scorecardresearch

കാടും മേടും താണ്ടി അഗസ്ത്യനെ കാണാൻ..., 2-ാം ഭാഗം

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ അഗസ്ത്യകൂടത്തിലേക്ക് ഒരു യാത്ര, 2-ാം ഭാഗം

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ അഗസ്ത്യകൂടത്തിലേക്ക് ഒരു യാത്ര, 2-ാം ഭാഗം

author-image
Dhanya K Vilayil
New Update
Agasthyakoodam Trekking travelogue

Agasthyakoodam Trekking

ജനുവരി 31ന് രാവിലെ എട്ടരയുടെ ട്രെയിനിൽ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഉച്ചയ്ക്ക് ഞാൻ   റെയിൽവേ സ്റ്റേഷനിൽ  ചെന്നിറങ്ങുമ്പോഴേക്കും  പിടിപി നഗറിലുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും  പാസുകളും കൈപ്പറ്റി രാധിക സ്റ്റേഷനിൽ പിക്ക് ചെയ്യാനെത്തിയിരുന്നു.  കൊണ്ടുപോവാനുള്ള ഡ്രൈ ഫ്രൂട്സ്, ഗ്ലൂക്കോസ് പോലുള്ള അല്ലറചില്ലറ സാധനങ്ങൾ വാങ്ങിക്കാനായി ഒരു ചെറിയ ഷോപ്പിംഗ് കൂടി നടത്തി നേരെ രാധികയുടെ വീട്ടിലേക്ക്. അന്നു രാത്രി രാധികയുടെ വീട്ടിൽ തങ്ങി. 

Advertisment

ഫെബ്രുവരി ഒന്നിന് രാവിലെ നാലര മണിയോടെ തമ്പാനൂർ സ്റ്റാൻഡിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും ബോണക്കാട് വരെ പോവുന്ന കെഎസ്ആർടിസി ബസ് കിട്ടി. ബാക്ക് പാക്കും കയ്യിൽ ട്രെക്കിംഗ് പോളുമൊക്കെയായി ബസിൽ കയറിയ സഹയാത്രികരെ പലരെയും ലക്ഷണം വച്ചു തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു.

ഇളം തണുപ്പിൽ  വളവുകളും തിരിവുകളുമൊക്കെയുള്ള റോഡിലൂടെ ആനവണ്ടി കുതിച്ചു. അഞ്ചു മണിയോടെ തമ്പാനൂരിൽ നിന്നും പുറപ്പെട്ട ബസ് നെടുമങ്ങാടും വിതുരയുമെല്ലാം പിന്നിട്ട് ബോണക്കാട് എത്തിയത് ഏഴര മണിയോടെയാണ്. ഉപേക്ഷിക്കപ്പെട്ടൊരു തേയില ഫാക്ടറിയ്ക്ക് അരികിൽ ബസ്സ് നിർത്തി. അവിടെ നിന്നും ബോണക്കാട്ടെ ഫോറസ്റ്റ് പിക്കപ്പ് സ്റ്റേഷനിലേക്ക്  മൂന്നു കിലോമീറ്ററോളം നടക്കണം. വരാനിരിക്കുന്ന ദുർഘടമായ യാത്രയുടെ ഒരു വാമപ്പ് സെഷനായിരുന്നു ആ നടത്തം.

ഞങ്ങൾ ചെല്ലുമ്പോഴേക്കും അമ്പതോളം പേർ പിക്കപ്പ് സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു. ഒരു ദിവസം നൂറു പേർക്കാണ് ട്രെക്കിംഗിനുള്ള അനുവാദം നൽകുന്നത്. പിക്കപ്പ് സ്റ്റേഷനിലെത്തി പാസ്സും മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റും ഐഡി കാർഡുമെല്ലാം ഫോറസ്റ്റ് അധികൃതരെ കാണിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.ബ്രേക്ക് ഫാസ്റ്റും ഉച്ച ഭക്ഷണവുമെല്ലാം പിക്കപ്പ് സ്റ്റേഷനിൽ ലഭിക്കും.  പ്രാതലായി നല്ല പൂരിയും ഉരുളക്കിഴങ്ങും കഴിച്ചു. യാത്രയ്ക്കിടയിൽ കഴിക്കാനുള്ള ഉച്ച ഭക്ഷണം പാർസലായി വാങ്ങി.

Advertisment

കാടിനകത്തു കൂടെ, ബാഗും തൂക്കി, മണിക്കൂറുകളോളമുള്ള നടത്തം ദുഷ്കരമായതിനാൽ തന്നെ സഞ്ചാരികൾക്ക് ഊന്നുവടികൾ കൂടിയേ തീരൂ. പിക്കപ്പ് സ്റ്റേഷന്റെ ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന വടികളിൽ നിന്നും നല്ല ഊന്നുവടിയൊന്ന് രാധിക തിരഞ്ഞെടുത്തു. വടിയ്ക്ക് ഒന്നിന് 20 രൂപയാണ് വില. വീട്ടിൽ നിന്നു തന്നെ ട്രെക്കിംഗ് പോളും കൊണ്ടായിരുന്നു ഞാനിറങ്ങി തിരിച്ചത്, അതിനാൽ വടി എടുക്കേണ്ടി വന്നില്ല. 

രജിസ്ട്രേഷൻ നടപടികളെല്ലാം പൂർത്തിയായാലും ബാഗ് പരിശോധിച്ചിട്ട് മാത്രമേ ഗാർഡും ഫോറസ്റ്റ് ഓഫീസർമാരും സഞ്ചാരികളെ കാടിനകത്തേക്കു കയറ്റി വിടൂ.  പ്ലാസ്റ്റിക് കാടിനകത്തേക്കു കൊണ്ടുപോകാൻ അനുവാദമില്ല. പ്ലാസ്റ്റിക് കവറുകൾ മാറ്റി പേപ്പറിലോ കടലാസ് കവറുകളിലോ പൊതിഞ്ഞു തരും. എന്തിന്, സോപ്പിന്റെ പ്ലാസ്റ്റിക് കവറുപോലും നീക്കം ചെയ്ത് കടലാസിൽ പൊതിഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു ഗാർഡുമാർ. കാടിനകത്തൊരു പ്ലാസ്റ്റിക് കഷ്ണം പോലും വീണ് മലിനമാകരുത് എന്ന ഉദ്ദേശശുദ്ധിയോടെയാണ് ഫോറസ്റ്റുകാരുടെ ഈ സൂക്ഷ്മമായ പരിശോധന. 

സൺസ്ക്രീം, പേസ്റ്റ് പോലുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ  ബാഗിൽ ഉണ്ടെങ്കിൽ അതെണ്ണി തിട്ടപ്പെടുത്തി ഫോമിൽ രേഖപ്പെടുത്തും, അവ കാടിനകത്തേക്കു കൊണ്ടുപോവാനായി ഒരു ഫൈനും ഈടാക്കും. അത്തരം കേസുകളിൽ  തിരിച്ചുവരുമ്പോഴും കാണും ബാഗ് പരിശോധന. കൊണ്ടുപോയ പ്ലാസ്റ്റിക് സാധനങ്ങളൊന്നും കാട്ടിൽ കളയാതെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ  മുൻപ് ഫൈനായി വാങ്ങി വച്ച പണം തിരികെ നൽകും.  

