/indian-express-malayalam/media/media_files/2025/03/10/p-m-govindanunni-1-758101.jpg)
നമ്മൾ ഇരുട്ടിൽ
ചതഞ്ഞു കിടന്ന്
പർവ്വതങ്ങളെ
സ്വപ്നം കണ്ടു
ഒഴുകിപ്പോയ വീടുകളെക്കുറിച്ചും
മരിച്ചവരുടെ
ദേവാലയങ്ങളെക്കുറിച്ചും
അവയുറങ്ങുന്ന മണ്ണിനെക്കുറിച്ചും
അടക്കപ്പെട്ട വയലുകളെക്കുറിച്ചും
വിലപിച്ചു
ഒരുനാൾ
പഴയ കൊട്ടകയിൽ
ബ്ലാക്ക് ആന്റ് വൈറ്റ്
ചലനചിത്രത്തിൽ
ഒഴുകുന്ന ശവപ്പെട്ടിക്കുള്ളിൽവച്ച്
ആദ്യം കണ്ടതും
നിന്റെ വെങ്കല ശരീരത്തിൽ
ഞാൻ ചുംബിച്ചതും
എനിക്ക് ദിവാസ്വപ്നം
എക്കാലവും
സ്വപ്നത്തിന്റെ
മണലുകൊണ്ടു മാത്രം നിർമ്മിക്കപ്പെട്ട
പാഴ് രൂപമായിരുന്നു ഞാൻ.
പാതിരാക്കാറ്റിനൊപ്പം
മണൽച്ചുഴിയിൽ നിന്നു വന്നു
എന്റെ അമ്മയോളം
നഗ്നയായിരുന്നില്ല
ഓർമ്മയ്ക്കുള്ളിലെ നീ.
എന്നും ഞാനത് ശ്രദ്ധിച്ചു
തരിശ് എല്ലായ്പ്പോഴും
എന്നോടു മാത്രം കലഹിച്ചു
എന്നെ മാത്രം വിധിച്ചു.
ഒഴുക്കിൽ
മലയിറങ്ങി വന്ന
കറുത്ത പാറയിൽത്തട്ടി
ഗ്രാമങ്ങൾ
ഉടഞ്ഞു ചിതറുന്ന ചെത്തം
ഞാനെന്റെ കാതിൽ
വീണ്ടും വീണ്ടും കേട്ടു.
എന്റെ വിരലുകൾ
ഞാനറിയാതെ
ചിക്കിച്ചികഞ്ഞു
നനവില്ലാത്തമണ്ണിൽ
പൊടിയിൽ
മണലിന്റെ അഗാധ ഗർത്തത്തിൽ.
നിന്റെ പേരെന്ത് ?
എന്തായാലും
ഭ്രാന്തൻ ചിരിയോടെ നിന്നെ വരിയുന്ന നിമിഷം
ഞാൻ നിനക്ക് പുതിയൊരു പേരിടും
അർത്ഥമറിയില്ലെങ്കിലും
അത്
ഒരു പിശാചിന്റേതോ പുരുഷന്റേതോ ആണെങ്കിൽപ്പോലും.
സത്യത്തിൽ നീ എന്താണ്
ശീതികരിക്കപ്പെട്ട സ്വപ്നത്തിന്റെ ഉരുൾപൊട്ടിയൊഴുകുന്ന നഗ്നതയിൽ?
മണ്ണു നീങ്ങി തെളിഞ്ഞു കണ്ട അസ്ഥികൂടങ്ങൾ
അനാഥയായ്ത്തീർന്ന ഭൂപ്രകൃതിയിൽ
ഉദിച്ചു മുതിർന്ന സൂര്യനെ നോക്കുന്നു.
നഗരത്തിലേക്ക്
വലിഞ്ഞു നീളുന്നതിനും
വീതിയേറിയ പാതകളിൽ
ഉരുളുന്നതിനും
നിന്നെക്കാണുന്നതിനും
എത്രയോ മുമ്പ്
ശേഷിപ്പുകൾ തിരഞ്ഞു പെറുക്കി
ഞാനൊരു കറുത്ത പെട്ടിയിൽ സൂക്ഷിച്ചു :
ഒരു മൺകുടത്തിന്റെ വക്ക്
ഒരണ
ഒടിഞ്ഞ എഴുത്താണി
തുരുമ്പു തിന്നുന്ന കൊഴു
ചിറി മടങ്ങിയ കറിക്കത്തി
ഒരു കൊച്ച് സ്ക്രൂ
പിന്നെ
തലയറ്റൊരു പാവം കൃസ്തുവും
രണ്ടു കറുത്ത മുള്ളാണികളും.
ആൾപ്പാർപ്പില്ലാത്ത ഇരുട്ടിലെ
വീടായിരുന്നു അന്നോളം
അവയ്ക്കു കാവൽ.
എന്നോട് മിണ്ടാതായ സ്വന്തം വീട്
തകർന്നു വീഴുന്നത്
കണ്ണു കടഞ്ഞുകൊണ്ടു ഞാൻ കണ്ടു
ചുംബനത്തിൽ നിന്ന് ചുണ്ടു പറിച്ച്
നിന്നെ നോക്കിയ നിമിഷം
ബോധം
തിരശ്ശീലയിലേക്ക് വറ്റിപ്പോയി
ആളു കുറവുളള അവസാന ഷോവിൽ
അഭയാർത്ഥികൾക്കു നേരെ
അടക്കപ്പെട്ടിരുന്നു
ലോകം.
എന്റെ ദേശത്തിന് ഞാൻ അന്യൻ
അതിർത്തികൾ ചോദിക്കുന്നു :
നിന്റെ പാസ്പോർട്ടു തരു
ഞാൻ മലഞ്ചെരുവിലെ വയലിലേക്ക് വിരൽ ചൂണ്ടുന്നു
അതെന്റെ മണ്ണാണ്.
അതിർത്തികൾ പരിശോധിക്കുന്നത്
മറ്റു പലതും
ഗോത്ര നിയമം പച്ചകുത്തിയ എന്റെ നഗ്നതയിൽ നിന്നു വായിക്കൂ
ഞാൻ അവരോടു യാചിച്ചു
അവർ ചിരിക്കുന്നു :
അതു നിന്റെ മണ്ണല്ല
അതു നിന്നിൽ പുരളില്ല
കണ്ണുനീരിറ്റിച്ച്
ഞാനെന്റെ നാടിനെക്കുറിച്ചു പറയുന്നു
കറുത്ത പെട്ടിയെക്കുറിച്ചും.
അവരെന്നെ തിരിച്ചയക്കുന്നു
ഇതും എന്റെ മണ്ണല്ല
ലജ്ജയോടെ
സ്വയം നിന്ദിച്ച്
ഞാൻ നിൽക്കുന്നു.
ആളൊഴിഞ്ഞ കൊട്ടകയുടെ
വാതിൽക്കൽ
തിരശ്ശീല കീറി വന്നവർ
തിക്കിത്തിരക്കുന്നു
രാത്രി
വവ്വാലോ
മൂങ്ങയോ ആണ്
അല്ലെങ്കിൽ
ശബ്ദരൂപത്തിൽ
ചരിക്കുന്ന കാലങ്കോഴി
പകലോ ഹെൽമെറ്റുധരിപ്പിച്ച
കിഴവൻ കോവർക്കഴുത
വീതിയുള്ള ഒരു തോട്ടിന്റെ മറുകരയിലേക്ക്
നിറവെളളത്തിൽ
ഞാൻ നീന്തി
എവിടെയും ചെന്നുചേരാതെ
ജലം
സ്വപ്നത്തിൽത്തന്നെ തിളച്ചു വറ്റി
എങ്കിലും ഞാനതിന്റെ ഇല്ലാത്ത കരയ്ക്കൽ
നിന്നോടൊത്തിരുന്നു
ദൂരെ
നഗര സന്ധ്യയിൽ
അഴുക്കുചാലിന്റെ വക്കത്ത്
നായ്ക്കളുടെശബ്ദം
മുഴങ്ങുന്നു
ഇപ്പോൾ,
വളരുന്ന എടുപ്പിൻ്റെ തുഞ്ചത്ത്
മകരത്തിലെന്നപോലെ നമ്മൾ.
മട്ടുപ്പാവിൽ നിന്ന്
വലിച്ചെറിഞ്ഞ വസ്ത്രങ്ങളിലേയ്ക്ക് മടങ്ങിച്ചെല്ലാതെ
അശരിരികളായി
നിശ്ശബ്ദരും
നിർലജ്ജരുമായി
ആരാണ്
അബോധ ഗോപുരത്തിന്
കാവൽ?
മേഘങ്ങളിലേക്ക്
നാമയക്കുന്ന
വരണ്ട കണ്ണുകൾ
മടുത്ത ഭാവത്തിൽ
പോളകൾ താഴ്ത്തും
വിവശയായ
ഒരു കടൽ ഉള്ളിലെവിടെയോ
അലതല്ലും
കാറ്റും വെളിച്ചവും മിന്നിക്കെടും
തമ്മിൽ മറന്ന്
ജാഗ്രത്തിലേക്ക്
നമ്മൾ നിഴലുകളായി കയറിപ്പോകും
ചുറ്റിലും
ശൂന്യത മാത്രം ജ്വലിക്കും
ചലനചിത്രങ്ങൾ
ഇരുട്ടടഞ്ഞ
പ്രേതക്കണ്ണുകളെ പിൻതുടർന്ന്
തിരശ്ശീലയിൽത്തന്നെ വറ്റിപ്പോകും
മണ്ണ്
അടരുകളുടെ
ഭാരത്തിൽ നിന്ന്
മുക്തയാകും
അന്നേരം
ഞാനെന്റെ കറുത്ത പെട്ടി
പരലോകത്ത് കണ്ടെത്തും
നീയ്യോ
അതിന്റെ കളഞ്ഞു പോയ താക്കോലും
കൂടുതൽ കവിതകൾ ഇവിടെ വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.