/indian-express-malayalam/media/media_files/uploads/2017/08/siddaramaiah-7592.jpg)
സിദ്ധരാമയ്യ
ന്യുഡൽഹി: മുഡ ഭൂമിയാരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണ്ണറുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. വെള്ളിയാഴ്ച സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുമായി മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എഐസിസി പ്രതിനിധി രൺദീപ് സുർജേവാല എന്നിവരുമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ബിജെപിയുടെയും ജെഡിഎസിന്റെയും രാഷ്ട്രീയ പകപോക്കലാണ് ഗവർണ്ണറുടെ നടപടിക്ക് പിന്നില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ വേട്ടയാടുന്ന നടപടിയാണ് ബിജെപി നടത്തുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം വേട്ടയാടൽ ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടാനും യോഗത്തിൽ ധാരണയായി. 'തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ഗവർണ്ണറെ ഉപയോഗിച്ച് ബിജെപി നടത്തുന്ന തന്ത്രമാണിത്. സിദ്ധരാമയ്യ സർക്കാരിന്റെ ജനകീയ ഇടപെടലുകളെ ബിജെപിയും ജെഡിഎസും ഭയക്കുന്നു. ഗവർണ്ണറുടെ നടപടി കർണ്ണാടകത്തിലെ ജനങ്ങൾക്കും പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിക്കും നേരെയുള്ള ആക്രമണമാണ്'-കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.
നേരത്തെ മുഡ ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ നിയമസഭാ കക്ഷിയോഗം പാസാക്കിയ പ്രമേയം സിദ്ധരാമയ്യ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയിരുന്നു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.പാർവ്വതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരൻ മല്ലികാർജുൻ ഭൂമി സമ്മാനിച്ചത്.
Read More
- ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി
- ഉന്നതപഠനം;യുകെയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്
- ഇസ്രായേലിനെ സംരക്ഷിക്കും;ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം:കമലാ ഹാരീസ്
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.