/indian-express-malayalam/media/media_files/SmypazaudeWylwbCWyRp.jpg)
മഴക്കാലത്തെ പാദ സംരക്ഷണം
പുറത്ത് നല്ല മഴയാണോ?. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അതിശക്തമായ മഴയാണെന്ന് അറിഞ്ഞാൽ പുറത്തേയ്ക്കിറങ്ങാൻ മടിക്കുന്നവരാണ് നമ്മളിൽ അധികവും. ആകെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും നനഞ്ഞ് തണുത്ത് ഇരിക്കേണ്ട അവസ്ഥയോർത്താൽ ഒരു അവധിക്കായി ആരും കൊതിച്ചു പോകും. ഓഫിസിലാവട്ടെ സ്കൂളിലേയ്ക്കോ കോളേജിലേയ്ക്കോ ആകട്ടെ പുറത്തേയ്ക്കിറങ്ങിയാൽ അലട്ടാവുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ചെളി നിറഞ്ഞ വെള്ളത്തിലൂടെ നടക്കേണ്ടി വരിക എന്നത്. വേനൽക്കാലത്തെ അപേക്ഷിച്ച് പാദ സംരക്ഷണത്തിൽ ഏറ്റവും അധികവും ശ്രദ്ധ പുലർത്തേണ്ടുന്ന സമയമാണ് മഴക്കാലം.
പാദം വൃത്തിയായും, ഈർപ്പം ഏൽക്കാതെയും സൂക്ഷിക്കുന്നതിലൂടെ പല ഇൻഫക്ഷനുകളും അകറ്റി നിർത്താൻ സാധിക്കും. അതിനായി ഏതാനും കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.
പാദരക്ഷയുടെ തിരഞ്ഞെടുപ്പ്
വായു സഞ്ചാരമില്ലാത്ത ഷൂസ് പോലെയുള്ളവ ഈ കാലാവസ്ഥയിൽ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ഈർപ്പം തടഞ്ഞു നിർത്തുന്നു. ഇതിലൂടെ ഫംഗൽ ഇൻഫക്ഷനുകളുടെ സാധ്യത വർധിക്കുന്നു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഫംഗൽ പൗഡറുകൾ പോലെയുള്ളവ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
പാദങ്ങൾ എല്ലായ്പ്പോഴും കഴുകുക
മഴയത്ത് അധിക സമയം പുറത്ത് ചിലവഴിക്കുമ്പോൾ പാദങ്ങളുമായി അണുക്കൾക്ക് സമ്പർക്കം പുലർത്താനുള്ള സാധ്യതയാണ് വർധിക്കുന്നത്. അതിനാൽ പുറത്തു പോയി വരുമ്പോൾ ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് വൃത്തിയായി പാദങ്ങൾ കഴുകുക. പ്രത്യേകിച്ച് വിരലുകളുടെ ചുറ്റും, നഖങ്ങളും വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ശേഷം തുടച്ച് വെള്ളത്തിൻ്റെ അംശം പാദങ്ങളിൽ കൂടുതൽ സമയം നിൽക്കുന്ന അവസ്ഥ ഒഴിവാക്കുക.
പാദങ്ങൾ എക്സ്ഫോളിയേറ്റ് ചെയ്യുക
കട്ടികൂടിയ ചർമ്മമാണ് കാലിലുള്ളത്. അതിനാൽ പുറമേ അടിഞ്ഞു കൂടിയ പൊടിയും ചെളിയും കൂടാതെ മൃതു ചർമ്മവും കളയാൻ മികച്ച സ്ക്രബർ ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുക. ആഴ്ച്ചയിൽ രണ്ടു തവണ മാത്രം ഇങ്ങനെ ചെയ്താൽ മതിയാകും.
പാദങ്ങൾ മോയ്സ്ച്യുറൈസ് ചെയ്യുക
നനവില്ലാതെ സൂക്ഷിക്കണം എന്നു പറയുമ്പോഴും പാദത്തിലെ ചർമ്മം ഒരുപാട് വരണ്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഉപ്പൂറ്റിയുടെ ഭാഗങ്ങളും വശങ്ങളും. വരണ്ട ചർമ്മം വീണ്ടു കീറുന്നതിലൂടെ ഇൻഫെക്ഷൻ്റെ സാധ്യത വർധിച്ചേക്കാം. അതിനാൽ ദിവസവും രണ്ടു നേരമെങ്കിലും ഉചിതമായ ഫുട് ക്രീം ഉപയോഗിക്കുന്നത് നന്നായിരിക്കും.
നനഞ്ഞ സോക്സുകൾ ഒഴിവാക്കുക
മഴക്കാലത്ത് നനഞ്ഞ സോക്സ് ഒരു കാരണവശാലും അധിക സമയം കാലിൽ ധരിക്കരുത്. മാത്രമല്ല വീണ്ടും ഉപയോഗം ഉള്ളതിനാൽ ഇവ കഴുകി വൃത്തിയാക്കി സൂക്ഷിക്കുവാനും മറക്കരുത്.
നീളം കുറഞ്ഞ നഖങ്ങളാണ് ഉചിതം
വ്യക്തി ശുചിത്വത്തിൽ ഏറ്റവും പ്രധാനമാണ് നഖങ്ങൾ എല്ലായ്പ്പോഴും വെട്ടി നീളം കുറയ്ക്കുക എന്നത്. മഴക്കാലത്ത് ഇത് തീർച്ചയായും ശ്രദ്ധിക്കണം. നീളം കൂടിയ നഖം അണുക്കൾക്ക് വസിക്കാനുള്ള ഇടമായി മാറുന്നു അതിനാൽ കൃത്യമായ ഇടവേളകളിൽ നഖം വെട്ടി സൂക്ഷിക്കുക.
Read More
- കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം അകറ്റാം, വീട്ടിലുണ്ട് പ്രതിവിധി
- മഴക്കാലത്തെ ചർമ്മസംരക്ഷണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
- മുടികൊഴിച്ചിലാണോ പ്രശ്നം, ചെമ്പരത്തി കൊണ്ടുള്ള ഹെയർ മാസ്ക് ട്രൈ ചെയ്തു നോക്കൂ
- തിളങ്ങുന്ന ചർമ്മത്തിന് ഒരുഗ്രൻ ഫെയ്സ് മാസ്ക്, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഭാഗ്യശ്രീ
- സുന്ദരി കുട്ടി, അനശ്വരയുടെ ക്ലാസിക് ലുക്ക് ഏറ്റെടുത്ത് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.