ചെക്കിംഗും ബാഗ് പരിശോധനയും കഴിഞ്ഞ്, ഞങ്ങളെ ഗ്രൂപ്പായി തിരിച്ചു. പന്ത്രണ്ട് പേർക്ക് ഒരു ഗൈഡ് എന്ന കണക്കിനാണ് കാട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യദിനം 16 കിലോമീറ്ററോളം നടക്കണം. കൊടും കാടിനകത്തൂടെയുള്ള ആ യാത്ര അവസാനിക്കുക അതിരുമല ബെയ്സ് ക്യാമ്പിലാണ്. ഇരുട്ടു വീണു കഴിഞ്ഞാൽ കാടിലൂടെ യാത്ര ചെയ്യാൻ അനുവാദമില്ല. അതിനാൽ ആ രാത്രി അതിരുമലയിലെ ക്യാമ്പിൽ തങ്ങി പിറ്റേദിവസം വേണം അഗസ്ത്യാർ കൂടത്തേക്കുള്ള യാത്ര തുടരാൻ.   

ഗ്രൂപ്പിൽ, ഞാനും രാധികയുമടക്കം എട്ടു സ്ത്രീകളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ തമിഴ്നാടിൽ നിന്നെത്തിയ സോളോ ട്രാവലർ ആയിരുന്നു. മറ്റൊരാൾ മലപ്പുറത്തു നിന്നെത്തിയ ഒരു ട്രെക്കിംഗ് പ്രേമിയും. ബാക്കിയുള്ള സ്ത്രീകൾ ഭർത്താവിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ ഗ്രൂപ്പായി എത്തിയവരായിരുന്നു. 

Agasthyarkoodam

പത്തരമണിയോടെയാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. വലിയ ഉത്സാഹത്തോടെയായിരുന്നു തുടക്കം. വളഞ്ഞും പുളഞ്ഞും പോവുന്ന കാട്ടുപ്പാതകളിലൂടെ മുന്നോട്ട്. കുറച്ചു നടന്നപ്പോൾ അകലെ നിന്നും ഒരു അരുവിയുടെ ശബ്ദം കേട്ടു. നടന്നുനടന്ന് ഒടുവിൽ ആ അരുവിക്കരയിൽ എത്തി. അരുവി മുറിച്ചു കടന്നുവേണം മുന്നോട്ടുപോവാൻ. ഇത്തരത്തിൽ ചെറുതും വലുതുമായി ഇരുപതോളം അരുവികളെങ്കിലും അഗസ്ത്യാർകൂടം പാതയിൽ സഞ്ചാരികൾക്ക് കണ്ടെത്താം.

ഏതാണ്ട് രണ്ടു കിലോമീറ്ററോളം പിന്നിട്ടപ്പോൾ രണ്ടാമത്തെ ക്യാമ്പായ ലാത്തിമൊട്ടയിൽ എത്തി. ഗൈഡുകൾക്കും  ഗാർഡുകൾക്കുമൊക്കെ ഇരിക്കാനായി ഒരുക്കിയ ഓലമേഞ്ഞ ചെറിയൊരു വിശ്രമതാവളം കാണാം ഇവിടെ. ആനകളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി വിശ്രമതാവളത്തിനു ചുറ്റും ട്രെഞ്ച്  കുഴിച്ചിട്ടുണ്ട്. 

ബോണക്കാട് മുതൽ അതിരുമല ബേസ് ക്യാമ്പ് വരെ നീളുന്ന യാത്രയിൽ ഇത്തരത്തിലുള്ള അഞ്ചോളം ക്യാമ്പുകൾ ഉണ്ട്. ക്യാമ്പ് എന്നു പറയാൻ മാത്രം പ്രത്യേകിച്ച് കെട്ടിടമൊന്നുമില്ല. പലയിടത്തും ബോർഡുകൾ മാത്രമേയുള്ളൂ. ക്യാമ്പിന്റെ പേരും ഇനി നടക്കേണ്ട കിലോമീറ്ററുകൾ എത്രയെന്നും ബോർഡിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. പക്ഷേ, ഇത്ര ദൂരം പിന്നിട്ടെന്നും ഇനിയിത്ര ദൂരമേ ബാക്കിയുള്ളൂ എന്നും ഓർമിപ്പിക്കുന്ന ആ ബോർഡുകൾ കാണുന്നത് സഞ്ചാരികൾക്കും ആശ്വസമാണ്.  ഓരോ ക്യാമ്പ് പരിസരത്തും സഞ്ചാരികളുടെ സഹായത്തിനായി ഗൈഡുകള്‍ ഉണ്ടാകും. 

ലാത്തിമൊട്ടയും പിന്നിട്ട് ഞങ്ങൾ നടപ്പു തുടർന്നു. കാടിന്റെ ആർക്കിടെക്ചറിനെ കുറിച്ചായിരുന്നു ഞാനപ്പോൾ അത്ഭുതത്തോടെ ആലോചിച്ചുകൊണ്ടിരുന്നത്. നിരപ്പായ പ്രദേശങ്ങൾ, അതു കഴിയുമ്പോൾ വലിയ പാറക്കൂട്ടങ്ങൾ, ചെരിവുകൾ, പുൽത്തകിടി, ചെങ്കുത്തായ മലയിടുക്കുകൾ, ഇടയ്ക്ക് അരുവികൾ, വെള്ളച്ചാട്ടങ്ങൾ, സൂര്യവെളിച്ചം പോലും കഷ്ടിച്ചു മാത്രം കടന്നുവരുന്ന കൊടുംകാട്.... ഓരോ വളവിലും തിരിവിലും അത്ഭുതങ്ങൾ കാത്തുവയ്ക്കുന്ന മാന്ത്രികതയുണ്ട് കാടിന്. ചിലയിടങ്ങളിൽ കാട്ടുപാത ഇടുങ്ങിയിടുങ്ങി ഒരാൾക്കു മാത്രം കഷ്ടിച്ചു കടന്നുപോകാവുന്ന ദുർഘടപാതയായി മാറും. ചിലയിടത്ത് മരം വീണ് പാത തന്നെ തടസ്സപ്പെട്ടു കിടക്കുന്നുണ്ടായിരുന്നു. അവിടെയെല്ലാം മരത്തിലൂടെ ഊർന്നിറങ്ങി യാത്ര തുടർന്നു. 

Agasthyarkoodam

കാടിനകത്തൂടെ നടക്കുന്നതിനിടയിൽ രാധികയ്ക്ക് ഒരു വെളിപ്പാട്. "വിവാഹിതരാവാൻ പോവുന്ന കമിതാക്കളും നവ വധൂവരന്മാരുമൊക്കെ ജീവിതം തുടങ്ങും മുൻപ് ഒന്നിച്ച്  അഗസ്ത്യാർകൂടത്തിലേക്ക് ഒരു യാത്ര പോവണം. ആ യാത്ര അവസാനിക്കും മുൻപ് അവർ പരസ്പരം മനസ്സിലാക്കും എത്രത്തോളമാണ് അവരുടെ compatibility," എന്ന്.  

"ആഹാ... ശുദ്ധമായ ഓക്സിജൻ ശ്വസിച്ചു തുടങ്ങിയപ്പോഴേക്കും ഇന്നവേറ്റീവായ ഐഡിയകളൊക്കെ വന്നു തുടങ്ങിയല്ലോ. ഇങ്ങനെ പോയാൽ ഈ യാത്ര കഴിയുമ്പോഴേക്കും ബ്രെയിനൊക്കെ സൂപ്പർ ക്രിയേറ്റീവായി പണി തുടങ്ങുമല്ലോ." ഞാനവളെ കളിയാക്കി. 

പക്ഷേ, പറഞ്ഞതു ശരിയായിരുന്നു. സ്വയം വെല്ലുവിളിച്ച് മുന്നേറേണ്ട ഈ കാനനപ്പാതകൾ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. നമ്മുടെ ക്ഷമയുടെയും സഹനത്തിന്റെയും നെല്ലിപ്പലക നമ്മൾ കാണും. ഇനി ഒരടി മുന്നോട്ടു വയ്ക്കാൻ കഴിയാത്തവിധം ദുർബലരാകും.  ഇതു വേണ്ടിയിരുന്നില്ലെന്നു വരെ ഒരുവേള ചിന്തിക്കും. ഏറ്റവും വൾനറബിളായ മനുഷ്യനായി അവരവരെ തന്നെ സ്വയം കണ്ടെത്തും.  ഉള്ളിലെ ശക്തിയും പരിമിതികളുമെല്ലാം സ്വയം തിരിച്ചറിയും. അത്തരമൊരു യാത്രയായിരുന്നു എനിക്ക് അഗസ്ത്യാർകൂടം ട്രെക്കിംഗ്.

