/indian-express-malayalam/media/media_files/PyVPaG4Fdfh6dOP9Cuec.jpg)
എക്സ്പ്രസ് ഫൊട്ടോ
രൺധിക്പൂർ, സിംഗ്വാദ് എന്നീ ഗുജറാത്തീ ഗ്രാമങ്ങളിലേക്കെത്തുന്നവരെ സ്വീകരിക്കുക പൂട്ടിയ വീടുകളും അവയ്ക്ക് കാവൽ നിൽക്കുന്ന പൊലീസുകാരുമാണ്. പ്രമാദമായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളിൽ 9 പേരുടെ വീടുകളാണ് ഈ ഗ്രാമങ്ങളിലുള്ളത്. കേസിലെ പ്രതികൾക്ക് 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷം സിംഗ്വാദിൽ എത്തിയ ഇന്ത്യൻ എക്സ്പ്രസ് സംഘത്തോട് ഇവരുടെ ബന്ധുക്കൾ നൽകിയ വിവരം പ്രതികളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നായിരുന്നു.
കേസ് കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് കുറ്റപ്പെടുത്തിയ പ്രതികളിലൊരാളായ ഗോവിന്ദ് നായിയുടെ (55) പിതാവായ അഖംഭായ് ചതുർഭായ് റാവൽ ഗോവിന്ദ് "ഒരാഴ്ച മുമ്പ്" വീട് വിട്ടുപോയെന്നാണ് വ്യക്തമാക്കിയത്. ഇയാൾ ശനിയാഴ്ച്ച തന്നെ വീടുവിട്ടിറങ്ങിയതായാണ് പ്രദേശത്തുള്ള ഒരു പൊലീസുകാരനും പറഞ്ഞത്. തങ്ങളുടെ മകനെതിരെയും കേസിലെ മറ്റൊരു കുറ്റവാളിയായ അഖംഭായിയുടെ സഹോദരൻ ജഷ്‌വന്ത് നായ്‌ക്കെതിരെയും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ തീർത്തും കെട്ടിച്ചമച്ചതാണെന്ന് പ്രതികളുടെ മാതാപിതാക്കൾ എക്സ്പ്രസ് സംഘത്തോട് പറഞ്ഞു. പൂർണ്ണമായും ഹിന്ദു വിശ്വാസത്തിൽ ജീവിച്ചുപോരുന്ന തങ്ങളുടെ കുടുംബത്തിലെ ആർക്കും ഇത്തരത്തിലൊരു കുറ്റകൃത്യം നടത്താൻ കഴിയില്ലെന്നും ഇവർ പറയുന്നു.
ഗോവിന്ദ് കേസിലകപ്പെട്ട് ജയിലിൽ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയിരുന്നെങ്കിലും യാതൊരു ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല. അയോധ്യയിലെ രാമക്ഷേത്രത്തിലെ സേവനം നടത്താനുള്ള അവസരം ഗോവിന്ദിന് ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. പൂർണ്ണമായും നിയമത്തിന്റെ വഴിയിലാണ് ഗോവിന്ദ് ജയിലിൽ നിന്നും പുറത്തുവന്നത്. ഇനിയും ഒരിക്കൽ കൂടി അകത്ത് കിടക്കണമെന്നാണ് നിയമം പറയുന്നതെങ്കിൽ അതിനും തയ്യാറാണെന്നും 20 വർഷം ജയിലിൽ കിടന്ന ഗോവിന്ദിന് അതൊരു പുതിയ കാര്യമല്ലെന്നും അഖംഭായ് പറഞ്ഞു.
കുറ്റവാളികളുടെ വീടുകളിൽ കൃത്യം നടന്നതായി പറയുന്ന ബിൽക്കിസ് ബാനുവിന്റെ വീട്ടിൽ നിന്നും ഏറ്റവും ദൂരമുള്ള വീട് ഗോവിന്ദിന്റേതാണ്. ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ 2002 ഫെബ്രുവരി 28 ന് ബിൽക്കീസും കുടുംബവും രന്ധിക്പൂരിലെ വീട് വിട്ടിരുന്നു. തുടർന്ന് 2002 മാർച്ച് 3 നാണ് അവർ കൂട്ടബലാത്സംഗത്തിനിരയായത്. ദാഹോദിലെ ലിംഖേഡ താലൂക്കിൽ ബിൽക്കീസിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെയും ആൾക്കൂട്ടം കൊലപ്പെടുത്തി. ഇതിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
കേസിൽ 2008 ജനുവരി 21 ന് സിബിഐ പ്രത്യേക കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗോവിന്ദ്ിനെ കൂടാതെ മറ്റൊരു കുറ്റവാളിയായ രാധശ്യാം ഷാ കഴിഞ്ഞ 15 മാസമായി വീട്ടിലില്ലെന്നാണ് പിതാവ് ഭഗവാൻദാസ് ഷാ പറഞ്ഞത്. എന്നാൽ ഇയാളുൾപ്പെടെ മിക്കവാറും എല്ലാ കുറ്റവാളികളെയും ഞായറാഴ്ച വരെ പരസ്യമായി കണ്ടിരുന്നതായി ഇവരുടെ അയൽവാസികളും ഗ്രാമത്തിലെ കടയുടമകളും സാക്ഷ്യപ്പെടുത്തുന്നു.
"രാധേഷ്യാം എവിടെയാണെന്ന് തനിക്കറിയില്ല... അവൻ ഭാര്യയേയും മകനേയും കൂട്ടി വീടുവിട്ട് പോയി " ഭഗവാൻദാസ് പറഞ്ഞു.
ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി ക്യാരി ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഈ സമയം പ്രതിയുടെ സഹോദരനായ ആഷിഷ് ഷാ. വിധി പുറത്തുവന്നതറിഞ്ഞുവെന്നും എന്ത് ചെയ്യണമെന്ന് ഞങ്ങൾ നോക്കിക്കോളാമെന്നും പ്രതികരിച്ച ആഷിഷ് തങ്ങൾ ഇതുവരെയും അഭിഭാഷകരുമായി തുടർനടപടികളെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
മിക്ക കടയുടമകളും നിശ്ശബ്ദതയുടെ മൂടുപടത്തിൽ ഇരിക്കുകയും കുറ്റവാളികളെക്കുറിച്ചോ വിധിയെക്കുറിച്ചോ അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു, എന്നിരുന്നാലും അവർ അത് അറിഞ്ഞിരിക്കുകയാണെന്ന് സമ്മതിച്ചു.
കുറ്റവാളികൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ ഒരു ഗ്രാമീണൻ പറഞ്ഞു, “നിങ്ങൾ ഇപ്പോൾ അവരെ കണ്ടെത്തുകയില്ല. എല്ലാവരും വീട് പൂട്ടി പോയി.
പ്രതികളെ കുറിച്ചും കേസിലെ ഇപ്പോഴത്തെ വിധിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നർകാൻ മിക്ക ഗ്രാമീണരും കടയുടമകളും തയ്യാറായില്ല. നിങ്ങൾ എത്ര അന്വേഷിച്ചാലും അവരെ കണ്ടെത്താനാകുകയില്ലെന്നും അവരെല്ലാം വീട് വിട്ടു പോയിരിക്കുകയാണെന്നുമാണ് ഒരു നാട്ടുകാരൻ എക്സ്പ്രസ് സംഘത്തോട് പ്രതികരിച്ചത്.
തിങ്കളാഴ്‌ചത്തെ വിധിയുടെ പശ്ചാത്തലത്തിൽ പ്രതികളുടെ വീടുകൾക്ക് ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി വന്ന സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പ്രകോപനമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ നടപടികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രന്ധിക്പൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ജി ബി രത്വ പറഞ്ഞു.
കേസിൽ ജയിൽ മോചിതനായ ശേഷം 2022 ഓഗസ്റ്റിൽ ഇന്ത്യൻ എക്സ്പ്രസ് സംഘം ബന്ധപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളായ രമേഷ് ചന്ദന (60) ഫോണെടുത്തിരുന്നില്ല. ചന്ദന ഇപ്പോൾ സിംഗ്വാദിൽ വരാറില്ലെന്നും ഗോധ്രയിലാണ് താമസിക്കുന്നതെന്നും ഗ്രാമവാസികൾ പറഞ്ഞു. രാധശ്യാമിന്റെ അയൽവാസികളായ ശൈലേഷ് ഭട്ട് (65), മിതേഷ് ഭട്ട് (58) എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ ഇവരെക്കുറിച്ചും യാതൊരു വിവരമില്ലെന്നാണ് ഷായുടെ കുടുംബം പ്രതികരിച്ചത്.
മറ്റൊരു പ്രതിയായ പ്രദീപ് മോഡിയ തിങ്കളാഴ്‌ച പുലർച്ചെ വീട് വിട്ടു പോയതായും ഇയാൾ തന്റെ വാഹനവും ഉപേക്ഷിച്ചാണ് പോയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വീടിന് പുറത്ത് കാവലിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ആർ എൻ ദാമോർ പറഞ്ഞു.
രാജുഭായ് സോണി, കേശർഭായ് വോഹാനിയ, ബകാഭായ് വൊഹാനിയ, ബിപിൻചന്ദ്ര ജോഷി എന്നിവരാണ് ഗ്രാമത്തിൽ നിന്നുള്ള മറ്റ് പ്രതികൾ ഇവരെല്ലാം തന്നെ ഇപ്പോൾ വഡോദരയിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതികളുടെ വീടുകളെല്ലാം തന്നെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന്റെ വിളിപ്പാടകലെയാണുള്ളത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ടയുമായി ബന്ധപ്പെട്ട് ഇവിടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് കൊണ്ടാടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.