/indian-express-malayalam/media/media_files/2025/08/11/stray-dog-2025-08-11-18-29-52.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡൽഹിയിലെ തെരുവു നായ പ്രശ്നത്തിൽ സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി. തെരുവു നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ ഡൽഹി സർക്കാരിനോടും, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സുപ്രീം കോടതി നിർദേശിച്ചു. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും വിഷയം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം. മുനിസിപ്പൽ കോർപ്പറേഷൻ അധികാരികളോട് നടപടികൾ പൂർത്തിയാക്കി ഉടൻ ഷെൽട്ടറുകൾ നിർമ്മിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പു നൽകുന്നതിനും ഷെൽട്ടറുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. നായകളെ പൊതുസ്ഥലങ്ങളിലേക്ക് തുറന്നു വിടരുതെന്നും ഇത് ഉറപ്പാക്കാൻ സിസിടിവി നിരീക്ഷണം വേണമെന്നും ബെഞ്ച് നിർദേശിച്ചു.
അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ 5,000 മുതൽ 6,000 വരെ നായകളെ പാർപ്പിക്കാനാവുന്ന ഷെൽട്ടറിന്റെ പണി ആരംഭിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നടപടിയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും തെരുവു നായകളെ പിടിക്കുന്നതിന് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തടസ്സം നിന്നാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ശിശുക്കളും കൊച്ചുകുട്ടികളും അടക്കം ഇനി പേവിഷബാധയ്ക്ക് ഇരയാകരുത്. തെരുവു നായകളുടെ ഭയമില്ലാതെ അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഈ നടപടിയിലൂടെ ഉണ്ടാകണം. യാതൊരു വികാരങ്ങളും ഇതിൽ ഉൾപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
Also Read: അസിം മുനീറിന്റെ ആണവ ഭീഷണി ഇന്ത്യയോട് വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഒടുവിൽ സുപ്രീം കോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നുവെന്ന് കോടതി ഇടപെടലിൽ പ്രതികരിച്ച് മന്ത്രി എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. "ഒടുവിൽ സുപ്രീംകോടതി ആ സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. എബിസി ചട്ടങ്ങൾ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ല എന്ന സത്യം. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഇക്കാര്യം ഇവിടെ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രയോ പത്രസമ്മേളനങ്ങളിൽ എബിസി ചട്ടങ്ങളിലെ തീർത്തും അപ്രായോഗികവും അർഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞപ്പോഴൊന്നും നമ്മുടെ മാധ്യമങ്ങൾ കേട്ട ഭാവം നടിച്ചില്ല.
Also Read: പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി
മാധ്യമപ്രതിനിധികളോട് എബിസി ചട്ടം വായിക്കാനും അതെത്രമാത്രം അർഥശൂന്യമാണ് എന്ന നേര് ജനങ്ങളോട് പറയാനും അഭ്യർഥിച്ചു. ഒരനക്കവും ഉണ്ടായില്ല. എബിസി ചട്ടത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിഷ്ക്രിയമായിരിക്കുകയാണ് എന്ന് സ്ഥാപിക്കാൻ മാത്രമായിരുന്നു അവർ നിരന്തരം ശ്രമിച്ചുവന്നിരുന്നത്. സർക്കാരിനെ കടിച്ചുകീറാൻ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറയ്ക്കാനായിരുന്നു ചിലർക്ക് താത്പര്യം..." മന്ത്രി കുറിച്ചു.
Read More: നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.