ശരീരത്തെ സംബന്ധിച്ച വളരെ  സൂക്ഷ്മമായൊരു  കാര്യം ഞാൻ ആദ്യമായി ശ്രദ്ധിച്ചത് ആ യാത്രയ്ക്കിടയിലാണ്. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് ഇടതുകാലിനു വല്ലാത്ത വേദന തുടങ്ങിയത്. ആ കാലിനെ തന്നെ നിരീക്ഷിച്ചു മുന്നോട്ടു നടക്കുമ്പോഴാണ് മനസ്സിലായത്, ഓരോ തവണയും നടക്കാനായി ഞാനാദ്യം എടുത്തുവയ്ക്കുന്നത് ആ കാലാണെന്ന്. പത്തു മുപ്പതു വർഷത്തിനിടെ ഒരിക്കൽ പോലും അക്കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നതെന്നെ അത്ഭുതപ്പെടുത്തി. ആ തിരിച്ചറിവോടെയായിരുന്നു തുടർന്നുള്ള യാത്ര. ബോധപൂർവ്വം നടത്തത്തിന്റെ തുടക്കം വലതുകാലിൽ നിന്നാക്കി, ഇടതു കാലിനു നൽകി കൊണ്ടിരുന്ന  സ്ട്രെസ് കുറച്ചു. 

നാലു കിലോമീറ്റർ താണ്ടി മൂന്നാമത്തെ ക്യാമ്പിംഗ് സ്റ്റേഷനായ  കരമനയാറിൽ ഞങ്ങളെത്തി.  കരമനയാർ, നെയ്യാർ, താമ്രവർണി എന്നിങ്ങനെ മൂന്നു പ്രധാന നദികളുടെ ഉത്ഭവം അഗസ്ത്യവനത്തിൽ നിന്നുമാണ്. താമ്രവർണി തമിഴ്നാട്ടിലേക്ക് ഒഴുകുമ്പോൾ തിരുവനന്തപുരം നഗരത്തിന് മുഴുവൻ കുടിവെള്ളം  നൽകുന്നത് കരമനയാർ ആണ്.

പേപ്പാറയിലാണ് കരമനയാറിൽ നിന്നുള്ള കുടിവെള്ളം സംഭരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്കുപ്രകാരം പ്രതിദിനം 365 മില്യൺ ലിറ്റർ വെള്ളമാണ് കരമനയാറിൽ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്നത്.  കരമനയാറൊന്നു കണ്ണടച്ചാൽ ഒരു നഗരം വെള്ളം കിട്ടാതെയുഴറും എന്നു ചുരുക്കം. 

Agasthyarkoodam

കരമനയാറിൽ എത്തിയപ്പോഴേക്കും ക്ഷീണം തോന്നി തുടങ്ങിയിരുന്നു. ബാഗൊക്കെ താഴെ വച്ച് കാട്ടാറിൽ നിന്നും വേണ്ടുവോളം വെള്ളം കോരികുടിച്ചു, കാലിയായി തുടങ്ങിയ വാട്ടർ ബോട്ടിൽ നിറച്ചു. ഐസ് പോലെ തണുത്ത  വെള്ളത്തിൽ മുഖം കഴുകിയതോടെ എവിടുന്നോ ഒരുണർവ്വു കിട്ടി. ചിത്രങ്ങൾ എടുത്തും അൽപ്പനേരം വിശ്രമിച്ചും ലഘുഭക്ഷണം കഴിച്ചും യാത്ര തുടർന്നു. 

ഞങ്ങൾക്കു ശേഷം പിക്കപ്പ് സ്റ്റേഷനിൽ നിന്നിറങ്ങിയവരിൽ പലരും അതിനകം തന്നെ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു പോയിട്ടുണ്ടായിരുന്നു. ആരാദ്യം പിക്കപ്പ് സ്റ്റേഷനിൽ എത്തുമെന്ന വാശിയോടെ കാലുകൾ നീട്ടിവച്ചു ധൃതിയിൽ നടന്നു വന്ന സഹയാത്രികർക്കൊക്കെ ഞങ്ങൾ വഴി മാറികൊടുത്തു, ധൃതിയുള്ളവർ പോവട്ടെ! ആരാദ്യമെത്തുമെന്ന മത്സരത്തേക്കാൾ, അപകടങ്ങളോ പരുക്കുകളോ ഒന്നും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയണമേ എന്ന ആഗ്രഹമായിരുന്നു മനസ്സിൽ മുന്നിട്ടു നിന്നിരുന്നത്.

"അരമണിക്കൂർ മുൻപ് പുറപ്പെട്ടിട്ടും നിങ്ങളിവിടെ എത്തിയതേയുള്ളോ?" എന്ന് അതിശയത്തോടെ തിരക്കിയ ചില സഹയാത്രികരോട്, "ആമയുടെയും മുയലിന്റെയും കഥയിലെ ആമയാണ് ഞങ്ങൾ" എന്നായി ഞാൻ. "ഇത് മത്സരമൊന്നുമല്ലല്ലോ, നേരത്തെ ഓടിചെന്നിട്ട് കപ്പടിക്കാനൊന്നുമില്ലല്ലോ," എന്ന ഭാവമായിരുന്നു രാധികയ്ക്കും.യാത്ര ആരംഭിക്കും മുൻപു തന്നെ ഞങ്ങളെടുത്തൊരു തീരുമാനമായിരുന്നു അത്. മറ്റുള്ളവരുടെ സ്പീഡ് കണ്ട് അതിനൊപ്പം നടക്കാൻ ശ്രമിക്കാതെ, സ്വന്തം ശരീരത്തിനു ആവുന്ന വേഗത്തിൽ മാത്രം നടക്കുക എന്നത്. 

ഇടയ്ക്ക് മഴ പൊടിഞ്ഞു. മരങ്ങൾക്കും ഇലപ്പടർപ്പുകൾക്കുമിടയിലെ മഴത്തുള്ളികൾ ഊർന്നുവീണ് ശരീരം നനച്ചു തുടങ്ങി. റെയിൻ കോട്ടുകൾ കരുതാൻ ഞങ്ങൾ രണ്ടുപേരും മറന്നിരുന്നു. മഴ തോരാൻ കാത്തു നിൽക്കാതെ, മഴയിലൂടെ തന്നെ നടക്കാം എന്നു തീരുമാനിച്ചു. ആകെയുള്ള ആശങ്ക, ഫോൺ, പവർ ബാങ്ക് പോലുള്ളവ മഴയിൽ നനയുമോ എന്നതായിരുന്നു. മെഡിസിനും സൺ ക്രീമുമെല്ലാം സൂക്ഷിക്കാൻ കരുതിയ ഒരു പ്ലാസ്റ്റിക് പൗച്ചുണ്ടായിരുന്നു ബാഗിൽ. ഫോണും പവർ ബാങ്കുമെല്ലാം അതിലേക്ക് മാറ്റി, മഴയിലൂടെ  ഞങ്ങൾ നടന്നു. സത്യത്തിൽ ആ മഴത്തുള്ളികൾ  ആശ്വാസമായിരുന്നു. നടന്ന് ക്ഷീണിച്ച് തുടങ്ങിയ ശരീരത്തെ മഴ നന്നായൊന്നു തണുപ്പിച്ചു. 

