/indian-express-malayalam/media/media_files/Zagk025Mf9nbrK1lZzEB.jpg)
2019-ൽ മത്സരിച്ച 101 സീറ്റുകൾ കോൺഗ്രസ് ഇത്തവണ ഇന്ത്യാ സഖ്യത്തിലെ സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തു
ഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണം കൈയ്യാളിയിരുന്ന പാർട്ടി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലെ ഏറ്റവും പഴക്കം ചെന്നതും പാരമ്പര്യവുമുള്ളതായ സംഘടന. വിശേഷണങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോൺഗ്രസിനിന്ന് ആ പഴയ പ്രൗഢിയൊന്നും അവകാശപ്പെടാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഇന്ന് രാജ്യത്തെ കോൺഗ്രസ് പ്രസ്ഥാനം കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു തിരിച്ചുവരവിനായി പതിനെട്ടടവും പുറത്തെടുക്കുയാണ് പാർട്ടിയിപ്പോൾ ചെയ്യുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ സഖ്യകക്ഷികൾക്കായി കൂടുതൽ സീറ്റ് നൽകിക്കൊണ്ടുള്ള കോൺഗ്രസിന്റെ വിട്ടുവീഴ്ച്ച.
ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 400ൽ താഴെ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കുന്നത്. 328 സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി കൂടുതൽ സീറ്റുകൾ ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികൾക്കായി വിട്ടുനൽകുകയായിരുന്നു. 2019 നെ അപേക്ഷിച്ചു നോക്കുമ്പോൾ 93 സീറ്റുകളുടെ കുറവാണ് കോൺഗ്രസ് മത്സരിക്കാൻ എടുത്തിരിക്കുന്നത്. സഖ്യത്തിന്റെ അനിവാര്യതയാണ് ഈ വിട്ടുവീഴ്ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം: 2019-ൽ മത്സരിച്ച 101 സീറ്റുകൾ കോൺഗ്രസ് ഇത്തവണ ഇന്ത്യാ സഖ്യത്തിലെ സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തു.
കർണാടകയിലും ഒഡീഷയിലും മാത്രമാണ് കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. മിസോറാമിൽ ഇത്തവണ ഒറ്റ സീറ്റിലാണ് പാർട്ടി മത്സര രംഗത്തുള്ളത്. കർണാടകയിൽ 2019ലെ 21 സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 28 സീറ്റുകളിലും പാർട്ടി മത്സരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ബാക്കിയുള്ള സീറ്റുകളിൽ 2019 ൽ മത്സരിച്ച സഖ്യകക്ഷിയായിരുന്ന ജെഡിഎസ് ഇന്ന് ബിജെപിക്കൊപ്പം എതിർ പാളയത്തിലാണ്. ഒഡീഷയിൽ 2019ലെ 18ൽ നിന്ന് 20 സീറ്റിലേക്കാണ് ഇത്തവണ പാർട്ടി മത്സരിക്കുന്നത്.
330 സീറ്റുകളിൽ കോൺഗ്രസ് മത്സരരംഗത്തുണ്ടായിരുന്നെങ്കിലും സൂറത്തിലെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും ഇൻഡോറിൽ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് 2 സീറ്റുകളിൽ കുറവുണ്ടായത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 417 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചിരുന്നു. അത് അന്നത്തെ ഏറ്റവും താഴ്ന്ന സീറ്റ് നിലയിലായിരുന്നു. 2009-ൽ 440, 2014-ൽ 464, 2019-ൽ 421 എന്നിങ്ങനെയായിരുന്നു കോൺഗ്രസ് മത്സരിച്ച സീറ്റുകളുടെ കണക്ക്.
സഖ്യകക്ഷികൾക്ക് സീറ്റ് നൽകിയ പ്രധാന സംസ്ഥാനങ്ങൾ
മൂന്നര പതിറ്റാണ്ടിലേറെയായി കോൺഗ്രസ് രാഷ്ട്രീയ തിരിച്ചടി നേരിടുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും വലിയ സീറ്റ് ഇടിവ്. 2019-ൽ യുപിയിൽ പാർട്ടിക്ക് പ്രധാന സഖ്യകക്ഷികളൊന്നും ഉണ്ടായിരുന്നില്ല. ബിജെപിക്കും എസ്പി-ബിഎസ്പി സഖ്യത്തിനും എതിരെ, പാർട്ടി സംസ്ഥാനത്തെ 80 സീറ്റുകളിൽ 67 എണ്ണത്തിലും മത്സരിച്ചെങ്കിലും റായ്ബറേലിയിൽ നിന്നും സോണിയ ഗാന്ധിക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലുള്ള മത്സരിക്കുന്ന കോൺഗ്രസ് 17 സീറ്റുകളിലാണ് മത്സരിക്കുന്നത്.
2019ൽ 42 സീറ്റുകളിൽ 40 എണ്ണത്തിലും കോൺഗ്രസ് മത്സരിച്ച പശ്ചിമ ബംഗാളിലാണ് രണ്ടാമത്തെ വലിയ കുറവ്. ഇത്തവണ ഇടതുപാർട്ടികളുമായുള്ള ധാരണ പ്രകാരം കോൺഗ്രസ് 14 സീറ്റിൽ തങ്ങളുടെ മത്സരം ഒതുക്കി. മഹാരാഷ്ട്രയിലേക്കെത്തുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണ്. 2019ലെ തിരഞ്ഞെടുപ്പിൽ എൻസിപിയുമായി സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ ശിവസേനയുടെ (യുബിടി) പ്രവേശനത്തോടെ സീറ്റ് വിഭജനം മൂന്നു തരത്തിലാകേണ്ടി വന്നു. കഴിഞ്ഞ തവണ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 17 സീറ്റിലാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഡൽഹിയിൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലും മത്സരിച്ച കോൺഗ്രസ് നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ മാത്രമാണ് മത്സരരംഗത്തുള്ളത്. ആ ആദ്മി പാർട്ടിയുമായുള്ള ധാരണ പ്രകാരമാണ് ഡൽഹിയിലും കോൺഗ്രസ് സീറ്റ് കുറച്ചത്. ആം ആദ്മി പാർട്ടിയുമായി തന്നെ സഖ്യമുള്ള ഹരിയാനയിൽ അവർക്ക് കുരുക്ഷേത്ര സീറ്റും ഗുജറാത്തിൽ (ഭാവ്‌നഗർ, ബറൂച്ച്) രണ്ടും സീറ്റുകൾ നൽകാനും കോൺഗ്രസ് തയ്യാറായി. ആന്ധ്രാപ്രദേശിൽ സിപിഎമ്മിനും സിപിഐക്കും രണ്ട് സീറ്റുകൾ (അരകു, ഗുണ്ടൂർ) പാർട്ടി വിട്ടു നൽകി.അസമിലെ ഒരു സീറ്റായ ദിബ്രുഗഢ് പ്രാദേശിക പാർട്ടിയായ അസം ദേശീയ പരിഷത്തിനും നൽകി.
മധ്യപ്രദേശിൽ, ഖജുരാഹോ സീറ്റ് സമാജ്‌വാദി പാർട്ടിക്ക് നൽകിയെങ്കിലും പിന്നീട് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസും എസ്പിയും ഇന്ത്യാ സഖ്യത്തിലെ അംഗമായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ സ്ഥാനാർത്ഥിയെയാണ് പിന്തുണയ്ക്കുന്നത്. രാജസ്ഥാനിൽ, കോൺഗ്രസ് സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ നൽകി: സിക്കാർ സിപിഎമ്മിനും നാഗൗർ ഹനുമാൻ ബേനിവാളിന്റെ ആർഎൽപിക്കും ബൻസ്വാര ഭാരത് ആദിവാസി പാർട്ടിക്കുമാണ് നൽകിയിരിക്കുന്നത്.
ത്രിപുരയിൽ ത്രിപുര ഈസ്റ്റ് സീറ്റ് സഖ്യകക്ഷിയായ സിപിഎമ്മിന് കോൺഗ്രസ് നൽകിയിട്ടുണ്ട്. ജമ്മു കാശ്മീരിൽ 2019ൽ അഞ്ച് സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണ ലഡാക്ക് ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.