/indian-express-malayalam/media/media_files/TSBlVnvKLapFExCTL8wQ.jpg)
അഗസ്ത്യകൂടം യാത്രാവിവരണം
2019 മുതലിങ്ങോട്ട് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു മോഹമായിരുന്നു അഗസ്ത്യകൂടം കയറണമെന്നത്. എന്നാൽ കഴിഞ്ഞ ഒന്നു രണ്ടുവർഷമായി ആ സ്വപ്നത്തോടും മുഖം തിരിച്ചിരിക്കുകയായിരുന്നു ഞാൻ. മറ്റൊന്നും കൊണ്ടല്ല, അഗസ്ത്യകൂടമെന്ന സ്വപ്നം കണ്ടു തുടങ്ങിയ കാലത്ത് ഏതു മലമുകളിലേക്കും അനായാസമായി കയറി ചെല്ലാവുന്നത്ര ഫിസിക്കൽ ഫിറ്റ്നസ്സും ആത്മവിശ്വാസവും കൈമുതലായിട്ടുണ്ടായിരുന്നു. എന്നാൽ ലോകം മൊത്തം കീഴ്മേൽ മറിച്ചുകൊണ്ട് എത്തിയ കോവിഡ് എടുത്തു കളഞ്ഞത് ആ ആത്മവിശ്വാസത്തെയാണ്.
ജീവിതത്തെ കോവിഡിനു മുൻപും ശേഷവും എന്ന രീതിയിൽ തന്നെ കൃത്യമായി വിഭജിക്കാമെന്നു തോന്നാറുണ്ട്. കഴിയാവുന്നത്രയും യാത്രകൾ ചെയ്യാനും എപ്പോഴും ഓടി നടക്കാനും ശീലിച്ചൊരാളെ ആദ്യമായി തുറുങ്കിൽ അടച്ച കാലമായിരുന്നു കോവിഡ് ലോക്ക്ഡൗൺ. ലോകം വീടിനകത്തേക്കും കമ്പ്യൂട്ടറിനു മുന്നിലുമായി ഒതുങ്ങിപ്പോയ മാസങ്ങൾ...
മുടങ്ങാതെ ചെയ്തിരുന്ന വർക്കൗട്ടുകൾ മുടങ്ങി. ഒന്നു രണ്ടു സ്റ്റെപ്പ് കയറേണ്ടി വരുമ്പോഴേക്കും കിതച്ച് അവശയാവാൻ തുടങ്ങി. തിരക്കുപിടിച്ച ജോലിയും ലൈഫ് സ്റ്റൈലും കൂടിയായപ്പോൾ ആരോഗ്യം ബാക്ക് സീറ്റിൽ ഇടം പിടിച്ചു. അമിതമായ ശരീര അധ്വാനം വേണ്ട എല്ലാത്തിനോടും നോ പറഞ്ഞുകൊണ്ടേയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട യാത്ര, ട്രെക്കിംഗ് - അക്കാര്യങ്ങളെ കുറിച്ചൊന്നും ഓർക്കാതെയായി.
ഈ വർഷത്തെ അഗസ്ത്യകൂടം ട്രെക്കിംഗിനുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്ന് 'എന്റെ ട്രെക്കിംഗ് മോഹം' അറിയുന്ന സുഹൃത്ത് വിളിച്ചു അറിയിച്ചപ്പോഴും അത്ര കാര്യമായെടുത്തില്ല. "ഞാൻ ഫിറ്റ് ആണെന്ന് തോന്നുന്നില്ല. ഈ വർഷം നന്നായി ആരോഗ്യം നോക്കി അടുത്തവർഷം പോവാം" എന്നു പറഞ്ഞു. പക്ഷേ, പറഞ്ഞുകഴിഞ്ഞപ്പോൾ ഉള്ളിലെവിടെയൊ നിരാശ തോന്നി.
