“വാള് കൊണ്ട് വെട്ടിയാലും തീ കൊണ്ട് കരിച്ചാലും നശിക്കാത്ത ഒന്നേയുള്ളു, അത് ആത്മാവാണ്”  അങ്ങനെ ഒരിക്കലും നശിക്കാത്ത അനേകം ആത്മാക്കൾ പകൽ നടത്തത്തിന് ഇറങ്ങുന്ന ഒരിടമുണ്ട് കേരളത്തിൽ. ഒന്നുറക്കെ നിശ്വസിക്കാൻ പോലുമാകാതെ തല മുറിച്ചെടുത്ത മുന പോലെയുള്ള ചുവന്ന സിമൻറ് സ്മാരകങ്ങൾക്കകത്തിരുന്ന് വിങ്ങുന്ന ഒരു പിടി രക്തസാക്ഷികൾ ഉള്ള ഒരിടം. അങ്ങനൊരിടത്തേക്കാണ്‌ ‘ഈട ബാ’ എന്നും പറഞ്ഞ് സംവിധായകൻ ബി അജിത്കുമാർ നമ്മളെ കൈ കാണിച്ചു ക്ഷണിക്കുന്നത്.

നമ്മൾ നടന്നു തുടങ്ങുന്നത് ഒരു ഹർത്താൽ ദിനത്തിലാണ്. ഇവിടെ ഹർത്താൽ ഒരു സമര മുറയല്ല. അത് ഒരു കൊലപാതകത്തിന് ശേഷമുള്ള ഉദ്വേഗം നിറഞ്ഞ മരവിപ്പാണ്.

ആ മരവിപ്പിലൂടെ നമുക്കൊപ്പം അമ്മുവും നന്ദുവും യാത്ര തുടങ്ങുന്നുണ്ട്. ആ പകലിലെപ്പോഴോ ആണ് അവർക്കിടയിലൂടെ ഒരു കുഞ്ഞു ചിത്രശലഭം പറന്നു തുടങ്ങുന്നത്. പിന്നീട് അവരെ വേർപിരിക്കുന്ന രാഷ്ട്രീയധാരകൾ ഇല്ലാത്ത മൈസൂരിന്റെ തുറസ്സുകളിൽ വെച്ചാണ് അവർ പ്രണയത്തിന്റെ തണുത്ത വെയിൽ ശ്വസിച്ചു തുടങ്ങുന്നത്.

‘ഈട’യിൽ പ്രണയം തെയ്യത്തിനിടയ്ക്ക് നന്ദുവിനെ നോക്കുന്ന അമ്മുവിന്റെ കണ്ണിലെ തിളക്കമായി, നന്ദുവിന്റെ നുറുങ്ങു പിണക്കങ്ങളായി, മൊബൈൽ സ്ക്രീനിന്റെ പ്രകാശമായി, പുണർന്നു കൊണ്ട് ബൈക്കിൽ പാറി പോകുന്ന രാത്രി യാത്രകളായി, അങ്ങനെ ഏറ്റവും ദീപ്തമായി പ്രകാശിക്കുന്നുണ്ട്. രാത്രി തന്റെ മുറിയിലെ മട്ടുപ്പാവിലേക്ക് വലിഞ്ഞു കയറി വരുന്ന നന്ദുവിനെ കണ്ട് അമ്മു പതിവ് നായികാ നിർമ്മിതികളെ പോലെ ഭയക്കുന്നില്ല, പകരം ,”എന്ത് പണിയാ നീ കാണിച്ചേ, വീണ് പോയിരുന്നെങ്കിലോ,” എന്ന് ഏറ്റവും കരുതലോടെ അവനോട് ചോദിക്കുന്നുണ്ട്. നെഞ്ച് പിളർന്നു സ്നേഹിക്കുമ്പോഴും, അവരുടെ പ്രണയത്തിന്റെ ഓരോ നാഴികക്കല്ലിലും അവരെ തേടി നാട്ടിൽ നിന്നും ഓരോ ദുരന്ത വാർത്ത വരുന്നുണ്ട്.

