/indian-express-malayalam/media/media_files/2025/09/26/chaithananyadha-2025-09-26-14-06-56.jpg)
സ്വാമി ചൈതന്യാനന്ദ
ന്യൂഡൽഹി: പത്തൊൻപത് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് കേസിൽ ആരോപണ വിധേയനായ സ്വാമി ചൈതന്യാനന്ദയുടെ വിദ്യാഭ്യാസം സംബന്ധിച്ചുൾപ്പടെയുള്ള അവകാശവാദങ്ങളും പോലീസ് അന്വേഷിക്കുന്നു. സ്വയം പ്രഖ്യാപിത ആൾദൈവമായ ചൈതന്യാനന്ദ സരസ്വതി ഡൽഹി വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജിമെന്റിൽ സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ ഉൾപ്പടെയുള്ളവയാണ് പോലീസ് പരിശോധിക്കുന്നത്.
നിലവിൽ ഈ സ്ഥാപനത്തിലെ ചാൻസിലറാണ് സ്വാമി ചൈതന്യാനന്ദ. സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി 19 വിദ്യാർഥികളാണ് രംഗത്തെത്തിയത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും വിദ്യാർഥിനികൾ മൊഴി നൽകി. രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും എഫ്ഐഐആറിൽ പറയുന്നു.
സ്വയം പ്രഖ്യാപിത ആൾദൈവം
ചിക്കാഗോ ചിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎ, വിദേശ സർവകലാശാലകളിൽ നിന്ന് പിഎച്ച്ഡി ബിരുദങ്ങൾ, രാമകൃഷ്ണ മിഷനുമായുള്ള ബന്ധം, മുൻ യുഎസ് പ്രസിഡന്റ് ബരാക്ക ഒബാമ, സ്റ്റീവ് ജോബ്സ്, കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവരുടെ തുടങ്ങിവരുമായി ബന്ധം. ഇങ്ങനെ പോകുന്നു സ്വയം പ്രഖ്യാപിത ആൾദൈവമായ ചൈതന്യാനന്ദയുടെ അവകാശവാദങ്ങൾ.
Also Read:17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമിയ്‌ക്കെതിരെ പോലീസ് കേസ്
രേഖകൾ രാമകൃഷ്ണ മിഷനിൽ നിന്നാണ് അദ്ദേഹം തന്റെ സന്യാസ ജീവിതം ആരംഭിച്ചതെന്ന് കണ്ടെത്തി. 1970-ൽ സിലിഗൂരിൽ ജനിച്ച ചൈതന്യാനന്ദ ആദ്യകാലഘട്ടത്തിൽ കൊൽക്കത്തയിലായിരുന്നു താമസം. 1999 ൽ ഡൽഹിയിൽ എത്തി. രാമകൃഷ്ണ മിഷന്റെ രേഖകൾ പ്രകാരം 1997-ാണ് ചൈതന്യാനന്ദ രാമകൃഷ്ണ മിഷന്റെ ഭാഗമാകുന്നത്. എന്നാൽ 2002-ൽ മിഷനിൽ നിന്ന പുറത്താക്കിയെന്ന്് രാമകൃഷ്ണ മിഷൻ അവകാശപ്പെട്ടു.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും വൈസ് പ്രസിഡന്റായിരുന്ന സ്വാമി ഗഹനാനന്ദയിൽ നിന്നാണ് ചൈതന്യാനന്ദ മന്ത്രദീക്ഷ സ്വീകരിച്ചത്. തുടർന്ന്, 2001 ഏപ്രിലിൽ ചൈതന്യാനന്ദയെ എറണാകുളം കാലടിയിലുള്ള രാമകൃഷ്ണ അദ്വൈത ആശ്രമത്തിലേക്ക് മാറ്റി. കാലടി ആശ്രമത്തിന്റെ അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചതിന് ഇദ്ദേഹത്തെ മഠത്തിൽ നിന്ന് പുറത്താക്കിയെന്ന് രാമകൃഷ്ണ മിഷന്റെ രേഖകൾ വ്യക്തമാക്കുന്നു.
തട്ടിപ്പ് കേസിൽ മുമ്പും പ്രതി
2008-ൽ ചൈതന്യാനന്ദയുടെ തട്ടിപ്പിന് ഇരയായ നിരവധി പേർ രാമകൃഷ്ണ മിഷന് പരാതി നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇയാളെ പുറത്താക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ, ദേശീയ ഉപദേശക സമിതി അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകൾ നടത്തിയിരുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ ഒഡീഷയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ
ലോകത്തിലെ വിവിധ സർവ്വകലാശകളിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. കൂടാതെ സ്വാമിയുടെ പുസ്തകങ്ങളിൽ ഒന്നിന് ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് എഴുതിയതായി പറയപ്പെടുന്ന ഒരു ആമുഖമുണ്ട. ഡോ. സ്വാമി പാർത്ഥസാരഥി എന്ന പേരിൽ ചൈതന്യാനന്ദ രചിച്ചതായി ആരോപിക്കപ്പെടുന്ന ഈ പുസ്തകത്തിൽ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തന്റെ മുൻ കൃതികളിലൊന്നിനെക്കുറിച്ച് എഴുതിയതായി പറയപ്പെടുന്ന ഒരു അവലോകനവും ഉണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ സ്വാമിയുടെ ട്രാൻസ്ഫോർമിംഗ് പേഴ്‌സണാലിറ്റി എന്ന പുസ്തകം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു വഴികാട്ടി ആയി ഉപയോഗിച്ചുവെന്ന് ചൈതന്യാനന്ദയുടെ ജീവചരിത്രത്തിൽ അവകാശപ്പെടുന്നു.
ലൈംഗിക പീഡനം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കാനുള്ള ഉദ്ദേശ്യം, ക്രിമിനൽ ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വാമിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട. അറുപതുകാരനായ സ്വാമി നിലവിൽ ഒളിവിലാണ്.
Read More: ദൗത്യം അവസാനിപ്പിച്ച് മിഗ് 21 വിമാനങ്ങൾ; കളമൊഴിയുന്നത് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.