/indian-express-malayalam/media/media_files/Zsvw3wBK7V9DDHqINCU6.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ചണ്ഡീഗഡ്: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സംവിധാനത്തിലുള്ള മത്സരമുണ്ടാകില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനാണ് ഹരിയാനയിൽ ആപ്പ് ഒറ്റയ്ക്കായിരിക്കും മത്സരിക്കുക എന്ന് അറിയിച്ചിരിക്കുന്നത്. സഖ്യം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക തീരുമാനങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും എഐസിസി സെക്രട്ടറി കുമാരി സെൽജയുടെ നേതൃത്വത്തിലുള്ള പദയാത്രയിലൂടെ ഒറ്റയ്ക്കുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകൾ തങ്ങളും നടത്തുകയാണെന്ന സൂചനയാണ് കോൺഗ്രസും നൽകുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാരായ സഞ്ജയ് സിംഗ്, ഡോ. സന്ദീപ് പതക് എന്നിവര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. 'സർവ്വ സന്നാഹങ്ങളുമായി ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകൾ സംസ്ഥാനത്തെ പാടെ നശിപ്പിച്ചു. അവര്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നേരെ ലാത്തി പ്രയോഗിച്ചു', പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജയ് സിംഗ് പറഞ്ഞു. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ വൻ പരാജയമാണ് ഭരണകക്ഷിയായ ആം ആദ്മിക്ക് നേരിടേണ്ടി വന്നത്. അതേ സമയം പരസ്പരം പോരടിച്ച പഞ്ചാബിൽ ഇരു പാർട്ടികൾക്കും വലിയ പരിക്കില്ലാത്ത വിജയം നേടുവാനും കഴിഞ്ഞിരുന്നു. ഇന്ത്യാ സഖ്യമായി മത്സരച്ച ഹരിയാനയില്‍ അഞ്ച് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ ഫലം ആവര്‍ത്തിക്കാനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ 10 സീറ്റുകളിൽ ഒൻപതിൽ കോൺഗ്രസും ഒരു സീറ്റിൽ ആം ആദ്മി പാര്‍ട്ടിയുമാണ് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. എന്നാൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപിയോട് പരാജയപ്പെട്ടപ്പോൾ കോൺഗ്രസാണ് സഖ്യത്തിൽ നേട്ടമുണ്ടാക്കിയത്. പത്ത് സീറ്റും കൈവശം വെച്ചിരുന്ന ബിജെപി അഞ്ചിലേക്ക് ചുരുങ്ങി. അവശേഷിക്കുന്ന അഞ്ച് സീറ്റിലും ജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുകയായിരുന്നു.
വിജയത്തിന്റെ പശ്ചാത്തലത്തിലാണ് താഴെത്തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് എഐസിസി ജനറൽ സെക്രട്ടറിയും സിർസയിൽ നിന്നുള്ള പാർട്ടി എംപിയുമായ കുമാരി സെൽജയെ മുന്നിട്ടിറക്കുന്നത്. ഹരിയാനയിലുടനീളം കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈ അവസാനത്തോടെ സെൽജയുടെ നേതൃത്വത്തിലുള്ള പദയാത്ര ആരംഭിക്കും.
സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന "ഹരിയാന മാംഗേ ഹിസാബ്" പ്രചാരണം കൂടാതെയാണ് സെൽജയുടെ പദയാത്ര എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ മണ്ഡലമായ കർണാലിൽ നിന്ന് ജൂലൈ 15 ന് റോഹ്തക് എംപി ദീപേന്ദർ ഹൂഡയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനാണ് ദീപേന്ദർ.
Read More
- യുപിയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി അപകടം; 4 മരണം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us