/indian-express-malayalam/media/media_files/wBcYOZqhKMf80iaOl3rI.jpg)
ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോ കപ്പൽ (ഫൊട്ടോ: എഎൻഐ)
ന്യൂഡൽഹി: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മൂന്ന് മിസൈൽവേധ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മൊർമുഗോ എന്നീ മൂന്ന് കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കു കപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പലുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്.
ചെങ്കടലിൽ അതിവേഗം തന്നെ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊൽക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നിലായി ഐഎൻഎസ് കൊച്ചിയെയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് മൊർമുഗോയേയും വിന്യസിച്ചിരിക്കുന്നു. അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും മൂന്ന് കപ്പലുകളിലും സജ്ജമാക്കിയിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബർ 23 നാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു ആക്രമണം. പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലിൽവച്ച് ആക്രമണമുണ്ടായി. ശേഷം ആക്രമണത്തിന് പിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചു കൊണ്ട് അമേരിക്ക രംഗത്തുവന്നിരുന്നു. ചെങ്കടലിലെ ഹൂതി ആക്രമണം കാരണം, പല ഷിപ്പിംഗ് കമ്പനികളും തങ്ങളുടെ ചരക്ക് കപ്പലുകൾ ദൈർഘ്യമേറിയ വഴികളിലൂടെ തിരിച്ചുവിടുന്നത് ഉയർന്ന ഇന്ധനച്ചെലവിലേക്ക് നയിക്കുന്നുണ്ട്.
ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു. പ്രതിരോധ വകുപ്പിൽ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകൾ നടത്തി. പടിഞ്ഞാറൻ നേവൽ കമാൻഡിന്റെ മാരിടൈം ഓപ്പറേഷൻസ് സെന്റർ കോസ്റ്റ് ഗാർഡുമായും ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുന്നുണ്ട്,” അതിൽ പറയുന്നു.
വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു. മുംബൈ പൊലിസ്, എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്), ഐബി (ഇന്റലിജൻസ് ബ്യൂറോ), നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സംയുക്ത സംഘം ചെം പ്ലൂട്ടോയെ പരിശോധിച്ചു. “ഇന്ത്യൻ നാവികസേന വിഷയം അന്വേഷിക്കുകയാണ്, അവർ ഞങ്ങളോട് സഹായിക്കാൻ ആവശ്യപ്പെട്ടതിനാൽ, യെല്ലോ ഗേറ്റ് പൊലിസ് സ്റ്റേഷനിൽ നിന്ന് ഒരു ടീമിനെ അയച്ചു,” ഒരു മുതിർന്ന മുംബൈ പൊലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Read more Related News
- ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; പിന്നിൽ ഹൂതികളെന്ന് അമേരിക്ക
- 'ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ടപ്പെട്ടത് കഴിക്കാം'; കർണ്ണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
- സംസ്ഥാനത്ത് രണ്ട് മന്ത്രിമാർ രാജിവച്ചു; പുതിയ മന്ത്രിമാർ 29ന് സത്യപ്രതിജ്ഞ ചെയ്യും
- സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.