/indian-express-malayalam/media/media_files/2025/09/16/gaza121-2025-09-16-16-59-43.jpg)
Gaza War Updates
Gaza War Updates: ന്യൂയോർക്ക്: ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66000 കടന്നു. ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ സംവിധാനമായ അൽ ഷിഫ ആശുപത്രി ഇസ്രയേൽ തകർത്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭീകരമായ രംഗമാണ് ആശുപത്രിക്കകത്ത് ഉണ്ടായതെന്നും അടിയന്തര സേവനം ആവശ്യമായ രോഗികൾക്ക് പോലും പലായനം ചെയ്യേണ്ടി വന്നെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
പേടിക്കിടയിലും ആശുപത്രി ജീവനക്കാർ അവരുടെ ജോലി കൃത്യമായി നിർവഹിച്ചെന്ന് ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഹസൻ അൽ ഷെയ്ര് പറഞ്ഞു. ഏറ്റവും ഗുരുതരമായ സാഹചര്യത്തിലും 100 ഓളം രോഗികൾ ആശുപത്രിയിൽ പരിചരണത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജീവൻരക്ഷാ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അഭാവവും ആശുപത്രിയിൽ നേരിടുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേൽ ഫയർ ബെൽറ്റുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പലസ്തീനിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സിലെ ഗവേഷകർ വ്യക്തമാക്കി. സ്ഫോടക വസ്തു നിറച്ച വാഹനങ്ങൾ ആശുപത്രിക്ക് ചുറ്റും ഇസ്രയേൽ സൈന്യം വിന്യസിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read:തകർച്ചയുടെ വക്കിൽ ഗാസയിലെ ആശുപത്രികൾ; ആക്രമണം ശക്തമാക്കി ഇസ്രായേൽ
മറ്റൊരു സ്ഥാപനമായ അൽ ഹെലു ആശുപത്രിയിലും ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരു കാൻസർ വാർഡും മാസം തികയാതെ ജനിച്ച 12 കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നവജാത ശിശു യൂണിറ്റും ഉൾക്കൊള്ളുന്ന ആശുപത്രിയാണിത്. ആശുപത്രിയുടെ പ്രവേശന-എക്സിറ്റ് കവാടങ്ങളിൽ ഇസ്രയേൽ ടാങ്കുകൾ വിന്യസിച്ചത് കൊണ്ട് തന്നെ ആശുപത്രി ജീവനക്കാരും രോഗികളുമടക്കം 90ലധികം പേർ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Also Read:യെമനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ലക്ഷ്യം ഹൂതി കേന്ദ്രങ്ങൾ
ഐക്യരാഷ്ട്ര സഭയിലെ ജനറൽ അസംബ്ലിയിൽ ഗാസയ്ക്കെതിരായ ഇസ്രയേൽ ആക്രമണത്തിൽ രൂക്ഷമായ വിമർശനങ്ങൾ നടക്കുമ്പോഴാണ് വീണ്ടും ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ഇതിനിടെ ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയാണ്. കൂടിക്കാഴ്ചയിൽ ഗാസ സമാധാന പദ്ധതിക്ക് അന്തിമരൂപം നൽകാൻ സാധിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.
Also Read: വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്
ഇസ്രയേൽ, അറബ് നേതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇക്കാര്യത്തിൽ ലഭിച്ചതെന്നും ഒരു ധാരണയിലെത്താനാണ് എല്ലാവരുടെയും ആഗ്രഹമെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെടിനിർത്തൽ പദ്ധതി തയ്യാറാക്കി വരികയാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. 'ഞങ്ങൾ അതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അന്തിമമാക്കിയിട്ടില്ല. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ ടീമുമായി പ്രവർത്തിക്കുകയാണ്. ഇത് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്', എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ ട്രംപിൽ നിന്നോ മറ്റ് മധ്യസ്ഥരിൽ നിന്നോ തങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഹമാസ് പറഞ്ഞു.
Read More:റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചാൽ വെടിവെയ്ക്കണം: നാറ്റോ രാജ്യങ്ങളോട് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us