scorecardresearch

കനം-അതുൽ പൂതാടി എഴുതിയ കവിത

"നാളെ കാലത്തിടാനുള്ള ഉടുപ്പിൽ കനപ്പെട്ട പൂച്ചരോമങ്ങൾ തുന്നി തൂവലാകൃതി നെയ്യുകയാണപ്പോൾ, നാട്ടു വെളിച്ചത്തിൽ ആൾക്കൂട്ടം." അതുൽ പൂതാടി എഴുതിയ കവിത

"നാളെ കാലത്തിടാനുള്ള ഉടുപ്പിൽ കനപ്പെട്ട പൂച്ചരോമങ്ങൾ തുന്നി തൂവലാകൃതി നെയ്യുകയാണപ്പോൾ, നാട്ടു വെളിച്ചത്തിൽ ആൾക്കൂട്ടം." അതുൽ പൂതാടി എഴുതിയ കവിത

author-image
WebDesk
New Update
Athul poothadi  Poem

ചിത്രീകരണം : വിഷ്ണു റാം

നാട് കറങ്ങി
കനത്തു കല്ലിച്ച് കയറി വരുമ്പോൾ
സ്വന്തം മുറിയിൽ
ഫാനിന്റെ ചുവട്ടിൽ
തുണിയുരിഞ്ഞ്
കിടക്കുന്നതെത്രയാശ്വാസം!

Advertisment

ചിറകുണക്കുന്ന
കുളക്കോഴിയുടെ വഴക്കത്തോടെ
പിന്നിലേക്ക് കൈമടക്കി
തലയല്പം കുനിച്ച്
ചുണ്ടുകൾ ഉള്ളിലേക്കു കോട്ടി
ഹുക്കഴിച്ചു വിടുന്ന ശ്വാസമല്ലേ
ആ ശ്വാസം?

മുലകളുടെ കനം,
ഉടുതുണിയുടെ കനം,
നോട്ടങ്ങളുടെയും
ഭാരങ്ങളുടെയും കനം..
മുറിയെത്തുമ്പോൾ ഇവയെല്ലാം
ഒരു കണ്ടൻ പൂച്ചയായ്
നൂണ്ടു പുറത്തു ചാടുന്നു.

നാളെ കാലത്തിടാനുള്ള ഉടുപ്പിൽ
കനപ്പെട്ട പൂച്ചരോമങ്ങൾ തുന്നി
തൂവലാകൃതി നെയ്യുകയാണപ്പോൾ,
നാട്ടു വെളിച്ചത്തിൽ
ആൾക്കൂട്ടം.

Advertisment

(ഒരിക്കലവരുടെ മീശരോമങ്ങൾ
ഞാൻ മുറിക്കും
കൂർത്ത പൂച്ചക്കണ്ണുകൾ കുത്തി പൊട്ടിക്കും)

Athul poothadi  Poem

മഹാനഗര ഗോപുര ചിത്രങ്ങൾ
വിതറി വിരിച്ച വിരിപ്പിൽ
ചിതറിക്കിടക്കുന്നു
ഞാനങ്ങനെ
കട്ടിലോളം കനത്തിൽ,
നഗ്നയായ്.
പാട്ടു മൂളി തലോടുന്നു നെറ്റിയിൽ, കാറ്റുനാവുകൾ.
ജീവന്റെ നേർത്ത ചർമ്മത്തെ
നക്കിത്തുടയ്ക്കുന്നു.

ഉന്നക്കിടക്കയിൽ
ഓളങ്ങളിൽ വീണ
മച്ചിങ്ങ പോലെയുറക്കം
ഒടമ്പിനെ ഒറ്റ ഞെട്ടലിൽ വീഴ്ത്തി.
നെറ്റിയിലുപ്പുമണികളായ്, കാലം.

കിനാവെട്ടമൈൽകുറ്റികളിൽ തൊട്ട്
മഞ്ഞ ദ്യുതിയാൽ മതി മയക്കുന്ന
വഴി തെറ്റിയോ തെറ്റാതെയോ വരും
മിന്നാമിനുങ്ങിന്റെ
അര ഞൊടി ഇരുട്ടത്ത്
ഇടമുറിഞ്ഞിരുളുന്നു
ചിന്തകൾ.
മിഴിയഴിയുന്നു
കനമൊഴിയുന്നു.

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: