/indian-express-malayalam/media/media_files/uploads/2017/03/nithish-kumarnitish-kumar-7591.jpg)
ഫയൽ ചിത്രം
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഞായറാഴ്ച രാഷ്ട്രീയ ജനതാദൾ (ആർജെഡി)യുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ഇന്ത്യാ മുന്നണിക്ക് കനത്ത ആഘാതം നൽകിക്കൊണ്ട് രാഹുലിന്റെ യാത്ര ബിഹാറിലേക്കെത്തുമ്പോൾ നിതീഷ് കളം മാറിയാൽ അത് ബിജെപിക്ക് നൽകുന്ന മുൻതൂക്കം ചെറുതാവില്ല. അങ്ങനെ സംഭവിച്ചാൽ ഒരു ദശാബ്ദത്തിനിടെ നാലാം തവണയും മുന്നണി മാറുന്ന നിതീഷിന്റെ പവർ പൊളിറ്റിക്സിനാവും ബിഹാർ രാഷ്ട്രീയം വേദിയാവുക.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രക്ഷുബ്ധതയ്‌ക്കിടയിൽ, മഹാഗത്ബന്ധനോ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യമോ (എൻഡിഎ) ഏത് മുന്നണിയിലാണെങ്കിലും നിതീഷിന് മുഖ്യമന്ത്രിക്കസേര നിലനിർത്താൻ കഴിഞ്ഞു എന്നതിന് കൂടി അടിവരയിടുന്നതാവും നിതീഷിന്റെ നീക്കം. എന്നാൽ ആവർത്തിച്ചുള്ള മറുകണ്ടം ചാടലുകളിലും തന്റെ പാർട്ടി പിളരില്ലെന്ന് ഉറപ്പാക്കാൻ നിതീഷിന് കഴിയുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം . ജെഡിയു വിന്റെ തിരഞ്ഞെടുപ്പുകളിലെ വിജയശതമാനമൊക്കെ കുറഞ്ഞെങ്കിലും വർഷങ്ങളായി നിതീഷിന്റെ വിലപേശൽ ശക്തി കുറഞ്ഞിട്ടില്ല എന്നതാണ് നിതീഷ് വരുമ്പോൾ എല്ലാ മുന്നണികളും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നേരത്തേ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചപ്പോഴും മഹാരാഷ്ട്രയിലെ ശിവസേനയെപ്പോലെ തന്റെ പാർട്ടി പിളരില്ലെന്ന് ഉറപ്പാക്കാൻ നിതീഷിന് കഴിഞ്ഞു.
നിതീഷിന്റെ കളം മാറ്റങ്ങൾക്കിയയിലും എന്തുകൊണ്ട് ജെഡിയു പിളരുന്നില്ല
സമ്പൂർണ്ണ നിയന്ത്രണം, സെക്കൻഡ്-ഇൻ-കമാൻഡ് ഇല്ല
രാജവംശത്തിന്റെ പിന്തുടർച്ച പ്രോത്സാഹിപ്പിക്കുന്ന പാർട്ടികൾ ഒഴികെ മിക്ക പ്രാദേശിക പാർട്ടികളെയും പോലെ, നിതീഷും ഒരിക്കലും ഒരു രണ്ടാം കമാൻഡിന്റെ കടന്നുവരവ് അനുവദിച്ചിട്ടില്ലെന്ന് ജെഡിയു (യു) ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കാണാം. അത് ലാലൻ സിംഗ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് രാജീവ് രഞ്ജൻ സിങ്ങായാലും ബ്യൂറോക്രാറ്റായി മാറിയ രാഷ്ട്രീയക്കാരനായ ആർ സി പി സിംഗ് ആയാലും, സംഘടനാപരമായ ഉത്തരവാദിത്തമല്ലാതെ ആർക്കും ഒരു പ്രധാന റോളും നിതീഷ് ഒരു കാലത്തും നൽകിയിട്ടില്ല. 1990-കളുടെ മധ്യത്തിൽ ഉപേന്ദ്ര കുശ്‌വാഹയെ പ്രതിപക്ഷ നേതാവാക്കിയപ്പോൾ കുറച്ചുകാലം നിതീഷ് അദ്ദേഹത്തെ പ്രമോട്ട് ചെയ്യാൻ നോക്കി. എന്നാൽ കുശ്‌വാഹയുടെ വർദ്ധിച്ചുവന്ന നേതൃപാടവം നിതീഷുമായുള്ള അഭിപ്രായവ്യത്യാസത്തിലേക്ക് നയിച്ചു, പിന്നീട് ആരെയും തനിക്ക് മുകളിലേക്ക് ഉയരാൻ നിതീഷ് അനുവദിച്ചിട്ടില്ല എന്നതാണ് വസ്തുത.
