/indian-express-malayalam/media/media_files/94i24JcXlfR9N2JIMEQz.jpg)
2016 ഓടെ ശിവമോഗയിലെ തീർത്ഥഹള്ളി മേഖലയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിൻ്റെ സ്ഥാപക അംഗങ്ങളാണ് ഷാസിബും താഹയും
ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് ശേഷം കേസിലെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുസമ്മിൽ ഷെരീഫ് ആണ് പിടിയിലായതെന്ന് എൻഐഎ വ്യാഴാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.
കേസിലെ മറ്റു രണ്ട് പ്രധാന പ്രതികളായ മുസാവിർ ഷസീബ് ഹുസൈനും അബ്ദുൾ മത്തീൻ താഹയും ഇപ്പോഴും ഒളിവിലാണ്. മാർച്ച് മൂന്നിനായിരുന്നു എൻഐഎ കേസ് ഏറ്റെടുത്തത്. മാർച്ച് ഒന്നിന് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ പ്രതികളായ മറ്റു രണ്ട് പേർക്ക് ഷെരീഫ് ലോജിസ്റ്റിക് പിന്തുണ നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു.
സ്‌ഫോടനം നടത്തിയത് മുഖ്യപ്രതി മുസാവിർ ഷസീബ് ഹുസൈൻ ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റു കേസുകളിലായി ഏജൻസി തിരയുന്ന മറ്റൊരു ഗൂഢാലോചനക്കാരനായ അബ്ദുൾ മത്തീൻ താഹയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ 12 ഇടത്തും, തമിഴ്‌നാട്ടിൽ അഞ്ചിടത്തും, ഉത്തർപ്രദേശിൽ ഒരിടത്തും ഉൾപ്പെടെ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കർണാടകയിലെ മാണ്ഡ്യ, ചിക്കമംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലും എൻഐഎ പരിശോധന നടത്തി. ചിക്കമംഗളൂരു സ്വദേശിയായ ഒരാളെ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻഐഎ വിളിച്ചുവരുത്തിയിരുന്നു.
കേസിലെ മുഖ്യപ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ താഹ, അവരുടെ അടുത്ത അനുയായി സർദാർ നവീദ് എന്നിവരുടെ വീടുകളിലാണ് എൻഐഎ പ്രാഥമികമായി പരിശോധന നടത്തിയത്. 2016 ഓടെ ശിവമോഗയിലെ തീർത്ഥഹള്ളി മേഖലയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിൻ്റെ സ്ഥാപക അംഗങ്ങളാണ് ഷാസിബും താഹയും.
Read More
- ജയിലിൽ നിന്നും ഭരണം നിയന്ത്രിച്ച് കേജ്രിവാൾ; ഡൽഹിയിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.