scorecardresearch
Latest News

നീലക്കുറിഞ്ഞിയിൽ അഭിമന്യു പൂക്കുമ്പോൾ

‘ഒരമ്മ എറണാകുളത്തു നിന്ന് മൂന്നാറ് കാണാന്‍ ‘നാന്‍ പെറ്റ മകനൊ’പ്പം വരുന്നതും അതേ സമയം മറ്റൊരമ്മ മൂന്നാറില്‍ നിന്ന് ‘നാന്‍ പെറ്റ മകന്‍ കൊല ചെയ്യപ്പെട്ടയിടം കാണാന്‍പോകുന്നതും ആയ ഒരടരില്‍ വച്ചാണ് ഞങ്ങളെല്ലാം കണ്ടുമുട്ടുന്നതെന്ന തിരിച്ചറിവ് പുതച്ച് , തണുത്തും തണുക്കാതെയും ഉറങ്ങിയും ഉറങ്ങാതെയും പുലര്‍ന്ന ഒരു രാത്രിക്കിപ്പുറം ഞാന്‍’

priya a. s, memories,neelakurinji,munnar,abhimanyu,maharajas

എന്നോടു തന്നെയുള്ള ഒരു പഴയ വാഗ്ദാനം പാലിക്കാനാണ് രണ്ടു ദിവസം മുമ്പ് മൂന്നാറില്‍ പോയത്.

എനിക്കൊരു മകനുണ്ടായത് നീലക്കുറിഞ്ഞി പൂക്കും കാലത്തായിരുന്നു. മൂന്നുമാസ പ്രായത്തിലെത്തിയ ഒരു പീക്കിരിയെയും കൊണ്ട് ‘അനാരോഗ്യം പുഷ്ടി’യായ ഒരമ്മ മലകയറുവതെങ്ങനെ എന്ന ചിന്തയില്‍ ഞാനാ ‘മോഹനീല’ ക്യാന്‍സല്‍ ചെയ്യുകയും ‘അടുത്ത പന്ത്രണ്ടാം വര്‍ഷം നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ ഞങ്ങളെല്ലാം അവിടെത്തു’മെന്ന് എന്നോടു തന്നെ ഒരു നീലനിറവാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

പ്രളയം വന്ന് മൂന്നാറിനെ അലങ്കോലമാക്കുമെന്നോ അപ്രതീക്ഷിതസംഭവങ്ങളുടെ പ്രളയം വന്ന് എന്റെ ജീവിതം തന്നെ അലങ്കോലമാക്കുമെന്നോ അങ്ങോട്ടിങ്ങോട്ട് ചിതറിത്തെറിച്ച് പേരിനു മാത്രം പൂക്കേണ്ടി വരും നീലക്കുറിഞ്ഞിപ്പൂക്കളും ഞങ്ങളും എന്നോ അന്നാരറിഞ്ഞു ! പക്ഷേ ‘നിശബ്ദമായ ചില വാശികള്‍ കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരുവള്‍’ എന്നുമുണ്ട് എന്റെയുള്ളിലെന്ന് കാലമറിയാതെ പോയി. മഴ വന്ന്, പാതി പൂത്ത നീലക്കുറിഞ്ഞികളെ ചീയിച്ചുകളഞ്ഞിട്ടും ഉണക്കപ്പാതിയെ അവിടെത്തന്നെ നിര്‍ത്തി, ചീയാത്ത ബാക്കി കൊണ്ട് ‘വിളര്‍ത്ത നിറത്തിലെങ്കില്‍ വിളര്‍ത്ത നിറത്തില്‍ പൂക്കാന്‍’ തന്നാലാവുന്നത് ശ്രമിക്കുന്ന മല കാണാന്‍, വാശി കൊണ്ട് പൂത്ത ഒരുവള്‍ അവളുടെ പതിമൂന്നുവയസ്സുകാരനെയും കൊണ്ട് പോയില്ലെങ്കില്‍ പിന്നെ അതിലെന്ത് ജീവിത നീതി!

മൂന്നാറെന്നെ വിളിച്ചത് ‘അതിജീവനം’ എന്ന കലയുടെ, എല്ലാവരും നീലയെന്നു വിളിച്ച് നീലയായിപ്പോയ ‘വയലറ്റ് നിറം’ കാണാനായിരുന്നു.

തകര്‍ന്ന വഴി, പൊളിഞ്ഞ ആരോഗ്യം, അടുക്കിപ്പെറുക്കാത്ത യാത്രാപദ്ധതി എന്നൊക്കെ പിന്‍വിളികള്‍ പലതുണ്ടായിരുന്നിട്ടും ‘ ഇനിയത് പൂത്തിട്ടെപ്പഴാ നമ്മള് കാണുക അമ്മേ’ എന്ന മകന്‍ ചോദ്യത്തിന്റെ വക്കില്‍ തെരുപ്പിടിച്ച്, നിന്ന നില്‍പ്പില്‍ തീരുമാനിച്ച് വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് ഡ്രൈവറെയും കൂട്ടി എടുത്തുചാടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു, തോല്‍വിക്കും ജയത്തിനുമിടക്കുള്ള ഇടങ്ങളാണ് എനിക്കീയിടെയായി പ്രിയങ്കരം.

ഇരവികുളം നാഷണല്‍ പാര്‍ക്കിലെ രാജമലയില്‍ നീലക്കുറിഞ്ഞി കാണാനുള്ള പ്രവേശനം, 75 ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റ് വഴിയാണെന്നും ബാക്കി ഇരുപത്തഞ്ചു ശതമാനമേ നേരിട്ടുള്ള ടിക്കറ്റ് വഴിയുള്ളു എന്നും അറിയാമായിരുന്നു. പക്ഷേ ശനിയാഴ്ചയ്ക്കപ്പുറം, ഞായറാഴ്ചത്തെ ബുക്കിങ്ങാണ് തരമായത്.

priya a. s, memories,neelakurinji,munnar,abhimanyu,maharajas

പ്രളയം കളിച്ച കളിമുദ്രകള്‍, അടിമാലി എത്തിയതോടെ ഇടിഞ്ഞ മലകള്‍, വേരറ്റ മരങ്ങള്‍, റോഡിന്റെ പാതിയെ തട്ടിപ്പൊത്തി ഒളിപ്പിച്ചുവച്ച ചെമ്മണ്‍കൂനകള്‍, നന്നാക്കിക്കൊണ്ടിക്കുന്ന വഴിയിടങ്ങള്‍ എന്നിങ്ങനെ അങ്ങിങ്ങായി വഴി നീളെ കാണാന്‍ തുടങ്ങി .

