/indian-express-malayalam/media/media_files/Nc56a3UOnBpMIWZydwmv.jpg)
ഫയൽ ചിത്രം
ഡൽഹി: ഏറെ നിർണ്ണായകമായ ഹിൻഡൻബെർഗ് കേസിൽ അദാനി ഗ്രൂപ്പിന് ആശ്വാസമായി സുപ്രീം കോടതിയുടെ നടപടി. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കൃത്രിമം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ വിസമ്മതിച്ച ജനുവരി 3 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്മേലുള്ള പ്രത്യേക അന്വേഷണ ആവശ്യം കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കാനായിരുന്നു കോടതിയുടെ നിർദേശം.
ജനുവരി 3 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, സിബിഐ അല്ലെങ്കിൽ എസ്ഐടി അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിച്ചിരുന്നു. മാർക്കറ്റ് റെഗുലേറ്ററായ സെബി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും സെബിയുടെ നടപടികൾ ആത്മവിശ്വാസം പകരുന്നുവെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞിരുന്നു. ജനുവരി മൂന്നിലെ വിധിക്കെതിരെ പൊതുതാൽപര്യ ഹർജിക്കാരിലൊരാളായ അനാമിക ജയ്‌സ്വാൾ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
“റിവ്യൂ പെറ്റീഷൻ പരിശോധിച്ചതിൽ, ഒരു തെറ്റും വ്യക്തമല്ല. സുപ്രീം കോടതി റൂൾസ് 2013 ലെ ഓർഡർ XLVII റൂൾ 1 പ്രകാരം പുനഃപരിശോധനയ്ക്ക് കേസൊന്നുമില്ല. അതിനാൽ പുനഃപരിശോധനാ ഹർജി തള്ളുന്നു,” ഉത്തരവിൽ ബെഞ്ച് പറഞ്ഞു. ജഡ്ജിമാരുടെ ചേംബറിലാണ് പുനഃപരിശോധനാ ഹർജി പരിഗണിച്ചത്.
മാധ്യമകൂട്ടായ്മയും ഹിൻഡൻബർഗും കൊണ്ടു വന്ന റിപ്പോർട്ടുകൾ ആധികാരിക രേഖയായി കണക്കാക്കാനാകില്ല, ഇവ സെബിയ്ക്ക് പരിശോധിക്കാം, ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് കോടതി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകൾ തെളിവ് അല്ലെന്നും അധികാരികമല്ലാത്ത രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം പൊതുതാൽപര്യ ഹർജികൾ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us