scorecardresearch

Vishu, Baisakhi, Bihu, Puthandu 2023: നമ്മുടെ വിഷു, തമിഴരുടെ പുത്താണ്ട്, പഞ്ചാബികളുടെ ബൈശാഖി

Vishu, Baisakhi, Bihu, Puthandu 2023: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിഷുവിന് സമാനമായി ആഘോഷിക്കുന്ന ഈ ഉത്സവങ്ങളെ കുറിച്ച് അറിയാമോ?

Vishu, Baisakhi, Bihu, Puthandu 2023: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിഷുവിന് സമാനമായി ആഘോഷിക്കുന്ന ഈ ഉത്സവങ്ങളെ കുറിച്ച് അറിയാമോ?

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vishu 2023, Vaisakhi 2023, baisakhi 2023, Rongali Bihu 2023, Naba Barsha 2023, Vaisakhadi 2023, Meshadi 2023, Naba Barsha 2023, Puthandu Pirappu 2023, Puthandu 2023

Harvest Festivals of India

Vishu, Baisakhi, Bihu, Puthandu 2023: വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും സമ്മാനിച്ചുകൊണ്ടാണ് ഓരോ വിഷുകാലവുമെത്തുന്നത്. മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. കണി കണ്ടു ഉണർന്നും കൈനീട്ടം നൽകിയും വിഷുക്കോടിയുടുത്തും സദ്യയും വിഷുക്കട്ടയുമൊരുക്കിയും പടക്കം പൊട്ടിച്ചുമൊക്കെ വിഷുകാലം ആഘോഷമാക്കാൻ മലയാളികൾ മടിക്കാറില്ല.

Advertisment

എന്നാൽ കേരളീയരുടെ മാത്രം ആഘോഷമല്ല വിഷു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതേ ദിവസം വിഷുവിന് സമാനമായ ആഘോഷങ്ങൾ നടക്കാറുണ്ട്. എല്ലായിടത്തും കാർഷിക ഉത്സവമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ പുതുവർഷം/പുത്താണ്ട് ആയാണ് വിഷു ആഘോഷിക്കുന്നത്. തമിഴ് വര്‍ഷത്തിലെ ആദ്യ മാസത്തിലെ ആദ്യ ദിവസം തമിഴ് ജനത വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും കൊണ്ടാടുന്ന ഒന്നാണ്. സാധാരണ കേരളത്തിലെ വിഷുവും തമിഴ് നാട്ടിലെ പുത്താണ്ടും ഒരേ ദിവസമാണ് വരാറുള്ളത്. എന്നാൽ ഇത്തവണ പുത്താണ്ട് ഏപ്രിൽ 14നും വിഷു ഏപ്രിൽ 15നുമാണ്. പുത്താണ്ടിന് തലേദിവസം തന്നെ തമിഴർ വീടും പരിസരവും വൃത്തിയാക്കും. പുതു വസ്ത്രങ്ങള്‍ ധരിക്കുകയും പരസ്പരം ആശംസകള്‍ പങ്കിടുകയും ചെയ്യും. മുതിർന്നവർ കുട്ടികൾക്ക് സമ്മാനങ്ങളും പണവും നൽകും. വിഷുവിന് കൈനീട്ടം നൽകുന്നതിന് സമാനമാണ് ഇത്. വീടുകൾക്കു മുന്നിൽ കോലമൊരുക്കാനും മറക്കാറില്ല. ചക്കയും, മാങ്ങയും, വാഴപ്പഴവും, ദര്‍പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങ് തമിഴ് നാട്ടിലുമുണ്ട്.

publive-image
തമിഴരുടെ പുത്താണ്ട് ഉത്സവം, ഫോട്ടോ: ഐ ഇ തമിഴ്

അസമിലെ ബിഹുവും വിഷുവിന് സമാനമാണ്. അസമിന്റെ ദേശീയോത്സവം കൂടിയാണ് ഇത്. വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവും. രൊംഗാളി ബിഹു എന്നാൽ ആനന്ദത്തിന്റെ ഉത്സവമെന്നാണ് അർത്ഥം. മൂന്നു ബിഹുക്കളിലും വച്ച് ഏറ്റവും പ്രധാനപ്പെട്ടത് രൊംഗാളി ബിഹുവാണ്. രൊംഗാളി ബിഹു പ്രധാനമായും ഏപ്രിൽ 14നും 15നുമായാണ് ആഘോഷിക്കുക, എന്നിരിക്കിലും ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വ്യത്യസ്ത ചടങ്ങുകളുണ്ടാകും. കാർഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷം കൂടിയാണ് രൊംഗാളി ബിഹു. അന്ന് കർഷകർ വിത്തെറിയും. വീട്ടിലെ സ്ത്രീകൾ അരിയും തേങ്ങയും ചേർത്ത് പിത്ത, ലരു, ജോൽപ്പൻ എന്നീ പലഹാരങ്ങൾ ബിഹു സ്‌പെഷലായി ഉണ്ടാക്കും. അരിയുണ്ട, എള്ളുണ്ട എന്നിവയും ഓരോ വീട്ടിലും ബിഹു പ്രമാണിച്ച് ഉണ്ടാക്കും. എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞ് നല്ല ഭക്ഷണം കഴിച്ച് പുതുവർഷത്തെ വരവേൽക്കും. വീടുകളിലെ പൂജാമുറികളിലെ വിഗ്രഹങ്ങൾ വൃത്തിയായി തേച്ചുകഴുകി സമൃദ്ധിയുള്ള വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമായി കൊണ്ടാടാറുണ്ട്. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം ബിഹുവിന്റെയും ആചാരങ്ങളാണ്.

Advertisment

ബംഗാളികൾക്ക് പഹേലാ ബൈശാഖ് ആണ് വിഷു. ബംഗാളി കലണ്ടറിൻെറ തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. വീടുകള്‍ ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും വ്യത്യസ്തവും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ പങ്കുവച്ചുമാണ് ബംഗാളികൾ പഹേലാ ബൈശാഖ് ആഘോഷിക്കുന്നത്. പശ്ചിമബംഗാളിലും ബംഗ്ളാദേശിലും കൂടാതെ അസം, ത്രിപുര, ഝാ൪ഖണ്ഡ്, ഒഡിഷ തുടങ്ങി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബംഗാളി സമൂഹങ്ങളും പഹേലാ ബൈശാഖ് കൊണ്ടാടാറുണ്ട്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് പഞ്ചാബിലെ സിഖ് വിഭാഗത്തിന്റെ പ്രധാന ഉത്സവമാണ് ബൈശാഖി (വൈശാഖി). ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളാണ് പ്രധാനമായും ബൈശാഖി ആഘോഷിക്കുന്നതെങ്കിലും കാ൪ഷികവ൪ഷാരംഭത്തെയാണ് ഈ ഉത്സവവും സൂചിപ്പിക്കുന്നത്. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ഈ ആഘോഷം നടക്കുക. പഞ്ചാബിൽ വിളവെടുപ്പ് നടക്കുന്നതും വൈശാഖി ദിവസമാണ്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു. വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദർശനങ്ങളും നടത്തുന്നു.

publive-image
പഞ്ചാബുകാരുടെ ബൈശാഖി ഉത്സവം, ഫോട്ടോ: ഇന്ത്യൻ എക്സ്‌പ്രസ്

മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്‍ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച്ച് 21 വരെ ദിവസം നീണ്ടുനില്‍ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയില്‍ പലയിടത്തും ആചരിക്കപ്പെടുന്നു. ഉത്തരപൂര്‍വഭാരതത്തില്‍ ബോഡോ ജനവിഭാഗങ്ങള്‍ നൃത്തവും ദേവതാരാധനയുമൊക്കെയായി 'ബ്വിസാഗു' എന്ന പേരിലാണ് വിഷു ആഘോഷിക്കുന്നത്. നേപ്പാള്‍, തായ്‌ലന്റ്, മ്യാന്മാര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും വിഷു സംക്രമത്തോടനുബന്ധിച്ച് സമാനമായ ആഘോഷങ്ങള്‍ ഇന്നും നടന്നു വരുന്നുണ്ട്.

ഏപ്രിൽ മാസത്തിൽ അല്ല ആഘോഷിക്കപ്പെടുന്നതെങ്കിലും മറാത്തി, കൊങ്കണി ഹിന്ദുക്കളുടെ ഉത്സവമായ ഗുഡി പദ്വയ്ക്കും തെലുങ്കരുടെയും കന്നഡക്കാരുടെയും ഉഗാദി അഥവാ യുഗാദിയ്ക്കും വിഷുവിനോട് സാമ്യമുണ്ട്. ഇതു രണ്ടും വസന്തകാല ഉത്സവമായാണ് ആഘോഷിക്കുന്നത്.

മറാത്തി, കൊങ്കണി ഹിന്ദുക്കളുടെ പരമ്പരാഗത പുതുവർഷത്തെ അടയാളപ്പെടുത്തുന്ന ഒരു വസന്തകാല ഉത്സവമാണ് ഗുഡി പദ്വ (ഗുഡി പഡ്വ). ചൈത്രമാസത്തിൻെറ ആദ്യദിനത്തിൽ പുതുവ൪ഷപ്പിറവി കുറിക്കുന്ന ആഘോഷമാണ് ഗുഡി പഡ് വ കൊണ്ടാടുന്നത്. വിഷുവിനു തുല്യമായൊരു ആഘോഷമാണിതും. ഈ ആഘോഷത്തോടനുബന്ധിച്ച് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള്‍ നിറങ്ങള്‍ ചാര്‍ത്തി അലങ്കരിക്കുകയും ചെയ്യുന്നു. വർണാഭമായ രംഗോലികൾ, ഗുധി ദ്വജം (മുകളിൽ വെള്ളി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ കമഴ്ത്തിയതും പുഷ്പങ്ങൾ, മാമ്പഴം, വേപ്പിലകൾ എന്നിവ കൊണ്ട് അലങ്കരിച്ചതുമായ പതാക) , തെരുവ് ഘോഷയാത്രകൾ, നൃത്തം, ഉത്സവഭക്ഷണങ്ങൾ എന്നിവയോടെയാണ് ഗുഡി പദ്വ ആചരിക്കുന്നത്. തെലുങ്കരും കന്നഡക്കാരും ഇതേ അവസരത്തിലാണ് ഉഗാദി അഥവാ യുഗാദി ആയി ആഘോഷിക്കുന്നത്. 2023 മാർച്ച് 22 നായിരുന്നു ഇത്തവണത്തെ ഗുഡി പദ്വ, ഉഗാദി ആഘോഷങ്ങൾ.

Tamil Nadu Vishu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: