/indian-express-malayalam/media/media_files/DnFjrm0u8YDg6EXJKWcc.jpg)
ഏപ്രിൽ 29 ന് രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നൽകണമെന്നാണ് നദ്ദയോടും ഖാർഗെയോടും കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പെരുമാറ്റചട്ടം ലംഘിച്ചു എന്ന പരാതിയിൽ ഇരു പാർട്ടികളുടേയും അദ്ധ്യക്ഷൻമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റചട്ട ലംഘനത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് പാർട്ടി മേധാവികൾക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാതികൾ സംബന്ധിച്ച് ബിജെപി പ്രസിഡന്റ് ജെപി നദ്ദയ്ക്കും,രാഹുൽ ഗാന്ധിക്ക് എതിരായ പരാതികളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് കമ്മീഷൻ നോട്ടീസയച്ചിരിക്കുന്നത്.
എംസിസി ലംഘനങ്ങൾ ആരോപിക്കപ്പെടുന്നതിന്റെ നോട്ടീസ് ബന്ധപ്പെട്ട സ്ഥാനാർത്ഥിക്കോ താരപ്രചാരകനോ നേരിട്ട് നൽകിയിരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഇതാദ്യമായാണ് പാർട്ടി നേതാക്കൾക്ക് കമ്മീഷൻ നോട്ടീസ് നൽകുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും, ബിജെപിയിലെ ദിലീപ് ഘോഷ്, കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, സുപ്രിയ ശ്രീനേറ്റ്, എഎപി നേതാവ് അതിഷി എന്നിവരുൾപ്പെടെ പാർട്ടി നേതാക്കൾക്ക് കമ്മീഷൻ അവർക്ക് നേരിട്ടാണ് നോട്ടീസ് നൽകിയത്.
ഏപ്രിൽ 29 ന് രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നൽകണമെന്നാണ് നദ്ദയോടും ഖാർഗെയോടും കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കമ്മീഷന്റെ നോട്ടീസിൽ പ്രധാനമന്ത്രിയുടെ പേരില്ലെങ്കിലും നദ്ദയ്ക്ക് അയച്ച കത്തിൽ കോൺഗ്രസും സിപിഐയും നൽകിയ പരാതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ബൻസ്വാരയിൽ മുസ്ലീങ്ങളെ പരാമർശിച്ചുകൊണ്ട്, കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് "നുഴഞ്ഞുകയറ്റക്കാർ"ക്കും "കൂടുതൽ കുട്ടികളുള്ളവർക്കും" വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടതുമായ മോദിയുടെ സമീപകാല പ്രസംഗത്തിനെതിരായ പരാതികളും ഇതിൽ ഉൾപ്പെടുന്നു.
ഏപ്രിൽ 18ന് രാഹുൽ ഗാന്ധി കോട്ടയത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് ‘ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം’ നടപ്പാക്കാൻ ലക്ഷ്യമിടുന്നു എന്ന തെറ്റായ ആരോപണം ഉന്നയിച്ചതായി ബിജെപി ആരോപിച്ചു. കൂടാതെ, അതേ ദിവസം ഇന്ത്യൻ എക്‌സ്പ്രസിനോട് നടത്തിയ പ്രതികരണത്തിൽ ഖാർഗെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞത് അവർ പട്ടികവർഗത്തിൽ നിന്നുള്ള അംഗമായതിനാലാണെന്ന് പറഞ്ഞിരുന്നു.
സ്റ്റാർ പ്രചാരകരുടെ പദവി നാമനിർദ്ദേശം ചെയ്യാനോ പിൻവലിക്കാനോ രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്തവും അധികാരവും ഉള്ളതിനാൽ, വ്യക്തിഗത സ്റ്റാർ പ്രചാരകൻ നടത്തുന്ന പ്രസംഗങ്ങളുടെ ഉത്തരവാദിത്തവും അവർക്കുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി. പരാമർശങ്ങളിലും പ്രസംഗങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്താൻ താരപ്രചാരകർക്ക് നിർദ്ദേശം നൽകാൻ നദ്ദയോടും ഖാർഗെയോടും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിലൂടെ മാർഗ്ഗനിർദ്ദേശം നൽകി.
Read More
- 'പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റി മക്കൾക്ക് കൈമാറിയവർ'; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
- രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; മണിപ്പൂരിൽ മൂന്ന് സ്ഫോടനങ്ങൾ
- 'നിലവിലെ സംവിധാനം ശക്തിപ്പെടുത്താൻ എന്താണ് വേണ്ടതെന്ന് നോക്കാം’: ഇവിഎം കേസിൽ സുപ്രീംകോടതി
- സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ പരസ്യ ക്ഷമാപണവുമായി പതഞ്ജലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.