/indian-express-malayalam/media/media_files/YsBnNJz00Zh76vSuILMV.jpg)
ഫയൽ ഫൊട്ടോ
മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരായി. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് കാണിച്ചാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഓൺലൈനായി ഹാജരായത്.
കേസിലെ അഞ്ചാമത്തെ സമൻസും ഒഴിവാക്കിയതോടെ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കെജ്‌രിവാളിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് ഡൽഹി കോടതി കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ചിരുന്നു. കെജ്‌രിവാളിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ രമേഷ് ഗുപ്തയാണ്, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ സമർപ്പിച്ചത്. അടുത്തമാസം 16ന് കെജ്‌രിവാൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന ആരോപിച്ച്, വെള്ളിയാഴ്ച കെജ്‌രിവാൾ നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ശനിയാഴ്ച നിയമസഭ പ്രമേയം ചർച്ച ചെയ്യും. സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി സമീപിച്ചതായി കെജ്‍രിവാൾ ആരോപണമുയർത്തി.
"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് എംഎൽഎമാർ എൻ്റെ അടുത്ത് വന്ന് തങ്ങളെ ബിജെപി സമീപിച്ചിട്ടുണ്ടെന്നും കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്നും," പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.
കെജ്‌രിവാൾ അഞ്ചാം തവണയും സമൻസ് നിരസിച്ചതിന് പിന്നാലെ ഫെബ്രുവരി 3-ന്, ക്രിമിനൽ നടപടി നിയമത്തിലെ 190, 200 വകുപ്പുകൾ പ്രകാരം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്രയ്ക്ക് മുമ്പാകെ ഇഡി പരാതി നൽകിയിരുന്നു. കേസിലെ പ്രതിയായ സമീർ മഹേന്ദ്രുവുമായി അരവിന്ദ് കെജ്‍രിവാൾ വിഡിയോ കോളിലൂടെ സംസാരിച്ചതായും, കേസിലെ മറ്റൊരു പ്രതിയായ മലയാളിയായ വിജയ് നായരുമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us