/indian-express-malayalam/media/media_files/uploads/2017/08/siddaramaiah-7592.jpg)
സിദ്ധരാമയ്യ
ബംഗളൂരു: മുഡ അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. പ്രതിസന്ധി ഘട്ടത്തിൽ സിദ്ധരാമയ്ക്ക് പൂർണ്ണ പിന്തുണ നൽകണമെന്നാണ് ഹൈക്കമാൻഡ് പ്രാദേശിക കോൺഗ്രസ് ഘടകത്തിന് നൽകിയ നിർദേശം. കർണാടകയിൽ കോൺഗ്രസിൽ പുതിയ വിഭാഗീയത ഉടലെടുക്കുന്നതിനിടയിൽ ഗവർണ്ണറുടെ ഭാഗത്ത് നിന്നുണ്ടായ നീക്കത്തെ ഏറെ ശ്രദ്ധയോടെയാണ് ഹൈക്കമാൻഡ് വീക്ഷിക്കുന്നത്. നാല് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ധരാമയ്‌ക്കെതിരായ നീക്കം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്.
ഗവർണ്ണറുടെ നടപടി ബിജെപിയുടെയും മോദി സർക്കാരിന്റെയും ഗൂഡാലോചനയാണെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. 'ഇതാദ്യമായല്ല തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നത്. മുൻപും നിരവധി സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോദിയുടെയും അമിത്ഷായുടെ നിർദേശത്തിനനുസരിച്ച് ചലിക്കുകയാണ് ഗവർണ്ണർ'-രൺദീപ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ, സിദ്ധരാമയ്ക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രിയും കർണ്ണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാർ രംഗത്തുവന്നിരുന്നു. സിദ്ധരാമയ്യ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, അധികാര വടംവലി ശക്തമായ കർണാടക കോൺഗ്രസിൽ സിദ്ധരാമയ്‌ക്കെതിരെയുളള ആരോപണം പുതിയ കരുനീക്കങ്ങൾക്ക് വഴിതുറക്കുമെന്നാണ് സൂചന. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിന് കുടൂതൽ ശക്തിപകരുന്നതാണ് സിദ്ധരാമയ്‌ക്കെതിരെയുള്ള നടപടി. സംസ്ഥാനത്ത് സ്വാധീനമുള്ള സമുദായങ്ങളിൽ നിന്ന് കുടൂതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോടെല്ലാം മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സിദ്ധരാമയ്യ ഇതുവരെ സ്വീകരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ സിദ്ധരാമയ്യ വിട്ടുവീഴ്ചകൾ തയ്യാറാകേണ്ടി വരുമെന്നാണ് സൂചന.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം. ടി ജെ എബ്രഹാം, പ്രദീപ്, സ്നേഹമയി കൃഷ്ണ എന്നിവരുടെ പരാതിയിലാണ് മുഖ്യമന്ത്രിക്കെതിരെ കർണാടക ഗവർണറുടെ നടപടി.
വിലയേറിയ ഭൂമിയ്ക്ക് പകരം നഗരത്തിന്റെ വിദൂര ഭാഗത്തുള്ള ഒരു പ്രദേശം കൈമാറി എന്നതാണ് മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂമി കുംഭകോണ ആരോപണം. 3,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രതിപക്ഷം ആരോപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ആരോപണം സിദ്ധരാമയ്യ നിഷേധിക്കുകയായിരുന്നു.
Read More
- ഭൂമി തട്ടിപ്പ്;സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി
- യുവഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക സമരം തുടങ്ങി
- കൊൽക്കത്ത ബലാത്സംഗം കൊല; മുൻ പ്രിൻസിപ്പലിനെ ചോദ്യംചെയ്ത് സിബിഐ
- 'സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.