രണ്ടു ദിവസം കഴിഞ്ഞില്ല, കൂട്ടുകാരി രാധികയും വിളിച്ചു. "നമുക്ക് ഇത്തവണ അഗസ്ത്യകൂടം പോയാലോ?". "അടുത്ത തവണയാവട്ടെ," എന്ന മറുപടിയിൽ അവളെയും മടക്കി. സത്യത്തിൽ, ആഗ്രഹമില്ലായ്മ അല്ലായിരുന്നു ആ മറുപടികൾക്കൊന്നും പിറകിൽ. റിസ്ക് എടുക്കാനുള്ള പേടിയായിരുന്നു പിന്നോട്ട് വലിച്ചത്. കേരളത്തിലെ ഏറ്റവും റിസ്ക്കിയായ ട്രെക്കിംഗുകളിൽ ഒന്നാണ് അഗസ്ത്യകൂടം യാത്ര. നല്ല മുന്നൊരുക്കത്തോടെ മാത്രം സമീപിക്കേണ്ട ഒന്ന്.
പക്ഷെ, തീവ്രമായ ചില ആഗ്രഹങ്ങളെ നമുക്ക് അങ്ങനെ കണ്ടില്ലെന്നു നടിക്കാൻ ആവില്ലല്ലോ. നമ്മൾ തേടി ചെന്നില്ലെങ്കിലും, ആ സ്വപ്നങ്ങൾ നമ്മളെ പിൻതുടർന്നു കൊണ്ടേയിരിക്കും. പിന്നീടങ്ങോട്ട് കണ്മുന്നിൽ കാണുന്നതെല്ലാം അഗസ്ത്യകൂടവുമായി ബന്ധപ്പെട്ട വിശേഷങ്ങളും വാർത്തകളും റീലുകളുമായിരുന്നു. ഇടയ്ക്ക് അഗസ്ത്യകൂടം ട്രെക്കിംഗുമായി ബന്ധപ്പെട്ടൊരു വാർത്ത തയ്യാറാക്കേണ്ടിയും വന്നു. അതോടെ എന്റെ ഇൻസ്റ്റ അൽഗോരിതത്തിൽ അഗസ്ത്യൻ മാത്രമായി.
ഒടുവിൽ ജനുവരി 18ലെ ആ നട്ടുച്ചക്ക്, 'ഉണ്ടു കൊണ്ടിരിക്കെ നായർക്കൊരു ഉൾവിളി തോന്നി' എന്നു പറയും പോലെ, എന്റെ ഉള്ളിൽ നിന്നൊരുത്തി സട കുടഞ്ഞെഴുന്നേറ്റു, "ഞാൻ അഗസ്ത്യകൂടം പോവുന്നു!".
അഗസ്ത്യൻ വിളിച്ചതാണോ? അറിയില്ല!
ഉടനെതന്നെ, രാധികയെ വിളിച്ചു, "അന്ന് പറഞ്ഞതെല്ലാം മായ്‌ച്ചേക്ക്. എന്ത് സംഭവിച്ചാലും വേണ്ടിയില്ല, നമ്മൾ ഇത്തവണ അഗസ്ത്യകൂടം കയറുന്നു."
പെട്ടെന്നുള്ള എന്റെ ഉത്സാഹം കണ്ട് അവളൊന്നു സംശയിച്ചു, "ആർ യു ഷുവർ? ആലോചിച്ചിട്ടാണോ? അത്രയും ദൂരം നടന്നെത്താൻ പറ്റുമോ?" ആശ്ചര്യത്തോടെ അവൾ തിരക്കി.
"പറ്റും!" എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിന് ഞാൻ ഉറപ്പു കൊടുത്തു.
അപ്പോഴേക്കും ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം കഴിഞ്ഞിരുന്നു. ഓഫ് ലൈനായി അപേക്ഷിച്ചാൽ സ്ലോട്ട് കിട്ടുമോ എന്നൊന്നും ഉറപ്പില്ല താനും. പക്ഷേ എന്തുവന്നാലും, എങ്ങനെയായാലും, ഇത്തവണ പോവുമെന്ന് മനസ്സു ഉറപ്പിച്ചിരുന്നു. ഓഫ് ലൈനായി പാസ്സ് ലഭിക്കാനുള്ള കാര്യങ്ങളൊക്കെ അന്നു തന്നെ ചെയ്തു തുടങ്ങി. എനിക്കും രാധികയ്ക്കും സൗകര്യപ്രദമായ രണ്ടു ഡേറ്റുകളും തീരുമാനിച്ചു. പാസ്സ് ലഭിക്കുമോ എന്നതിനേക്കാൾ എന്റെ ശ്രദ്ധ, യാത്രയ്ക്കു മുൻപെ കുറച്ചുകൂടി ഫിസിക്കലി ഫിറ്റാവുക എന്നതിലായിരുന്നു.
