/indian-express-malayalam/media/media_files/2025/10/01/student-hung-upside-down-2025-10-01-17-31-58.jpg)
ചിത്രം: എക്സ്
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. ഹോം വർക്ക് ചെയ്യാതെ വന്ന വിദ്യാർത്ഥിയെ പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം സ്കൂളിലെ ഡ്രൈവർ മർദ്ദിക്കുകയായിരുന്നു.
മുഖിജ സ്വദേശിയായ ഏഴുവയസ്സുകാരന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. ഡ്രൈവർ കുട്ടിയെ ശകാരിക്കുകയും ക്ലാസ് മുറിയുടെ ജനാലയിൽ തലകീഴായി തൂക്കിയിട്ട് മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കുട്ടിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
ക്ലാസ് മുറിക്കുള്ളിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന കുട്ടിയുടെ കാലുകൾ ജനലിന്റെ ഗ്രില്ലിൽ കെട്ടിവച്ചിരിക്കുന്നതും, സഹപാഠികളുടെ മുന്നിൽവെച്ച് ഡ്രൈവർ കുട്ടിയെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.
Also Read: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ
ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രിൻസിപ്പൽ മറ്റു രണ്ടു വിദ്യാർത്ഥികളെ മർദ്ദിച്ചതായും സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവങ്ങളുടെ വീഡിയോകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡിൽ വിട്ടതായും പാനിപ്പത്ത് പൊലീസ് സൂപ്രണ്ട് ഭൂപീന്ദർ സിങ് പറഞ്ഞു.
Also Read: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ആശ്വാസം; ക്ഷാമബത്തയിൽ 3 ശതമാനം വർധന
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉന്നത ജില്ലാ ഭരണകൂടത്തെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും കമ്മീഷൻ വിളിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിങ് നൽകാൻ പാനിപ്പത്ത് ഡെപ്യൂട്ടി കമ്മീഷണർ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More: പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.