/indian-express-malayalam/media/media_files/uploads/2018/07/priya-as-1.jpg)
ഫിഫ്ത്ത് എസ്‌റ്റേറ്റ് എന്ന നാടകട്രൂപ്പ് തൃപ്പൂണിത്തുറയില്‍ അവതരിപ്പിച്ച പി ആര്‍ അരുണിന്റെ 'Bon Voyage' എന്ന ഒരു മണിക്കൂര്‍ നാടകത്തില്‍ അതിവിദഗ്ധ്മായി ആസൂത്രണം ചെയ്യപ്പെട്ട ഒരു കൊലയുണ്ടായിരുന്നു. നാടകം തന്ന വേവലുമായി രാത്രി തിരിച്ചു വരുമ്പോള്‍ അറിയുമായിരുന്നില്ല, തൊട്ടടുത്തുള്ള നഗരത്തില്‍, ഞാന്‍ പഠിച്ച കോളേജില്‍ ഒരു കൊലപാതകത്തിനരങ്ങൊരുങ്ങുന്നുവെന്ന്.
നാടകം തന്ന നിറവിലുറങ്ങിയുണര്‍ന്നത്, എന്റെ കോളേജിനുള്ളിലെ വഴിനീളപ്പച്ചയെ കുത്തിപ്പിളര്‍ന്ന് ഒരു ഹൃദയം ചോരച്ചോപ്പായി പിടഞ്ഞൊടുങ്ങിത്തീര്‍ന്ന വാര്‍ത്തയുടെ നടുക്കത്തിലേക്കാണ്. 'നവാഗതര്‍ക്ക് സ്വാഗതം' എന്ന് കോളേജ് ചുവരിലെഴുതാന്‍ പോയ ഒരു പറ്റം കുട്ടികള്‍, അതിലൊരാള്‍ അവസാനം ആ ചുമരുകളില്‍ നിന്നൊരിക്കലും മായാത്ത ഒരു കറുത്തലിപിയായി മാറി. സ്വാഗത ആശംസകള്‍ സ്വീകരിച്ച്, റീ ഓപ്പണിങ് ഡേയില്‍ കോളേജ് മുറ്റത്തേയ്‌ക്കെത്തിയത് മരണമാണ്. വെറും മരണമല്ല. കത്തിരൂപത്തിലെ കൊലപാതകം. ഒറ്റക്കുത്തിന് അപ്പുറത്തേക്ക് തുളച്ചിറങ്ങും വിധം ചതുരതയാര്‍ന്ന കൊലപാതകകലാപരത!
ഞാന്‍ ജോലി ചെയ്യുന്ന കുസാറ്റിലും തിങ്കളാഴ്ച തന്നെയായിരുന്നു റീഓപ്പണിങ് ഡേ. അവന്റെ കൊലപാതകത്തെച്ചൊല്ലി നേതൃത്വങ്ങളാഹ്വാനം ചെയ്ത പ്രതിഷേധപ്പഠിപ്പുമുടക്കിന്റെ അലയൊലികള്‍ വരാന്തയിലൂടെയും മുറ്റത്തു കൂടെയും വന്നു തൊട്ട് അവന്‍ പോയതിനെക്കുറിച്ചു തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ മുഖം കുനിച്ച് വെന്തിരിയ്ക്കുന്നതിനിടയിലാണ്, ഉരുണ്ട തൂണുകള്‍ കാവല്‍ നില്‍ക്കുന്ന കെമിസ്ട്രിലാബിനരികിലെ വളരെ പരിചിതമായ വരാന്തയിലൂടെ അവന്‍ നടന്നു വന്ന് ചിരിയ്ക്കുന്ന മഹാരാജാസ് ഫോട്ടോ കണ്ടത്. അതോടെ വേവല്‍ ഏതാണ്ട് പൂര്‍ണമായി.