ജനുവരി 18 മുതൽ ഫെബ്രുവരി ആദ്യ ആഴ്ച, അല്ലെങ്കിൽ രണ്ടാമത്തെ ആഴ്ച വരെ- യാത്രയ്ക്ക് മുൻപൊന്നു ഒരുങ്ങാൻ കഷ്ടിച്ച് ഒരു മാസം കിട്ടിയാൽ ആയി. പക്ഷേ സാരമില്ല, അതിനകത്തു എന്തൊക്കെ ചെയ്യാം? എങ്ങനെ സ്റ്റാമിന കൂട്ടാം? ആലോചനകൾ എനിക്കും മുന്നെ കാടു കയറി തുടങ്ങി.
അന്നു മുതൽ എല്ലാ ദിവസവും വൈകിട്ട് 8000 മുതൽ 10000 സ്റ്റൈപ്പ് എന്ന കണക്കിൽ നടത്തം തുടങ്ങി. ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നത് എത്ര വൈകിയിട്ടാണെലും നടത്തം മുടക്കിയില്ല. ഡയറ്റ് കൺട്രോളൊക്കെ വിട്ട്, ബാലൻസ്ഡ് ഡയറ്റിലേക്ക് തിരിഞ്ഞു. ശാരീരികമായ മുന്നൊരുക്കങ്ങൾ അങ്ങനെ ഒരു ഭാഗത്തു പുരോഗമിക്കുന്നതിനിടയിൽ, മനോരമയിലെ ശ്രീദേവി ചേച്ചിയാണ് വൈൾഡ് ലൈഫ് വാർഡൻ സുരേഷ് ബാബു സാറിനെ കണക്റ്റ് ചെയ്തു തന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെ ട്രെക്കിംഗിനുള്ള അനുമതി നേടിയെടുത്തു. ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ! അതായിരുന്നു ഞങ്ങൾക്ക് അനുവദിച്ചു കിട്ടിയ സ്ലോട്ട്.
അഗസ്ത്യനും ഞാനും
എന്റെ ജീവിതത്തിലേക്ക് അഗസ്ത്യൻ കടന്നു വരുന്നത് മധുസൂദനൻ നായരുടെ ശബ്ദത്തിലൂടെയാണ്. സ്കൂൾ കാലത്താണ്, ഉച്ച ഭക്ഷണം കഴിച്ച് മയക്കത്തിലേക്കു വീണു പോവുമ്പോൾ അയൽപ്പക്കത്തെ വീട്ടിൽ നിന്നും ടേപ്പ് റെക്കോർഡറിൽ ഒഴുകി വന്ന 'അഗസ്ത്യഹൃദയം'...
"രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുമ്പേ കനൽകാട് താണ്ടാം
നോവിന്റെ ശൂല മുന മുകളിൽ കരേറാം
നാരായ ബിന്ദുവിൽ അഗസ്ത്യനെ കാണാം..."
കവിതകൾ കേൾക്കാനും പാടാനുമൊക്കെ ഏറെ ഇഷ്ട്ടമുള്ള അയൽക്കാരൻ പ്രദീപ് ഏട്ടനായിരുന്നു അതിനു പിന്നിൽ. പ്രദീപ് കുമാർ സിപി, ഇപ്പോൾ മലപ്പുറം എസ് പി സിയിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ (എഡിഎൻഒ) ആയി ജോലി ചെയ്യുന്നു. പ്രദീപേട്ടൻ പള്ളിക്കുത്ത് വീട്ടിൽ ഉണ്ടെങ്കിൽ ഒഎൻവിയും മധുസൂദനൻ നായരുമൊക്കെ രാവും പകലുമില്ലാതെ കവിതകൾ പാടികൊണ്ടേയിരിക്കും. അതു കേൾക്കുമ്പോഴേ അമ്മ പറയും, "പ്രദീപ് വന്നിട്ടുണ്ടെന്നു തോന്നുന്നു."