Agasthyarkoodam

മഴയും കൊണ്ട് നടക്കുന്നതിനിടയിലാണ് മലപ്പുറത്തു നിന്നെത്തിയ മൂന്നു ചെറുപ്പക്കാരെ പരിചയപ്പെടുന്നത്- ഹർഷാദ്, അൻസാർ, നൗഷാദ്. മൂന്നുപേരും റെയിൻ കോട്ട് ധരിച്ചിരുന്നു. 'ബാഗിൽ നനയാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കിൽ അവരുടെ ബാഗിലേക്ക് മാറ്റാമെന്ന്," അവർ സഹായ ഹസ്തം നീട്ടി. വേണ്ട, ഫോണൊക്കെ സേഫ് ആണെന്ന് ഞങ്ങൾ പറഞ്ഞു.

മഴ പെയ്തതോടെ ഇലകൾ വീണുകിടക്കുന്ന കാനനപ്പാത തെന്നിത്തുടങ്ങി. പലയിടത്തും യാത്ര ദുഷ്കരമായി മാറി. അപ്പോഴേക്കും യാത്ര കൊടുംവനത്തിലേക്ക് കടന്നിരുന്നു. കരടിയേയും ആനയേയും കാട്ടുപോത്തിനെയുമെല്ലാം ഏതു വളവിൽ വച്ചും കണ്ടേക്കാം എന്ന ഭീതി പൊതിഞ്ഞു. തനിച്ചു നടക്കുന്നതിനേക്കാൾ നല്ലത്, ഒരു ഗ്രൂപ്പായി മുന്നോട്ട് പോവുന്നതാണ് എന്നു തോന്നി.  പിന്നീടുള്ള യാത്ര ഞങ്ങൾ അഞ്ചംഗ സംഘമായിട്ടായിരുന്നു. 

യാത്രകൾ നൽകുന്ന ചില പാഠങ്ങളുണ്ട്, പ്രത്യേകിച്ചും കാടിനകത്തേക്കുള്ള യാത്രകൾ. കാടിനകത്തേക്ക് പ്രവേശിച്ചു കഴിയുന്നതോടെ  ആണ്, പെണ്ണ്, ഉന്നതർ, സാധാരണക്കാർ, പണക്കാർ തുടങ്ങിയ മേൽക്കുപ്പായങ്ങളെല്ലാം നമ്മളിൽ നിന്നും അടർന്നു തുടങ്ങും. ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഏവരും സമന്മാരാവും.  യാത്രയിൽ ശത്രുക്കളില്ല, ജെൻഡർ ഇല്ല...

ലക്ഷ്യത്തിലേക്ക് കരുതലോടെ നീങ്ങുന്ന വെറും മനുഷ്യരായി മാറും നമ്മൾ. കൂട്ടത്തിലൊരാൾ കാൽ തെന്നി വീണാൽ പോലും അതു കൂടെയുള്ളവരുടെ യാത്രയെ ബാധിക്കും. അതിനാൽ കൂടെയുള്ള ഓരോരുത്തരും സുരക്ഷിതരാണെന്ന് നമ്മൾ ഉറപ്പു വരുത്തികൊണ്ടേയിരിക്കും. ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ, കണ്ടറിഞ്ഞ് സഹായഹസ്തം നീട്ടും. 

കാടിന്റെ ഭംഗി ആസ്വദിച്ച്, അരുവികളിൽ ഇറങ്ങി, കിളികളുടെ ശബ്ദം കാതോർത്ത്, കാടിനെ അറിഞ്ഞ് ഒരു ടീമായി ഞങ്ങൾ മുന്നേറി. കൂട്ടത്തിലാരെങ്കിലും ഒന്നു തളരുമ്പോൾ, അവർക്കൊപ്പം മറ്റുള്ളവരും വിശ്രമിക്കും. സംഘമായി നീങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ പോലെ, മാൻകൂട്ടങ്ങളെ പോലെ കാടിന്റെ നിയമങ്ങളിലേക്ക് ഞങ്ങളും പരിവർത്തനപ്പെടുകയായിരുന്നു. 

Agasthyarkoodam

നാലാമത്തെ ക്യാമ്പായ വാഴപ്പെയ്തിയാറിൽ എത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനു സമയമായിരുന്നു. വാഴപ്പെയ്തിയാറിലെ വെള്ളച്ചാട്ടത്തിനു അരികിലിരുന്ന് ഭക്ഷണം കഴിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു. രാധികയും ഞാനും ബോണക്കാട് നിന്നും ഉച്ചഭക്ഷണം പൊതിഞ്ഞെടുത്തിരുന്നു. "രണ്ടെണ്ണം വേണോ, നമുക്കു ഒരു പൊതി മതിയാവില്ലേ?" എന്ന് ഭക്ഷണം വാങ്ങുന്ന സമയത്ത് രാധിക സംശയം പ്രകടിപ്പിച്ചിരുന്നു. 

"ഇരിക്കട്ടെ, കാട്ടിലൂടെ അല്ലേ യാത്ര, ചിലപ്പോൾ ക്ഷീണവും തളർച്ചയും കാരണം നമ്മൾ തന്നെ അതു കഴിച്ചു തീർത്തേക്കാം,"  എന്ന് പറഞ്ഞ് രണ്ടു പൊതി ചോർ ഞാൻ എടുപ്പിച്ചിരുന്നു. അതൊരു തരത്തിൽ ഗുണമായി. കൂടെയുള്ള മൂവർസംഘം  ഉച്ചയൂണ് കരുതിയിരുന്നില്ല. കയ്യിലുള്ള ഫ്രൂട്സും ഗ്ലൂക്കോസുമൊക്കെ വച്ച് മുന്നോട്ടുപോവാം എന്ന പ്ലാനിലായിരുന്നു അവരുടെ യാത്ര.  

Agasthyarkoodam

"ഉള്ള ഭക്ഷണം നമുക്കെല്ലാവർക്കും ഷെയർ ചെയ്യാം," ഞങ്ങൾ പറഞ്ഞു. അരുവിയുടെ തീരത്തിരുന്ന് കയ്യിലുണ്ടായിരുന്ന ഭക്ഷണം എല്ലാവരും പങ്കുവച്ചു കഴിച്ചു. അലച്ചിലും വിശപ്പും വെള്ളച്ചാട്ടത്തിന്റെ സാന്നിധ്യവും കാടിന്റെ ആ അന്തരീക്ഷവും കൊണ്ടാവാം കാട്ടു കൂവയുടെ ഇലയിൽ പൊതിഞ്ഞ  ചോറിന് നല്ല സ്വാദു തോന്നി. ഊണ് കഴിച്ച് ഒന്നു വിശ്രമിച്ച് ഞങ്ങൾ വീണ്ടും നടത്തം തുടർന്നു.  

ഇടയ്ക്ക്, അഗസ്ത്യാർകൂടം താണ്ടി തിരിച്ചിറങ്ങുന്നവരെയും വഴിയിൽ കണ്ടുമുട്ടി. കഴിഞ്ഞ ദിവസങ്ങളിൽ മല കയറിയവരാണ്, അഗസ്ത്യനെ കണ്ട സന്തോഷത്തിലുള്ള മടക്കമാണ്.  "ആൾ ദി ബെസ്റ്റ്," പറഞ്ഞ് അവരെല്ലാം ചിരിയോടെ ഞങ്ങളുടെ യാത്രയ്ക്ക് ഊർജം പകർന്നു. 

