/indian-express-malayalam/media/media_files/2025/10/01/karuru-stampade-2025-10-01-08-13-06.jpg)
കരൂർ ദുരന്തത്തിൽ 41 പേരാണ് മരിച്ചത്
ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് മൂന്ന് ദിവസത്തിന് ശേഷം, ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനും ടിവികെ ഉയർത്തിയ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഉന്നത സിവിൽ സർവീസുകാരെയും പോലീസ് ഉദ്യോഗസ്ഥരെയും രംഗത്തിറക്കി തമിഴ്‌നാട് സർക്കാർ. ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ, അഡീഷണൽ ചീഫ് സെക്രട്ടറി പി.അമുദ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ക്രമസമാധാനം) ഡേവിഡ്‌സൺ ദേവാസിർവാതം, ആരോഗ്യ സെക്രട്ടറി പി.സെന്തിൽകുമാർ എന്നിവർ സർക്കാർ ദുരന്തം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് വിശദീകരിച്ചു.
ദുരന്തത്തിനുശേഷം ആദ്യമായി ഒരു വീഡിയോ പ്രസ്താവന വിജയ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് അധികൃതരുടെ പരാമർശങ്ങൾ വന്നത്. തന്റെ പാർട്ടിയെ ലക്ഷ്യം വച്ചുള്ളതാണ് സർക്കാർ നടപടിയെന്ന് ആരോപിച്ച വിജയ്, പാർട്ടി പ്രവർത്തകരെയോ അനുഭാവികളെയോ അല്ല, മറിച്ച് തന്നെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വെല്ലുവിളിച്ചിരുന്നു.
Also Read: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
റാലി നടത്താൻ കരൂറിന് അനുമതി നൽകിയത് എന്തിനെന്ന ചോദ്യത്തിന് അധികൃതർ മറുപടി നൽകി. പൊലീസും സംഘാടകരും ഏഴ് സ്ഥലങ്ങൾ പരിശോധിച്ച ശേഷമാണ് വേലുസാമിപുരം തിരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. ലൈറ്റ്ഹൗസ് റൗണ്ട് എബൗട്ട് പോലുള്ള മറ്റ് നിർദേശിച്ച സ്ഥലങ്ങൾ പെട്രോൾ പമ്പ്, തുറന്ന കനാൽ തുടങ്ങിയവ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ നിരസിക്കപ്പെട്ടു. വേലുസാമിപുരം മുമ്പ് 15,000 പേരുടെ ഒരു റാലിക്ക് ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല.
ടിവികെയുടെ അപേക്ഷയിൽ 10,000 പേർ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അതിൽ കൂടുതൽ പേർ എത്തുമെന്ന് പ്രതീക്ഷിച്ച്, എഡിജിപിയുടെ മേൽനോട്ടത്തിൽ 500 പേരെ പൊലീസ് വിന്യസിച്ചു. “എന്നാൽ, വിജയ്‌യുടെ വാഹനവ്യൂഹത്തോടൊപ്പം കൂടുതൽ ആളുകൾ കരൂരിലേക്ക് വന്നു,” അമുദ പറഞ്ഞു.
Also Read: സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ ദുഃഖകരമായ അന്ത്യം; ഹമാസിന് നാലുദിവസത്തെ സമയം നൽകി ട്രംപ്
വിജയ്‌യുടെ വാഹനം എത്തിയപ്പോൾ അധികൃതർ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിച്ചുവെന്ന വാദത്തെയും അധികൃതർ എതിർത്തു. ആളുകൾ കൂട്ടമായി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരികയും താൽക്കാലിക ജനറേറ്റർ വച്ചിരുന്ന ഷീറ്റിനു മുകളിലേക്ക് ആളുകൾ വീഴുകയും ചെയ്തതോടെയാണ് വൈദ്യുതി തടസം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനറേറ്റർ ഷെഡ് തകരുന്ന ദൃശ്യങ്ങളും കാണിച്ചു. പ്രാദേശിക വൈദ്യുതി വിതരണം തടസപ്പെട്ടതായി അവർ പറഞ്ഞു.
ലാത്തി ചാർജ് സംബന്ധിച്ച ആരോപണങ്ങൾക്ക് എഡിജിപി ദേവാസിർവാതം മറുപടി നൽകി. വിജയ് സഞ്ചരിച്ച വാഹനം മുന്നോട്ട് നീങ്ങാൻ കഴിയാതെ കുടുങ്ങിയപ്പോൾ മാത്രമാണ് പൊലീസ് ജനക്കൂട്ടത്തെ ഒരു വശത്തേക്ക് മാറ്റി നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. “ഒരു ഘട്ടത്തിൽ, ഒരു ഡിഎസ്പി സംഘത്തോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു, പക്ഷേ അവർ മുന്നോട്ട് പോകാൻ നിർബന്ധിച്ചു,” അദ്ദേഹം പറഞ്ഞു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ വഴിയൊരുക്കി, അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഗാസയിൽ മരണസംഖ്യ 66000 കടന്നു
ദുരന്തം കരൂരിൽ മാത്രമാണ് സംഭവിച്ചതെന്ന വിജയ്‌യുടെ വാദത്തെ ഉദ്യോഗസ്ഥർ എതിർത്തു. വില്ലുപുരത്ത് ഒരാൾ മരിച്ചു, മധുരയിലെ റാലിയിൽ രണ്ട് പേർ മരിച്ചു, അരിയല്ലൂർ, തിരുച്ചിറപ്പള്ളി, തിരുവാരൂർ, നാമക്കൽ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് പേർക്ക് പരുക്കേറ്റു. പൊലീസിനൊപ്പം പരിപാടി ഏകോപിപ്പിക്കാൻ ടിവികെ പാർട്ടി വോളണ്ടിയർമാരുടെ അഭാവവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
സ്ഥിതിഗതികൾ വഷളായപ്പോൾ പൊലീസ് യോഗം തടയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഇത്രയധികം ജനങ്ങൾ പങ്കെടുത്ത യോഗം പെട്ടെന്ന് റദ്ദാക്കുന്നത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “ആ നിമിഷം അത് റദ്ദാക്കിയിരുന്നെങ്കിൽ അനന്തരഫലങ്ങൾ ഗുരുതരമായിരിക്കുമായിരുന്നു,” ദേവാസിർവാതം പറഞ്ഞു. വ്യാജ വാർത്തകളും ഗൂഢാലോചനയുണ്ടെന്ന പ്രചാരണങ്ങളും ഓൺലൈനിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്റ്റാലിൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം, പത്രസമ്മേളനം വസ്തുതകൾ വിവരിക്കുന്നതിനൊപ്പം തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് കൂടിയായിരുന്നു. കരൂർ ദുരന്തത്തിനുശേഷം വളരെ കരുതലോടെയാണ് സ്റ്റാലിൻ സർക്കാർ നീങ്ങിയത്. വിജയ്‌യെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ഒഴിവാക്കി, കുറ്റങ്ങൾ അദ്ദേഹത്തിന്റെ പ്രാദേശിക, സംസ്ഥാന പാർട്ടി ഭാരവാഹികളിൽ മാത്രം ചുമത്തി. എന്നാൽ, ദുരന്തത്തെ രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കുകയും മുഖ്യമന്ത്രിയെ നേരിട്ട് വെല്ലുവിളിക്കുകയും ചെയ്യുന്ന വിജയ്‌യുടെ വീഡിയോ സർക്കാർ നീക്കത്തെ സങ്കീർണ്ണമാക്കി.
Read More: പ്രതീക്ഷയേകി ഗാസയിൽ ട്രംപിന്റെ സമാധാനകരാർ; വെല്ലുവിളികൾ ഏറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.