 

നാട്ടിൽ നില നിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയ്ക്ക് ഒരിക്കലും ഒന്നിക്കാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും “അല ഞൊറിഞ്ഞു മെല്ലെ ഹരിത തീരം തഴുകും പുഴ കടന്നു പോകാം, കൂട്ടം തെറ്റി അലയാം” എന്നവർ പ്രതീക്ഷയോടെ മൂളുന്നുണ്ട്. ആ നേരത്തും അവരുടെ നാട്ടിലെ ഗ്രാമപ്പൊന്തകളിലും കായൽത്തുരുത്തുകളിലും കൈ ബോംബുകൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ പതിയെ ‘ഈട’ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന ഒരു നാടിന്റെ രാഷ്ട്രീയ അസാധാരണത്വങ്ങളുടെ നാൾവഴിപ്പുസ്തകമായി രൂപാന്തരം പ്രാപിക്കുന്നു. രാക്ഷസന്റെ കുരുക്കുകൾ പോലെ പല വഴികളിലേക്കായി പിരിഞ്ഞു പോകുന്ന ഇടവഴികളും, ഇലച്ചാർത്ത് മൂടി കിടക്കുന്ന കാവുകളും, ചെമ്മൺ മേടുകളും, ഏകാന്തമായ തുരുത്തുകളും ഉള്ള ആ നാടിന്റെ ശരീരത്തിലേക്ക് നമ്മൾ കൂടുതൽ ഇറങ്ങി ചെല്ലുമ്പോൾ പതിയെ ഓരോ കഥാപാത്രവും വ്യക്തിത്വത്തോടെ തിളങ്ങുന്നുണ്ട്.

ഉപേന്ദ്രന്റെ കൊലപാതകത്തിനു ശേഷം കാരിപ്പള്ളി ദിനേശൻ ചോദിക്കുന്ന ചോദ്യമുണ്ട്, “എനിക്ക് ഭയന്ന് ഒളിച്ചിരിക്കാം, പക്ഷെ ഈ മോളെ ആശുപത്രീയിൽ കൊണ്ടുപോകാൻ വേറെ ആരുണ്ട്?” അതിതീവ്രമായ സ്നേഹവും വിശ്വാസവും ഒരു നാടിനെ ഒരേ സമയം വേട്ടക്കാരുടെയും ഇരകളുടെയും പ്രദേശം ആക്കുന്നതിന്റെ ദൈന്യത ഏറ്റവും വേദനയോടെ ആ വരികളിൽ വെളിപ്പെടുന്നുണ്ട്.

ഓരോ ആൺമരണത്തിലും രക്തസാക്ഷികളാക്കുന്നത് അവരുടെ മറുപാതികളെയാണെന്ന് പറയാതെ പറയുന്നുണ്ട് ‘ഈട’. ഒട്ടുമേ കരയാതെ ജീവിതം ഏറ്റവും കൃത്യതയോടെ ജീവിച്ചു തീർക്കുന്ന ഒരു പിടി തന്റേടമുള്ള സ്ത്രീകളെ നമുക്ക് ‘ഈട’യിൽ പരിചയപ്പെടാൻ സാധിക്കും.

Read More: “പ്രണയത്തിന്റെ പാർട്ടി ഗ്രാമങ്ങൾ” ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എഴുതുന്നു

നാട്ടിലേക്ക് നീളുന്ന വേരുകൾ ഒരു ഘട്ടത്തിൽ നന്ദുവിനെ കൊണ്ട് ചെന്നെത്തിക്കുന്ന ചില വിചിത്രമായ കുരുക്കുകൾ ഉണ്ട്. നന്ദുവിലൂടെ അതിന്റെ വേദന അമ്മുവിലേക്കും പ്രസരിക്കുന്നുണ്ട്. എന്നാൽ അപ്പോഴും ‘ഈട’ അവസാനിക്കുന്നത് ഒരു സ്വപ്നത്തിനേക്കാൾ വലിയ ഒരു സ്വപ്നത്തിലാണ്. ഹർത്താൽ ദിനത്തിൽ പകൽ നടത്തയ്ക്ക് ഇറങ്ങുന്ന രണ്ടു ജീവബിന്ദുക്കൾ ഒരുഗ്രൻ രൂപകമാണ്. പക്ഷെ യാഥാർഥ്യ ബോധമുള്ള സംവിധായകന് ആ നേരവും തന്റെ സാന്നിധ്യം അറിയിക്കാതിരിക്കാൻ കഴിയുന്നില്ല. ‘ഈട’യുടെ അവസാനത്തിനെ കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ശ്രദ്ധിച്ചാൽ കെ.ജെ.പി. പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു നടത്തുന്ന ഹർത്താലിന്റെ അവസാനത്തെ ലോങ്ങ് ഷോട്ടിൽ തന്നെ കാര്യം ഏതാണ്ട് വ്യക്തമാണ്. ഭാഗ്യക്കുറി വിൽപ്പനക്കാരന്റെ “മോളേ…” എന്ന വിളി ഒരു ഉറപ്പിക്കലാണ്. ഒന്ന് കൂടി ഉറപ്പിക്കാൻ വാള് കൊണ്ട് വെട്ടിയാലും നശിക്കാത്ത ബലിദാനിയുടെ ആത്മാവിനെ കുറിച്ച് സിനിമയിലെ കഥാപാത്രം പറഞ്ഞത് വീണ്ടും ഓർക്കാം.