ഇടയ്ക്ക് എപ്പഴോ ആണ് ഹർഷാദ് തന്റെ ശരീരത്തിൽ കയറികൂടിയ കാട്ടുകൊള്ളക്കാരനെ കണ്ടെത്തിയത്,  നടത്തത്തിനിടയിൽ എപ്പോഴോ കേറികൂടിയ 'അട്ട സാർ' ചോര കുടിച്ച് വീർത്തിരിക്കുകയാണ്. കാട്ടിലെ അട്ട ആക്രമണത്തെ കുറിച്ച് അപ്പോഴാണ് എല്ലാവരും ബോധവാന്മാരായത്. എല്ലാവരും അവരുടെ കാലുകളും വസ്ത്രങ്ങളുമെല്ലാം പരിശോധിച്ചു.

കൂട്ടത്തിൽ പലരുടെയും ശരീരത്തിൽ അട്ടകൾ കയറിക്കൂടി 'അറ്റാക്ക്' തുടങ്ങി കഴിഞ്ഞിരുന്നു. ഓരോരുത്തരായി സാനിറ്റൈസർ സ്പ്രേ ചെയ്ത് അവയെ അടർത്തി കളഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ സംഘാംഗങ്ങളിൽ എല്ലാവർക്കും തന്നെ അട്ടയുടെ കടിയേറ്റു. തലേദിവസം നന്നായി മഴ പെയ്തതിനാൽ കാട്ടുപാതയിൽ അട്ടകള്‍ ധാരാളമുണ്ടായിരുന്നു. എന്തത്ഭുതമാണെന്നറിയില്ല,  'അട്ട സാർ' പക്ഷേ എന്നെ വെറുതെ വിട്ടു! ആ യാത്രയിൽ ഉടനീളം ഒരൊറ്റ അട്ട പോലും എന്റെ ശരീരത്തിൽ കയറിക്കൂടിയില്ല. 

അട്ട ഊറ്റി കുടിക്കുന്നത് ശരീരത്തിലെ അശുദ്ധ രക്തമാണെന്നൊക്കെ എവിടെയോ കേട്ട പരിചയത്തിൽ ഞാൻ വീമ്പിളക്കി, "എന്തു ചെയ്യാനാ, ഫുൾ ഫ്രഷ് രക്തമായതു കൊണ്ടാണെന്നു തോന്നുന്നു. അട്ടയ്ക്കൊന്നും യാതൊരു മൈൻഡുമില്ല."  

"ഓ.. അതൊന്നുമല്ല. അട്ട നോക്കിയപ്പോ നിങ്ങളുടെ രക്തത്തിന് വല്യ ടേസ്റ്റു തോന്നികാണില്ല. ആർക്കു വേണം, ഉപ്പും പുളിയുമൊന്നുമില്ലാത്ത രക്തം! അതോണ്ട് വെറുതെ വിട്ടതാ," ഉടനെ വന്നു നാലഞ്ച് അട്ടയ്ക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്ത് ക്ഷീണിച്ച രാധികയുടെ മറുപടി. 

ഒരു ചെറിയ അരുവി കൂടി കടന്ന് ഞങ്ങൾ അഞ്ചാമത്തെ ക്യാമ്പായ അട്ടയാറിൽ എത്തിച്ചേർന്നു. ഏതാണ്ട് പത്തു കിലോമീറ്ററോളം അതിനകം ഞങ്ങൾ പിന്നിട്ടിരുന്നു. അട്ടയാറിൽ നിന്നു ആവശ്യത്തിനു വെള്ളം ശേഖരിക്കണമെന്ന്  ഗൈഡ് ആദ്യമേ മുന്നറിയിപ്പു നൽകിയിരുന്നു. കാരണം അട്ടയാർ കഴിഞ്ഞാൽ പിന്നെ ഉരുളൻ കല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ, വെയിൽ ഉദിച്ചുനിൽക്കുന്ന പുൽമേടാണ്. 

അട്ടയാറും കടന്ന് മുന്നോട്ടു നടന്നപ്പോൾ ഫോറസ്റ്റിന്റെ കീഴിലുള്ള ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് കണ്ടു. അവിടെ കുറച്ചു ഫോറസ്റ്റ് ഗാർഡുകളും ഗൈഡുകളുമൊക്കെ താമസിച്ചിരുന്നു. താഴെ നിന്നു തന്നുവിട്ട രജിസ്ട്രേഷൻ പേപ്പറുകളിൽ ഒന്ന് അവിടെ കൈമാറണം. എത്രപേർ സുരക്ഷിതരായി പുൽമേട് വരെ എത്തിച്ചേർന്നു എന്നതിന്റെ കണക്കെടുപ്പു കൂടിയാണ് ഈ പാസ് കൈമാറൽ. 

Agasthyarkoodam

പുൽമേട്ടിൽ എത്തിയതോടെ കാടിന്റെ ടെറയ്ൻ മൊത്തത്തിൽ മാറി. അതുവരെ നടന്നുവന്ന വഴികളിൽ ആകാശം കാണാനാവാത്ത രീതിയിൽ തണൽ വിരിച്ചുനിൽക്കുന്ന മരങ്ങളും അരുവികളുമൊക്കെ വലിയ അനുഗ്രഹമായിരുന്നു. എന്നാൽ, പുൽമേടിന്റെ അവസ്ഥ അതല്ല.  മഴ പെയ്താൽ പെയ്തുതോരും വരെ കേറി നിൽക്കാൻ തണലിടമില്ല. വെയിൽ വന്നാൽ, ഒന്നു പതിയിരിക്കാൻ കാക്കക്കാലിൻ്റെ തണൽ പോലുമില്ല. നിർത്താതെ കാതിൽ ചൂളം കുത്തുന്ന കാറ്റു മാത്രമായിരുന്നു പുൽമേട്ടിൽ കാത്തിരുന്ന ഏക അതിഥി.

പുൽമേട്ടിലേക്ക് പ്രവേശിച്ചതോടെ നടത്തത്തിന്റെ വേഗത കുറഞ്ഞു തുടങ്ങി. വെയിൽ ശരീരം പൊള്ളിച്ചു. ആനയും കരടിയുമൊക്കെ റോന്തു ചുറ്റാൻ ഇറങ്ങുന്ന ഇടമായതിനാൽ പുൽമേട്ടിൽ അധികനേരം വിശ്രമിക്കുന്നതും അപകടമാണ്. അതിനാൽ നടത്തത്തിന്റെ വേഗത കൂട്ടിയേ തീരൂ.  എത്ര നടന്നിട്ടും ഈ പുൽമേട് എന്താണ് അവസാനിക്കാത്തത്? എന്ന വിഷമം എല്ലാവരിലും പ്രകടമായിരുന്നു. വെയിലു കൊണ്ടു വാടി തുടങ്ങിയപ്പോൾ ഇടയ്ക്ക് രാധിക 'മഹേഷിന്റെ പ്രതികാര'ത്തിലെ ആർട്ടിസ്റ്റ് ബേബിയായി, "എന്റെ ഐഡിയയായി പോയി! അല്ലേൽ കാണായിരുന്നു..."

പ്രധാന പുൽമേടു കഴിയുന്നിടത്ത് ചെറിയൊരു അരുവിയും മരങ്ങളാൽ നിബിഡമായൊരു കാടും കണ്ടതോടെ എല്ലാവർക്കും ആശ്വാസമായി. അരുവിയ്ക്ക് അരികിൽ അൽപ്പം വിശ്രമിച്ച്, ആവശ്യത്തിന് വെള്ളം കുടിച്ച് വീണ്ടും നടന്നു. പച്ചിലപ്പടർപ്പുകളും വൻമരങ്ങളും ചേർന്ന് ഇരുട്ടു നെയ്ത ആ ചെറിയ കാടിനകത്തേക്ക് ഞങ്ങൾ പ്രവേശിച്ചു. പക്ഷേ ആ കാടിനപ്പുറം വീണ്ടും മറ്റൊരു പുൽമേട് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരും അവശരായി തുടങ്ങി. ഒന്നു കാൽ തെന്നിയാൽ താഴേക്ക് ഉരുണ്ടുവീണു പോവും. കുത്തനെയുള്ള കയറ്റമാണ് മുന്നിൽ. പരസ്പരം കൈപ്പിടിച്ചു കയറ്റിയും ബാഗുകൾ കൈമാറിപ്പിടിച്ചുമൊക്കെ ഞങ്ങൾ ഒരുവിധം ആ പുൽമേടും താണ്ടി. ഏതാണ്ട് 12 കിലോമീറ്ററോളം പിന്നിട്ടിരുന്നു അപ്പോഴേക്കും. 

Agasthyarkoodam

റിസ്‌ക്കേറിയ പ്രദേശങ്ങളൊക്കെ പിന്നിട്ടെന്ന് സ്വയം വിശ്വസിക്കാൻ ശ്രമിച്ച് ദീർഘശ്വാസമെടുക്കുമ്പോഴാണ് അതുവരെ കാണാത്ത മറ്റൊരുതരം കാട്ടുപ്പാത  മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നത് കണ്ടത്. പല ഉയരത്തിലും വലിപ്പത്തിലുമുള്ള ഉരുളൻകല്ലുകൾ തോന്നിയ പടി പാകിയതുപോലെയാണ് വഴി കിടക്കുന്നത്. 'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം' വാലിബനിലെ മോഹൻലാൽ ഡയലോഗാണ് മനസ്സിൽ വന്നത്. ഇതിനൊരു അന്ത്യമില്ലേ എന്ന ഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി.  

ഏഴുമടക്ക് തേരി എന്നു പേരുള്ള ആ പ്രദേശം ഞങ്ങളെ ശരിക്കും വെല്ലുവിളിക്കുന്നതായിരുന്നു. കല്ലുകൾ മാത്രമല്ല, കല്ലുകളെ ചുറ്റി കടന്നുപോവുന്ന വേരുകൾ കൂടിയാവുമ്പോൾ മുന്നോട്ടുള്ള കയറ്റം ദുഷ്കരമാവും. സൂക്ഷിച്ചു വേണം ഓരോ അടിയും മുന്നോട്ടുവയ്ക്കാൻ. കാൽ വയ്ക്കുന്നത് ഒരിളകിയ കല്ലിലോ വേരുകൾക്കിടയിലോ ഒക്കെയാണെങ്കിൽ കാലു തന്നെ ഉളുക്കി പോവാം.  യാത്രയുടെ തുടക്കത്തിൽ ആയിരുന്നു ഇത്തരമൊരു ടെറയ്ൻ എങ്കിൽ ചിലപ്പോൾ കുറച്ചുകൂടി ഉത്സാഹത്തോടെ അതിനെ തരണം ചെയ്തേനെ. പക്ഷേ, ശരീരത്തിലെ  ഊർജം മുഴുവനും നഷ്ടപ്പെട്ടു എന്നു തോന്നിപ്പിക്കുന്ന, 12 കിലോമീറ്ററോളം നീണ്ട നടത്തത്തിനു ശേഷം താണ്ടേണ്ടി വന്ന ,വളവും തിരിവും കയറ്റവുമൊക്കെയുള്ള  ആ കഠിനപാത ഞങ്ങൾക്ക്  പരീക്ഷണം തന്നെയായിരുന്നു. 

ഏഴുമടക്കിൽ വച്ചാണ് ഗൈഡ് മനോജിനെ കണ്ടുകിട്ടിയത്.  പലയിടത്തും മുകളിലേക്ക് വലിഞ്ഞു കേറാൻ വിഷമിച്ച ഞങ്ങൾക്ക് മനോജ് രക്ഷയായി. നടന്നു കൊണ്ടിരിക്കെ പെട്ടെന്ന് കാലിലൂടെ ഒരു കൊള്ളിയാൻ മിന്നിയതു പോലെ! തരിപ്പുകയറി കാൽ അനക്കാനാവാതെ ഞാൻ നിലത്തിരുന്നു. എന്റെ അവസ്ഥ കൂടെയുള്ളവരെയും ടെൻഷനാക്കി. പക്ഷേ ടെൻഷൻ പുറത്തുകാണിക്കാതെ അവർ ധൈര്യം തന്നു, "സാരമില്ല, ശരിയാവും. ഒന്നിരുന്നിട്ട്, ഓകെ ആയിട്ടു നമുക്കു പതിയെ മുന്നോട്ടുപോവാം." ഓരോരുത്തരായി അടുത്തു കണ്ട ഉരുളൻ കല്ലുകളിലായി ഇരിപ്പുറപ്പിച്ചു.  'ധൃതി പിടിക്കേണ്ട, കൂടെ ഞാനില്ലേ?,' എന്ന് മനോജും ഞങ്ങൾക്ക് ധൈര്യം തന്നു. സന്ധ്യ കനക്കുന്നതു പോലെ... കാട്ടിൽ ഇരുട്ടു പടർന്നു തുടങ്ങിയിരുന്നു അപ്പോഴക്കും.

"യാത്രയ്ക്കിടയിൽ ആളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സാധാരണ എന്താണ് ചെയ്യാറുള്ളത്?" നൗഷാദ് മനോജിനോടു തിരക്കി. "ബേസ് ക്യാമ്പിൽ നിന്നോ താഴെ പിക്കപ്പ് സ്റ്റേഷനിൽ നിന്നോ സ്ട്രെച്ചർ കൊണ്ടുവന്ന് എടുത്തു കൊണ്ടുപോവും. അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്," മനോജ് പറഞ്ഞു. 

Agasthyarkoodam

അതുകേട്ട് ഞാൻ നിശബ്ദയായി. കുറേ പേർ എന്നെ താങ്ങിയെടുത്ത് സ്ട്രെച്ചറിൽ കൊണ്ടുപോവുന്ന ഒരു രംഗം എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞുപോയി. കാട്ടിലൂടെ അരിച്ചാക്കുകളും ബേസ് ക്യാമ്പിലേക്കുള്ള ഗ്യാസ് സിലിണ്ടറുമൊക്കെ ഈസിയായി ചുമന്ന് 16 കിലോമീറ്റർ പുഷ്പം പോലെ താണ്ടുന്ന ആ ഫോറസ്റ്റ് ഗാർഡുമാരുടെയും ഗൈഡുകളുടെയും ശക്തിയിൽ എനിക്ക് സംശയമേതുമില്ലായിരുന്നു.പക്ഷേ, ചെങ്കുത്തായ വഴികളിലൂടെയുള്ള യാത്രയിൽ ആ സ്ട്രെച്ചറിൽ കിടന്ന് പിക്കപ്പ് സ്റ്റേഷൻ വരെ താണ്ടാൻ ആർക്കായാലും അൽപ്പം മനക്കരുത്തു വേണമെന്നാണ് എനിക്കപ്പോൾ തോന്നിയത്. തരിപ്പൊക്കെ മാറി ഒന്നു കാലനക്കാം എന്ന അവസ്ഥയായപ്പോൾ ഞാൻ പതിയെ എണീറ്റു. എന്റെ ബാഗ് മനോജ് ഏറ്റെടുത്തു.  ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. 

അടുത്ത വെല്ലുവിളി മുട്ടിടിച്ചാൽതേരി ആയിരുന്നു, ആ പ്രദേശം ഞങ്ങളെ ശരിക്കും തളർത്തി. ഒരു കാല്‍ മുകളിലേക്ക് വെച്ച് അടുത്ത കാല്‍ വയ്കുമ്പോള്‍ കാല്‍മുട്ട് നമ്മുടെ നെഞ്ചത്തു തട്ടും, അത്രയേറെ കുത്തനെയുള്ള കയറ്റമാണ്. അതുകൊണ്ടാണത്രേ ഈ മലയ്ക്ക് മുട്ടിടിച്ചാൽതേരി എന്ന പേരു വന്നത്. 

