/indian-express-malayalam/media/media_files/T4hlSppf0Mj5fzovCOfo.jpg)
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ. ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി അടച്ചതിന് തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ പ്രഖ്യാപനം വന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ദോഹ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് പോയ നിരവധി വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും, ചിലത് തിരികെ മടങ്ങുകയും ചെയ്തു. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയെ കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാന സർവീസുകളും തടസപ്പെട്ടു.
Also Read: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്, ആക്സിയം -4 ദൗത്യം ജൂൺ 25 ന് നടക്കുമെന്ന് നാസ
കേരളത്തിൽനിന്നുള്ള നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
Also Read: വെടിനിർത്തലിന് കരാർ ആയിട്ടില്ല, ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ല: ഇറാൻ
ഗൾഫിൽ സ്കൂളുകൾ അടയ്ക്കുന്ന സമയമായതിനാൽ നിരവധി പേർ ഇന്ത്യയിലേക്ക് യാത്രയ്ക്കായുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, പശ്ചിമേഷ്യയിലെ വ്യോമഗതാഗത നിയന്ത്രണം മൂലം യാത്ര ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വ്യോമഗതാഗത നിയന്ത്രണത്തെ തുടർന്ന് ബദൽ വഴികൾ തേടുന്നതിനാൽ യാത്രാ സമയം നീളും. ഇന്ധനച്ചെലവു കൂടുമെന്നതിനാൽ യാത്രക്കൂലിയും വർധിച്ചേക്കുമെന്നാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.