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് ഒരിക്കൽ പറഞ്ഞത് നിതീഷിന് "അദ്ദേഹത്തിന്റെ ഒരു വിദൂര നിമിഷം പോലും" ഇഷ്ടമല്ല എന്നാണ്. എന്നാൽ പാർട്ടിയുടെ നേതാവെന്ന നിലയിൽ നിതീഷിൻ്റെ മേധാവിത്വമാണ് ജെഡിയുവിനെ ശക്തവും കെട്ടുറപ്പുള്ളതുമായ യൂണിറ്റായി നിലനിർത്താൻ അനുവദിച്ചത്. ഇതുകൊണ്ടാണ് ജെഡിയു എംഎൽഎമാരുടെ ഒരു ചെറിയ സംഘം പോലും നിതീഷിനോടല്ലാതെ മറ്റൊരു നേതാവിനോടും വിശ്വസ്തത പുലർത്താത്തത്. ജെഡിയുവിൽ പിളർപ്പുണ്ടാക്കാൻ ആർ സി പി സിങ്ങിനെ വളർത്തിയെടുക്കാനുള്ള ബിജെപിയുടെ പദ്ധതി വിജയിക്കാത്തതിന് കാരണം അദ്ദേഹത്തിന് രണ്ടോ മൂന്നോ എംഎൽഎമാരുടെ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.
ഭരണ ക്രെഡൻഷ്യലുകളും പ്രായോഗികതയും
ഒരു ഭരണാധികാരിയെന്ന നിലയിൽ നിതീഷിന്റെ യോഗ്യത സംസ്ഥാന രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാത്തതാണ്. 2005 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ജെഡിയു അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. 2005ലെ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷിനെ മുഖ്യമന്ത്രിയാക്കണമെന്ന ആശയം ആദ്യം കൊണ്ടുവന്നത് ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലിയാണ്. പിന്നീട്, 2005-നും 2010-നും ഇടയിൽ ബീഹാറിന് വേണ്ടി ഒരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് നിതീഷ് ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോയി. "സുശാഷൻ ബാബു" എന്ന ടാഗ് അദ്ദേഹത്തിന് അതിലൂടെ ലഭിച്ചു. ക
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നിതീഷിന്റെ കൂടെയുള്ള പലരും ബി.ജെ.പിക്കൊപ്പം നിൽക്കാൻ സാധ്യതയുള്ളതിനാൽ പാർട്ടിയിൽ അസ്വാരസ്യം ആദ്യമായി അനുഭവപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. ജെഡി(യു) വിൽ നിന്നുള്ള ഏത് കൂട്ടമായ വേർപാടിനും മുന്നോടിയായി നിതീഷ് തന്റെ തന്ത്രത്തിന്റെ ചുവട് മാറ്റിപ്പിടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമമാണ് നിലവിലെ നീക്കം.
