scorecardresearch

Vishu 2023: വിഷുക്കണി, ഐതിഹ്യം, വിഭവങ്ങൾ: അറിയേണ്ടതെല്ലാം

Vishu 2023 Date, History and Significance: രാത്രിയും പകലും തുല്യമായ ദിവസം കൂടിയാണ് വിഷു. ഈ ദിവസം ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും

Vishu 2023, Malayalam New Year
Vishu Phalam 2023

Malayalam New Year, Vishu 2023: പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു.

മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാര്‍ഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്.

Read More: പൂജയപ്പം മുതല്‍ കൈനീട്ടം വരെ: ഓര്‍മ്മയിലും രുചിയിലും നിറയുന്ന വിഷു

ഐതിഹ്യം

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് നിലവിലുള്ളത്.  ആദ്യത്തേത് നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷു എന്നതാണ്.  രണ്ടാമത്തെ ഐതിഹ്യം രാവണനുമായി ബന്ധപ്പെട്ടുള്ളതാണ്. രാവണൻ ലങ്ക ഭരിച്ചിരുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം  സൂര്യന്‍ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷമാണ് വിഷു എന്നതാണ് രണ്ടാമത്തെ ഐതിഹ്യം. വിഷുവിന്റെ തലേദിവസം വീടുകളുടെ പരിസരത്തുള്ള ചപ്പുചവറുകൾ അടിച്ചുവാരി കത്തിച്ചുകളയുന്ന പതിവും ചിലയിടങ്ങളിലുണ്ട്. രാവണവധത്തിനെ തുടർന്ന് നടന്ന ലങ്കാദഹനത്തിന്റെ പ്രതീകമാണ് ഇതെന്നും വിശ്വാസമുണ്ട്.

 

വിഷു എന്ന പുതുവർഷ ആരംഭം

കാർഷിക സംസ്കാരവുമായി മാത്രമല്ല, ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായുമൊക്കെ പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു. തുല്യമായത് എന്നാണ് വിഷു എന്ന വാക്കിന്റെ അർത്ഥം. രാത്രിയും പകലും തുല്യമായ ദിവസം എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത്. ഓരോ വർഷവും രാവും പകലും തുല്യമായ രണ്ട് ദിവസങ്ങൾ വരും, മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും. മേയം ഒന്നിന്‌ മേടവിഷുവും തുലാം ഒന്നിന്‌ തുലാവിഷുവും ആഘോഷിക്കാറുണ്ടെങ്കിലും മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.

വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. കാസർക്കോട് മുതൽ തിരുവനന്തപുരം നീളുന്ന കേരളത്തിന്റെ വിഷു ആഘോഷങ്ങൾക്ക് പലയിടങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മലബാറിൽ ചിലയിടങ്ങളിൽ വിഷുക്കണിയുമായി ബന്ധപ്പെട്ട് അകം കണി, പുറം കണി എന്നിങ്ങനെ ചില പ്രത്യേക​ ആചാരങ്ങളും നിലവിലുണ്ട്.

കണിയൊരുക്കൽ

കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓർമ്മകളിൽ പ്രധാന ചടങ്ങുകളിൽ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതുകൊണ്ടു തന്നെ കാര്‍ഷിക വിളകള്‍ക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങൾ, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കിവയ്ക്കുന്നു. വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളിൽ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്. കണി ഉരുളിയിൽ വാൽക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളിൽ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.

വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.

Golden shower tree, vishu

കണിക്കൊന്നയില്ലാതെ എന്ത് വിഷു

കണിയുരുളിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കണിക്കൊന്ന. കൊന്നപ്പൂക്കൾ ഇല്ലാതെ വിഷു ആഘോഷങ്ങൾക്ക് പൂർണ്ണതയില്ല എന്നാണ് സങ്കൽപ്പം. കണിക്കൊന്നയും വിഷുവും തമ്മിലെന്ത് ബന്ധം എന്നതിന് നിറയെ സങ്കൽപ്പകഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കൂടുതൽ വിശ്വസനീയമായി നിലവിലുള്ളത്. കൊടുംവേനലിനു തൊട്ടുമുൻപ് പൂവിടുകയും കാലവർഷം ആകുമ്പോഴേക്കും കായ്ക്കൾ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്ന ചെടിയാണ് കണികൊന്ന. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവർഷം എത്തുമെന്നൊരു കണക്കും മുൻപുണ്ടായിരുന്നു. മീനമാസചൂടിൽ സുലഭമായി ലഭിക്കുന്ന പൂക്കൾ എന്ന നിലയിലാവാം ചിലപ്പോൾ കണിക്കൊന്ന വിഷു ആഘോഷങ്ങളുടെ ഭാഗമായി മാറിയത്.

Read more: എന്തുകൊണ്ട് കണിക്കൊന്ന നേരത്തേ പൂക്കുന്നു?

വിഷുഫലം

കണികണ്ടു കഴിയുമ്പോൾ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വ്യക്തിയുടെ വരാൻ പോകുന്ന വർഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷശാസ്ത്രത്തിലൂടെ നിർണയിക്കുന്നത്. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍ തെളിയുന്നത് എന്നാണ് വിശ്വാസം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നൊരു വിശ്വാസവും നിലവിലുണ്ട്.

വിഷുഫലം പറയുന്ന രീതി പണ്ടു കാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.

വായിക്കാം: Vishu Phalam 2019: സമ്പൂർണ്ണ വിഷു ഫലം 2019

 

വിഷു സ്പെഷ്യൽ വിഭവങ്ങൾ

വിഷുക്കട്ട, വിഷുക്കഞ്ഞി, വിഷുപ്പുഴുക്ക് എന്നിങ്ങനെ വിഷുവുമായി ബന്ധപ്പെട്ട് പ്രത്യേക വിഭാഗങ്ങളും ചില പ്രദേശങ്ങളിൽ ഉണ്ടാക്കാറുണ്ട്.

വിഷുക്കട്ട തയ്യാറാക്കുന്ന വിധം

ഇതിൽ പ്രധാനപ്പെട്ടൊരു വിഭവം വിഷുക്കട്ടയാണ്. ഉണക്കല്ലരി, നാളികേര പാൽ, ജീരകം, ചുക്ക് എന്നിവയാണ് വിഷുക്കട്ടയുടെ പ്രധാന ചേരുവകൾ.

ചേരുവകൾ:
ഉണക്കലരി- 2 കപ്പ്
ചിരകിയ നാളികേരം – 2കപ്പ്
ജീരകം – 1 ടീസ്പൂൺ
ചുക്ക് പൊടിച്ചത് – രണ്ട് നുള്ള്
ഉപ്പ് – പാകത്തിന്
നെയ്യ്- 2 ടീസ്പൂൺ
അണ്ടിപരിപ്പ്, ഉണക്ക മുന്തിരി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ചിരകിയ നാളികേരത്തിൽ നിന്നും ഒന്നാംപാൽ നല്ല കട്ടിയിൽ പിഴിഞ്ഞെടുക്കുക. ശേഷം പിഴിഞ്ഞെടുത്ത നാളികേരത്തിൽ അൽപ്പം ചൂടുവെള്ളമൊഴിച്ച് രണ്ടാം പാൽ എടുക്കുക. ഇതിലേക്ക് ഉണക്കല്ലരി ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാൽ അതിലേക്ക് ഉപ്പ്, ജീരകം, ചുക്ക് എന്നിവയിട്ട് കട്ടയാവുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം. അടിയിൽ കരിഞ്ഞു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കട്ടയായി കഴിഞ്ഞാല് എണ്ണപുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കണം. നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളിൽ വിതറി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കര പാനി​​ ഒഴിച്ചോ കറികൾ ഒഴിച്ചോ കഴിക്കാവുന്നതാണ്.

വിഷുക്കഞ്ഞി തയ്യാറാക്കാം

പച്ചരിയും ചെറുപയറും ശർക്കരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രത്യേക വിഭവമാണ് വിഷുക്കഞ്ഞി. മധ്യ കേരളത്തിലെ പരമ്പരാഗതമായ വിഷു വിഭവം കൂടിയാണിത്.

ചേരുവകള്‍:
പച്ചരി-1 കിലോ
ചെറുപയര്‍-അരക്കിലോ
ശര്‍ക്കര- അരക്കിലോ
തേങ്ങാപ്പാല്‍- ഒന്നര തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും
നെയ്യ്, അണ്ടിപ്പരിപ്പ്, കിസ്മിസ്,ഏലയ്ക്കാ, ചുക്ക്-ആവശ്യത്തിന്ത

തയ്യാറാക്കുന്ന വിധം:

അത്യാവശ്യം കട്ടിയുള്ള ഒരു പാത്രത്തില്‍ ആദ്യം ചെറുപയര്‍ വേവിക്കുക. പയര്‍ ഒരുവിധം വെന്തുതുടങ്ങുമ്പോള്‍ പച്ചരി ഇടണം. അരിയും പയറും തേങ്ങയുടെ രണ്ടാംപാലില്‍ വേവിക്കണം. പാകത്തിനു വെന്തുവരുമ്പോള്‍ നെയ്യും എലയ്ക്കാ പൊടിച്ചതും ചുക്കും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് ഇളക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അവസാനം ഒഴിച്ചു തിളപ്പിച്ചു വാങ്ങിവയ്ക്കാം.

ഒരുക്കാം വിഷു പുഴുക്ക്

വിഷു പുഴുക്കാണ് മറ്റൊരു പ്രത്യേകവിഭവം. ഇടിചക്കയും മത്തനും വൻപയറുമൊക്കെയാണ് ഈ പുഴുക്കിലെ പ്രധാന ചേരുവകൾ.

ചേരുവകൾ:

ഇടിച്ചക്ക -പകുതി കഷ്ണം
മത്തന്‍ (പഴുത്തത്) -ഒരു കഷ്ണം
വന്‍പയര്‍ -1/4 കപ്പ്
വാഴയ്ക്ക -ഒരു എണ്ണം
അമരയ്ക്ക -അഞ്ച് എണ്ണം
മുളകുപൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്

മസാലക്ക് ആവശ്യമായ ചേരുവകള്‍:

പച്ചമുളക് -രണ്ട്
നാളികേരം -ഒരു മുറി
കറിവേപ്പില -കുറച്ച്‌ (ഇവ മൂന്നു നന്നായി അരച്ചെടുക്കുക)

തയ്യാറാക്കുന്ന വിധം:

ഇടിചക്ക, മത്തൻ, വാഴയ്ക്ക, അമരയ്ക്ക എന്നിവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. വന്‍പയര്‍ വേവിച്ച്‌ മാറ്റിവെക്കുക. ഇടിചക്ക, വാഴയ്ക്ക എന്നിവ വേവിക്കുക. പാതി വെന്തുകഴിയുമ്പോൾ അമരയ്ക്കയും മത്തനും ചേര്‍ക്കുക. വെന്തുവരുമ്പോള്‍ നേരത്തെ വേവിച്ച വന്‍പയര്‍, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, തയ്യാറാക്കി വെച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് തിളപ്പിയ്ക്കുക. വെന്തു കഴിയുമ്പോൾ കുറച്ച്‌ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കി വാങ്ങി വെക്കുക.

Read more: ഓർമ്മകൾ കണികാണും നേരം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Vishu kani harvest festival origin myth food