എപ്പോഴൊക്കെയോ എനിക്ക് തോന്നി, മഹാരാജാസ് ഫൊട്ടോകളില്‍ കണ്ട അതേ നിറനിറച്ചിരി നിറഞ്ഞ അഭിമന്യു, ഒന്നു ചരിഞ്ഞുനോക്കി മുന്നേ മുന്നേ ഓടിയോടിപ്പോകുന്നുവെന്ന്. നീ നടന്നു തീര്‍ക്കാന്‍ ശ്രമിച്ച വഴികള്‍ ഇതൊക്കെയായിരുന്നല്ലോ എന്ന്, മൂന്നാറിലെ വളഞ്ഞ വഴികളിലെ അപകടങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ടുവന്ന നീ ഞങ്ങളുടെ എറണാകുളത്തിന്റെ നേര്‍വഴികളിലെ വളച്ചിലുകളിലും വിളച്ചിലുകളിലും പെട്ട് തീര്‍ന്നുപോയല്ലോ കുഞ്ഞേ എന്ന് ഉള്ള് കലങ്ങിയപ്പോഴൊക്കെ, ഞാന്‍ മകനോട് ‘അഭിമന്യുച്ചേട്ടന്‍’ എന്ന വാക്ക് പറഞ്ഞു. കേള്‍ക്കാനിഷ്ടമില്ലാത്ത കാര്യങ്ങള്‍ കേട്ടില്ല എന്നു നടിക്കുക എന്ന കുട്ടികളുടേതായ എളുപ്പ വഴിയായിരുന്നു അവന്റെ മൗനം എന്ന് ഞാന്‍ ധരിച്ചു.

പതിനാറു ഡിഗ്രിയുടെ ഇളം തണുപ്പില്‍ നാലു മണി നേരത്ത്, വിരുന്നുകാരായ രണ്ട് അതിജീവനക്കാരെ മൂന്നാര്‍ എതിരേറ്റു. മൂന്നാറിന്റെ ഹൃദയത്തിലൂടെ വെറുതെയൊന്ന് കറങ്ങുന്നതിനിടെ മകന്‍ ചൂണ്ടിക്കാണിച്ചു തന്നു, അഭിമന്യുവിന്റെ പേരിലെ പലപല ബോര്‍ഡുകള്‍. തമിഴിലും മലയാളത്തിലും ഇംഗ്‌ളീഷിലും അഭിമന്യു മൂന്നാറിലവിടെവിടെ നിന്ന് ഞങ്ങളെ നോക്കി. മരിച്ച് വേണമായിരുന്നോ നീ നിന്റെ ചിരി ഞങ്ങളെ കാണിയ്ക്കാന്‍ എന്ന് കണ്ണിലേക്ക് ഒരു പ്രളയത്തിര, മുന്നറിയിപ്പൊന്നുമില്ലാതെ വന്നു പോയി.’നീ എന്തിനാണ് നിന്നെ അറിയാത്ത, നിന്റെയൊപ്പം ഒരിക്കലും നടക്കാത്ത എന്റെയൊപ്പം ഇങ്ങനെ നടക്കാന്‍ വരുന്നതും ചിരിച്ച് ബുദ്ധിമുട്ടിക്കുന്നതും’ എന്ന് അവനെ ഞാന്‍, ഇടക്കൊന്ന് ശാസിച്ചു.

‘നേരത്തേ ഉറങ്ങി നേരത്തേ എണീക്കാം’ എന്നു പറഞ്ഞ് ഞാന്‍ പിടിച്ചു കിടത്തിയ മകന്‍, ഇടക്കിടക്കെണീറ്റിരുന്ന് ‘ഉറക്കം വരുന്നില്ല’ എന്ന് കുലുങ്ങിച്ചിരിച്ച് പ്രഖ്യാപിച്ച് എന്നെയും ചിരിപ്പിച്ച് എന്റെ ഉള്ള ഉറക്കവും കൂടി കളഞ്ഞു കൊണ്ടിരുന്നു. ‘ഈ ചിരി കാണാനാണല്ലോ നാന്‍ പെറ്റ മകനേ ഞാന്‍ വന്നത്’ എന്ന് ഉള്ള് പറഞ്ഞു.

രാവിലെ ഞങ്ങള്‍ മൂന്നാറിലെ ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ ചെന്ന് അന്നു തന്നെ ഇരവികുളം ടിക്കറ്റ് കിട്ടുമോ എന്നറിയാനായി ക്യൂവിനെ വരിച്ചു. പത്തു മുപ്പതുപേര്‍ എട്ടരമണിക്കേ നിരന്ന ആ ക്യൂ ഒച്ചിനെ പ്പോലെയായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത് എന്നു മാത്രമല്ല ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കാര്‍ക്കും ക്യൂവിന്റെ ഗതിവിഗതികളെക്കുറിച്ചോ ഉള്ളുകള്ളികളെക്കുറിച്ചോ ഒരു പിടിയുമുണ്ടായിരുന്നുമില്ല. ഇനിയെങ്ങാന്‍ ഈ ക്യൂ ഇടയ്ക്കുവച്ച് ‘ഹൗസ്ഫുള്‍’ എന്നെഴുതി പ്രദര്‍ശിപ്പിച്ച് ക്യൂ-ആളുകളെ ‘വരത്ത’ന്മാരാക്കി പ്രഖ്യാപിച്ചാലോ എന്ന സംശയവും ജനം പറയുന്നതു കേട്ടതോടെ, ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തന്നെ ചെന്ന് ടിക്കറ്റ് ഭാഗ്യപരീക്ഷണം നടത്താമെന്ന് തീരുമാനമായി.

വഴി നിറയെ, ഫ്രഷ് ക്യാരറ്റുകള്‍ ഇലസഹിതം… ‘ഓറഞ്ചിന്റെ നിറമുള്ള ക്യാരറ്റുകള്‍’ എന്നു ഞാനും ‘ക്യാരറ്റു നിറമുള്ള ഓറഞ്ചുകള്‍ എന്നാവും ഇവിടുത്തുകാര്‍ പറയുക ‘എന്ന് കുഞ്ഞുണ്ണിയുടെ ലോജിക്കും തമ്മില്‍ കോര്‍ത്തു. അഭിമന്യുവിന്റെ നാട്ടിലെ ക്യാരറ്റ് – സ്‌ട്രോബെറിപ്പാടങ്ങള്‍ എന്ന് പിന്നെയും ഓരോര്‍മ്മ വന്നുപോയി.

Read Here: മഹാരാജാസ് ഫ്രെയിമില്‍, ഒരു പച്ച സ്വെറ്റര്‍ തേങ്ങി നിറയുമ്പോള്‍
priya a. s, memories,neelakurinji,munnar,abhimanyu,maharajas

രാജമലയിലെത്തിയപ്പോഴോ, തലങ്ങും വിലങ്ങും നെടുനീളത്തില്‍ പല മാതിരി ക്യൂ. സ്‌പോട്ട് ടിക്കറ്റ് വാങ്ങാനൊന്ന്, ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പ്രിന്റ് കാണിച്ച് അത് ടിക്കറ്റാക്കാന്‍ മറ്റൊന്ന്. സ്‌പോട്ട് ടിക്കറ്റിന്, ഒരാള്‍ക്ക് അഞ്ചു ടിക്കറ്റ് എന്നെ ഒരു വ്യവസ്ഥ മാത്രം. ഓണ്‍ലൈന്‍ ബുക്കിങ്ങുകാരെ വീണ്ടും ക്യൂ നിര്‍ത്തുന്നത് എന്താവശ്യത്തിനെന്ന് മനസ്സിലായില്ല. ഓണ്‍ലൈന്‍ടിക്കറ്റ് വാങ്ങിയവര്‍ക്ക് നാഷണല്‍ പാര്‍ക്കിന്റെ വണ്ടി കാത്തുനില്‍ക്കാന്‍ ഒരു മടക്ക് നീളത്തിലെ ക്യൂ താഴെ കണ്ണെത്തുന്നയിടത്തു തന്നെ. സ്‌പോട്ട് ടിക്കറ്റ് വാങ്ങിയവര്‍ക്ക് മുകളില്‍ ചൂടെടുത്ത് പൊരിയുന്ന ഒരു കൂടാരത്തില്‍ നാലഞ്ച് മടക്കുകളില്‍ അതിഘോരക്യൂ. ‘ആകെ മൊത്തം’ നാല് ക്യൂ ! ക്യൂ നില്‍ക്കാന്‍ തീരെ ഇഷ്ടമില്ലാത്തു കൊണ്ട് ഗുരുവായൂരുകാരന്‍, പളനിക്കാരന്‍ തുടങ്ങിയവരെയൊക്കെ പുച്ഛിക്കുന്ന എനിക്ക് ഇതു തന്നെ കിട്ടണം എന്ന് ഞാന്‍ എന്നെത്തന്നെ ഗുണദോഷിച്ചു.

ക്യൂ – സാഗരത്തിലാറാടി നിന്ന ഒരു മണിക്കൂര്‍ നേരം, നീലക്കുറിഞ്ഞിക്കു പകരം മനുഷ്യരെ നിരീക്ഷിച്ചു. നോര്‍ത്ത് ഇന്ത്യാക്കാര്‍, വിദേശികള്‍ ഇവരൊന്നും മൂന്നാറിനെ പ്രളയമുദ്ര കുത്തി വേണ്ടെന്നു വച്ചിട്ടില്ല എന്നു മനസ്സിലായി. ചൂടത്തു കരയുന്ന കുഞ്ഞുവാവമാരെ കുലുക്കിയുറക്കുന്ന അച്ഛന്മാര്‍ ‘കുലുക്കിസര്‍ബത്തുകടയിലെ ജോലിക്കാരാവും’ എന്നു മകന്‍ പറഞ്ഞു ചിരിച്ചു.priya a. s, memories,neelakurinji,munnar,abhimanyu,maharajas

ഇരവികുളം നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ് ഡിവിഷന്‍, മൂന്നാര്‍ എന്നെഴുതിയ വണ്ടികള്‍ അടുക്കോടും ചിട്ടയോടും വന്നു പോയിക്കൊണ്ടിരുന്നു. വണ്ടി, ഇരുപതുമിനിട്ട് സമയമെടുത്ത് ക്യൂ-മനുഷ്യരെ മലയിലെത്തിക്കും . പിന്നെ ഒരു കിലോ മീറ്റര്‍ നടന്നു കാണാം.വണ്ടിയില്‍ നിന്നിറങ്ങുന്നവരിലൊന്നിലും മുഖപ്രസാദത്തിന്റെ ഒരു കണിക പോലും കാണാത്തത് എന്നെ അലോസരപ്പെടുത്തി. ഇറങ്ങിപ്പോകുന്നവരുമായി രണ്ടു വാക്ക് പറയാന്‍ പറ്റാത്തത്ര അകലത്തില്‍ നില്‍ക്കുന്നതു കൊണ്ട്, കണ്ടതെന്ത്, കാണാത്തതെന്ത് എന്ന വിവരസമാഹരണയജ്ഞത്തിന് ഒരു വഴിയുമുണ്ടായിരുന്നില്ല.

ഇതിനിടെ നടുവ്, പതുക്കെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. നട്ടെല്ലിന് ടി ബി വന്നതോടെ നില്‍പ്പെനിക്ക് ഒട്ടും പറ്റില്ല. നടുവുമായി പൊരിവെയിലത്ത് എങ്ങനെ മല കയറും എന്ന് ചിന്താവിഷ്ടയാകാന്‍ തുടങ്ങുന്ന നേരത്ത് വണ്ടി വന്നു.

രാജമലയ്ക്ക് പ്രത്യേകിച്ചും മൂന്നാറിന് പൊതുവേയും വയലറ്റു നിറത്തിനോടാണ് ഇഷ്ടമെന്ന് നുണുങ്ങന്‍ പൂവുകള്‍ പല തരം, കാറ്റിലാടി നിന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങളോടും ഇഷ്ടമാണ് മലയ്‌ക്കെന്ന് പറഞ്ഞ് മഞ്ഞപ്പൂക്കളും പലപ്പോഴും ചിരിച്ചു.

