/indian-express-malayalam/media/media_files/uploads/2017/03/yogi-adityanathyogi-adityanath-759-001.jpg)
കോൺഗ്രസിനെ ജനവിരുദ്ധ പാർട്ടിയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഒരിക്കലും ജനവികാരം മാനിക്കാൻ അവർ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു
ലക്നൗ: അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയെ തകർക്കാനാണ് കോൺഗ്രസ് ആദ്യകാലം മുതൽ ശ്രമിച്ചിട്ടുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന്റേയും ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള സമാജ്‌വാദി പാർട്ടിയടക്കമുള്ളവരുടേയും ചരിത്രം എല്ലാവർക്കും അറിയാം. 1950 ൽ രാജ്യത്ത് ഭരണഘടന നിലവിൽ വന്ന കാലം മുതൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.
400 ൽ അധികം സീറ്റുകൾ നേടുമെന്ന പ്രചാരണത്തിലൂടെ അധികാരം ഉറപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിലേറിയാൽ ഭരണഘടന മാറ്റാനും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാനുമാകും ശ്രമിക്കുകയെന്ന കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് യോഗിയുടെ പരാമർശങ്ങൾ.
പ്രതിപക്ഷത്തിന്റെ ഈ അവകാശവാദങ്ങളേക്കാൾ വലിയ നുണയുണ്ടാകില്ല. കോൺഗ്രസിന്റേയും സമാജ്‌വാദി പാർട്ടിയുടെയും ഇന്ത്യാ ബ്ലോക്കുമായി ബന്ധപ്പെട്ട പാർട്ടികളുടെയും ചരിത്രം എല്ലാവർക്കും അറിയാമെന്നും ആദിത്യനാഥ് ഗോരഖ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബാബാസാഹെബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയെ അട്ടിമറിച്ചതാണ് കോൺഗ്രസിന്റെ ചരിത്രം. 1950-ൽ ഭരണഘടന നിലവിൽ വരികയും അഭിപ്രായ സ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാൻ കോൺഗ്രസ് തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്തു. അതിനു ശേഷവും ഭരണഘടനയെ കോൺഗ്രസിന്റെ രീതിയിൽ ഉപയോഗിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
കോൺഗ്രസിനെ ജനവിരുദ്ധ പാർട്ടിയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഒരിക്കലും ജനവികാരം മാനിക്കാൻ അവർ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. 1975-ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള ഭരണഘടനാ വ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവെച്ചതും യോഗി ഓർമ്മിപ്പിച്ചു. “ഇന്നും രാജ്യത്തെ ജനങ്ങൾ അടിയന്തരാവസ്ഥ മറന്നിട്ടില്ല. ഭരണഘടനയെ കഴുത്തു ഞെരിച്ചു കൊല്ലുന്നത് പോലെയായിരുന്നു അത്. യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) സർക്കാരിന്റെ കാലത്ത് കോൺഗ്രസ് ചെയ്ത പാപങ്ങളും രാജ്യത്തെ ജനങ്ങൾ ഇന്നും ഓർക്കുന്നു. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും യുപിഎയിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രത്യേക മതവിഭാഗത്തിന് സംവരണം നൽകാനുള്ള കോൺഗ്രസിന്റേയും സമാജ്‌വാദി പാർട്ടിയുടെയും ഇന്ത്യാ മുന്നണിയുടേയും അജണ്ട രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഇത്തരമൊരു നീക്കം ഭരണഘടനാ ചട്ടക്കൂടിനെ അപകടത്തിലാക്കുമെന്നും പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്വാട്ടയിൽ കടന്നുകയറുമെന്നും യോഗി പറഞ്ഞു.
കോൺഗ്രസ് നേതൃത്വം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പരിഹസിച്ചു.“കോൺഗ്രസ് അംഗങ്ങൾക്ക് പോലും അവരുടെ നേതൃത്വത്തിൽ വിശ്വാസമില്ല. ചില പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്മാറുന്നതും സംസ്ഥാന അദ്ധ്യക്ഷൻമാരടക്കം രാജിവെക്കുന്നതും ചിലയിടങ്ങളിൽ പ്രഖ്യാപിത സ്ഥാനാർത്ഥികൾ സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബി.ജെ.പി അംഗത്വമെടുക്കുന്നതും ഇതിന്റെ ഭാഗമാണ് ”അദ്ദേഹം പറഞ്ഞു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
- മോദിയുടേയും രാഹുലിന്റേയും പെരുമാറ്റചട്ട ലംഘനം; പാർട്ടി അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.