/indian-express-malayalam/media/media_files/zmKB8QedMqBwBzstBRbt.jpg)
എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹർജിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ഡൽഹി: രാഷ്ട്രീയ പാർട്ടികൾ ക്യാഷ് ചെയ്ത ഓരോ ഇലക്ടറൽ ബോണ്ടിന്റേയും വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള എസ്ബിഐയുടെ ഹർജി മാർച്ച് 11 ന് പരിഗണിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും ഹർജി പരിഗണിക്കുക. തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം ബോധപൂർവം ലംഘിച്ചുവെന്ന് ആരോപിച്ച് എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക ഹർജിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഫെബ്രുവരി 15 ന് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ, അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തിന്റെ അജ്ഞാത രാഷ്ട്രീയ ഫണ്ടിംഗിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുകയും ഇതിനെ “ഭരണഘടനാവിരുദ്ധം” എന്ന് വിളിക്കുകയും ചെയ്തത്. ദാതാക്കളും അവർ നൽകിയ സംഭാവനയും തിരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്താനും കോടതി ഉത്തരവിട്ടിരുന്നു.
സ്കീം ഉടൻ തന്നെ റദ്ദാക്കാൻ ഉത്തരവിട്ട സുപ്രീം കോടതി, 2019 ഏപ്രിൽ 12 മുതൽ ഇന്നുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ മാർച്ച് ആറിനകം സമർപ്പിക്കാൻ സ്കീമിന് കീഴിലുള്ള അംഗീകൃത ബാങ്കായ എസ്ബിഐയോടും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മാർച്ച് 13-നകം ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ വിവരങ്ങൾ നൽകാനുള്ള കാലാവധി തീരുന്നതിന് രണ്ട് ദിവസം മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നത് സമയമെടുത്തുള്ള പ്രകിയയാണെന്നായിരുന്നു ഹർജിയിലൂടെ എസ് ബി ഐ കോടതിയെ ബോധിപ്പിച്ചത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.