ഒടുക്കം നീലക്കുറിഞ്ഞി, തിരശ്ശീല പൊക്കി നൂണ്ടു വന്നപ്പോള്‍ ആഹ്‌ളാദം, ചെറിയൊയാരവമായി ബസ്സില്‍ നിറഞ്ഞു. ക്യൂ നിന്നു മടുത്ത ജനം, റിഫ്രഷ്‌മെന്റ് സ്റ്റാളുകളും ടോയ്‌ലറ്റ് സൗകര്യങ്ങളും തേടിപ്പോയി ബസ് നിന്നപ്പോള്‍. തണുപ്പത്ത് ഐസ്ക്രീം കഴിച്ച് മകന്‍ കൃതാര്‍ത്ഥനായി. പിന്നെ എന്നെയും അതു തന്നെ നിര്‍ബന്ധിച്ച് കഴിപ്പിച്ച് കൃതാര്‍ത്ഥയാക്കി. മല, വെയിലിന്റെ നോബ് കുറച്ചു വച്ചിരുന്നു. തണുത്ത കാറ്റ് വന്ന് കെട്ടിപ്പിടിച്ചു. നടുവ്, വേദന മറന്നു പോയി.priya a. s, memories,neelakurinji,munnar,abhimanyu,maharajas

കുറിഞ്ഞിയും നീലക്കുറിഞ്ഞിയുമുണ്ടെന്ന് ബൊട്ടാണിക്കല്‍ നെയിംബോര്‍ഡുകള്‍ പറഞ്ഞു. രണ്ടാള്‍ക്കും നിറം വയലറ്റ്. തേയിലപ്പരവതാനിപ്പച്ച പോലെ, നീലക്കുറിഞ്ഞി വയലറ്റ്പരവതാനി കാണിച്ചു തരും മല എന്നു വിചാരിച്ച് എല്ലാവരും മുന്നോട്ടു മുന്നോട്ട് നടന്നു.

പലപ്പോഴും, പൂ വിളറിയ നീല നിറത്തില്‍ നിന്നു. അങ്ങിങ്ങ് പൂത്തുനില്‍ക്കുന്നവരെ കളിയാക്കിയും അവരുടെ മൂല്യം കുറച്ചു കാട്ടാന്‍ നോക്കിയും പല മാതിരി കുഞ്ഞുകുഞ്ഞുപൂക്കള്‍ മലയാകെ പൂത്തിരുന്നു. കുഞ്ഞുണ്ണി, കുഞ്ഞന്‍ പൂവുകളില്‍ ആകൃഷ്ടനായി ക്യാമറയുമായി നടന്നു നീങ്ങി. ഒറ്റയ്‌ക്കൊറ്റെടുത്തു നോക്കിയാല്‍, കുറിഞ്ഞിപ്പൂക്കള്‍ക്ക് എടുത്തു പറയാന്‍ തക്ക ചാരുതയൊന്നും ഇല്ല എന്നു തന്നെ തോന്നി.

നീലക്കുറിഞ്ഞിക്ക് ക്ഷാമമായിരുന്നുവെങ്കിലും പല തരം ക്യാമറകള്‍, സെല്‍ഫി സ്റ്റാന്‍ഡുകള്‍ ഇവയ്‌ക്കൊന്നും ക്ഷാമമുണ്ടായിരുന്നില്ല മലയില്‍. ‘പോസ് ചെയ്തു തരാം ഫോട്ടോയെടുത്തോളൂ’ എന്ന് പറഞ്ഞ് പലപ്പോഴും വരയാടുകള്‍ നിന്നും ഇരുന്നും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ചിലര്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഒരു കൂസലുമില്ലാതെ സാധാരണയാടുകളുടെ പോലെ ചുറ്റിത്തിരിഞ്ഞു. ‘വരയാടുകളെ തൊടരുത്’ എന്നെഴുതി വച്ച ബോര്‍ഡിനു താഴെ വെച്ച് വരയാട്, ആളുകളെ വന്നു തൊട്ടുനിന്നത് തമാശയായിത്തോന്നി.priya a. s, memories,neelakurinji,munnar,abhimanyu,maharajas

രണ്ടായിരം രൂപ പിഴ പേടിച്ചാണോ എന്തോ ഒരാളു പോലും നീലക്കുറിഞ്ഞിപ്പൂ ഇറുത്തെടുത്തില്ല. മൂന്നാറില്‍ വന്നു പോയ വണ്ടികള്‍, നീലക്കുറിഞ്ഞിയില്‍ കുളിച്ചാണ് തിരികെപ്പോയത് എന്ന് ചിത്രസഹിതം പന്ത്രണ്ടു വര്‍ഷം മുമ്പുളള മാധ്യമ റിപ്പോര്‍ട്ടുകൾ ഓര്‍ത്തുപോയി.

മൂന്നാറിലെത്തി ഊണു കഴിഞ്ഞ് 42 കിലോ മീറ്ററപ്പുറമുള്ള വ്യു പോയന്റിലേയ്ക്ക്. ഈ വഴി കുഞ്ഞുണ്ണിയുടെ രണ്ടു കുഞ്ഞിക്കൈകളിലും പിടിച്ച് പണ്ടൊരിക്കല്‍ വന്നിട്ടുണ്ടായിരുന്നുവെന്ന് ഓര്‍മ്മ പറഞ്ഞു. ആക്രാന്തം പിടിച്ച് ഒരു ലക്കും ലഗാനുമില്ലാതെ വ്യൂ പോയന്റിലേക്കുള്ള ഇറക്കം ഇറങ്ങുന്ന വീരശൂരപരാക്രമിയെ മാനേജ് ചെയ്യല്‍ അന്ന് അപ്പുറമിപ്പുറം രണ്ടുപേരുണ്ടായിട്ടും ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുണ്ണിക്കിപ്പോഴും സാഹസവഴികളാണിഷ്ടം എന്നറിയാവുന്നതു കൊണ്ടാണ് ഹില്‍റ്റോപ് അദ്ധ്യായം വീണ്ടും തിരഞ്ഞെടുത്തത് .

എക്കോ പോയന്റില്‍, വെള്ളം കനത്ത് കിടന്നു. ബോട്ടിങ് ഇടങ്ങള്‍, ജലയാഴഭയം കൊണ്ടാണോ എന്നറിയില്ല താരതമ്യേന ശുഷ്‌ക്കമായിക്കിടന്നു. ഡാം എന്നെഴുതിയ ബോര്‍ഡുകളോരോന്നും കാണുമ്പോള്‍, കുഞ്ഞുണ്ണി പേടി കൊണ്ട് മുഖം തിരിച്ചു.

വഴി, വളരെ വിജനമായിരുന്നു. ‘ജനം തിരിച്ചു പോകുന്ന നേരത്താണോ നമ്മള്‍ ചെല്ലുന്നത് ‘എന്നൊരാധി വന്നു. ആകാശം, മഴ വന്നേക്കുമെന്നു പറഞ്ഞു. പരിക്കുകള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെട്ട, അതു വരെ കണ്ട മൂന്നാര്‍മട്ടായിരുന്നില്ല മുന്നില്‍. ഇടിഞ്ഞ മണ്ണ്, വീണ മരം, റോഡില്ലായ്മ, റോഡിലെ മണ്‍കൂനകള്‍ ഒക്കെ വഴി ദുഷ്‌ക്കരമാക്കിക്കൊണ്ടിരുന്നു. ഒറ്റവണ്ടിക്കു മാത്രം പോകാന്‍ പറ്റുന്നയിടങ്ങളായി വഴികള്‍. വണ്ടികള്‍ ‘മുന്നോട്ട് എടുക്കല്‍, പിന്നോട്ട് ഒതുക്കല്‍’ എന്ന കളിയില്‍ മുഷിവോടെ ഏര്‍പ്പെട്ടു.

ഡ്രൈവര്‍ ഒരിടത്തുവച്ച് പറഞ്ഞു,’ഈ വഴി വട്ടവടയ്ക്ക്, അത് വ്യൂ പോയന്റിലേയ്ക്ക്.’ അഭിമന്യൂ,’വരൂ’ എന്നു വിളിയ്ക്കും പോലെ തോന്നി. നീ ഉണ്ടായിരുന്നെങ്കില്‍ ഈ കുറിഞ്ഞിക്കാലത്താവും നീ നിന്റെ, എന്റെയും മഹാരാജാസുകാരെ ആദ്യമായി നാട്ടിലേയ്ക്ക് ഉത്സവം പോലെ കൊണ്ടു വരുമായിരുന്നത്, ഒരുപക്ഷേ അന്നാവും നിന്റെ ഒറ്റമുറി വീട് കൂട്ടുകാര്‍ ആദ്യമായി കാണുകയുണ്ടാവുക, അല്ലേ എന്നും ഉള്ളിലെനിയ്ക്ക് ചോദ്യം കിരുകിരുത്തു.

വ്യൂ പോയന്റില്‍ കുതിരച്ചാണക മണം നിറഞ്ഞ വഴിയില്‍ ‘ഇത്തിരി ദൂരം നടക്കാതെ കഴിയ്ക്കാം, വാ’ എന്നു തലയിളക്കി കുതിരകള്‍ നിന്നു. വഴിയോരക്കടകളില്‍നിന്ന് ‘ടീക്കാപ്പി’ എന്ന് തമിഴ്ച്ചുവയില്‍ പെണ്‍വിളികള്‍ ഉയര്‍ന്നപ്പോള്‍, അതെന്തു സാധനം എന്നു മനസ്സിലാകാതെ കുഞ്ഞുണ്ണി നിന്നു…

പാതി വരെയിറങ്ങി ഞാന്‍, വ്യൂ പോയന്റ് സാഹസം മതിയാക്കി. എനിക്കിത് ഉള്ളം കൈയിലെ നെല്ലിക്ക പോലെ എന്ന മട്ടില്‍ കുഞ്ഞുണ്ണി ഇറങ്ങിയോടി അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. ഹൃദയത്തിന് പരിക്കുകള്‍, പ്രഷര്‍പ്രശ്‌നങ്ങള്‍ ഉള്ളവരൊന്നും നടപ്പുസാഹസത്തിന് മുതിരരുതെന്നെഴുതിയ ബോര്‍ഡിനടുത്ത്, ഇനി അഥവാ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ എന്തു ചെയ്യും എന്നോര്‍ത്ത് ഞാന്‍ നിന്നു.priya a. s, memories,neelakurinji,munnar,abhimanyu,maharajas

വിയര്‍ത്തു കുളിച്ചും സന്തോഷത്തിലാറാടിയും മകന്‍ താഴെനിന്ന് കിതച്ചെത്തി. ഇറങ്ങിയ ദൂരം തിരിച്ചുകയറുക എന്ന യജ്ഞം വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കൈകാര്യം ചെയ്ത് കാറിലരിക്കുമ്പോള്‍, വട്ടവടയിലേക്കും തിരികെ മൂന്നാറിലേക്കും ആയി വഴി പിരിയുന്നിടമായി. മനസ്സിലിടക്കിടെ പൊടിഞ്ഞും കിനിഞ്ഞും നിന്നിരുന്ന അത്യാഗ്രഹത്തിന്റെ തുള്ളികളില്‍ ഒക്കെ അഭിമന്യുവിന്റെ വീട് എന്ന ദൃശ്യം നിറഞ്ഞതിന്‍ പ്രകാരം, ‘വട്ടവടയിലേക്ക്’ എന്നു ഡ്രൈവറോട് പറഞ്ഞപ്പോള്‍, ചെക്‌പോസ്റ്റുകാര്‍ ‘ അങ്ങോട്ട് പന്ത്രണ്ട് കിലോമീറ്റര്‍, ഇപ്പോള്‍ അഞ്ചേകാല്‍, ആറു മണി വരെയാണ് അവിടുന്നുള്ള വാഹനങ്ങള്‍ കടത്തി വിടുക, ആറു മണിക്ക് തിരികെ എത്തില്ല നിങ്ങള്‍, അതല്ല അവിടെയെങ്ങാന്‍ താമസിക്കാനാണെങ്കില്‍ പൊക്കോളൂ’ എന്നു പറഞ്ഞു.