ബിജെപിയുടെയും ജെഡിയുവിന്റെയും റെയിൻബോ സഖ്യം
ബി.ജെ.പിക്കും ജെ.ഡി.(യു) നും ഏറെക്കുറെ കോംപ്ലിമെന്ററി വോട്ടർ ബേസാണ് ബിഹാറിലുള്ളത്. ബി.ജെ.പി ഉയർന്ന ജാതിയിലും യാദവ ഇതര മറ്റ് പിന്നാക്ക ജാതികളിലും (ഒബിസി) അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളിലും (ഇബിസി) ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നിതീഷ് തന്റെ ഒബിസി വോട്ട് ബാങ്കായ ലുവ്-കുഷ് (കുർമി-കൊയേരി) ഇബിസികൾക്കും യാദവ ഇതര ഒബിസികൾക്കും ഒപ്പം പ്രവർത്തിക്കുന്നു.
ലുവ്-കുഷ് വോട്ടർമാർക്ക് പുറമെ നിതീഷിന്റെ പ്രധാന ശ്രദ്ധ ഇബിസികളിലും മഹാദളിത് (എസ്‌സി)കളിലും ആയിരുന്നു, അദ്ദേഹം ഉയർന്ന ജാതിക്കാരെയും ഉൾക്കൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.
വികസനത്തിനൊപ്പം നിൽക്കുന്ന നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയുടെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ സർക്കാരിന്റെ ക്ഷേമ പദ്ധതികളെയും കുറിച്ചുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം ജെഡിയു വിനേയും കൊണ്ട് നിർത്താനാവും നിതീഷിന്റെ ശ്രമം. 2019ലെ തെരഞ്ഞെടുപ്പിൽ മോദിയുടെ മാജിക് കണ്ട നിതീഷിന് കഴിഞ്ഞ ദശകത്തിലെ മോദിയുടെ ഉയർച്ച കൂടുതൽ നേട്ടങ്ങൾ നൽകി എന്നതും എൻഡിഎ സഖ്യത്തിലേക്ക് തിരികെയെത്താൻ നിതീഷിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. മുന്നണിയായി മത്സരിച്ചപ്പോൾ17 പാർലമെന്റ് സീറ്റുകളിൽ 16ലും വിജയിച്ചു. കേന്ദ്രത്തിൽ മോദിയും ബീഹാറിൽ നിതീഷും ഇപ്പോഴും എന്നത് ഒരു വിജയ ഫോർമുലയാക്കി മാറ്റാനാവും ഇനിയുള്ള ശ്രമമെന്നത് ഉറപ്പാണ്. ഈ ഡബിൾ എഞ്ചിനിൽ പ്രതീക്ഷ വെച്ചാണ് എംഎൽമാർ നിതീഷിനൊപ്പം നിൽക്കുന്നത് എന്നതും മറ്റൊരു സത്യം.
ആർജെഡിയുടെ ‘എം-വൈ’ നിയന്ത്രണങ്ങൾ
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്, തേജസ്വി യാദവ് ഒരു മുസ്ലീം-യാദവ് (എം-വൈ) പാർട്ടിയെന്ന ആർജെഡിയുടെ മുദ്രാവാക്യത്തിൻ്റെ ചങ്ങലകൾ തകർക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. അദ്ദേഹം അതിനെ "സാമ്പത്തിക നീതി" എന്ന് ലേബൽ ചെയ്യുകയും ആർജെഡിയെ വിശാലമായ "എ മുതൽ ഇസഡ്" പാർട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ തേജസ്വിയുടെ ജോലി വാഗ്ദാന വിഷയത്തിൽ അവകാശവാദം ഉന്നയിക്കുന്ന നിതീഷുമായി കൈകോർത്തതോടെ സാഹചര്യങ്ങളെ തനിക്ക് അനകൂലമാക്കുന്നതിനായുള്ള തേജസ്വിയുടെ ശ്രമം വിഫലമായി. ഇതും നിതീഷെന്ന രാഷ്ട്രീയ നേതാവിന് ബിഹാർ രാഷ്ട്രീയത്തിലെ അപ്രമാധിത്വം നിലനിർത്താൻ സഹായകമായി.
ReadMore:
- ബിജെപിയുമായുള്ള സഖ്യത്തിലെ അടുത്ത നീക്കമെന്ത്? നിതീഷിന്റെ നിലപാട് ഇന്ന് വ്യക്തമായേക്കും
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.