/indian-express-malayalam/media/media_files/2025/01/31/jYQfbLMW8g1ZGdhJVpxN.jpg)
സഫിയ
കൊച്ചി: മതം ഉപേക്ഷിച്ചവരെ മതേതര പിന്തുടർച്ചാവകാശ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയതോടെ ആലപ്പുഴ സ്വദേശിയായ സഫിയയും മതേതര നിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവരുടെ പോരാട്ടവും ചർച്ചയാവുകയാണ്. മതവും ജാതിയുമില്ലാത്തവരുടെ മൗലികാവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ നിർണായ ചുവടുവെപ്പാണ് പിഎം സഫിയയുടെ ഹർജിയെന്നാണ് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
താൻ മതവിശ്വാസി അല്ലെന്നും അതിനാൽ മുസ്ലീം വ്യക്തി നിയമത്തിന് പകരം മതേതര പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സഫിയ സുപ്രീംകോടതിയെ സമീപിച്ചത്. മതം ഉപേക്ഷിക്കുന്ന ആളുകളുടെ പിൻതുടർച്ചാവകാശങ്ങൾക്കായി ഒരു വ്യവസ്ഥയും ഇല്ലാത്തത് അവരെ അപകടകരമായ അവസ്ഥയിലാക്കുന്നുവെന്ന് സഫിയ പറയുന്നു.
വിശ്വാസം ഉപേക്ഷിച്ച ഒരാളിൽ മതം എന്തിന് സ്വാധീനം ചെലുത്തണമെന്നാണ് സഫിയ ചോദിക്കുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. പക്ഷേ, നിർഭാഗ്യവശാൽ കേസിൽ കക്ഷി ചേരാൻ ആരും സന്നദ്ധത പ്രകടിപ്പിച്ചില്ല. പിന്തുടർച്ചാവകാശത്തിലെ വിവേചനമാണ് തന്നെ സുപ്രീംകോടതിയിലേയ്ക്ക് പോകാൻ നിർബന്ധിതയാക്കിയതെന്ന് സഫിയ പറയുന്നു.
"ഭരണഘടന പ്രകാരം തുല്യത ഉറപ്പാക്കുന്ന കാര്യമാണിത്. എനിക്ക് ഒരു മകൾ മാത്രമേയുള്ളൂ. ശരിയത്ത് നിയമപ്രകാരം എന്റെ സ്വത്തിന്റെ 50 ശതമാനത്തിൽ മാത്രമേ എന്റെ മകൾക്ക് അവകാശമുള്ളൂ. എന്നാൽ എന്റെ മുഴുവൻ സ്വത്തും അവൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് എന്റെ മകൾ എന്റെ സ്വത്തിന്റെ അവകാശിയാകണം"- സഫിയ വ്യക്തമാക്കി.
"ഞാൻ 20 വർഷം മുമ്പ് വിവാഹ മോചനം നേടിയ ഒരു സിംഗിൾ പേരന്റാണ്. എന്റെ മകൾക്ക് 25 വയസായി. നാല് വർഷം മുമ്പ് ഞാൻ മതം ഉപേക്ഷിച്ച് എക്സ് മുസ്ലീംസ് ഓഫ് കേരള എന്ന പ്രസ്ഥാനത്തിൽ ചേർന്നു. മുസ്ലീം മാതാപിതാക്കൾക്ക് ജനിച്ചതിനാൽ എസ്എസ്എൽസി ബുക്കിൽ എന്റെ മതം മുസ്ലീം എന്നാണ് എന്ന് പരാമർശിച്ചിട്ടുണ്ട്. പക്ഷേ, അത് എന്റെ ഇഷ്ടത്തോടെയായിരുന്നില്ല. അതുകൊണ്ട് ഞാൻ മതം ഉപേക്ഷിച്ചു. മുസ്ലീം വ്യക്തിനിയമം സ്ത്രീകൾക്കെതിരായ വിവേചനമാണ്.
ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ അത് ലംഘിക്കുന്നു. ഞാൻ മതം ഉപേക്ഷിച്ചെങ്കിലും മുസ്ലീം വ്യക്തി നിയമം ഇപ്പോഴും എന്നെ നിയന്ത്രിക്കുന്നു. അതനുസരിച്ച് ഒരു സ്ത്രീക്ക് പുരുഷന് അവകാശപ്പെട്ടതിന്റെ പകുതി മാത്രമേ ലഭിക്കൂ. എന്റെ ഏകമകൾക്ക് എന്റെ സ്വത്തിന്റെ പകുതി മാത്രമേ അവകാശപ്പെടാൻ കഴിയൂ. ബാക്കി എന്റെ സഹോദരന് പോകും. അതാണ് സുപ്രീംകോടതിയെ സമീപിക്കാൻ എന്നെ പ്രേരിപ്പിച്ചത്".-സഫിയ പറയുന്നു
1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ സെക്ഷൻ 29 പ്രകാരം അന്തർലീന പിന്തുടർച്ചാവകാശത്തിനുള്ള വ്യവസ്ഥകൾ മുസ്ലീങ്ങൾക്ക് ബാധകമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 14,15, 19, 21, 25 എന്നിവയുടെ ലംഘനമായതിനാൽ നിയമത്തിലെ ഈ രണ്ട് ഒഴിവാക്കലുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപി സഫിയ പറയുന്നു.
Read More
- ബജറ്റ് സമ്മേളനത്തിന് തുടക്കം; മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി
- കുതിച്ചുയരുന്ന സ്വർണവില; നിർണായകം കേന്ദ്ര ബജറ്റ്
- പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നാളെ കേന്ദ്ര ബജറ്റ്
- കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ ?
- സംസ്ഥാനത്ത് ബസുകളിൽ ഇനി ക്യാമറ നിർബന്ധം
- Gold Rate: എന്റെ പൊന്നേ... സർവ്വകാല റെക്കോർഡിൽ സ്വർണവില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us