തുടർന്നുള്ള യാത്രയിൽ എല്ലാവരും ഏറെക്കുറെ നിശബ്ദരായിരുന്നു. എവിടെയെങ്കിലുമൊന്ന് ഇരുന്നാൽ അവിടെ കിടന്നുപോവുന്നത്ര ക്ഷീണം. ഞാനുള്ളിൽ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, "ഒരൽപ്പം കൂടി ക്ഷമിക്കൂ..."

"ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളറിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും 
ഭാണ്ഡമൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും 
മല കയറുമീ നമ്മളൊരുവേളയൊരുകാതമൊരുകാതമേയുള്ളു മുകളിലെത്താൻ, " 
ഇടയ്ക്കെപ്പഴോ അഗസ്ത്യഹൃദയത്തിലെ വരികൾ മനസ്സിലേക്ക് ഓടിയെത്തി...

 'ഒരുകാതമൊരുകാതമേയുള്ളു മുകളിലെത്താൻ' എന്ന് മനസ്സിനോട് പറഞ്ഞുകൊണ്ടേയിരുന്നു. 

ഒടുവിൽ, കാടിന്റെ തണുപ്പിലും വിയർത്തുകുളിച്ച്, അവശരായി, ഏതാണ്ട് എട്ടു മണിക്കൂറുകളോളം നീണ്ട ഞങ്ങളുടെ നടത്തം അതിരുമല ബേസ് ക്യാമ്പിനു സമീപത്തെത്തി. കയറ്റങ്ങളെല്ലാം പിന്നിട്ട് നിരപ്പായൊരിടത്തെത്തിയ സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. 

Agasthyarkoodam Base Camp

ബേസ് ക്യാമ്പിലെത്തുന്നതിനു മുൻപ് വഴി രണ്ടായി പിരിയും. ഇടത്തോട്ടുള്ള വഴി നേരെ പോവുന്നത് അഗസ്ത്യ കൂടത്തിലേക്കാണ്. വലത്തോട്ട് തിരിഞ്ഞാൽ, ബേസ് ക്യാമ്പിൽ എത്തിച്ചേരാം. വഴി രണ്ടായി പിരിയുന്നയിടത്ത്,  മരത്തിനു താഴെയായി ചെറിയൊരു മൂർത്തിയെ പ്രതിഷ്ഠിച്ചിരുന്നു.  മഞ്ഞൾ പ്രസാദവും കുങ്കുമവുമെല്ലാം ചുറ്റും വിതറിയിരിക്കുന്നു. അവിടെ തൊഴുത് ബേസ് ക്യാമ്പ് ലക്ഷ്യമായി നടന്നു.  രാവിലെ പത്തരയോടെ തുടങ്ങിയ ഞങ്ങളുടെ യാത്ര ബേസ് ക്യാമ്പിലെത്തിയത് വൈകിട്ട് 6:20നാണ്.  ഒപ്പം യാത്ര തുടങ്ങിയവരെല്ലാം അപ്പോഴേക്കും ക്യാമ്പിലെത്തി ചേർന്നിരുന്നു.  
കയ്യിലുള്ള പാസ് ഫോറസ്റ്റ് ഗാർഡുമാരെ ഏൽപ്പിച്ച് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി ഞങ്ങൾ ഡോർമിറ്ററിയിലേക്ക് നടന്നു. ഷീറ്റിട്ട ഏതാനും ഷെഡുകൾ ബേസ് ക്യാമ്പിലുണ്ട്. അതിനകത്താണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേകം  ഷെഡുണ്ട്. ക്യാമ്പിൽ ചെന്നു കയറിയ പാടെ എല്ലാവരോടുമൊന്നു ചിരിച്ചുകാണിച്ച് ഞാൻ നേരെ പായയിലേക്കു വീണു.  ബാഗ് ഇറക്കി വച്ച്, ഷൂസും സോക്സും ഹുഡിയും സപ്പോർട്ടിനായി നൽകിയ നീ-കാപ്പുമെല്ലാം ഊരി മാറ്റി ഫ്രീയായി കുറച്ചുനേരം നീണ്ടുനിവർന്നു കിടന്നപ്പോഴാണ് ശ്വാസമൊന്നു നേരെ വീണത്.

Athirumala Camp

ക്യാമ്പിൽ അന്ന് രസകരമായൊരു സംഭവം കൂടിയുണ്ടായി. ക്യാമ്പിൽ എത്തുന്നവരെല്ലാം കയ്യിലുള്ള പാസ് ഫോറസ്റ്റ് ഗാർഡുകളെ ഏൽപ്പിച്ച് രജിസ്റ്ററിൽ പേരു രേഖപ്പെടുത്തി വേണം ഡോർമിറ്ററിയിലേക്ക് നടക്കാൻ. മല കയറിയ എല്ലാവരും സുരക്ഷിതമായി എത്തി ചേർന്നെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാനുള്ള ഒരു റോൾ കോളാണിത്. അന്നു പക്ഷേ എങ്ങനെയൊക്കെ എണ്ണിയിട്ടും ഒരാൾ മിസ്സിംഗ്! ആരെങ്കിലും ചിലപ്പോൾ പാസ് കൈമാറാൻ മറന്നുപോയതാവുമെന്ന തോന്നലിൽ അവരും കാത്തിരുന്നു. 

ക്യാമ്പിനു ചുറ്റു ഇരുട്ടു പടർന്നു.  ആളുകൾ ഫോണിന്റെ റേഞ്ച് പിടിക്കാനായി പോയി നിൽക്കുന്ന റേഞ്ച് മൂലയുണ്ട് ക്യാമ്പിന്റെ ഒരു ഭാഗത്ത്. അവിടെ കരടിയിറങ്ങിയെന്ന്  കേട്ടു, ഗൈഡുകൾ ശബ്ദമുണ്ടാക്കി കരടിയെ ഓടിച്ചുവിട്ടെന്നും.  

എല്ലാവരും കിടക്കാൻ സമയമായിട്ടും 'മിസ്സിംഗായ' ആൾ മാത്രം റിപ്പോർട്ട് ചെയ്തില്ല. അപ്പോഴേക്കും, ലിസ്റ്റൊക്കെ നോക്കി ആരാണ് മിസ്സിംഗ്‌ എന്ന് ഗാർഡുകൾ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഗണേഷ് ആയിരുന്നു ആ 'മിസ്സിംഗ് മാൻ' !

"ഗണേശുണ്ടോ ഗണേശ്?" എന്നും തിരക്കി ഗാർഡ് ഷെഡുകൾ തോറും കയറിയിറങ്ങി അന്വേഷണം തുടങ്ങി. ഈ കക്ഷിയെ തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ച് ഞാനും രാധികയും പരിചയപ്പെട്ടിരുന്നു. "ശെടാ.. എന്നാലും ആളെവിടെ പോയി? ഇനി ആ കരടിയുടെ മുന്നിൽ എങ്ങാനും പെട്ടോ?" എല്ലാവരും ചെറുതായി പാനിക്കായി.

അതേ സമയം, ക്യാമ്പിൽ എത്തിയപ്പാടെ പാസ്സ് ഗാർഡിനെ ഏൽപ്പിക്കേണ്ടതുണ്ട് എന്നകാര്യം തന്നെ മറന്ന്, പുറത്തെ പുകിലൊന്നും അറിയാതെ ക്ഷീണത്തോടെ ഉറങ്ങാൻ കിടന്ന ഗണേശനെ ഒടുവിൽ ഷെഡിനകത്തു തന്നെ കണ്ടെത്തി. തലേദിവസം മല കയറിയവരും ഇന്നെത്തിയവരുമൊക്കെയായി ഏതാണ്ട് 200ന് അടുത്ത് ട്രെക്കേഴ്സുള്ള ആ ക്യാമ്പിൽ 'കാണാതെ പോയ ഗണേശ് ' അതോടെ 'വൈറലായി'.

ക്ഷീണമൊന്നു കുറഞ്ഞപ്പോൾ എണീറ്റ് ഫ്രഷായി കാന്റീനിലേക്കു വച്ചു പിടിച്ചു. കഞ്ഞിയും പയറും പപ്പടവും അച്ചാറുമാണ് അത്താഴം.  കഞ്ഞിയും പയറുമൊക്കെ എത്ര ചോദിച്ചാലും തരും, മതിയാവോളം കഴിക്കാം. കഞ്ഞി പ്ലേറ്റ് ഒന്നിന് 175 രൂപയാണ് വില. കേരളത്തിൽ ഏറ്റവും വിലകൂടിയ കഞ്ഞിക്കിട്ടുക അതിരുമല ക്യാമ്പിലാണെന്ന് പുറപ്പെടും മുൻപ് ഒരു തമാശ കേട്ടിരുന്നു. പക്ഷേ, അതിരുമലയിലെ ആ ക്യാമ്പിൽ നിൽക്കുമ്പോൾ,  ആ മലമുകളിലേക്ക് അരിയും സാധനങ്ങളുമെല്ലാം എത്തിക്കാനുള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ, പൊന്നിന്റെ വില പറഞ്ഞാലും നമ്മൾ ആ കഞ്ഞി വാങ്ങി ആർത്തിയോടെ കുടിക്കും.  

കഴിഞ്ഞ വർഷം വരെ വിറകടുപ്പിലായിരുന്നു അതിരുമല ക്യാമ്പിലെ പാചകമെന്നും ഈ വർഷം മുതലാണ് പാചകത്തിനായി ഗ്യാസ് സിലിണ്ടർ ഏർപ്പാടാക്കിയതെന്നും വൈൾഡ് ലൈഫ് വാർഡൻ സുരേഷ് ബാബു പറഞ്ഞിരുന്നു. വിറകിനായി പോലും ആ കാടിനെ നശിപ്പിക്കരുതെന്ന കരുതലായിരുന്നു  അതിനു പിന്നിൽ.  ഒരു സിലിണ്ടർ ബോണക്കാടു നിന്ന് കാട്ടിലൂടെ തലചുമടായി  കൊണ്ടുവന്ന് പാചകത്തിനു ഉപയോഗിച്ച് തിരിച്ച് ബോണക്കാട് എത്തിക്കുമ്പോഴേക്കും സിലിണ്ടറിന്റെ വിലയും ചുമട്ടുകൂലിയുമൊക്കെ ചേർത്ത് ഏതാണ്ട് 4500 രൂപയോളമാണ്  ചെലവാകുന്നതെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളോർത്തു.  

Agasthyarkoodam

കഞ്ഞി കുടിച്ച് തിരിച്ച് ഡോർമെറ്ററിയിൽ വന്നു കിടന്നപ്പോഴേക്കും കാലുകളിലേക്ക് വേദന അരിച്ചു കയറാൻ തുടങ്ങിയിരുന്നു. കയ്യിലുള്ള ബാം പുരട്ടി, ഒരു പാരസെറ്റമോളും കഴിച്ച് കയ്യിലും കാലിലുമൊക്കെ സോക്സിട്ട് ചെവി നന്നായി മൂടി ഉറങ്ങാൻ കിടന്നു. പായയിലേക്ക് വീഴേണ്ട താമസം  ഉറങ്ങിപ്പോവാൻ മാത്രം ക്ഷീണം ശരീരത്തിലുണ്ടായിരുന്നു. പക്ഷെ എന്നിട്ടും,  എന്തോ പെട്ടെന്ന് ഉറങ്ങാനായില്ല. ചിന്തകൾ കാടുകയറി ഉറക്കത്തിനു മുന്നിലെ വില്ലനായി മാറി, ഒപ്പം കാൽമുട്ടിലും സന്ധിയിലുമൊക്കെയായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന വേദനയും. 

തലേദിവസം, അതിരുമലയിൽ എത്തിയ ഏതാനും ആളുകളെ ക്യാമ്പിൽ വച്ചു പരിചയപ്പെട്ടിരുന്നു. അവരെല്ലാം അഗസ്ത്യാർ കൂടം യാത്ര കഴിഞ്ഞ് നാളെ തിരിച്ചിറങ്ങാൻ ഒരുങ്ങുന്നവരാണ്.  ആദ്യ ദിവസത്തേക്കാളും അപകടകരമായ വഴികളാണ് രണ്ടാം ദിവസം താണ്ടേണ്ടതെന്ന് അവരിൽ നിന്നും മനസ്സിലാക്കിയിരുന്നു. മാത്രമല്ല, അതിൽ ചിലർക്കൊക്കെ  യാത്ര മുഴുമിപ്പിക്കാനുമായില്ല, പൊങ്കാലപ്പാറയിൽ എത്തിയപ്പോഴേക്കും ഒട്ടും വയ്യാതെ തളർന്നിരുന്നു പോയെന്ന് അവർ പറഞ്ഞു.

അഗസ്ത്യനെ കാണാതെ മലയിറങ്ങേണ്ടി വന്നതിലുള്ള വിഷമം അവരുടെ മുഖത്തുണ്ടായിരുന്നു. ഇതെല്ലാം ഓർത്തു കിടന്നപ്പോൾ എനിക്കും ആശങ്ക തോന്നി.  എനിക്കു ഈ യാത്ര പൂർത്തീകരിക്കാനാവുമോ? പാതിവഴിയിൽ നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്നാൽ എന്തുചെയ്യും? മനസ്സുനിറയെ അസ്വസ്ഥത പടർത്തുന്ന ചിന്തകൾ. ഒടുവിൽ, മനസ്സു തന്നെ, ഒരു  പ്ലാൻ ബി റെഡിയാക്കി.

"ഒന്നുറങ്ങി എണീറ്റാൽ എല്ലാം ശരിയാവുമെന്ന് വിശ്വസിച്ചു. അങ്ങനെയെങ്കിൽ മലമുകളിലെ അഗസ്ത്യനെ കണ്ടേ ഞാൻ മടങ്ങൂ. ഇനിയതല്ല, കാല് ചതിച്ചാൽ പൊങ്കാലപ്പാറയിൽ  യാത്ര അവസാനിപ്പിച്ച് താഴോട്ടിറങ്ങും." എന്തായാലും, വരുന്നത് വരുന്നിടത്തു വച്ചുകാണാമെന്ന് സ്വയം സമാധാനിപ്പിച്ച് ഉറങ്ങാൻ ശ്രമിച്ചു. അല്ലേലും, 'തോൽക്കാൻ മടിയില്ലാത്തവനെ ജയിച്ച ചരിത്രമുള്ളൂ എന്നാണല്ലോ'. 

ഇടക്ക് എപ്പോഴോ എണീറ്റപ്പോൾ തണുപ്പ് ശരീരത്തിലേക്ക് അരിച്ചുകയറുകയാണ്. പുതപ്പ് ശരീരത്തിൽ നിന്നും മാറി കിടക്കുന്നു. ലഗേജ് കുറക്കുന്നതിന്റെ ഭാഗമായി ഒരു പുതപ്പുമായാണ് ഞങ്ങൾ രണ്ടും മലകയറിയത്. പുതപ്പിനായി രാധികയുമായി ഒന്നു പിടിവലി കൂടി, കാലു മുതൽ തല വരെ മൂടി വീണ്ടും തിരിഞ്ഞു കിടന്നു. 

- തുടരും

ആദ്യഭാഗവും അവസാനഭാഗവും ഇവിടെ വായിക്കാം:

Memories Tourism Forest Features Travel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: