/indian-express-malayalam/media/media_files/2024/11/18/Ou2EoZ5wZlq1mVn16dEO.jpg)
കോൺറാഡ് സാങ്മ
മണിപ്പൂരിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിലെ രണ്ടാമത്തെ സംഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഒരു വർഷത്തിൽ അധികമായി തുടരുന്ന ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടിയാണ് എൻ ബിരേൻ സിങ് നേതൃത്വം നൽകുന്ന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
മണിപ്പൂരിലെ സംഘർഷവും പിന്തുണ പിൻവലിച്ചതിലെ കാരണങ്ങളും സംബന്ധിച്ച് എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കുന്നു.
മണിപ്പൂരിൽ ബിജെപി സർക്കാർ പരാജയമാണെന്ന് എൻപിപി ആരോപിച്ചത് എന്തുകൊണ്ട്?
സങ്കീർണ്ണമായ പ്രശ്‌നമാണ് മണിപ്പൂരിൽ സംഭവിക്കുന്നത്. ഒന്നരവർഷത്തിലധികം നീണ്ടുനിൽക്കുന്ന ആക്രമണങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും നിരവധി ഘടകങ്ങൾ കാരണമായിട്ടുണ്ട്. ചരിത്രപരമായ പഞ്ചാത്തലങ്ങളും ഇതിന് കാരണമായിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ചില ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവയൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല. പ്രശ്നപരിഹാരത്തിന് സേനയെ വിന്യസിച്ചത് കാര്യങ്ങൾ കൂടുതൽ കലുഷിതമാക്കുകയാണ് ഉണ്ടായത്.
നിലവിൽ കാര്യങ്ങൾ കൈവിട്ടുപോയ സ്ഥിതിയാണ്. സാധാരണ മനുഷ്യർ തെരുവിൽ കൊലചെയ്യപ്പെടുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. പ്രശ്‌നം രൂക്ഷമായതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ശരിയായ സമയത്ത് ശരിയായ തീരൂമാനം എടുക്കുന്നതിൽ മണിപ്പൂരിലെ സർക്കാരിന് സംഭവിച്ച പരാജയമാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്. അതിനാലാണ് എൻപിപിയ്ക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്.
കേന്ദ്രം ഫലപ്രദമായി ഇടപെടുകയോ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുകയോ ചെയ്തതായി നിങ്ങൾ കരുതുന്നുണ്ടോ?
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതാണ് ചോദ്യം. ഫലപ്രാപ്തി കണ്ടില്ലെന്നാണ് നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്. ഏത് പ്രശ്‌നം പരിഹരിക്കുന്നതിനും ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയണം. അതിവിടെ ഉണ്ടായിട്ടില്ല.
പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ നേതൃമാറ്റം തന്നെയാണ് ഉചിതം. ഇക്കാര്യം ഞങ്ങളും കേന്ദ്രസർക്കാരിനെ ധരിപ്പിച്ചതാണ്. എല്ലാവർക്കും അവരവരുടേതായ കാഴ്ചപ്പാടുകളായിരുന്നു മണിപ്പൂർ പ്രശ്‌നത്തിൽ ഉണ്ടായിരുന്നത്. പക്ഷെ, ദൗർഭാഗ്യകരമായ സംഗതി ഈ കാഴ്ചപ്പാടുകൾക്കൊന്നും ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ല.
വടക്കുകിഴക്കൻ മേഖലയിലെ പ്രധാന എൻഡിഎ സഖ്യകക്ഷിയായ എൻപിപിയുടെ ഈ നടപടി ബിജെപിയെ സമ്മർദ്ദത്തിലാക്കുമെന്ന് കരുതുന്നുണ്ടോ?
ആരെയും സമ്മർദ്ദത്തിലാക്കാനല്ല ഞങ്ങളുടെ നടപടി. മറിച്ച്, മനസാക്ഷിയെ മുന്നിൽ നിർത്തിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. പ്രശ്‌നപരിഹാരത്തിനുള്ള ഏന്ത് നടപടിയെയും ഞങ്ങൾ സ്വാഗതം ചെയ്യും. ആരാണ് ശരി ആരാണ് തെറ്റ് എന്ന് ചിന്തിക്കാനുള്ള സമയമല്ലിത്. മണിപ്പൂരിൽ സമാധാനം കൊണ്ടുവരാനാണ് നമ്മളെല്ലാം ശ്രമിക്കേണ്ടത്.
പ്രശ്‌നപരിഹാരത്തിന് സാധ്യമായ എല്ലാ ഏകോപനവും ആശയവിനിമയവും ഞങ്ങൾ നടത്തിവന്നിരുന്നു. എന്നാൽ മണിപ്പൂർ വീണ്ടും അശാന്തമാവുകയാണ്. പല തവണ സർക്കാരിനെ ഞങ്ങൾ ഇക്കാര്യം ധരിപ്പിച്ചു. പക്ഷെ, യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഏത് നടപടിയും വിജയകരവും ഫലപ്രദവുമാകണമെങ്കിൽ നമ്മൾ ചെയ്യുന്നതെന്തും ആത്മാർഥതയോടെയാണെന്ന് ജനങ്ങൾക്ക് തോന്നണം. ഇവിടെ അതുണ്ടായില്ല എന്നതാണ് വാസ്തവം.
അരുണാചൽ, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെല്ലാം ഞങ്ങൾ എൻഡിഎയുടെ ഭാഗമാണ്. എന്നാൽ മണിപ്പൂരിൽ നിലവിലുള്ള സർക്കാരിന് കീഴിൽ കാര്യങ്ങൾ പഴയപടി ആകുമെന്ന് വിശ്വാസം ഞങ്ങൾക്കില്ല. പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ടിലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. കേന്ദ്രസർക്കാരിന്റെ ആത്മാർഥമായ ഇടപെടൽ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താങ്കളുടെ കൂടിക്കാഴ്ചയിൽ മണിപ്പൂർ പ്രശ്‌നം ഉന്നയിച്ചിരുന്നോ?
പ്രധാനമന്ത്രിയോടെ മേഘാലയ മുഖ്യമന്ത്രിയെന്ന് നിലയിൽ ഭരണവിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി നിരവധിതവണ മണിപ്പൂർ പ്രശ്‌നം ചർച്ചചെയ്തിരുന്നു. ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളുമായി ഞാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി. സാഹചര്യങ്ങൾ കുടുതൽ സങ്കീർണമാവുകയാണെന്ന് പലതവണ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. നിലവിലെ സാഹചര്യങ്ങളും കൃത്യമായി അറിയിക്കുന്നുണ്ട്.
മണിപ്പൂരിൽ മുന്നോട്ടുള്ള വഴിയെന്ത്
എന്റെ മുമ്പിൽ ഒരു പരിഹാരമാർഗവും തെളിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇരുവിഭാഗവും സമാധാന ചർച്ചയ്ക്ക് തയ്യാറാകുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി ബിരേൻ സിങ് നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം ഇരുവിഭാഗവും സമാധാന ചർച്ചകൾക്ക് തയ്യാറാകുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ ഉള്ളിൽ ആത്മവിശ്വാസം വളർത്തിയെടുക്കണം. അതിന് നിലവിലെ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കരുതുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ മാത്രമാണ് പ്രതീക്ഷയുള്ളത്.
Read More
- മണിപ്പൂരിൽ സംഘർഷം തുടരുന്നു, നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി
- ആളിക്കത്തി മണിപ്പൂർ; സംഘർഷം രൂക്ഷം, മുഖ്യമന്ത്രിയുടെ വസതിക്ക് തീയിട്ട് പ്രതിഷേധം
- മണിപ്പൂരിൽ സംഘർഷം അതിരൂക്ഷം; ഇംഫാലിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ
- മണിപ്പൂരിൽ നദിയിൽനിന്ന് സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.