ഞാന്‍ കാറില്‍ നിന്നിറങ്ങി, ‘പഴയൊരു മഹാരാജാസുകാരിയാണ്, അഭിമന്യുവിന്റെ വീട്ടിലേക്ക് പോകാനാണ്’ എന്ന് പറഞ്ഞപ്പോള്‍, അവര്‍ പെട്ടെന്നയഞ്ഞു. പക്ഷേ ‘അവന്റെ അച്ഛനുമമ്മയും ഇന്നലെ എറണാകുളത്ത് പോയി, തിരികെ വന്നോ എന്നറിയില്ല’ എന്നവര്‍ പറഞ്ഞപ്പോള്‍, ‘എന്നാല്‍ വേണ്ട’ എന്നുറപ്പിക്കാന്‍ അധികനേരം വേണ്ടി വന്നില്ല. പക്ഷേ തിരക്കിനും ചിന്താക്കുഴപ്പത്തിനുമിടയില്‍ ഞാന്‍ പേരു ചോദിക്കാന്‍ വിട്ടുപോയ ആ ഉദ്യോഗസ്ഥന്‍, ‘ഇത്ര ദൂരത്തുനിന്നു വന്നതല്ലേ, ഒന്നു പോയി നോക്കിക്കോളൂ, അടുത്ത ചെക് പോസ്റ്റായ പാമ്പാടും ചോലയില്‍ നിങ്ങളെ തടഞ്ഞാല്‍ പറയൂ ഞങ്ങളനുവദിച്ചിട്ടാണ് പോന്നതെന്ന് ‘എന്നെല്ലാം പറഞ്ഞ് ഞങ്ങളെ യാത്രയാക്കുകയും ‘അടുത്ത അഞ്ചു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഒരിടത്തും വണ്ടി നിര്‍ത്തരുതെ’ന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വഴി കുറച്ചു ദൂരം ആകെ നുറുങ്ങി മുറിഞ്ഞു കിടന്നു. ‘വിളിപ്പിച്ചിട്ടാണ് അവന്‍ പോയത്. ഏതോ ചരക്കുവണ്ടിയുടെ പുറകില്‍ കയറിക്കൂടി ഈ പൊട്ടവഴിയും ആ കണ്ട ദൂരവുമെല്ലാം താണ്ടി ചെന്നപ്പോള്‍ അവനു കിട്ടിയതോ രക്തസാക്ഷിപ്പട്ടം’ എന്നു നിര്‍വ്വികാരമായി പറഞ്ഞ്, കുത്തിക്കീറാന്‍ ആകാശനെഞ്ചന്വേഷിച്ചു പോകുന്ന യൂക്കാലിപ്റ്റസ് മരങ്ങള്‍ ഗൂഢാലോചനക്കാരെപ്പോലെ കൂട്ടംകൂടി കനത്തുതിങ്ങിനിന്നു. ആനയിറങ്ങുന്ന വഴിയാണ്, അതാണ് അഞ്ചുകിലോമീറ്ററിനിപ്പുറം ഒരു കാരണവശാലും വണ്ടി നിര്‍ത്തരുത് എന്ന് നിര്‍ദ്ദേശം കിട്ടിയത് എന്നു പതുക്കെ മനസ്സിലായി. പേടി പങ്കു വയ്ക്കാന്‍ ധൈര്യം വരാതെ ഞങ്ങള്‍ മിണ്ടാതിരുന്നു.

‘അങ്ങനെയങ്ങനെ ചെല്ലുമ്പോള്‍ കോവിലൂര്‍ സിറ്റി കാണും, ആരോട് ചോദിച്ചാലും കൊത്തക്കുംബൂരിലെ ആ വീട് പറഞ്ഞു തരും’ എന്നു പറഞ്ഞതോര്‍ത്ത് ഈ കാടിനപ്പുറം ഒരു സിറ്റിയോ എന്നന്തം വിട്ടിരിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. കാണിയ്ക്കാന്‍ കൊണ്ടു പോകാം കൂട്ടുകാരെ എന്നഭിമന്യു പറഞ്ഞിരുന്ന സ്ട്രാബെറി ഫാമുകള്‍, വഴിയോര ബോര്‍ഡുകളായി നിന്ന് ഞങ്ങളെ നോക്കി. വഴി ചോദിക്കാന്‍ ഒരു കിളിയെയോ പൂച്ചയെയോ പോലും കാണിച്ചു തരാതെ കിടന്നു വഴി.

തേയിലക്കൊളുന്ത് നുള്ളുന്നവരുടെ വീടുകള്‍ പോലത്തെ, കുട്ടിവരകളില്‍ നിറയുന്ന പെട്ടിവീടുകള്‍ പോലത്തെ വീടുകള്‍ പെട്ടെന്ന് ഒരു തിരിവിനപ്പുറം തെളിഞ്ഞു നിറഞ്ഞു. അഭിമന്യു എന്നെഴുതിയ പല വലിപ്പത്തിലെ ബാനറുകള്‍ ചുളിങ്ങിയും പറിഞ്ഞും നിന്ന ചെമ്മണ്ണിടത്തിനടുത്താണോ വീടെന്ന് സംശയിച്ചു ഒരു നിമിഷം. (അതെങ്ങാനുമായിരുന്നോ അവനെ അടക്കിയ മണ്ണ് ! ) വലിയ രാഹുല്‍ ഗാന്ധിയെയും ചെറിയ കൊണ്‍ഗ്രസുകാരെയും പ്രദര്‍ശിപ്പിച്ച് കൊടി പറത്തി പാര്‍ട്ടി വണ്ടികള്‍ രണ്ടെണ്ണം കടന്നു പോയപ്പോള്‍, ഇലക്ഷനോ എന്ന് വിഭ്രാന്തി വന്നു. വെളുത്ത കുപ്പായക്കാര്‍ മുറ്റത്തു നിന്ന ഒരിടത്ത് വണ്ടി സ്‌ലോ ചെയ്ത് വഴി ചോദിച്ചു. കൃത്യമായൊന്നും തലയില്‍ക്കയറാത്ത അവസ്ഥയിലായിരുന്നതു കൊണ്ട് അതൊരു പാര്‍ട്ടി ഓഫീസോ എന്നു പോലും മനസ്സ് ശ്രദ്ധിച്ചില്ല.

കോവിലൂരിൽ അവന്റെ വീടിനു തൊട്ടടുത്തു കണ്ട കോവിലിൽ ഏതു മൂർത്തി എന്നു ഞാൻ നോക്കിയില്ല. മണി കെട്ടിയ വെള്ളക്കാളയുമായി അവൻ ചിരിച്ചോടുന്ന, എനിക്കേറ്റവുമിഷ്ടമുള്ള  ആ ഫോട്ടോ ഈ പരിസരത്തെവിടെയോ വച്ചാണെടുത്തതെന്ന് വെറുതെ തോന്നി. കോവിലും കഴിഞ്ഞ് വണ്ടി നിന്നു. വഴി കാണിക്കാന്‍ വന്ന സ്ത്രീയുടെ കൂടെ പിന്നെ ‘ആ വീട്ടി’ലേയ്ക്ക്.  പുറം ഭിത്തിയില്‍ ഒരഭിമന്യുപ്പടമുള്ള നോട്ടീസ്. രണ്ടു സ്ത്രീകള്‍ വീട്ടിനകത്ത്.priya a. s, memories,neelakurinji,munnar,abhimanyu,maharajas

‘പഴയൊരു മഹാരാജാസുകാരി’ എന്നു പറയാന്‍ പൊന്തിയ നാവ്, വാക്കു മുറിഞ്ഞ് നിന്നു. കണ്ണ്, ‘ഞാനിപ്പോള്‍ ഒഴുകും’ എന്നു പറഞ്ഞു. വാക്കു കിട്ടാതെ തപ്പിത്തടയുന്ന എന്നോട് അവരിലാരോ, ഇരിക്കെന്നു പറഞ്ഞു. ആ കട്ടിലില്‍, ഞാനിരുന്നു. അവന്‍ കിടന്ന കട്ടിലിരുന്ന്, ‘ഇത്ര വണ്ണമുണ്ടോ അവനെ പെറ്റ അമ്മയ്ക്ക് ‘എന്നാലോചിക്കുമ്പോള്‍, അവന്റെ ചേച്ചി ‘ഇതമ്മൂമ്മ, അമ്മയും അച്ഛനും എറണാകുളത്ത് പോയിരിക്കു കയാണ്. കോളേജില്‍ അവന്‍ വീണ സ്ഥലം കാണാന്‍, അമ്മയത് കണ്ടിട്ടില്ല’ എന്നു പറഞ്ഞു. എന്തോ ചിലത് മനസ്സിലായെന്നും എന്തോ ചിലത് മനസ്സിലായില്ലെന്നും തോന്നി. കിടക്കയില്ലാത്ത കട്ടിലിനോട് ചേര്‍ന്ന ചുമരില്‍ എണ്ണമറ്റ ഈശ്വരന്മാരും ഇടയില്‍ കുറച്ചു മനുഷ്യ ഫൊട്ടോകളും ഒന്നും പറയാതെ ഇരുന്നു.

ഞാന്‍ രണ്ടാമതും ചേച്ചിയുടെ പേര് ചോദിച്ചു. ആ കുട്ടി പിന്നെയും പേര്, ‘കൗസല്യ’ എന്ന് പറഞ്ഞു. അമ്മൂമ്മ എന്റെ പേരിനെ, ‘പ്രിയാവാ’ എന്നു ചോദിച്ചു. അമ്മൂമ്മയുടെ പേര് ഞാന്‍ കേട്ടതു പ്രകാരം കുമാരമ്മ. എപ്പോഴോ കൈയില്‍ കടലാസ്സു കപ്പില്‍ കട്ടന്‍ ചായ എത്തി. ഇതെപ്പോ ഉണ്ടാക്കി എന്നും അതോ ‘എപ്പോഴും ആരെങ്കിലും വന്നു കേറിയേക്കാം’ എന്നു പറഞ്ഞ് ഒരു കലം വെള്ളം അടുപ്പത്ത് സദാ തിളക്കുകയാണോ എന്നുമെല്ലാം ഞാന്‍ ഒന്ന് ചിന്തിച്ചതായി ഓര്‍മ്മയുണ്ട്. പാത്രങ്ങള്‍ ആണല്ലോ ഈ ഒറ്റ മുറിയില്‍ ഏറ്റവും കൂടുതല്‍ എന്ന് ഓരോ പാത്രത്തെയും ഞാന്‍ നോക്കി. വന്നവരെല്ലാം ഓരോ പാത്രം കൊടുത്തോ എന്ന് ഭ്രാന്തമായി ചിന്തിച്ചു പോയി, പാത്രങ്ങളുടെ ബാഹുല്യം കണ്ടപ്പോള്‍. അതും എന്തു തിളക്കമാണ് ഓരോ പാത്രത്തിനും! ഓട്ടുപാത്രം ,സ്വര്‍ണ്ണം പോലെ. സ്റ്റീല്‍ പാത്രങ്ങള്‍  വെള്ളി പോലെ.ഇതു പോലെയാിരുന്നല്ലോ ഇവര്‍ അവനെയും തേച്ചു തിളക്കി വിട്ടത് എന്നോര്‍ത്തു പോയി.

മുള കൊണ്ടുള്ള അടുപ്പായിരുന്നു അവിടെ എന്ന തോന്നലുണ്ട് ഇതെഴുതാനിരിക്കുമ്പോള്‍… മുകളില്‍ മച്ചു പോലെ കണ്ട തട്ടിലായിരുന്നു അവന്റെ പെട്ടി എന്ന് വായിച്ചതോര്‍മ്മിച്ച് മുകളിലേയ്ക്കു നോക്കി എപ്പോഴോ. ഇത് അഭി അവസാനം വായിച്ചു കൊണ്ടിരുന്ന ബുക്ക് എന്നു പറഞ്ഞ്, പത്രങ്ങളില്‍ കണ്ടു പരിചയമായ ‘നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും’ എന്ന പുസ്തകം മടിയിലേയ്ക്ക് കൗസല്യ വച്ചു തന്നു. അതറിയാനാണോ നീ ഒന്നു മരിച്ചു നോക്കിയത്’ എന്നു ചോദ്യം തികട്ടി വന്നു. ‘ഇത് കോളേജില്‍ നിന്ന് ജൂലി മിസ് കൊണ്ടു വന്നേല്‍പ്പിച്ച ആല്‍ബം’ എന്നു പറഞ്ഞ് മടിയിലേയ്ക്ക് ഒരു ആല്‍ബവുമെത്തി. കുഞ്ഞഭി ഇടപ്പള്ളി സ്‌ക്കൂളില്‍ നിന്ന് സമ്മാനം വാങ്ങുന്ന പടമുള്‍പ്പടെ പല പല പ്രായത്തിലെ അഭിമാര്‍ മടിയിലിരുന്നു. മറിച്ചു നോക്കി യാന്ത്രികമായി, എന്തോ ചിലത് കണ്ടു, എന്തോ ചിലത് കണ്ടില്ല.

എവിടെയാണ് നിങ്ങളൊക്കെ കിടക്കുക എന്നു ചോദിച്ചപ്പോഴും കൗസല്യ വിശദമായി ഉത്തരം പറഞ്ഞു. പക്ഷേ ഞാനൊന്നും കേട്ടില്ല. പെരുമ്പാവൂരില്‍ കിറ്റെക്‌സില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് വെറും പത്താം ക്‌ളാസുകാരിയായിട്ടും കൗസല്യ ലോകപരിചയത്തോടെ സംസാരിച്ചു. അടുത്ത മാസം അവളുടെ കല്യാണം, അഭി പോയതു കൊണ്ട് മാറ്റി വച്ച കല്യാണം.

