/indian-express-malayalam/media/media_files/g0NeiVFYZq10JssC33MY.jpg)
ഫയൽ ചിത്രം
ഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളും തമ്മില്‍ ഇന്ന് ചര്‍ച്ച. വൈകിട്ട് 6 മണിക്ക് ചണ്ഡിഗഡിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചര്‍ച്ചയില്‍ ഉണ്ടാകും.
കർഷകർക്ക് മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് പഞ്ചാബ് കർഷക യൂണിയൻ നേതാക്കളുടെ പ്രധാന ആവശ്യം. സർക്കാരിന് വേണമെങ്കിൽ ഒറ്റ രാത്രികൊണ്ട് ഒരു ഓർഡിനൻസ് കൊണ്ടുവരാൻ കഴിയുമെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദർ പറഞ്ഞു. കർഷകരുടെ പ്രതിഷേധത്തിന് പരിഹാരം കാണണമെങ്കിൽ ഓർഡിനൻസ് കൊണ്ടുവരണമെന്നും അദ്ദേഹം ശംഭു അതിർത്തിയിൽ വച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാന്ദേറിനോട് യോജിച്ച് ഭാരതീയ കിസാൻ യൂണിയനും രംഗത്തെത്തി. "സർക്കാരിന് ഒരു ഓർഡിനൻസ് കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ അവരത് ചെയ്യുന്നു. എന്തുകൊണ്ട് അവർക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയുന്നില്ല? ആറ് മാസത്തിനകം ഇത് നിയമമാക്കി മാറ്റാൻ കഴിയും," ഭാരതീയ കിസാൻ യൂണിയൻ (സിധുപൂർ) നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.
ഇതിനോടകം മൂന്ന് തവണ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. ഫെബ്രുവരി 8,12,15 തീയതികളിലായിരുന്നു ചര്‍ച്ച. കർഷക പ്രതിഷേധം നീണ്ടുപോകുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് തിരിച്ചടിയാവും. അതിനാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സമവായശ്രമമുണ്ടാകും.
കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ കര്‍ഷകരുമായി ഏറെക്കുറെ നീക്കുപോക്ക് ഉണ്ടാക്കിയതായാണ് സൂചന. അതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി രാകേഷ് ടിക്കായത്ത് രംഗത്ത് വന്നു. താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ധര്‍ണ്ണയും സംഘടിപ്പിക്കും.
ശനിയാഴ്ച കര്‍ഷകര്‍ ഹരിയാനയിലെ ബി.ജെ.പി നേതാക്കളുടെ വസതിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ റെയില്‍ റോക്കോ പ്രതിഷേധം സംഘടിപ്പിച്ച നൂറിനടുത്ത് കര്‍ഷകരെ അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി ഫെബ്രുവരി 19 വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനത്തിനും എസ്.എം.എസ് സര്‍വീസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.