കുട്ടികാലത്തെ കുറിച്ചുള്ള ഏറ്റവും ശാന്തസുന്ദരമായൊരു ഓർമയാണത്. ഒഴുകിവരുന്ന 'അഗസ്ത്യഹൃദയം' കേട്ടു വീടിന്റെ സമാധാനത്തിൽ, ആശങ്കകളോ വേവലാതികളോ ഇല്ലാതെ നേരിയ മയക്കത്തിലേക്കു വീണുപോവുന്ന ആ എന്നെ എനിക്കിപ്പോഴും കാണാം!
അന്ന് നടന്നു തുടങ്ങിയതാണ് അഗസ്ത്യൻറെ കൂടെ. ഇപ്പോഴും, ജോലി ചെയ്തു മടുക്കുമ്പോഴും വല്ലാതെ യാന്ത്രികമായി പോവുമ്പോഴുമൊക്കെ ഹെഡ്‍ഫോൺ ചെവിയിൽ തിരുകി 'അഗസ്ത്യഹൃദയം' കേൾക്കുന്നൊരു ഞാനുണ്ട്. ഏറ്റവും പ്രിയപ്പെട്ട തെറാപ്പികളിൽ ഒന്നാണത്. ആ വരികൾക്കൊപ്പം ഞാനുമൊരു മല കയറുകയാണെന്നു തോന്നും. ഏറ്റവും കഠിനമായ വഴികൾ താണ്ടി വെളിച്ചത്തിലേക്കും പ്രത്യാശയിലേക്കും കൂടണയുന്നതു പോലൊരു അനുഭൂതി.
അഗസ്ത്യകൂടം ട്രെക്കിംഗിനെ കുറിച്ചൊക്കെ വീണ്ടും വർഷങ്ങൾ കഴിഞ്ഞാണ് കേൾക്കുന്നത്. കൂടുതൽ മനസ്സിലാക്കിയപ്പോൾ, പുരുഷന്മാർക്കു മാത്രം ചെന്നെത്താൻ അനുവാദമുള്ളൊരു ലോകമാണതെന്നു മനസ്സിലായി. 'ഞങ്ങൾ താണ്ടിയ/ ഞങ്ങൾക്കു മാത്രം താണ്ടാനാവുന്ന അഗസ്ത്യകൂടം' എന്ന ഗർവ്വോടെ പല പുരുഷസുഹൃത്തുക്കളും സാഹസിക കഥകളുടെ കെട്ടഴിച്ചു.
അഗസ്ത്യനോടെനിക്കുള്ള ഇഷ്ടമൊന്നും തിരിച്ച് കക്ഷിയ്ക്ക് സ്ത്രീജനങ്ങളോടില്ല എന്നു തോന്നിയതിനാലാവാം ട്രെക്കിംഗ് മോഹമൊന്നും അന്നു മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നാൽ, 2019ൽ അഗസ്ത്യകൂടത്തിലേക്കു സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധി വന്നതോടെ 'ഗിരിമുകളിൽ ഏറി അഗസ്ത്യനെ കാണാനുള്ള മോഹം ' മനസ്സിൽ മുളച്ചു. ആ വർഷം അതിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി. കോവിഡും മറ്റുമായി തുടർവർഷങ്ങളും ഒരു യാത്രയ്ക്കുള്ള സാഹചര്യമായിരുന്നില്ല.
അന്നത്തെ ആ സ്വപ്നത്തിനാണ് ഒടുക്കം ചിറകുകൾ മുളച്ചിരിക്കുന്നത്. ഒടുവിൽ, ഞാൻ അഗസ്ത്യനെ കാണാൻ പോവുന്നു!
തുടരും...
അഗസ്ത്യകൂടം യാത്രാവിവരണം തുടർഭാഗങ്ങൾ ഇവിടെ വായിക്കാം:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.