/indian-express-malayalam/media/media_files/2025/02/05/sMJoriCYrSA2Lne5gbZ2.jpg)
ഡൽഹി തിരഞ്ഞെടുപ്പ്; വിജയിച്ചവരിൽ 68 ശതമാനവും ക്രിമനൽ കേസ് പ്രതികൾ
ന്യൂഡൽഹി: അട്ടിമറി വിജയമാണ് ഡൽഹിയിൽ ബിജെപി നേടിയത്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം ചരിത്ര വിജയമാണ് ബിജെപി നേടിയത്. എന്നാൽ നിയുക്ത എംഎൽഎമാരിൽ ബഹുഭൂരിപക്ഷം പേർക്കെതിരെയും വിവിധ ക്രിമിനൽ കേസുകളുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ (എഡിആർ) ആണ് ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.
ഏറ്റവുമധികം കേസുകൾ ആം ആദ്മി പാർട്ടിയിൽ
എഴുപത് അംഗ ഡൽഹി നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ 31 പേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് എഡിആർ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളിൽ 15 പേരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. തിരഞ്ഞെടുപ്പിൽ 22 സീറ്റാണ് എഎപിക്ക് നേടാനായത്.
നാൽപ്പത്തിയെട്ട് സീറ്റുകളാണ് ബിജെപി നേടിയത്. ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികളിൽ 16 പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാർട്ടിയിൽ നിന്നുള്ള പത്ത് നിയുക്ത എംഎൽഎമാരും ബിജെപിയിൽ നിന്നുള്ള ഏഴ് പേരും ഗുരുതര ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ക്രിമിനൽ കേസുകളിൽ പ്രതികളായവർ ജയിക്കുന്നത് കുറഞ്ഞെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-ൽ 43 പേരാണ് വിജയിച്ചത്.
സമ്പന്നർ കുടുതൽ ബിജെപിയിൽ
നിയുക്ത എംഎൽഎമാരിൽ സമ്പത്ത് കൂടുതലുള്ളവർ ബിജെപിയിലാണ്. ബിജെപി എംഎൽഎമാരുടെ ശരാശരി ആസ്തി മൂല്യം 28.59 കോടി രൂപയാണ്. എഎപി വിജയികളുടെ ശരാശരി ആസ്തിയുടെ മൂന്നിരട്ടിയിലധികം വരുമിത്.
അതിസമ്പന്നരിൽ ആദ്യ മൂന്ന് പേരുടെ പട്ടികയിലും ബിജെപി എംഎൽഎമാരാണ്. കർണയിൽ സിംഗ് (259.67 കോടി രൂപ), മഞ്ജീന്ദർ സിംഗ് സിർസ (248.85 കോടി രൂപ), പർവേഷ് സാഹിബ് സിംഗ് (115.63 കോടി രൂപ). അതേസമയം, ഏറ്റവും കുറവ് ആസ്തിയുള്ള എംഎൽഎ എഎപിലാണ്. ബുരാരിയിൽ നിന്നുള്ള എഎപിയുടെ സഞ്ജീവ് ഝാ ഏറ്റവും കുറവ് ആസ്തിയുള്ളയാൾ. 14.47 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
വനിതാ പ്രാതിനിധ്യം കുറഞ്ഞു
നിയമസഭയിലെ വനിതാ പ്രാതിനിധ്യവും കുറഞ്ഞു. 2020-ൽ എട്ട് വനിത എംഎൽഎമാരായിരുന്നു ഡൽഹി നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ സ്ത്രീ പ്രാതിനിധ്യം അഞ്ചായി കുറഞ്ഞു. നിയമസഭയുടെ ആകെ അംഗബലത്തിന്റെ ഏഴ് ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം.
Read More
- ജാതി സമവാക്യം മുതൽ ആർഎസ്എസ് താത്പര്യം വരെ; ആരാകും പുതിയ ഡൽഹി മുഖ്യമന്ത്രി ?
- മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ...?
- മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
- ഡൽഹിയിൽ എഎപിയെ വീഴ്ത്തിയത് കോൺഗ്രസ്; നേടിയത് ബിജെപി ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us