/indian-express-malayalam/media/media_files/2025/08/20/ration-shop-2025-08-20-08-29-59.jpg)
യോഗ്യതയില്ലാത്ത റേഷൻ കാർഡ് ഉടമകളെ നീക്കം ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്
ന്യൂഡൽഹി: സൗജന്യ ഭക്ഷ്യധാന്യങ്ങൾ പോലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത റേഷൻ കാർഡ് ഉടമകളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. ആദായനികുതി വകുപ്പ് (നികുതിദായകർ), കോർപ്പറേറ്റ് കാര്യ മന്ത്രാലയം (ഡയറക്ടർമാർ), റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (ഫോർ വീലർ ഉടമകൾ) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഡാറ്റാബേസുകളുമായി റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ ഒത്തുനോക്കിയാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പുതിയ പട്ടിക പുറത്തിറക്കിയത്.
ക്രോസ്-വെരിഫിക്കേഷൻ നടത്തിയതിൽ, 94.71 ലക്ഷം റേഷൻ കാർഡ് ഉടമകൾ നികുതിദായകരാണെന്നും 17.51 ലക്ഷം പേർ ഫോർ വീലർ ഉടമകളാണെന്നും 5.31 ലക്ഷം റേഷൻ കാർഡ് ഉടമകൾ കമ്പനികളിൽ ഡയറക്ടർമാരാണെന്നും വകുപ്പ് കണ്ടെത്തി. ഏകദേശം 1.17 കോടി റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ റേഷന് അർഹതയുണ്ടായിരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 30-നകം ആവശ്യമായ ഫീൽഡ് വെരിഫിക്കേഷൻ നടത്താനും യോഗ്യതയില്ലാത്ത റേഷൻ കാർഡ് ഉടമകളെ നീക്കം ചെയ്യാനും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
"അർഹതയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന ഈ ഡാറ്റ സഹായിക്കും, അതുവഴി വെയ്റ്റിംഗ് ലിസ്റ്റിലുള്ള യഥാർത്ഥ ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും" ഇന്ത്യൻ എക്സ്പ്രസിൽ നിന്നുള്ള ഒരു ചോദ്യത്തിന് മറുപടിയായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റേഷൻ കാർഡുകൾ/ഗുണഭോക്തൃ പട്ടിക അവലോകനം ചെയ്യുക, യോഗ്യതയില്ലാത്ത/ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡുകൾ തിരിച്ചറിയുക, അർഹതയുള്ള ഗുണഭോക്താക്കളെ/കുടുംബങ്ങളെ ഉൾപ്പെടുത്തുക എന്നിവ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമം അനുസരിച്ച്, സർക്കാർ ജീവനക്കാരും, ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള കുടുംബങ്ങളും, ഫോർ വീലർ വാഹന ഉടമകളും, നികുതിദായകരും സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ യോഗ്യരല്ല.
Read More:'ഇന്ത്യ അഭിമാനിക്കുന്നു;' ശുഭാംശു ശുക്ലയെ നേരിൽ കണ്ട് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.