/indian-express-malayalam/media/media_files/2025/03/16/YpxePc01p1Dblcv2LfSO.jpg)
നടി രന്യ റാവുവിന്റെ വളർത്തച്ഛനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളർത്തച്ഛൻ കെ രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കർണാടക സർക്കാർ നിർദേശം നൽകി. കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവിൽ കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.
നേരത്തെ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ രന്യ റാവു രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചിരുന്നുവെന്ന് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാമചന്ദ്ര റാവുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകിയത്.
അതേസമയം, സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി അറസ്റ്റിലായ കന്നട നടി രന്യ റാവു രംഗത്തെത്തി. തന്നെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റമേൽക്കുന്നതുവരെ നിരന്തരം മുഖത്തടിച്ചെന്നും രന്യ റാവു പറഞ്ഞു. ബ്ലാങ്ക് ചെക്കുകളിലും നിരവധി പേപ്പറുകളിലും ഒപ്പുവയ്പ്പിച്ചു. ഡിജിപിയായ പിതാവിനെ കേസിൽ ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രന്യ ഡിആർഐ അഡീഷനൽ ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു.
കേസിൽ താൻ നിരപരാധിയാണെന്നാണ് രന്യയുടെ വാദം. ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേനയാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ച് ഡിആർഐ അഡീഷനൽ ഡയറക്ടർക്ക് രന്യ കത്തയച്ചിരിക്കുന്നത്.
വിമാനത്തിനുള്ളിൽ വച്ച് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദീകരണം നൽകാൻ പോലും അവസരം നൽകാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാൻ കഴിയുന്ന ഉദ്യോഗസ്ഥർ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു. ആവർത്തിച്ചുള്ള മർദനങ്ങളേറ്റിട്ടും അവർ തയാറാക്കിയ പ്രസ്താവനകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചു. എന്നാൽ പിന്നാലെ കടുത്ത സമ്മർദത്തിനു വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാൻ താൻ നിർബന്ധിതയായെന്നും രന്യ കത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ച് നാലിനാണു സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായത്. 12.56 കോടി രൂപ വിലവരുന്ന 14.8 കിലോ ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എന്നാൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് വിശദീകരിക്കാൻ ഡിആർഐ ഉദ്യോഗസ്ഥർ തന്നെ അനുവദിച്ചില്ലെന്ന് രന്യ പറയുന്നു.
തുടർച്ചായി നാലു തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡിആർഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജൻസ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More
- ഭാഷാ തർക്കത്തിനിടെ, ബജറ്റ് ലോഗോയിൽ രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട്
- പാക്കിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവം; മുഴുവൻ ബന്ദികളേയും മോചിപ്പിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം; 182 യാത്രക്കാരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു
- ബെംഗളൂരു വിമാനത്താവളത്തിലെ സ്വര്ണ്ണക്കടത്ത്: നടി രന്യ റാവുവിന്റെ സഹായി അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.