ഇതേ പോലൊരു മഹാരാജാസ് കോളേജ് സംഘര്‍ഷവേളയുടെ കണ്ണിയായിട്ടാണല്ലോ ഉള്ളിലൊരു കണ്ണീര്‍നീറ്റലും തീയാന്തലും പൊടിച്ചതും പടര്‍ന്നതും പിന്നെ കഥക്കണ്ണിയായതും എന്ന വെളിപാടുണ്ടായത് മെല്ലെയാണ്. എന്റെ വഴിയിലെ പല കഥകളും കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നും ആ കണ്ണികളുടെയെല്ലാം മൂലം ആ ഒറ്റക്കണ്ണിയിലെ ചോരമയമാണ് എന്നും പിന്നെ വെളിപാടിന്റെ വിസ്താരം കൂടിക്കൂടി വന്നു.
മാതൃഭൂമിയുടെ ബാലപംക്തിത്താളില്‍ എന്റെ ആദ്യകഥ അച്ചടിമഷി പുരണ്ടത്, ഇതേ കോളേജിലെ രാഷ്ട്രീയവൈരങ്ങള്‍ തമ്മിലടിച്ചു ചോരചീറ്റിച്ച 86 കളിലായിരുന്നു. ആ തമ്മിലടിനിമിഷങ്ങള്‍ തന്ന പകപ്പും മനസ്സിലാകായ്മയും നിസ്സഹായതയുമായിരുന്നു ആ ആദ്യകഥയുടെ മൂലധനം. (വടിവാള്‍ എന്ന വാക്ക് ഞാനാദ്യമായി കേട്ടത് അന്നായിരുന്നു. ഏതാണ്ടൊരു മാസക്കാലത്തോളം, ഐഡെന്റിറ്റി കാര്‍ഡ് കാണിച്ച്, അതും ഒരു ഗേറ്റിലൂടെ മാത്രമേ കോളേജില് കയറാനാകുമായിരുന്നുള്ളു.)
കത്തുരൂപത്തിലെഴുതിയ ആ ആദ്യ അക്ഷരശ്രമത്തിലേക്ക് എന്റെ തന്നെ ക്‌ളാസിലെ ഒരാളുടെ പേരിന്റെ ഛായ കയറ്റി വച്ച് അതിനുള്ളിലേക്ക് മറ്റൊരു ക്‌ളാസ്‌മേറ്റിന്റെ ചെയ്തിയെ എടുത്തു വച്ച് അതിനു മേലെ എന്റെ ആധിയും വ്യാധിയും തൂവിയിട്ടപ്പോള്‍ അത് കഥയായിത്തീര്‍ന്ന് കുഞ്ഞുണ്ണി മാഷുടെയടുത്തേയ്ക്ക് പോയി. ധമനികളിലേയ്ക്ക് രാഷ്ട്രീയം കയറുമ്പോള്‍, അതു വരെ ഒരു ചിരിയും കുശലവും തമാശയുമായി തൊട്ടടുത്തു നിന്ന വിടര്‍ന്ന മുഖങ്ങള്‍ക്ക് വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവുകള്‍, പുറംലോകമായകള്‍ തീരെയും അറിയാത്ത അന്നത്തെ നാട്ടിന്‍പുറപ്പെണ്‍കുട്ടിയ്ക്ക് താങ്ങാനാകുന്നതിനുമപ്പുറത്തായിരുന്നു. എതിരാളി എന്ന് ചിലരെ 'മറ്റാരോ' പ്രഖ്യാപിക്കുമ്പോള്‍, എങ്ങനെ അവരുടെ പുറകേ ഉറഞ്ഞുതുള്ളി വടിവാളുമായി ആര്‍ത്തട്ടഹസിച്ച് ഓടാന്‍ പറ്റുന്നു ചിരിമുഖക്കൂട്ടുകാര്‍ക്ക് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്ത പതിനേഴുകാരി എഴുതിയ കഥയ്ക്ക്, അടുത്ത ലക്കത്തിലോ മറ്റോ തന്നെ കത്തുരൂപത്തിലുള്ള മറ്റൊരു കഥയില്‍ക്കൂടി ബാലപംക്തിത്താളിലൂടെത്തന്നെ മറുപടി കിട്ടുകയുണ്ടായി. ആ മറുപടിക്കഥയില്‍ എനിയ്ക്ക് തീരെ മനസ്സിലാകാത്ത വെറും പ്രത്യശാസ്ത്രക്കടുംവെട്ടുകളേയുണ്ടായിരുന്നുള്ളൂ. സാഹിത്യഭംഗിയുണ്ടായിരുന്നിട്ടു കൂടിയും എനിയ്ക്കതൊക്കെ വെറും വാചകക്കസര്‍ത്തുകളായേ തോന്നിയുള്ളു. വെട്ടുകള്‍ക്ക് കാരണം ചോദിക്കുമ്പോള്‍ കിട്ടുന്ന നെടുങ്കന്‍മറുപടികളെല്ലാം തന്നെ കടുംവാക്കുകള്‍ കൊണ്ടുള്ള നാവുകളിയായി പരിണമിക്കാറാണ് പതിവെന്നും അതിലൊന്നും യുക്തി തേടി നടന്നിട്ട് കാര്യമില്ലെന്നും അന്ന് പഠിച്ചതാണ്.
Read Here: നീലക്കുറിഞ്ഞിയിൽ അഭിമന്യു പൂക്കുമ്പോൾ
എന്റെ എഴുത്തുജീവിതത്തിന്റെ തുടക്കത്തിലെ ആ കഥക്കത്ത് തന്നെയാവും പിന്നെ ചാരത്തില്‍പ്പൂണ്ടുള്ളില്‍ക്കിടന്ന്, കാലമേറെക്കഴിഞ്ഞുണ്ടായ
അന്‍പത്തിയൊന്ന് വെട്ടുകളുടെ സമയത്ത് 'അപ്പക്കാരസാക്ഷി' എന്ന കഥയായത്. ഉള്ളിലെ അന്നത്തെ പറ്റിപ്പിടിക്കലുകള്‍ തന്നെയാവും, പിന്നെ ഒരു ദിവസം പത്രമെടുത്തു നിവര്‍ത്തിയപ്പോള്‍ കണ്ട രണ്ടാം പേജിലെ 'രാജന്റെ ശരീരം മെഷീനിലരച്ച് പന്നികള്‍ക്ക് തിന്നാന്‍ കൊടുത്തു' എന്ന വാര്‍ത്തയും അതിന് തൊട്ടടുത്ത പേജിന്റെ താഴത്തെ മൂലയിലെ 'ജയറാംപടിക്കലിന്റെ മകന്‍ കുഴഞ്ഞു വീണു മരിച്ചു' എന്ന വാര്‍ത്തയും ചേര്‍ത്തുവച്ച് 'കാലനീതികളുടെ പെരുക്കപ്പട്ടിക' തന്ന പകപ്പില്‍ എന്നെ പിടിച്ചിട്ടതും.
ഭാഗവതവായനക്കാരനായി കാലം മാറ്റിയ പുലിക്കോടന്‍ നാരായണനേയും ദുരിതം തിന്ന് മരിച്ച ജയറാം പടിക്കലിനെയും കൂടി ചേര്‍ത്തു വച്ച് 'ആരോ പടിയ്ക്കല്‍' എന്ന കഥയെഴുതാന്‍ എന്നോട് പറഞ്ഞതും അന്നത്തെ ആ കഥ തന്ന ഉള്‍പ്പെരുക്കം തന്നെയാവും. കോളേജിനുള്ളിലെയും പൊതുസമൂഹത്തിനകത്തെയും രാഷ്ട്രീയനീക്കങ്ങളില്‍ പെട്ടു തീര്‍ന്നു പോയ ഒരു മകന്റെ അച്ഛന്‍, തന്റെ ജീവിതദുരന്തം പകര്‍ത്തിയ പുസ്തകത്തിന് കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് (ചെറുകഥയ്ക്ക് എനിക്കായിരുന്നു ആ വര്‍ഷം അവാര്‍ഡ് ) വാങ്ങാന്‍ പരസഹായത്തോടെ സ്‌റ്റേജിലേയ്ക്ക കയറിപ്പോയതാണ് എനിയ്‌ക്കെന്നും ഉള്ളില്‍ മായാതെ നില്‍ക്കുന്ന രാഷ്ട്രീയദുരന്തചിത്രം.
അതൊക്കെക്കൊണ്ടു തന്നെയാവും ബി അജിത് കുമാർ സംവിധാനം ചെയ്ത 'ഈട' കാണുമ്പോള്‍, കഴുത്തറ്റം വരെ വന്നു നില്‍ക്കുന്ന ഒരു കരച്ചില്‍ വന്ന് ശ്വാസംമുട്ടി അനങ്ങാതിരുന്നു പോയതും. കാമുകിയായ ഐശ്വര്യയുടെ ആങ്ങളയും തന്റെ അമ്മാവന്‍ നേതൃസ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രീയകക്ഷിയുടെ എതിര്‍കക്ഷിനേതാവും ആയ കരിപ്പിള്ളി ദിനേശനെ വകവരുത്താന്‍ പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു എന്ന വിവരം ആനന്ദ് പാത്തുപതുങ്ങി ദിനേശനെ അറിയിക്കുമ്പോള്‍ നിര്‍വ്വികാരമായ ഒരു നന്ദിക്കു ശേഷം, ദിനേശന്‍ പറയുന്നത് 'ഞാനായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നില്ല' എന്നാണ്. ആ മുഹുര്‍ത്തത്തിലാണ് 'ഈട'യുടെ മുഴുവന്‍ കാതലും എന്നു ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിതന്ത്രങ്ങള്‍ ചോര്‍ത്തുകയെന്ന ആനന്ദിന്റെ വൈരുദ്ധ്യാതാമക നീക്കമാണ്, സ്വന്തം ജീവൻ കത്തിമുനയിലാണെന്ന വിവരത്തേക്കാളും തനിക്ക് അസഹനീയം എന്നയാളുടെ നില്‍പ്പും നോട്ടവും തറപ്പിച്ചുറപ്പിച്ച് പറയുന്നിടത്താണ് 'ഈട', കക്ഷിരാഷ്ട്രീയത്തെ പൊളിച്ചടയാളപ്പെടുത്തിയത് എന്നു തന്നെ ഞാന്‍ കരുതുന്നു. നേതൃതീരുമാനങ്ങളെ വെള്ളം കൂട്ടാതെ വിഴുങ്ങി അന്ധമായ പിന്തുടരുന്നിടത്തു വച്ചാണ് എവിടെയും കക്ഷിരാഷ്ട്രീയം കഴുകന്‍ ചിറകു വിരിയ്ക്കുന്നത് എന്നു വ്യക്തമായി പറഞ്ഞുവച്ച ആ ഇടത്തു വച്ചാണ്, 'ഈട' എനിയ്ക്ക് കാമ്പുള്ളതായിത്തീര്‍ന്നത്.
Read Here: ഈട: ഓരോ മലയാളിയും തിയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കേണ്ട ചിത്രം
ഇന്നത്തെ മഹാരാജാസ്
പൊതുധാരയിലെ രാഷ്ട്രീയബോധത്തിന്റെ തുടര്‍ച്ചയാണ് കലാലയരാഷ്ട്രീയമെന്നും അത് വെറും രാഷ്ട്രീയമല്ലെന്നും മതവും വംശവും വര്‍ണ്ണവും കൂട്ടിക്കുഴച്ചതാണതെന്നും എങ്ങു നിന്നോ പൊട്ടിമുളച്ചുണ്ടാതായതല്ല അതെന്നും മുമ്പേ പോകുന്ന പൊതുധാരാഗോവിനെ അതിതീവ്രമായി പിന്തുടരലാണ് അതിന്റെ രീതിയെന്നും ആ പുറകേ നടപ്പിലാണ് അപകടത്തിന്റെ കത്തിമുനയും ബോംബുമെല്ലാം പതിയിരിയ്ക്കുന്നതെന്നും ഇന്നറിയാം.
കഴിഞ്ഞ കുറേ ദിവസങ്ങളായി മഹാരാജാസിന്റെ കുറേ നല്ല ഫോട്ടോകളിലൂടെ കേറിയിറങ്ങിയിരുന്നു. അനുവാദമില്ലാതെ കോളേജ് കാമ്പസില്‍ ഫൊട്ടോയെടുക്കുന്നതിനെ മഹാരാജാസ് കോളേജ് സൂപ്രണ്ട് വിലക്കിയ നടപടിയിലെ പ്രതിഷേധം ആയിരുന്നു കുറച്ചു ദിവസങ്ങളായി കോളേജിലെ പ്രശ്‌നവിഷയം. മഹാരാജാസ് പൂര്‍വ്വവിദ്യാര്‍ത്ഥിയും മഹാരാജാസിന്റെ ഫൊട്ടോകളില്‍ അഭിരമിയ്ക്കുന്നയാളും അനിയനും കൂട്ടുകാരനുമായ ഷാഹിദ് മനയ്ക്കപ്പടിയുടെ ചിത്രങ്ങള്‍ നോക്കുമ്പോള്‍, മഹാരാജാസ് പച്ചയും മഴയും പ്രണയിച്ച് തമ്മില്‍പ്പുണര്‍ന്നുനില്‍ക്കുന്ന ഒരുപാട് ഫൊട്ടോകള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ തോന്നി. അതിലൊന്നെടുത്ത് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഫൊട്ടോയാക്കാനും തോന്നിയതാണ്. പിന്നെ അതു വേണ്ടെന്നു വച്ചത്, ഒരു പ്രശ്‌നത്തിന്റെ തീവെട്ടിവട്ടത്തിലേക്ക് തെളിവാരിയെറിഞ്ഞ് അതിനെ ആളിക്കത്തിയ്ക്കലല്ല, പ്രശ്‌നം പഠിക്കാതെ പ്രശ്‌നത്തിലിടപെടലല്ല. മഹാരാജാസില്‍ നിന്ന് വളരെ മുമ്പേ പഠിച്ചിറങ്ങിയ ഒരാള്‍ ചെയ്യേണ്ടത് എന്ന ബോദ്ധ്യം തോന്നിയതു കൊണ്ടാണ്.
ഇന്നലെയും ആ ചിത്രങ്ങള്‍ മനസ്സിലേയ്ക്കു വന്നു. പച്ചപ്പും മുറ്റത്തെ വെള്ളവും നിറഞ്ഞ കാല്പനികസൗന്ദര്യമായല്ല ഒരു പച്ച സ്വെറ്ററമ്മയും കണ്ണീര്‍ തളം കെട്ടിയ കണ്ണുകളുമായി അവ പെട്ടെന്ന് രൂപാന്തരം പ്രാപിച്ച് കാലത്തിന്റെ ഒരു സമകാലികമുഖമായിത്തീര്‍ന്നു... 'കാലം ഖനീഭൂതമായ് നില്‍ക്കും കാണാക്കയങ്ങളിലൂടെ' എന്ന വരിയില്‍ തറഞ്ഞു നിന്ന് മഹാരാജാസ് മഴമുറ്റച്ചിത്രങ്ങളോരോന്നും എന്നെ അസ്വസ്ഥതപ്പെടുത്തി.
ആ പഴയ കത്തുരൂപക്കഥ സംഘടിപ്പിച്ച് ഒന്നു കൂടി വായിയ്ക്കണം എന്ന് പെട്ടെന്നാണ് തോന്നാന്‍ തുടങ്ങിയത്. പിന്നെ തോന്നിയത് , എന്റെ ബാഗില്‍ ഞാനെടുത്ത് സൂക്ഷിച്ചുവച്ചിരിക്കുന്ന ആ അന്‍പത്തിയൊന്നു വെട്ടുകാരന്റെ മകന്റെ ലേഖനത്തിലെ വരികളിലൂടെ ഒന്നുഴറി നടക്കാനാണ്. അവനെഴുതിയിരിക്കുന്നു, 'കൊലയാണ് ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനമെന്ന് കരുതുന്നവര്‍ പെരുകുന്നു. ആണ്ടിലൊരിയ്ക്കല്‍ രക്തസാക്ഷിദിനവും ബലിദാനദിനവും കൊണ്ടാടി, കൊടിയും മടക്കിപോകുമ്പോള്‍, എന്നും കണ്ണീരില്‍ കഴിയുന്ന അവരുടെ കുടുംബത്തെക്കുറിച്ച് ആരാലോചിക്കൂന്നു! കൊടിയുടെ നിറം ചുവപ്പോ കാവിയോ പച്ചയോ ആവട്ടെ, അത് പിടിയ്ക്കുന്നവരുടെ ഉള്ളിലെ ചോരയ്ക്ക് ഒരേ നിറം ആണ്. അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന കാലം അനിവാര്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.'
മഹാരാജാസിന്റെ മുറ്റത്ത് ഇരുപതുകാരന്‍ എന്നേയ്ക്കുമായി ഉറങ്ങിയപ്പോള്‍, ചുറ്റും പൊടിഞ്ഞ കണ്ണുനീരിനൊന്നും പാര്‍ട്ടിയോ മതമോ നിറമോ തീവ്രവാദങ്ങളോ ഉണ്ടായിരുന്നു കാണില്ലല്ലോ എന്നു കൂടി ആ വായന മതിയാക്കുമ്പോള്‍ ഓര്‍ത്തു. ആ നിശ്ചല ശരീരത്തിനരികെ വീല്‍ച്ചക്രക്കസേരയിലിരുന്ന സൈമണ്‍ ബ്രിട്ടോയുടെ പൊടിയാത്ത കണ്ണീരിനും നിറം ചുവപ്പല്ലല്ലോ!
ബ്രസീല്‍, ക്രയേഷ്യയ്‌ക്കെതിരേ വിജയം നേടിയ കളിയ്ക്കുമുന്നിലിരിക്കുമ്പോഴും എനിക്ക് ശ്രദ്ധ പതറി. മുന്നോട്ടു കുതിക്കുന്നവന്റെ മുന്നിലെത്താന്‍, അവനെ കുതികാല്‍ വെട്ടി വീഴ്ത്തുകയോ പിന്നില്‍ നിന്ന് വലിച്ചു താഴെയിടുകയോ ചെയ്യുന്ന വിജയോത്സാഹികളുടെ തന്ത്രം നിറഞ്ഞ കളിക്കളം എന്ന് കളി കാണുമ്പോഴൊക്കെയും തോന്നിക്കൊണ്ടിരുന്നു. ഇതു തന്നെയല്ലേ കാമ്പസിനു പുറത്തെ രാഷ്ട്രീയ മാച്ചുകളിലും നടക്കുന്നത്? എതിരാളിയെ ഉന്മൂലനാശം വരുത്താന്‍ അവസരം കാത്ത് കത്തി തേച്ചുമിനുക്കുന്നതിന്റെ ഫാസിസ്റ്റ് അപസ്വരങ്ങളില്ലാത്ത ഏതു പാര്‍ട്ടിയുണ്ട് ഇവിടെ ?
പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍, എവിടുന്നെന്നു നിശ്ചയമില്ലാതെ ഒരു മിന്നാമിന്നി വന്നു കറങ്ങിത്തിരിഞ്ഞു... അത് 'അപ്പക്കാര സാക്ഷി'യിലെ തീയറ്ററില്‍ 'മഞ്ചാടിക്കുരു' എന്ന സിനിമാ നേരത്ത് പറന്നുകളിച്ച അതേ മിന്നാമിന്നിയല്ലേ എന്നു സന്ദേശം വന്ന് ഞാന്‍ പകച്ചു. പിന്നെ, ഉറങ്ങിത്തുടങ്ങുന്ന മകന്റെ ചെവിയില്‍ അതെങ്ങാന്‍ കയറിയാലോ എന്നു പേടിച്ച്, പിടിക്കാന്‍ ചെല്ലുന്തോറും ഉയരത്തിലേക്ക് പറന്ന് തെന്നിമാറിയ അതിന്റെ പുറകേ നടന്നു ക്ഷീണിച്ചു. എല്ലാ അമ്മമാരുടെയും ഉള്ളിലുള്ള പ്രാര്‍ത്ഥന 'എന്മകനാശു നടക്കുന്ന നേരവും / കന്മഷം തീര്‍ന്നിരുന്നീടുന്ന നേരവും / തന്മതി കെട്ടുറങ്ങീടുന്ന നേരവും / സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍' എന്നാണല്ലോ കൗസല്യയെപ്പോലെതന്നെ എന്നോര്‍ത്ത് പിന്നെ വിയര്‍ത്തു.
ഫിഫ്ത്ത് എസ്‌റ്റേറ്റിന്റെ നാടകത്തില്‍ കഥാപാത്രങ്ങള്‍ അതിതീവ്രസംഘര്‍ഷമനുഭവിക്കുന്ന ഏട്, അവരുടെ അനുഭവങ്ങളുടെ ക്രമാനുഗതമായ ഗതിയെ കുഴച്ചുമറിച്ചാണ് സ്റ്റേജിലവതരിപ്പിച്ചു കാണിച്ചത്. ബാഗില്‍ കിടക്കുന്ന ലേഖനം മറിച്ചു നോക്കാനും 'ഈട' ഓര്‍ക്കാനും ആ പഴയ കത്തുകഥയില്‍ വീണും പിന്നെ എന്തോ ചിലതെഴുതാനും ശ്രമിച്ച് ഞാനിരിയ്ക്കുന്ന പത്മവ്യൂഹവും ആ സ്‌റ്റേജും ഒന്നു തന്നെയല്ലേ എന്നു ഞാനോര്‍ത്തു. എന്റെ ആവനാഴിയില്‍ അക്ഷരം പരതി മുന്നോട്ടും പിന്നോട്ടും നടക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എങ്കിലും ഈ രാത്രിയില്‍, എന്റെ പരിമിതികള്‍ക്കിടയിലിരുന്ന് ഞാനതു തന്നെ ചെയ്യുന്നു.
ഉള്‍വേവു കൊണ്ട് എനിക്കുറങ്ങാനേ പറ്റുന്നില്ല. കുട്ടികള്‍ മായ്ച്ചുകളയപ്പെട്ട വേറെയും കോളേജ് വരാന്തകളുണ്ടെന്നറിയാതെയല്ല. പക്ഷേ ആ വരാന്തകളെയെല്ലാം, വായിച്ചും നിനച്ചെടുത്തും ടി വി കണ്ടും കൊത്തിയെടുക്കണം ഞാന്‍. ഇത് ഞാനിരുന്ന, ഞാന്‍ നടന്ന, എന്നെത്തൊട്ട വരാന്തകളാണ്. ഇത് ഞാന്‍ ഉയിരില്‍ കൊണ്ടു നടക്കുന്ന സമരമരത്തിന്റെ താഴത്തൂകൂടി ഉരുളന്‍തൂണുകളുടെ വരാന്തകളിലേക്ക് നീളുന്ന പച്ചവഴിയില്‍ ഇറ്റിറ്റ കണ്ണില്‍ച്ചോരയില്ലായ്മയാണ്. എനിയ്ക്കിത് എന്റെ ശ്വാസം തന്നെയാണ്... അവനവന്റെ ശ്വാസത്തെ തൊടാനാണ് ആര്‍ക്കായാലും എളുപ്പം. അതൊരു ജന്മവാസനകൂടിയാണ്.
ബ്രസീലിന്, റോബർട്ട് ഫെർമിനോ രണ്ടാം ഗോള്‍ നേടിക്കൊടുക്കുമ്പോഴും ഒരുവന്, ഇന്നലെയും ഒരുപക്ഷേ കളി കണ്ടാര്‍ത്തുവിളിച്ച ഒരുവന് ഇന്നായപ്പോഴേയ്ക്ക് നഷ്ടമായ എല്ലാ ഗോളുകളും എന്ന് വീണ്ടും നെഞ്ചു കുറുകുന്നു.
എന്റെയീ കോളേജ് മുറ്റത്ത് നടന്നതിന് പേര്, തീവ്രവാദവംശീയത എന്നോ ന്യൂനപക്ഷവര്‍ഗ്ഗീയത എന്നോ രാഷ്ട്രീയഫാസിസമെന്നോ ആവാം. പേരുകളെന്തൊക്കെയായാലും എവിടെ നടന്നതായാലും 'പ്രശ്‌നങ്ങളെ, അഭിപ്രയഭിന്നതകളെ സംയമനത്തോടെ നേരിടാന്‍ ഒരുക്കമില്ലാത്തവര്‍, സദാ ആസൂത്രിതമായ നീക്കങ്ങളാലും സജ്ജമായ കത്തിമുനമൂര്‍ച്ചകളാലും സാധിച്ചെടുക്കുന്ന അന്ധമായ അരിഞ്ഞുവീഴ്ത്തലുകള്‍' മാത്രമാണ് എനിക്കിത്. എനിയ്ക്ക് പാര്‍ട്ടികളുടെ പേരുകളറിയണ്ട, തലപ്പത്തിരിക്കുന്നവരെ അറിയണ്ട. കാര്യവും കാരണവും അറിയണ്ട. അവന്‍ സഖാവായിരുന്നോ സഖാവായിരുന്ന ദലിതനായിരുന്നോ ആദിവാസിയായിരുന്നോ എന്നൊന്നും അറിയണ്ട. ആരുടെ ചോര വീണു എന്നതല്ല ചോര വീഴ്ത്തി എന്നതാണ് എന്നെ ഉലയ്ക്കുന്നത്. ഒരാളെ അരിഞ്ഞുവീഴ്ത്തിയല്ല അയാളുടെ വിശ്വാസപ്രമാണത്തെ ചോദ്യം ചെയ്യേണ്ടത്. ആ ആള്‍ക്ക് ഉണ്ണാനുണ്ടായിരുന്നോ ഉടുക്കാനുണ്ടായിരുന്നോ വീടുണ്ടായിരുന്നോ അവനൊറ്റക്കുട്ടിയായരുന്നോ അവനെന്തിനു വേണ്ടിയാണ് പാര്‍ട്ടിയിലേയ്ക്ക് വന്നതും, നിന്നതും അവന് കലാവാസനയാണോ കലാപവാസനയാണോ ഉണ്ടായിരുന്നത് എന്നെല്ലാമുള്ള കാര്യങ്ങള്‍ അല്ല പ്രധാനം, കൊന്നു എന്നതാണ്.
അവന്‍, മറ്റു കൊടിക്കാരെയും സ്‌നേഹിച്ചിരുന്നു എന്നതും അവര്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍മാച്ചില്‍ ആവേശത്തോടെ പങ്കെടുത്തു എന്നതും ആണ് എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. ഓരോ കൊടിയും, മറ്റേതോ കൊടി മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളിലെ പോരായ്മകളെ മറികടക്കാന്‍ വേണ്ടി മാത്രം കാറ്റിലുയര്‍ന്നു പറക്കുന്നയിടത്തേ നമ്മളൊക്കെ നന്നാവൂ ഏതു കോളേജിലായാലും, ഏതു പൊതുസമൂഹത്തിലായാലും എന്നു തന്നെ ഞാന്‍ കരുതുന്നു. എന്റെ മകനല്ലാതെ ആ വാചകം മറ്റാര്‍ക്കാണ് ഞാന്‍ കൈമാറിക്കൊടുക്കേണ്ടത്?
പിന്നെ ഞാനെന്റെ മകനോട് പറയുന്നു, എന്റെ കോളേജിന്റെ അഭിമാനമായ പച്ചപ്പിലൂടെ നടന്നു വന്ന് ഇന്നൊരു സ്വെറ്റര്‍പച്ചപ്പ് ശ്വാസം മുട്ടിക്കരഞ്ഞു... ഞങ്ങള്‍ മഹാരാജാസ് പെറ്റ കിളികളെല്ലാം അവരോടൊപ്പം കരയുന്നു, അതേ പച്ചനിറത്തില്‍...
ഇതെഴുതുമ്പോള്‍, എന്റെ മുറിയുടെ ജനാലയുടെ വെന്റിലേഷനില്‍ കൂടു വച്ചു മുട്ടയിട്ട് കുഞ്ഞിക്കിളികളെ വിരിയിച്ച വണ്ണാത്തിക്കിളിയും ഉറക്കമില്ലാതെ പാതിരാനേരത്ത് കരയുന്നു. അതെന്തിനാവാം ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.