

അഗസ്ത്യകൂടം പാതയിൽ വലിയ രീതിയിൽ സൂര്യാതപവും ഡിഹൈഡ്രേഷനും സംഭവിക്കാൻ സാധ്യതയുള്ള ഒരിടം പുൽമേടാണ്. ഈ ഭാഗത്ത് പ്രകൃതിദത്തമായ ജല സ്രോതസുകളും കുറവാണ്. അതിനാൽ അവിടെ എത്തും മുൻപ് അട്ടയാറിൽ നിന്നു തന്നെ ആവശ്യത്തിനു വെള്ളം വാട്ടർ ബോട്ടിലിൽ കരുതണം. സൺ സ്ക്രീം, ലോഷൻ പോലുള്ളവ പുരട്ടുന്നതും തൊപ്പി ഉപയോഗിക്കുന്നതുമെല്ലാം സൂര്യരശ്മികളിൽ നിന്നും സംരക്ഷണമേകാൻ സഹായിക്കും. സൂര്യാഘാതം തടയാനുള്ള ഏറ്റവും നല്ല മാർഗം കഴിയുന്നത്ര ശരീരം മറയ്ക്കുക എന്നതാണ്: തൊപ്പി ധരിക്കുക, മുഖവും കഴുത്തും മറയ്ക്കാൻ സ്കാർഫുകൾ ഉപയോഗിക്കുക, ഫുൾകൈയുള്ള ഷർട്ടും പാൻ്റും ഉപയോഗിക്കുക എന്നിവയൊക്കെ ഫലപ്രദമായ മാർഗ്ഗങ്ങളാണ്.

കാലിലെ കുമിളകൾ

ട്രെക്കിംഗുകളിൽ പൊതുവെ കാണുന്ന ഏറ്റവും സാധാരണമായ പരിക്കാണ് കാലിലെ കുമിളകൾ (blisters). ശരിയായ ട്രെക്കിംഗ് ഷൂവും സോക്സുമല്ല നിങ്ങൾ ധരിക്കുന്നതെങ്കിൽ മണിക്കൂറുകൾ  നീണ്ട നടത്തം കാലുകളിൽ കുമിളകൾ പ്രത്യക്ഷപ്പെടാൻ കാരണമാവും. കാലുകൾ എപ്പോഴും നനഞ്ഞിരുന്നാലും കുമിളകൾ ഉണ്ടാവാനുള്ള സാധ്യതയേറും.  അതിനാൽ, നിങ്ങളുടെ കാലുകൾക്ക് യോജിക്കുന്നതും ശരിയായ അളവിലുമുള്ള ട്രെക്കിംഗ് ഷൂ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഷൂ അധികം ഇറുകിയതോ അയഞ്ഞതോ ആവരുത്. വഴുതിപ്പോകാതിരിക്കാൻ നല്ല ഗ്രിപ്പുള്ള ട്രെക്കിംഗ് ഷൂ തന്നെ തിരഞ്ഞെടുക്കുക. 

പുതിയ ഷൂ വാങ്ങി ട്രെക്കിംഗ് ദിവസം ഉദ്ഘാടനം ചെയ്യാം എന്നു പ്ലാൻ ചെയ്യുന്നവരുണ്ടാവും. എന്നാൽ അത് മണ്ടത്തരമാണ്. ട്രെക്കിംഗിന് പോവും മുൻപു, ഷൂ ധരിച്ചു നോക്കി അതിന്റെ ലെതറും കെവ്‌ലറും മൃദുവാകുന്നതുവരെ ഉപയോഗിച്ച് കാലുമായി സെറ്റാവാനുള്ള സമയം നൽകുക. കാലിലെ ഈർപ്പം നന്നായി വലിച്ചെടുക്കുന്ന നല്ല സോക്സുകൾ ഉപയോഗിക്കുക. ഈർപ്പം പാദങ്ങളുടെ വലിയ ശത്രുവാണ്. സോക്സുകൾ നനഞ്ഞാൽ അതു മാറാനായി കുറഞ്ഞത് 2 സ്പെയർ സോക്സുകളെങ്കിലും കയ്യിൽ  കരുതുക. 

ട്രെക്കിംഗിനിടയിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ പൊട്ടിക്കാമോ എന്നു പലർക്കും സംശയമുണ്ടാവും. കുമിള ചെറുതും നടക്കുമ്പോൾ വലിയ തടസ്സവും ഉണ്ടാക്കുന്നില്ലെങ്കിൽ അത് പൊട്ടിക്കേണ്ടതില്ല, അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി ഒരു ബാൻഡേജ് ഉപയോഗിച്ച് പൊതിയുക.  അതല്ല, കുമിള വലുതാണെങ്കിൽ, അവ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ ഒരു പിൻ എടുത്ത് അണുവിമുക്തമാക്കി അതുപയോഗിച്ച് കുമിള പൊട്ടിക്കാം. സാനിറ്റൈസർ വൈപ്പുകൾ ഉപയോഗിച്ച് ഇത് ചെയ്യാം. കുമിളയിൽ മൃദുവായി കുത്തുക, പഴുപ്പ് പുറത്തു കളയുക. ഡെറ്റോളോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കഴുകുക. ശേഷം ബാൻഡേജ് ഒട്ടിക്കുക. 

കണങ്കാൽ ട്വിസ്റ്റ്/ ഉളുക്ക്
കാലുകളിലെയും തുടകളിലെയും പേശികളിൽ വലിയ രീതിയിൽ സമ്മർദ്ദം ഏൽപ്പിക്കുന്ന ഒന്നാണ് ദുർഘടമായ പാതകളിലൂടെയുള്ള നടത്തം. ഇത്തരം സമ്മർദ്ദങ്ങൾ വച്ചുള്ള കയറ്റവും ഇറക്കവും വളരെ വേദനാജനകമാണ്. മലനിരകളിലെ ഏറ്റവും സാധാരണമായ പരിക്കുകളിലൊന്നാണ് കണങ്കാലിനും കാൽമുട്ടിനും ഉളുക്ക് സംഭവിക്കുന്നത്. ഉളുക്കു വീണാൽ നടത്തം ബുദ്ധിമുട്ടിലാവും. അതിനാൽ പരമാവധി ഉളുക്കു വീഴാതെ നോക്കുക. നല്ല ഗ്രിപ്പുള്ള, കണങ്കാൽ പിന്തുണ നൽകുന്ന ഹൈക്കിംഗ് ബൂട്ടുകൾ സഹായകരമാണ്. സമമല്ലാത്ത പ്രതലത്തിലൂടെ സഞ്ചരിക്കുമ്പോൾ  ജാഗ്രത പാലിക്കുക. വഴുവഴുപ്പുള്ള പ്രതലങ്ങളിൽ ശ്രദ്ധയോടെ നടക്കുക. സപ്പോർട്ടിനായി  വാക്കിംഗ് സ്റ്റിക്കുകളോ വടിയോ ഉപയോഗിക്കുക. 

മുട്ടിലോ കണങ്കാലിലോ വേദന അനുഭവപ്പെടുകയോ പരിക്കുകൾക്ക് കൂടുതൽ സാധ്യതയുള്ളവരോ ആണെങ്കിൽ കാൽമുണ്ടുകളുടെ ഡാമേജ് കുറയ്ക്കാൻ നീ കാപ്പ് ഉപയോഗിക്കുന്നതും ഫലപ്രദമാണ്.  ഒരു പാറയിൽ നിന്നും മറ്റൊരു പാറയിലേക്ക് ചാടേണ്ട അവസ്ഥകളൊക്കെ വരുമ്പോൾ ലാൻഡിംഗ് സ്പോട്ട് വിശകലനം ചെയ്ത ശേഷം ശ്രദ്ധാപൂർവ്വം ചാടുക,  അല്ലെങ്കിൽ കാലെടുത്തുവയ്ക്കുക. ട്രെക്കിംഗിനിടെ ഇടയ്ക്ക് വിശ്രമിക്കുക, കൈകാലുകൾ സ്ട്രെച്ച് ചെയ്യുക. ഇത് സന്ധികളെ ചൂടാക്കുകയും വഴക്കമുള്ളതുമായി നിലനിർത്തുകയും  ലിഗമെൻ്റുകളും ടെൻഡോണുകളും സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും.

 "അഗസ്ത്യകൂടം പാതയിലെ ഏഴുമടക്ക്, മുട്ടിടിച്ചാൽതേരി പോലുള്ള പ്രദേശങ്ങൾ താണ്ടുമ്പോൾ എത്ര ആരോഗ്യവാനായ ആളാണെങ്കിലും കാലിന്റെ മസിലിനൊക്കെ  നല്ല വേദന വരും. അതിനാൽ മാസങ്ങൾക്കു മുൻപു തന്നെ നന്നായി വ്യായാമം ചെയ്തും നടന്നും സ്റ്റെപ്പുകൾ കയറിയുമൊക്കെ  മുന്നൊരുക്കം നടത്താനും നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കാനും ശ്രമിക്കണം,"  സുരേഷ് കുമാർ കൂട്ടിച്ചേർത്തു.   

ഇനി ഉളുക്കു വീണാൽ, ആദ്യം ചെയ്യേണ്ടത് നടത്തം താൽക്കാലികമായി നിർത്തിപാദത്തിന് വിശ്രമം നൽകുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സാധാരണഗതിയിൽ അൽപ്പസമയം വിശ്രമിച്ചാൽ  കാലിന്റെ സമ്മർദ്ദം കുറയും. എന്നാൽ ഉളുക്ക് ഗുരുതരമാണെങ്കിൽ വൈദ്യസഹായം ആവശ്യമായി വരാം. 

പനി, ജലദോഷം, മറ്റു ആരോഗ്യപ്രശ്നങ്ങൾ

മഴ, വെയിൽ, കാറ്റ്, തണുപ്പ് തുടങ്ങി പലവിധ കാലാവസ്ഥാ മാറ്റങ്ങൾ ഒരൊറ്റ യാത്രയിൽ തന്നെ യാത്രികർ അനുഭവിക്കുന്ന ഒരിടമാണ് അഗസ്ത്യകൂടം. മഴക്കാടുകൾ ഉള്ളതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പോലും കാടിനകത്ത് നല്ല മഴ ലഭിക്കും. അതിനാൽ റെയിൻ കോട്ട് കരുതാൻ മറക്കാതിരിക്കുക. മഴയും താഴ്ന്ന താപനിലയുമൊക്കെ യാത്രികർക്ക് എളുപ്പത്തിൽ പനിയും ജലദോഷവുമെല്ലാം പിടിക്കാൻ കാരണമാവും. അതിനാൽ ഫസ്റ്റ് എയ്ഡ് ബോക്സിൽ പനിയ്ക്കും ജലദോഷത്തിനുമെല്ലാമുള്ള മരുന്നുകൾ കരുതാം.  

ട്രെക്കിംഗിനിടെ എന്തെങ്കിലും പരുക്കോ അപകടമോ പറ്റിയാൽ ഒരു ഡോക്ടറെയോ ആശുപത്രിയെയോ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.  ട്രെക്കിംഗിനിടെ സംഭവിക്കാവുന്ന ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാൻ മുൻകൂട്ടി പരിശീലനം നേടുക എന്നതാണ് ബുദ്ധിപരമായ മാർഗം. ഫസ്റ്റ് എയ്ഡ് ബോക്സിൽ അത്യാവശ്യം വേണ്ട മരുന്നുകൾ കരുതാൻ മറക്കാതിരിക്കുക. 

കാലാവസ്ഥാ വ്യതിയാനങ്ങളും പതിവു ഭക്ഷണശീലങ്ങളിൽ നിന്നുള്ള മാറ്റവും കഠിനമായ ശാരീരിക അധ്വാനവുമൊക്കെ പലരിലും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. അവ സർവ്വ സാധാരണമാണ്. ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നത് മലബന്ധത്തെ മറികടക്കാൻ സഹായിക്കും. 

മിക്ക ട്രെക്കിംഗ് ഏരിയകളിലും അട്ടകൾ  സാധാരണമാണ്, പ്രത്യേകിച്ച് മഴക്കാലത്തും കാട്ടരുവികൾ ഒഴുകുന്ന വഴികളിലുമെല്ലാം. ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കും എന്നതിനപ്പുറം അട്ടകളെ കൊണ്ട് മറ്റു ശാരീരിക പ്രശ്നങ്ങളൊന്നുമില്ല. അട്ടകളെ അടർത്താൻ ഉപ്പോ, സാനിറ്റൈസറോ ഉപയോഗിക്കാം. അട്ട കടിച്ച ഭാഗം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി ആൻ്റിസെപ്റ്റിക്സ് ലോഷൻ പുരട്ടാം. 

കാടിനകത്തു കൂടെയാണ് യാത്ര എന്നതിനാൽ വന്യമൃഗങ്ങളെ കാണാനുള്ള സാധ്യതകളും ഏറെയാണ്. കാട്ടിൽ  ബഹളമുണ്ടാക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വന്യമൃഗങ്ങളെ കണ്ടാൽ അവയെ ശബ്ദമുണ്ടാക്കി  പ്രകോപ്പിക്കാതിരിക്കുക.  

ട്രെക്കിംഗ് പൂർത്തിയാക്കി തിരിച്ചെത്തിയാലും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ശാരീരിക അസ്വസ്ഥതകളും വേദനകളുമെല്ലാം അനുഭവപ്പെടാം. കാൽമുട്ടുകളിലെയും കാൽ വിരലുകളിലെയും വേദന, നീര്, കൈകാലുകളിലെ മരവിപ്പ്, പനി, തലവേദന, കഠിനമായ ശരീരവേദന - ഇതൊക്കെ ട്രെക്കിംഗിനു ശേഷം പലരിലും അനുഭവപ്പെടുന്ന ശാരീരിക പ്രശ്നങ്ങളാണ്. നീരും കാലുകളിൽ വേദനയുമൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചൂടുവെള്ളത്തിൽ ഉപ്പിട്ട് അതിൽ കാൽ മുക്കി വയ്ക്കുന്നതും കുളിക്കുന്നതുമൊക്കെ ആശ്വാസം പകരും. നന്നായി ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങാനും വിശ്രമിക്കാനും ശ്രമിക്കണം. നിങ്ങൾ ശരീരത്തിനു കൊടുത്ത വെല്ലുവിളികളെയും സമ്മർദ്ദങ്ങളെയുമെല്ലാം അതിജീവിച്ച് ശരീരത്തിന് സ്വയം ഹീൽ ചെയ്യാൻ അൽപ്പദിവസങ്ങൾ ആവശ്യമാണ്. ഇക്കാര്യം കൂടി മുൻകൂട്ടി കണ്ടുവേണം യാത്രകൾ പ്ലാൻ ചെയ്യാൻ.

ഏതു സാഹസിക യാത്രയും വിജയമാകുന്നത്, അപകടങ്ങളോ പരുക്കുകളോ കൂടാതെ അതു പൂർത്തിയാക്കുമ്പോഴാണ്. ആഗ്രഹം മാത്രം പോരാ, അൽപ്പം മുന്നൊരുക്കം കൂടി ആവശ്യമായ ഒന്നാണ് അഗസ്ത്യകൂടം ട്രെക്കിംഗ്. 

Read More Stories About Agasthyakoodam Trekking

Health Tips Travel safe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: