/indian-express-malayalam/media/media_files/2025/09/26/mig-21-2025-09-26-12-45-50.jpg)
Indian Air Force MiG-21 farewell Updates
Indian Air Force MiG-21 Farewell Updates:ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലിടം നേടിയ മിഗ്-21 വിമാനങ്ങൾ വെള്ളിയാഴ്ച ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചതോടെ രാജ്യത്തിന്റെ സൈനിക- വ്യോമയാന ചരിത്രത്തിലെ നിർണായക അധ്യായത്തിനാണ് അവസാനം കുറിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനവും ഇന്റർസെപ്റ്റർ വിമാനവുമായ മിഗ്-21, 1960-കളിലാണ് ആദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ചേർത്തത്.
Also Read: വികസനത്തിന് സ്ഥിരം ഭീഷണി ഭീകരവാദം: ഐക്യരാഷ്ട്ര സഭയിൽ എസ്. ജയശങ്കർ
62 വർഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചണ്ഡീഗഡിൽ പ്രൗഡോജ്ജല്വമായ വിടവാങ്ങൽ ചടങ്ങാണ് വ്യോമസേന സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്, ഉന്നത സൈനിക മേധാവികൾ, മുൻ സൈനികർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.
വ്യോമസേനയുടെ കരുത്തും കാവലും
മിഖായോൻ-ഗുരേവിച്ച് മിഗ്-21. അതാണ് മിഗ്-21 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനങ്ങൾ. പേരിൽ തന്നെ ആ പഴയ സോവിയറ്റ് ബന്ധം വ്യക്തം. സോവിയറ്റ് വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് അവതരിപ്പിച്ച ശബ്ദാധിവേഗ വിമാനങ്ങളാണ് മിഗ്-21. ലളിതമായ ഡിസൈനും, അതിലെ നീണ്ടുകൂർത്ത മൂക്കും, ഡെൽറ്റാ വിങും, മാക് 2 പ്ലസ് വേഗവും, നൊടിയിടയുള്ള കുതിപ്പുമെല്ലാം മിഗ്-21നെ ഗംഭീര്യമാക്കി. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട സൂപ്പർസോണിക് ഫൈറ്റർ ജെറ്റുകളിലൊന്നാണ് മിഗ്-21. സോവിയറ്റ് യൂണിയനും ഇന്ത്യയും ചൈനയും ഇറാഖും വിയറ്റ്നാമുമെല്ലാം മിഗ്-21 ഉപയോഗിച്ചു.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും
മിഖായോൻ ഖുരേവിച്ച് 1950-കളുടെ തുടക്കത്തിൽ മിഗ് -21-ൻറെ മാതൃക വികസിപ്പിച്ചുതുടങ്ങി. 1963-ൽ ഇന്ത്യൻ വ്യോമസേനയ്ക്ക് മിഗ്-21 യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ചെത്തി. 1962-ലെ ഇന്തോ-ചൈന യുദ്ധത്തിന് ശേഷമുള്ള പ്രതിരോധ ശക്തിപ്പെടുത്തലിൻറെ ഭാഗമായിരുന്നു ഇന്ത്യയിലെത്തിയ മിഗ്-21 ജെറ്റുകൾ. അവിടുന്നിങ്ങോട്ട് നീണ്ട 62 വർഷക്കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തും കാവലാളുമായി മിഗ്-21.
Also Read:സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും
നാളിതുവരെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത് തൊള്ളായിരത്തോളം മിഗ്-21 വിമാനങ്ങളാണ്. രാജ്യത്തിൻറെ ആകെ യുദ്ധവിമാനങ്ങളുടെ കണക്കെടുത്താൽ അതിൽ മൂന്നിലൊന്നും ഒരുവേള മിഗ്-21 ആയിരുന്നു. സാങ്കേതികവിദ്യ ഇന്ത്യക്ക് സോവിയറ്റ് യൂണിയൻ കൈമാറിയതോടെ മിക്ക മിഗ്-21 ഉം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇവിടത്തന്നെ നിർമ്മിച്ചു. ഇതിലെ അവസാന ബാച്ചിലുള്ള 36 മിഗ്-21 വിമാനങ്ങളാണ് ഇപ്പോൾ യാത്രപറയുന്നത്.
നിർണായക യുദ്ധങ്ങളിലെ പോരാളി
1963ൽ സേനയുടെ ഭാഗമായ മിഗ്-21 നിരവധി സംഘട്ടനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ശത്രു സ്ഥാനങ്ങളിൽ ഇത് ആക്രമണം നടത്തി. 1971-ൽ ധാക്ക ഗവർണർ ഹൗസ് ബോംബിട്ട് തകർത്തത് യുദ്ധത്തിന്റെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ചത് മിഗ്-21 വിമാനങ്ങളാണ്.
പതിറ്റാണ്ടുകൾക്കിപ്പുറം, 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം മിഗ്-21 വീണ്ടും അതിന്റെ ശക്തി തെളിയിച്ചു. അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂരിൽ ഫലപ്രദമായ യുദ്ധ ദൗത്യങ്ങളും ഇത് നിർവ്വഹിച്ചു.
മിഗ്-21 യുദ്ധ വിമാനങ്ങളുടെ വിരമിക്കലോടെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം 42 സ്‌ക്വാഡ്രണുകൾ എന്ന അംഗീകൃത സംഖ്യയ്‌ക്കെതിരെ 29 സ്‌ക്വാഡ്രണുകളായി കുറയും. വരും വർഷങ്ങളിൽ എൽസിഎ തേജസ് മാർക്ക് 1, മാർക്ക് 2, കൂടാതെ അധികമായി വാങ്ങാൻ പദ്ധതിയിടുന്ന റഫേൽ വിമാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഈ കുറവ് നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
Read More:ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ്; കോടതിയെ സമീപിച്ച് ആര്യനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.