ഒറ്റമുറിയ്ക്കപ്പുറം താഴോട്ട് കുത്തനെ പടികള്‍. അവരുടെ ലോകത്തിന്റെ അവസാനത്തേയ്ക്ക് ഞാന്‍ കുനിഞ്ഞു നോക്കി. ഇതെന്തിനാണ് ഈ പടികള്‍ എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ആ തോന്നല്‍ ഞാന്‍ മറന്നു പോയി. ഇത്ര പാത്രങ്ങള്‍ തേച്ചു മിനുക്കാന്‍ വേണ്ടത്ര വെള്ളം എവിടുന്നെടുക്കും എന്നൊരു ചോദ്യവും വന്ന്, വാക്കാവാതെ തിരിച്ചു പോയി. ‘എന്റെ ഫോണ്‍ നമ്പര്‍ തരാം, എറണാകുളത്ത് വന്നാല്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിയ്ക്കാന്‍’ എന്നു പറഞ്ഞപ്പോള്‍ ഒരു നോട്ട് ബുക്ക് മുന്നിലെത്തി. അവിടെ വന്നുപോയവരൊക്കെ അതിലുണ്ടായിരിക്കാം, പക്ഷേ ഞാന്‍ ഒന്നും കണ്ടില്ല. ബോധത്തോടെ ചെയ്തത് ഒരു കാര്യം മാത്രം, അവിടുത്തെ മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതി വാങ്ങി.abhimaniyu

രക്തസാക്ഷിയുടെ വീട്ടില്‍ ചോര വാര്‍ന്നു പോയ പോലെയാണ് മനുഷ്യര്‍ ഇരിക്കുക എന്ന് കണ്‍മുന്നില്‍ കാണുന്നതാദ്യമായിട്ടല്ലേ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. രക്തസാക്ഷിയുടെ വീടിനെക്കുറിച്ച് കഥയെഴുതിയ പരിചയം (അപ്പക്കാര സാക്ഷി) വെറും അസ്ഥികൂടമായിരുന്നുവെന്നും അതിന് മജ്ജയും മാംസവും വച്ചാല്‍ എന്ന അനുഭവത്തിന്റെ പിടച്ചിലിങ്ങനെയാണെന്നും അറിഞ്ഞതിന്റെ മരവിപ്പിനുള്ളിലൂടെ ഞാനാ അമ്മൂമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞു. അവര്‍, കണ്ണിലേക്കെന്റെ കൈ ചേര്‍ത്തു.

വണ്ടിയില്‍ ഞങ്ങള്‍ നിശബ്ദരായി. വഴിയും ആകാശവും കനത്തു കിടന്നു.ചെക്പോസ്റ്റിലിറങ്ങി അഭിമന്യുവിന്റെ വീടോളം പോയി വരുന്നവര്‍ എന്നു കാര്യം പറഞ്ഞു. വണ്ടി അടുത്ത ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ ഇറങ്ങി, പോകാനൊത്തശ ചെയ്തുതന്ന ആ നല്ല ഉദ്യോഗസ്ഥനെ കണ്ട് നന്ദി പറയണമെന്ന് തോന്നി. പക്ഷേ അനങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇറങ്ങിച്ചെന്ന ഡ്രൈവറോട്, കണ്ടുവോ എന്ന് അദ്ദേഹം, കാര്യമായി ചോദിച്ചു. ആ മനുഷ്യന്റെ പേരു പോലും ചോദിച്ചില്ല എന്ന് യാത്രയിലുടനീളം ഓര്‍ത്തു.

കൊല ചെയ്യപ്പെട്ടതിന്റെ എണ്‍പതു ദിവസങ്ങള്‍ക്കിപ്പുറം, ഞാനവന്റെ ചിരിയും പ്രതീക്ഷകളും വിയര്‍പ്പും നിറഞ്ഞ കട്ടിലിനെ തൊട്ട് അവനോട് സംസാരിച്ച് മടങ്ങുന്നു എന്ന് മൂന്നാറിനോട് പറയുമ്പോഴും എന്തിനാണ് ഞാനവിടെ പോയതെന്ന് എനിയ്ക്ക് മനസ്സിലായില്ല.(ഇതെഴുതുമ്പോഴും എനിക്കറിയില്ല ഞാനവിടെ പോയതെന്തിനാണ് എന്ന് ). ‘ഇത്ര ദിവസം കൊണ്ട് അവര്‍ റോബോട്ടിക് ആയിപ്പോയി അല്ലേ അമ്മേ’ എന്ന് മകന്‍ ഇടക്കു ചോദിച്ചു. കരച്ചിലോ ചിരിയോ ഒന്നുമില്ലാതെ അവര്‍, ആ അമ്മൂമ്മയും കൊച്ചുമകളും തന്ന ആചാരോപചാരങ്ങള്‍ മനസ്സില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നതു കൊണ്ടാവും അവനങ്ങനെ ചോദിച്ചതെന്നു തോന്നി.

രക്തസാക്ഷി എന്ന വാക്ക് എങ്ങനെ ഉണ്ടായി എന്നുഴറിക്കൊണ്ടിരിക്കെ, തിരികെ ഹോട്ടലിലെത്തി. അവിടെ വച്ച് ‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു ഇന്ന് തിരുവനന്തപുരത്തു വച്ച്, അവന്റെ അച്ഛനുമമ്മയും അതില്‍ പങ്കെടുത്തു എന്നറിഞ്ഞു. ആ നേരമൊക്കെയും, അഭീ, നീ എന്റെ മനസ്സിലേയ്ക്ക്, ഞാന്‍ പെറ്റ കുഞ്ഞുണ്ണി മകനോടൊപ്പം പടര്‍ന്നു കയറുകയായിരുന്നല്ലോ എന്ന് ഞാനന്നേരം പിന്നെയും മരവിച്ചു.

ഒരമ്മ എറണാകുളത്തുനിന്ന് മൂന്നാറു കാണാന്‍ ‘നാന്‍ പെറ്റ മകനൊ’പ്പം വരുന്നതും അതേ സമയം മറ്റൊരമ്മ മൂന്നാറില്‍ നിന്ന് ‘നാന്‍ പെറ്റ മകന്‍ കൊല ചെയ്യപ്പെട്ടയിടം കാണാന്‍ പോകുന്നതും ആയ ഒരടരില്‍ വച്ചാണ് ഞങ്ങളെല്ലാം കണ്ടുമുട്ടുന്നതെന്ന തിരിച്ചറിവ് പുതച്ച്, തണുത്തും തണുക്കാതെയും ഉറങ്ങിയും ഉറങ്ങാതെയും പുലര്‍ന്ന ഒരു രാത്രിക്കിപ്പുറം ഞാന്‍ വീണ്ടും എറണാകുളത്തേയ്ക്ക്…

Read: പ്രിയ എഎസ് എഴുതിയത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Neelakurinji munnar abhimanyu priyam apriyam

Best of Express