വർഷങ്ങൾ കൊണ്ട് വളർന്നു സ്ഥാപനവൽക്കരിക്കപ്പെട്ട അക്രമത്തിനെ കുറിച്ച് പറയുമ്പോഴും അണുവിട ഫോക്കസ് നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ‘ഈട’യുടെ ശിൽപികൾ. രാഷ്ട്രീയ ചേരിതിരിവിന്റെ രീതിശാസ്ത്രം തന്നെ നിലനിൽക്കുന്നത് പ്രാതിനിധ്യ സ്വഭാവം ഉള്ള ചിഹ്നങ്ങളിൽ ആണ്. കൈയ്യിൽ ചരടു കെട്ടിയ ഗുണ്ടകളെ അതിന്റെ പ്രത്യക്ഷ അർത്ഥത്തിൽ ആദ്യമായി അടയാളപ്പെടുത്തുന്നത് ‘ഞാൻ സ്റ്റീവ് ലോപ്പസ്സി’ലാണ്. പലയിടങ്ങളിലായി കാണുന്ന കൊടിയടയാളങ്ങളും, ലെനിന്റെ പോസ്റ്ററും, ബലികുടീരങ്ങളും, എ.കെ.ജി. ആശുപത്രിയും, വീട്ടിൽ അശ്രദ്ധമായി വെച്ചിരിക്കുന്ന കൈരളി ചാനലും മുതൽ ‘ആനന്ദ് നന്ദനം’ എന്ന ഫെയ്‌സ്ബുക്ക് ഹാൻഡിൽ വരെ ‘ഈട’യിൽ യാദൃശ്ചികമായി കടന്നുവരുന്ന ഓരോ ചെറിയ സംഗതിക്കും പിന്നിൽ വിദഗ്ദനായ ഒരു നിരീക്ഷകന്റെ കണ്ണുണ്ട്.

Read More: ​​​​മായാനദി : വിഷാദത്തിന്‍റെ കൊതിപ്പിക്കുന്ന നിശ്ചലത

കാല് നഷ്ടപ്പെട്ട സഖാവിന്റെ വീടിനു മുന്നിൽ ചക്രകസേര കയറ്റാനായി നിർമ്മിച്ച റാമ്പും, പലപ്പോഴും ഓവർലാപ്പായി വരുന്ന സമാന്തര സംഭാഷണങ്ങളും, ഉപേന്ദ്രന്റെ ചില്ലിട്ട ചിത്രം കാണിച്ച ഉടൻ സ്‌ക്രീനിൽ തെളിയുന്ന ചൂണ്ടയിൽ കൊരുക്കുന്ന ഇരയും, ഓരോ അക്രമത്തിനു മുമ്പെയും സ്‌ക്രീനിന്റെ ഒരറ്റത്ത് കൂടി നമ്മളറിയാതെ നടന്നു പോകുന്ന ഭാഗ്യക്കുറി വിൽപ്പനക്കാരനും സംവിധായകന്റെ സൂക്ഷമതയുടെ നേർതെളിവുകളായി നമുക്ക് മുന്നിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിൽ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത വ്യക്തമായി സ്‌ക്രീനിൽ അവതരിപ്പിക്കാൻ ‘ഈട’യ്ക്ക് സാധിക്കുന്നുണ്ട്. ഒരു നാടിന്റെ രാഷ്ട്രീയ ശരീരത്തിനേറ്റ മുറിവുകളുടെ കണക്ക് ഒരു കേസ് ഡയറിയോളം സൂക്ഷമായി രേഖപ്പെടുത്തുന്നുണ്ട് ‘ഈട’. അതുകൊണ്ടു തന്നെ അത് തീർച്ചയായും തിയേറ്ററിൽ ഇരുന്ന് പൊള്ളിനീറി അനുഭവിക്കുക തന്നെ വേണം, ഉയർന്ന വോട്ടിങ് ശതമാനത്തിലും രാഷ്ട്രീയ സാക്ഷരതയിലും സ്വയം അഭിമാനിക്കുന്ന ഓരോ മലയാളിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook