കേരളത്തിന്റെ രാഷ്ട്രീയ ശരീരത്തില്‍ ഇന്നും രക്തംവാരുന്ന ഒരു മുറിവാണ് കണ്ണൂര്‍ ജില്ല. ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദ്യമമാണ് കണ്ണൂര്‍ പശ്ചാത്തലമാക്കി ഒരു രാഷ്ട്രീയ സിനിമയെടുക്കുക എന്നത്. ‘ഈട’ എന്ന ചിത്രത്തിലൂടെ അത്തരമൊരു സാഹസത്തിനു മുതിര്‍ന്നിര്‍ന്നിരിക്കുകയാണ് ബി. അജിത് കുമാര്‍. ‘ഈട’യുടെ രാഷ്ട്രീയത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും, ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചും സംവിധായകന്‍ സംസാരിക്കുന്നു.

? എന്തായിരുന്നു സംവിധായകന്റെ ‘ഈട’

=’ഈട’ എന്നത് കണ്ണൂരില്‍ ഇവിടെ എന്നര്‍ത്ഥമാകുന്ന പദമാണ്. ഇവിടെ എന്നു പറയുമ്പോള്‍ എവിടെയുമാകാം. അത് ഈ കാലഘത്തെക്കുറിച്ചാണ് പറയുന്നത്. യൂണിവേഴ്സലായ ഒരു തീം ആണ് അഡ്രസ്സ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത്. ഇവിടെ അത് വലത്-ഇടതുപക്ഷ രാഷ്ട്രീയമാണെങ്കില്‍ മറ്റൊരിടത്ത് അത് മറ്റൊരു തലത്തിലായിരിക്കാം. കണ്ടിറങ്ങുന്നവര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്.

Nimisha, Shane

?. വലതുപക്ഷത്തോട് മൃദുസമീപനം പുലര്‍ത്തി ഇടതുപക്ഷത്തെ ആക്രമിക്കുന്ന സമീപനമാണ് സിനിമയുടേത് എന്നൊരു വിമര്‍ശനമുണ്ടല്ലോ

=അങ്ങനെയൊരു വിമര്‍ശനം ഞാനിതുവരെ കേട്ടില്ല. ഇടതുപക്ഷ സഹയാത്രികരായ സുഹൃത്തുക്കള്‍ തന്നെയാണ് എനിക്കുള്ളത്. അവരാരും അത്തരത്തിലൊരു അഭിപ്രായം പറഞ്ഞുകേട്ടില്ല. അതിനപ്പുറത്തേക്ക് സിനിമ മുന്നോട്ടുവയ്ക്കുന്ന മാനുഷികതലത്തെ കാണാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ സിനിമയുടെ വിശദാംശങ്ങളിലെവിടെയെങ്കിലും ചിലര്‍ക്ക് അവരുടെ പാര്‍ട്ടിയെ കൂടുതല്‍ വിമര്‍ശിക്കുന്നതായി തോന്നിയെങ്കില്‍, രണ്ടു ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. വലതുപക്ഷത്തിന്റെ വിമര്‍ശനം അത്ര പ്രത്യക്ഷമല്ല. കാരണം കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥയില്‍ ഇടതുപക്ഷത്തിനാണ് ദൃശ്യത കൂടുതല്‍. അധികാരമുള്ളതും ഇടതുപക്ഷത്തിന്റെ കൈയ്യിലാണ്. ഇവിടുത്തെ അവസ്ഥയെ ചിത്രീകരിക്കുമ്പോള്‍ നിലവിലെ അധികാരത്തിന്റെ ബാലന്‍സിങ് എങ്ങിനെയാണോ അതിനെ കാണിക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. കൊല്ലുന്ന കാര്യത്തില്‍ എല്ലാവരും തുല്യരാണെങ്കിലും ജനപിന്തുണയുടെ കാര്യത്തില്‍ സി പി എമ്മാണ് കണ്ണൂരില്‍ ശക്തം. ആര്‍ എസ് എസ്സിന് അത്രയും ശക്തിയുളള സ്ഥലമല്ല എന്നാണ് എന്റെ വിലയിരുത്തല്‍. അത്തരമൊരു സാഹചര്യത്തില്‍ അതല്ലേ എനിക്കു കാണിക്കാന്‍ സാധിക്കൂ. അവരുടെ ഗൂഢാലോചനകളും, നിഷ്‌കരുണം കൊന്നുതള്ളുന്നതുമെല്ലാം ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. അതുപോരാ, അവരെ മാത്രം വില്ലന്മാരായി കാണിക്കണം എന്നു പറയുന്നതില്‍ എന്താണര്‍ത്ഥം.

Read More: “പ്രണയത്തിന്റെ പാർട്ടി ഗ്രാമങ്ങൾ” ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതുന്നു

ഇന്ത്യയുടെ പലഭാഗങ്ങളിലും സംഘപരിവാര്‍ ശക്തികള്‍ കൃതൃമായ ആസൂത്രണത്തിലൂടെ എക്സിക്യൂട്ട് ചെയ്യുന്ന കൊലപാതകങ്ങളും സംഘര്‍ഷങ്ങളുമുണ്ട്. കണ്ണൂരിലെത്തുമ്പോള്‍ മറ്റുളള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി അധികാരത്തിന്രെയും ജനപിന്തുണയുടെയും ബലം ഇവിടെ സംഘപരിവാറിനല്ല എന്ന് മാത്രമേയുളളൂ.

ഈ സിനിമ ഇടതുപക്ഷത്തിനെയോ സംഘപരിവാറിനെയോ താഴ്ത്തിക്കെട്ടാനോ പുകഴ്ത്താനോ അല്ല. അതിനുളള സിനിമകള്‍ വേറെ ആളുകള്‍ എടുക്കുന്നുണ്ടല്ലോ. എന്റെ സിനിമ സംസാരിക്കുന്നത് അരാഷ്ട്രീയമായ അക്രമത്തിനെതിരെയാണ്. അക്രമങ്ങളുടെ ഈ ആവര്‍ത്തനം നിര്‍ത്തണമെന്നതിലാണ് എന്റെ ശ്രദ്ധ. ചില ചെറുത്തുനില്‍പ്പുകളുടെ ഭാഗമായി ഹിംസാത്മകമായ പാതകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുള്ള ചരിത്രമുണ്ട്. പക്ഷെ അതുചൂണ്ടിക്കാട്ടി അധികാര രാഷ്ട്രീയത്തിനുവേണ്ടിയുള്ള കടിപിടിയെ ന്യായീകരിക്കാന്‍ കഴിയില്ല.

ഞാനൊരു കമ്മ്യൂണിസ്റ്റല്ല. മാര്‍ക്‌സിസത്തെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഇടതുപക്ഷത്തോട് എനിക്ക് ആഭിമുഖ്യം ഉണ്ട്. അതു നിലനില്‍ക്കെ തന്നെ ഈ നടക്കുന്നത് ശരിയല്ലെന്ന് പറയേണ്ട ബാധ്യത എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Ajith Kumar, Eeda Location

ഈടയുടെ ലൊക്കേഷൻ

?. ഈടയിലെ പ്രണയമായാലും രാഷ്ട്രീയമായാലും തീര്‍ത്തും ബാലന്‍സിങ് ആണ്. ബോധപൂര്‍വ്വമുള്ളൊരു ശ്രമമായിരുന്നോ അത്

=ബാലന്‍സിങ് ബോധപൂര്‍വ്വം തന്നെയാണ്. ഈട ഒരു ക്രൈം ത്രില്ലറല്ല. ഒരു പ്രണയകഥയാണ്. പ്രണയവും വയലന്‍സും തമ്മിലുള്ള വൈരുദ്ധ്യമാണത്. ആ ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇരുട്ടും വെളിച്ചവും മാറിമാറി വരുന്നതുപോലെ. വിദ്വേഷമുണ്ടാകുമ്പോള്‍ പ്രണയത്തിന് തിളക്കം കൂടുകയും പ്രണയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദ്വേഷം എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാകുകയും ചെയ്യും.

?. ‘ഓരോ ഇടവഴിയിലും ഇലകള്‍ക്കു പുറകിലും അവരുണ്ട്. അവര്‍ നമ്മളെ കൊല്ലും.’ ഈടയിലെ വാക്കുകള്‍. പ്രണയിക്കാന്‍ പോലും സാധിക്കാത്തവിധം അപകടകരമായൊരിടമാണ് കണ്ണൂര്‍ എന്ന് ‘ഈട’യും പറഞ്ഞുവയ്ക്കുകയാണോ

=തുടക്കത്തിലും ഒടുവിലുമുള്ള ഹര്‍ത്താല്‍ രംഗങ്ങളൊഴിച്ചാല്‍ ഞാനീ സിനിമ ചിത്രീകരിച്ചത് കണ്ണൂരല്ല. എന്തുകൊണ്ടാണ് ഞാന്‍ കണ്ണൂരില്‍ പോകാന്‍ പേടിച്ചതെന്നു ചോദിച്ചാല്‍ അവര്‍ പറയും മാധ്യമങ്ങള്‍ കണ്ണൂരിനെക്കുറിച്ച് അനാവശ്യമായൊരു ഭയം ഉണ്ടാക്കിവച്ചിരിക്കുകയാണെന്ന്. ഞാനിത് ഒരു പാര്‍ട്ടിയെക്കുറിച്ചല്ല, രണ്ടുപാര്‍ട്ടികളെക്കുറിച്ചുമാണു പറയുന്നത്. ഞങ്ങളെക്കുറിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതവരുടെ കുഴപ്പമാണ്. കണ്ണൂരില്‍ സംഘര്‍ഷം കൂടുതലുള്ള സ്ഥലങ്ങളില്‍ അപരിചിതനായ ഒരാള്‍ ചെന്ന് അവിടെ ചുറ്റിത്തിരിഞ്ഞ് നിന്നാല്‍ ഉടനെ എവിടെനിന്നെങ്കിലും ചോദ്യമുയരും ‘എന്താണിവിടെ’ എന്ന്. പിന്നീട് വിശദമായ ചോദ്യങ്ങള്‍ വരും പുറകെ. അത് അവിടെയുള്ളവര്‍ മോശക്കാരായതുകൊണ്ടല്ല. മറിച്ച് അവിടെ നിരന്തരമായി നിലനില്‍ക്കുന്ന സംഘര്‍ഷം മൂലം അവര്‍ എല്ലാവരെയും ഒരു പൊട്ടെന്‍ഷ്യല്‍ ശത്രുവായാണ് കാണുന്നത്. അത് അവരുടെ ഉള്ളില്‍ കിടക്കുന്ന ഭീതിയാണ്. ഇവിടെ മാത്രമല്ല, ഇത്തരം സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന എല്ലായിടത്തെയും അവസ്ഥ ഇതാണ്. തിരുവനന്തപുരത്തോ കൊല്ലത്തോ ചെന്നിറങ്ങുമ്പോള്‍ കേള്‍ക്കാത്ത ഒരു ചോദ്യം കണ്ണൂരെത്തുമ്പോള്‍ മാത്രം എവിടെനിന്നാണ് വരുന്നത്? അതേസമയം, അയാള്‍ ഒരു ശത്രുവല്ല എന്നു മനസ്സിലാക്കി കഴിഞ്ഞാല്‍ അടുത്തനിമിഷം ഇത്രയും സ്‌നേഹത്തോടെ ഇടപെടുന്ന ആളുകളും വേറെയില്ല. അവിടുത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് അവരെ സംശയാലുക്കളാക്കുന്നത്. ഈ പറഞ്ഞ സംഭാഷണത്തിലും ഞാനുദ്ദേശിച്ചത് അതുതന്നെയാണ്. ആ പ്രത്യേക കോണ്‍ടെക്സിറ്റില്‍ മാത്രല്ല, അവിടെയുള്ളവര്‍ എത്രത്തോളം സംശയത്തോടെയാണ്, നിരീക്ഷണത്തോടെയാണ് ജീവിക്കുന്നത് എന്നതാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ മാനവികതയെ എങ്ങനെയാണ് വികലമാക്കുന്നത് എന്നതാണ് എന്റെ ആശങ്ക. കണ്ണൂരിന്റെ ഭൂമിശാസ്ത്രം പഠിച്ച് പല സ്ഥലങ്ങളിലായാണ് ഈട പൂര്‍ത്തിയാക്കിയത്. തൃപ്പൂണിത്തുറയും മുളന്തുരുത്തിയുംവരെയുണ്ട്.

Eeda, Ajith Kumar, Nimisha, Shane

?. ഇടതുപക്ഷരാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കാതെ കണ്ണൂരിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയാനാകില്ലെന്നാണോ 

=ഇടതുപക്ഷരാഷ്ട്രീയം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഈ നടക്കുന്നതിനകത്ത് ഒരു ഇടതുപക്ഷ രാഷ്ട്രീയവുമില്ല. ഇടതുപക്ഷത്തെ ഞാന്‍ വിമര്‍ശിക്കുന്നില്ല. അതിന്റെ നയങ്ങളും അത് ജനങ്ങള്‍ക്കു വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങളും കേരളത്തിന്റെ സാമൂഹികഘടനയില്‍ ഇടതുപക്ഷം പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇന്നും അതിന്റെ അലകള്‍ ഇവിടെയുണ്ടെന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ അവിടെ നടക്കുന്നത് ഇടതുപക്ഷരാഷ്ട്രീയമാണ് എന്നു പറഞ്ഞാല്‍ എനിക്കത് മനസ്സിലാകുന്നില്ല. അക്രമത്തെയും ഫാസിസത്തേയും ഇടതുപക്ഷം നേരിടേണ്ടത് ജനാധിപത്യപരമായിട്ടാണ്. അല്ലാതെ അക്രമത്തിന്റേതായ പാതയിലൂടെ തന്നെ അതിനെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളും അതിന്റെ കെണിയില്‍ പെട്ടുവെന്നാണ് അര്‍ത്ഥം. അത് ഇടതുപക്ഷം മനസ്സിലാക്കണം. അക്രമം അഴിച്ചുവിടുന്നതില്‍ എല്ലാക്കാലത്തും മുന്നില്‍ നിന്നിട്ടുള്ളവരാണ് സംഘപരിവാര്‍. അവരെ സംബന്ധിച്ചിടത്തോളം സ്വയംവിമര്‍ശനത്തിനുള്ള സാധ്യതപോലുമില്ലെന്നതിനാലാകാം അവര്‍ പ്രതികരിക്കാത്തത്. എന്നാല്‍ ഇടതുപക്ഷം ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടിവരുന്ന കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്. അത്തരത്തിലുള്ളവര്‍ക്കെതിരെയുള്ള വിമര്‍ശനമാണ് ഈട. അവിടെ നിങ്ങള്‍ നിങ്ങളെ കാണുന്നെങ്കില്‍ അത് നിങ്ങളുടെ വീഴ്ചയാണ്. അങ്ങനെ കാണേണ്ടവരല്ല ഇവിടുത്തെ ഇടതുപക്ഷം. അത് വലതുപക്ഷത്തെ ഉദ്ദേശിച്ചിട്ടുള്ള വിമര്‍ശനമാണ്. അവിടെനിങ്ങള്‍ സ്വയം കാണുന്നുവെങ്കില്‍ നിങ്ങള്‍ ഇടതുപക്ഷത്തുനിന്ന് മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

Read More:  ഈട: ഓരോ മലയാളിയും തിയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കേണ്ട ചിത്രം

ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ആര്‍എസ്എസ് അഴിച്ചുവിടുന്ന അതിക്രമം ഏകപക്ഷീയമാണ്. കേരളത്തില്‍ അതിനെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലൊന്നുള്ളതുകൊണ്ടാണ് അതിനിത്ര രൂക്ഷമായ സ്വഭാവം കൈവരുന്നത്. ഗുജറാത്തിലും ഒഡീഷയിലും അഴിച്ചുവിട്ട അക്രമത്തെ തടയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അവിടെ അക്രമത്തെ അക്രമംകൊണ്ട് ചെറുത്തിരുന്നെങ്കിലും ഒരു പ്രിവിലേജുമില്ലാത്തവരുടെ മുന്നിലെ ഏകവഴിയാണത് എന്നു പറയാമായിരുന്നു. ഗതികെട്ടൊരു വിഭാഗത്തിന് മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയില്‍ വയലന്റായി പ്രതികരിക്കേണ്ടിവരുന്നതുപോലെ അല്ല ഇത്. ഇവിടെ എതിര്‍ക്കപ്പെടുന്നുണ്ട്. പക്ഷെ എതിര്‍ക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല. കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഭൂരിപക്ഷം ജനങ്ങളും അവര്‍ക്കൊപ്പമാണ്. അങ്ങനെയൊരിടത്ത് അക്രമമല്ലാതൊരു മാര്‍ഗം അവലംബിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ലേ എന്നതാണ് എന്റെ ചോദ്യം? രാഷ്ട്രീയമായി ഇതിനെ തടയാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ജനാധിപത്യപരമായി നിങ്ങള്‍ പരാജയപ്പെട്ടു കഴിഞ്ഞു. വലതുപക്ഷ ശക്തികളുടെ ആവശ്യം അക്രമത്തെ മുന്നോട്ടുകൊണ്ടു പോകുക എന്നതാണ്. അക്രമത്തെ ജനാധിപത്യപരമായി നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാത്തിടത്തോളം ആ അജണ്ട വിജയിക്കും. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിലെ മാനവികതയില്‍ എനിക്ക് വിശ്വാസമുണ്ട്. അവരിത് മനസിലാക്കുമെന്നാണ് എന്റെ വിശ്വാസം. പിന്നെ സംഘപരിവാര്‍ നേതൃത്വത്തിന് ഇത് കാണേണ്ട ആവശ്യമില്ല. ഇതിലെ വിമര്‍ശനം അവര്‍ക്ക് മനസ്സിലാകുമെന്നും തോന്നുന്നില്ല. കാരണം അവര്‍ക്കിത് നോര്‍മലാണ്.

Read More: ‘ഈട’ എന്നെ പൊളിറ്റിക്കലാക്കി: നിമിഷ സജയന്‍

സിനിമയ്ക്കെതിരെ ഉയര്‍ന്നുവന്നേക്കാവുന്ന മറ്റൊരു ഇടതുപക്ഷ വിമര്‍ശനം സംഘപരിവാറിനു കൂടുതല്‍ ദൃശ്യത നല്‍കി എന്നതാണ്. പക്ഷെ അവരവിടെ ഉണ്ട് എന്നത് സത്യമാണ്. അവരും നിങ്ങളും പരസ്പരം കൊല്ലുന്നുണ്ട്. വികലമായ പ്രത്യയശാസ്ത്രങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മനുഷ്യരാണ് അവരും. വില്ലന്‍മാരായി ജനിച്ചവരാണ് കണ്ണൂരിലെ ആര്‍എസ്എസുകാര്‍ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവരെക്കൊണ്ട് ഇത് ചെയ്യിപ്പിക്കുന്ന ഒരു ശക്തി ഇതിന്റെ പുറകിലുണ്ട്.

?. അലന്‍സിയര്‍, പി ബാലചന്ദ്രന്‍, മണികണ്ഠന്‍ ആചാരി, സുരഭി തുടങ്ങി അറിപ്പെടുന്ന ആളുകളെ സിനിമയില്‍ വലതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറുഭാഗത്ത് എടുത്തുപറയാന്‍ സുജിത് ശങ്കര്‍ മാത്രമേയുള്ളൂ.

=അതൊന്നും ബോധപൂര്‍വ്വമല്ല. പക്ഷെ ബോധപൂര്‍വ്വം ചെയ്ത മറ്റൊന്നുണ്ട്. നായകനെ ഇടതുപക്ഷക്കാരനും നായികയെ വലതുപക്ഷകാരിയുമാക്കാതിരുന്നത് മനഃപൂര്‍വ്വമാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചില വിമര്‍ശനങ്ങള്‍ ഒഴിവാക്കാമായിരുന്നു. പക്ഷെ അതു ഞാന്‍ ചെയ്യില്ലെന്നു ഉറപ്പിച്ചിരുന്നു. എനിക്ക് സംവദിക്കേണ്ടി വരുന്ന സമൂഹത്തിനകത്ത് അന്തര്‍ലീനമായ പുരുഷാധിപത്യസ്വഭാവം ഉണ്ടെന്ന് അറിഞ്ഞുകൊണ്ടു വേണ്ടേ ഞാനത് ചെയ്യാന്‍. വിമര്‍ശിക്കുകയും വിമര്‍ശിക്കാതിരിക്കുകയും ചെയ്യുന്ന പലരുടേയും ഉള്ളില്‍ അബോധപരമായി വരുന്ന ചിന്തകളിലൊന്ന് ഒരു പക്ഷെ ഈ പുരുഷാധിപത്യ ധാരണകളായിരിക്കാം. പുരുഷാധിപത്യം എത്രത്തോളം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റേയും ഉള്ളില്‍ വേരൂന്നിയിട്ടുണ്ടെന്നതാണ് അത് കാണിക്കുന്നത്.

?. കണ്ണൂരിനെക്കുറിച്ചും, ഇടതുപക്ഷരാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം മുമ്പും പല സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ബി.അജിത് കുമാര്‍ എന്ന സംവിധായകന്റെ സിനിമ എന്താണ് സമൂഹത്തോട് പറയേണ്ടത് 

=ഈ പറഞ്ഞ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. അഭിപ്രായങ്ങള്‍ കേട്ടിട്ടേ ഉള്ളൂ. അതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് പറയാനും സാധിക്കില്ല. ചില സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷെ വിശദമായി പഠിച്ചിട്ടില്ല. ചിലതൊക്കെ ട്രെയിലറുകളും പാട്ടുകളും കണ്ടിട്ടുണ്ട്. കൊടിയുടെ നിറവും മുദ്രാവാക്യങ്ങളും കുറേ ബിംബങ്ങളും വിറ്റു കാശാക്കുക എന്നതാണ് പലരും ചെയ്തിട്ടുള്ളത് എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ രാഷ്ട്രീയമായ വിമര്‍ശനമോ, നിരീക്ഷണമോ ഒന്നുമില്ല. നല്ല പ്രൊപ്പഗാന്‍ഡാ സിനിമകള്‍ പോലുമല്ല. അടുത്തകാലത്തുവന്ന ഇടതു പ്രമേയമുള്ള സിനിമകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ചെഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ട് അടിച്ചു വില്‍ക്കുന്നതുപോലെ ഒരു കച്ചവടം മാത്രമാണ് അതൊക്കെ. അതിനൊക്കെ പ്രാധാന്യം കൊടുക്കേണ്ടതോ വിശകലന വിധേയമാക്കേണ്ടതോ കാണേണ്ടതോ ആണെന്ന അഭിപ്രായം പോലുമുള്ള ആളല്ല ഞാന്‍. ഈട വളരെ ഗൗരവത്തോടു കൂടിത്തന്നെ അതിന്റെ വിഷയത്തെ സമീപിക്കുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്.

?. ഷേക്സ്പിയറിന്റെ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന കൃതിയുടെ സ്വതന്ത്ര ആവിഷ്‌കാരമാണ് ഈട എന്നു പറയുന്നു. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇതെത്രത്തോളം പ്രസക്തമാണ് 

=തീവ്രപ്രണയം മാത്രമല്ല, മൂല്യങ്ങളുടെ ഒരു കോണ്‍ഫ്ളിക്ട് ഇതില്‍ പറയുന്നുണ്ട്. ഫ്യൂഡല്‍ മൂല്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുറേ പേര്‍. അതല്ലാതെ സ്വന്തം ജീവിതവും മൂല്യങ്ങളുമായി മുന്നോട്ടു പോകുന്ന മറ്റു ചിലര്‍. പരിവര്‍ത്തനം നടക്കുന്ന ഒരു തലമുറയുണ്ട്. അത് റോമിയോ ആന്‍ഡ് ജൂലിയറ്റിലുമുണ്ട് . ദ്രുതഗതിയില്‍ സാമൂഹ്യപരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടാവുന്ന ഒരു വാല്യൂ കോണ്‍ഫ്ളിക്ട്‌സ് ആണത്.

?. പരിവര്‍ത്തനം നടക്കുന്ന തലമുറയെക്കുറിച്ചു പറഞ്ഞു. ‘ഈട’യില്‍ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ ഉള്ളതുപോലും രണ്ടു പേര്‍ക്കാണ്. അമ്മുവിനും നന്ദുവിനും. സ്വപ്നങ്ങള്‍ പോലുമില്ലാത്ത തലമുറകളാണോ കണ്ണൂരിലേത് 

=സ്വപ്നങ്ങള്‍ക്കു ചുറ്റും അതിരുകള്‍ തീര്‍ത്തിരിക്കുന്ന അവസ്ഥയാണ്. ഇത്തരം കോണ്‍ഫ്ളിക്ടുകള്‍ നടക്കുന്ന എവിടേയും അവസ്ഥ ഇതാണ്. ഇതിലും എത്രയോ ഭീകരമായിരുന്നു തൊട്ടപ്പുറത്തുള്ള ശ്രീലങ്കയിലെ സ്ഥിതി. കോണ്‍ഫ്ളിക്ടുകള്‍ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ അപമാനവീകരിക്കുന്നു എന്നതാണ് ഞാന്‍ പറയുന്നത്. ഇതിനെക്കാള്‍ ഭീകരമാണ് കണ്ണൂരെ അവസ്ഥ എന്നു പറയുന്നവരുണ്ട്. കണ്ണൂര് ഇങ്ങനെയൊക്കെയാണ് എന്നൊരു ചിന്ത ആളുകളില്‍ ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ഈ രണ്ട് പാര്‍ട്ടികള്‍ക്ക് തന്നെയാണ്.

?. സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉയരുന്ന സമയമാണ്. മലയാള സിനിമയില്‍ പലപ്പോഴും കണ്ടുവരുന്ന ‘ബോള്‍ഡ്’ ആയ സ്ത്രീയെക്കുറിച്ചുള്ള ധാരണകള്‍ ഈടയിലെ സ്ത്രീകള്‍ തിരുത്തുന്നു എന്നു പറഞ്ഞാല്‍?

=സ്ത്രീകളെ പറ്റിയും പൊതുവേ മനുഷ്യജീവിതത്തെ പറ്റിയും സാമൂഹിക ജീവിത്തെ പറ്റിയും ആളുകള്‍ തമ്മിലുള്ള ബന്ധങ്ങളെ പറ്റിയും മനോഭാവങ്ങളെ പറ്റിയും ഞങ്ങള്‍ക്കുള്ള ധാരണകളാണ് അതില്‍ പ്രതിഫലിക്കുന്നത്. ദുഃഖം എന്ന അവസ്ഥയെ ഡിഗ്‌നിറ്റിയോടെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ആളുകളുടെ വൈകാരികതയില്‍ പോലും ക്ലാസ് വ്യത്യാസമുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ ബോധവാനാണ്. ഒരു പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ ഒരു അവസ്ഥയോട് ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നുള്ള ഒരു ധാരണയാണ്. ഒന്നും ബോധപൂര്‍വ്വമല്ല. ഞങ്ങളുടെ ഒക്കെയുള്ള ഒരു സ്ത്രീസങ്കല്‍പം കൂടിയാകും അതില്‍ കാണുന്നത്.
സ്ത്രീവിരുദ്ധത സിനിമയില്‍ കാണിക്കുക എന്നതും അതിനെ മഹത്വവത്കരിക്കുക എന്നതും രണ്ടാണ്. അതാണ് അനുകരണീയം എന്നൊരു ചിന്ത പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. സ്ത്രീവിരുദ്ധത കാണിക്കാന്‍ വേണ്ടി ആരും അത് കാണിക്കുന്നില്ല. സ്ത്രീവിരുദ്ധമായ മൂല്യങ്ങള്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ടെങ്കില്‍ അത് അറിയാതെ പൊങ്ങിവരുന്നതാണ്. സ്ത്രീകളോടുള്ള ബഹുമാനമില്ലായ്മ എന്നത് നമ്മുടെ സമൂഹത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന ഒന്നാണ്. അതവിടെ ഉണ്ട്.

?. ഷെയ്ന്‍ നിഗം, നിമിഷ സജയന്‍. താരതമ്യേന പുതുമുഖങ്ങളായ ഈ അഭിനേതാക്കളെ ഈട എത്രത്തോളം പ്രയോജനപ്പെടുത്തി.

Nimisha Sajayan, Shane Nigam

=ബ്രില്ല്യന്റായ അഭിനേതാക്കളാണ് ഇരുവരും. ഈ സിനിമയുടെ ജീവനും അവര്‍ തന്നെയാണ്. അവരെ ആശ്രയിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. അവരുടെ പെഴ്സ്പെക്ടീവില്‍ നിന്നല്ലാത്ത ഒന്നുരണ്ടു സീനുകളെ ഇതിലുള്ളൂ. അവരെ നന്നായി ഉപയോഗപ്പെടത്താന്‍ പറ്റി എന്നതു മാത്രമല്ല അവര്‍ നന്നായി ചെയ്തു എന്നതുകൂടിയാണ്.

?. നിരവധി പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം എത്രത്തോളം സഹായകമായി

=എഡിറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, വര്‍ഷങ്ങളായി സിനിമയില്‍ ഉള്ളൊരാള്‍ എന്ന നിലയില്‍ സിനിമ എടുക്കുമ്പോള്‍ അതെങ്ങനെ വരണം എന്നൊരു ധാരണ ആദ്യമേ ഉണ്ടായിരുന്നു. സിനിമയില്‍ സംവിധാനം അല്ലാത്ത പല മേഖലകളിലും കൈ വച്ചിട്ടുണ്ട്. ആ പരിചയം സഹായകമായിട്ടുമുണ്ട്.

?. കളക്ടീവ് ഫെയ്സ് വണ്ണിന്റെ വളര്‍ച്ചയെ കുറിച്ച്

=അതൊരു സംഘടനയൊന്നും അല്ല. കുറേ പേര്‍ വരും, പോകും. അത് ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്. ഐഡി, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, കിസ്മത്ത് എന്നിങ്ങനെയുള്ള കുറച്ചു സിനിമകളാണ് അതിന്റെ പേരില്‍ പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ ഈട. ഇനി ആഭാസം വരാനുണ്ട്. ഈ സിനിമകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കറിയാം എന്താണതിന്റെ നിലപാടെന്ന്. ഈ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു കൂട്ടായ്മായണിത്. അല്ലാതെ ഒരു കമ്പനിയോ പ്രൊഡക്ഷന്‍ ഹൗസോ അല്ല. ഇതിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ആളുകളുണ്ട്. പലരുടേയും പേരുകള്‍ കേള്‍ക്കുന്നുണ്ടാകില്ലെന്നേയുള്ളൂ. കളക്ടീവ് ഫെയ്സിന് ഒരു പാര്‍ട്ടി അനുഭാവമോ ഏതെങ്കിലും പ്രത്യേകമായൊരു ചിന്താഗതിയോടോ ചേര്‍ന്നുനില്‍ക്കുന്നവരല്ല. അതിനെല്ലാമപ്പുറത്ത് ചില മൂല്യങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുന്ന ആളുകളാണ്. പുറമെയുള്ളവരാണ് അതിന്റെ വളര്‍ച്ചയെ വിലയിരുത്തേണ്ടത്. അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂ ഇതുണ്ടായിട്ട്. ഇപ്പോള്‍ നിങ്ങളതിനെ പറ്റി ഒരു ചോദ്യം ചോദിച്ചെങ്കില്‍ അതെന്തോ ചെയ്തിട്ടുണ്ടെന്നല്ലേ. ഞങ്ങള്‍ വളര്‍ച്ചയില്‍ വിശ്വസിക്കുന്നില്ല. ഈ പ്രസ്ഥാനം വളരണമെന്നല്ല. മലയാള സിനിമാ പ്രേക്ഷകരിലും സിനിമയിലും ഉണ്ടാകേണ്ട ഭാവുകത്വത്തിന്റെ ഒരു പരിണാമമാണ് ഞങ്ങളുടെ ഉദ്ദേശ്യം. പുതിയതരം സിനിമകള്‍ ഉണ്ടാകുന്നുണ്ട്. അത് സ്വീകരിക്കപ്പെടുന്നുണ്ട്. ഈ മാറ്റത്തിനൊപ്പം നില്ക്കാനും അത്തരം പ്രേക്ഷകരെ കണ്ടെത്താനും അവര്‍ക്കു വേണ്ടിയുള്ള സിനിമകള്‍ ഉണ്ടാക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