/indian-express-malayalam/media/media_files/9eo7Mc6X3dkbeqLdiwLY.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 'അധികാര ദുർവിനിയോഗം' നടത്തിയെന്ന് ആരോപിച്ച് ബിജെപി, ലഫ്‌റ്റനൻ്റ് ഗവർണർക്ക് പരാതി നൽകി. ലഫ്‌റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയ്ക്കാണ് ചൊവ്വാഴ്ച രേഖാമൂലം പരാതി നൽകിയത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരിക്കെ, കെജ്‌രിവാൾ ഡൽഹി സർക്കാരിൻ്റെ പ്രവർത്തനത്തിനങ്ങൾക്ക് നിർദ്ദേശം നൽകിയെന്ന് ആംആദ്മി പറഞ്ഞതിന് പിന്നാലെയാണ് പരാതി നൽകിയത്.
മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ ദിവസമാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നിലവിൽ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ ജലവിതരണമന്ത്രി അതിഷിയ്ക്ക് നിർദേശം നൽകിയിരുന്നു. കൂടാതെ, നഗരത്തിലെ എല്ലാ മൊഹല്ല ക്ലിനിക്കുകളിലും മരുന്നുകൾ ലഭ്യമാക്കണമെന്നും കെജ്‌രിവാൾ നിർദേശം കൈമാറിയിരുന്നു. ഇതേ തുടർന്നാണ് കെജ്‌രിവാളിൻ്റെ നടപടി ചോദ്യം ചെയ്ത് ബിജെപി പരാതി നൽകിയത്.
കെജ്‌രിവാൾ ഇഡി കസ്റ്റഡിയിലായതിനാൽ നിർദ്ദേശം നൽകാൻ അധികാരമില്ലെന്നും, ഡൽഹി സർക്കാരിൻ്റെ ലെറ്റർഹെഡിൽ എങ്ങനെയാണ് കെജ്‌രിവാൾ ഉത്തരവിറക്കിയതെന്നും ബിജെപി ദേശീയ സെക്രട്ടറി മഞ്ജീന്ദർ സിങ് സിർസ പരാതിയിൽ ഉന്നയിച്ചു. ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മഞ്ജീന്ദർ സിങ് പറഞ്ഞു. ദുരുപയോഗം സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കി നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു. ഇപ്പോൾ അദ്ദേഹം ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നത് തടയാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിക്ക് 1000 കേസുകൾ കൂടി ഫയൽ ചെയ്യാം, എന്നാൽ അത് ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് കെജ്‌രിവാളിനെ തടയില്ല, ആംആദ്മി പാർട്ടി പ്രസ്ഥാവനയിൽ പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ, ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും എഎപി ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്നും കസ്റ്റഡിയിൽ നിന്നോ ജയിലിൽ നിന്നോ ഭരണം തുടരുമെന്ന് എഎപി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ അറസ്റ്റിൽ അമേരിക്ക പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പ്രതിപക്ഷ മുഖമായ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതായും നീതിയുക്തമായ നിയമനടപടികളാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.
ഡൽഹി മദ്യനയ കേസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതേ തുടർന്ന് വെള്ളിയാഴ്ച, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജർമ്മനിയുടെ വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി എൻവോയ് ജോർജ് എൻസ് വെയ്ലറും രംഗത്തെത്തിയിരുന്നു.
Read More
- ജയിലിൽ നിന്നും ഭരണം നിയന്ത്രിച്ച് കേജ്രിവാൾ; ഡൽഹിയിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us