/indian-express-malayalam/media/media_files/IBncwW66JONHKbwnP2oB.jpg)
രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് സെറിബ്രോവാസ്കുലർ രോഗങ്ങൾക്ക് കാരണമാകും (ചിത്രം: ഫ്രീപിക്)
രാവിലെയും രാത്രിയും 8 മണിക്ക് മുമ്പായി പ്രഭാതഭക്ഷണവും അത്താഴവും കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, ഒരു സന്തോഷ വാർത്തയുണ്ട്. വൈകി ഭക്ഷണം കഴിക്കുന്നവരും വിഷമിക്കേണ്ട, നിങ്ങൾക്കും മികച്ച പരിഹാരമുണ്ട്. ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ, ഫുഡ് ആൻഡ് എൻവയോൺമെന്റ് (NRAE) അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് രാവിലെ 9 മണിക്ക് ശേഷം ആദ്യ ഭക്ഷണം കഴിക്കുന്നവരിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിക്കാൻ ഓരോ മണിക്കൂറും വൈകുന്നത് അപകടസാധ്യതയിൽ ആറ് ശതമാനം വർദ്ധനവ് ഉണ്ടാക്കുന്നമെന്നും പഠനം വ്യക്തമാക്കി.
2009 മുതൽ 2022 വരെ, 10000 വ്യക്തികളിൽ നിന്ന് ശേഖരിച്ച സാംപിളിലാണ് പഠനം നടത്തിയത്. പ്രഭാതഭക്ഷണവും അത്താഴവും വൈകി കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്. അതോടൊപ്പം രാത്രിയിൽ ഭക്ഷണം കഴിക്കാതെ ഉപവാസം സ്വീകരിക്കുന്നത്, സ്ട്രോക്ക് പോലുള്ള സെറിബ്രോവാസ്കുലർ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷണം സൂചിപ്പിച്ചു.
രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് സെറിബ്രോവാസ്കുലർ രോഗങ്ങൾ, പ്രത്യേകിച്ച് പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയിൽ 28 ശതമാനം വർദ്ധനവ് കാണിക്കാക്കുന്നു. 8 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്ന സ്ത്രീകളിലാണ് കൂടുതലും അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്.
ഹൃദ്രോഗം ലഘൂകരിക്കുന്നതിൽ ഭക്ഷണ സമയം ഒരു പങ്കുവഹിക്കുമെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെങ്കിലും, ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതിന് ഇതര രീതികളും കൂടുതൽ വ്യക്തികളിലുള്ള പഠനവും ആവശ്യമാണ്.
രാത്രി സമയം കൃത്യമായ ഉപവാസം (ഫാസ്റ്റിംഗ്) സ്വീകരിക്കുന്നതും, ഭക്ഷണം കഴിക്കാൻ കൃത്യമായ സമയം കണ്ടെത്തുന്നതും അത് പരിപാലിക്കുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണം അഭിപ്രായപ്പെട്ടു. ഭക്ഷണ ശീലങ്ങൾ ഹൃദയാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു എന്നാണ്, ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസിലെ കാർഡിയോളജി കൺസൾട്ടന്റ് ഡോ വിനോദ് പറയുന്നത്.
"പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം എന്നിവ അടങ്ങിയ ഭക്ഷണക്രമം ഉയർന്ന രക്തസമ്മർദ്ദം, ആതറോസ്ക്ലറോസിസ് (രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) പോലുള്ള അവസ്ഥകൾക്ക് കാരണമാകും, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും, ഡോ വിനോദ് ഇന്ത്യൻഎക്സ്‌പ്രസിനോട് പറഞ്ഞു.
ഉറക്ക-ഉണർവ് സൈക്കിൾ നിയന്ത്രിക്കുന്ന 24 മണിക്കൂർ ആന്തരിക ഘടികാരമാണ് സർക്കാഡിയൻ റിഥം, ഇത് താളം തെറ്റുന്നത് ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. ശരീരത്തിന്റെ ആന്തരിക ഘടികാരവുമായി ഭക്ഷണ രീതികൾ ക്രമീകരിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഹൃദയ സംവിധാനത്തിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
ശരീരത്തിന്റെ സ്വാഭാവിക സർക്കാഡിയൻ താളം, ഹോർമോൺ ഉത്പാദനം, മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി, ഒരു സർക്കാഡിയൻ ഡയറ്റ് പിന്തുടരാവുന്നതാണ്. ഒരു ദിവസത്തിലെ പ്രത്യേക സമയം മാത്രം ഭക്ഷണം കഴിച്ച് മെറ്റബോളിസം കൃത്യമായി പരിപാലിച്ച് ആരോഗ്യം മെച്ചപ്പെടുത്താം എന്ന ആശയത്തിൽ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡയറ്റ്.
സ്ഥിരമായ ഭക്ഷണ സമയം പരിപാലിക്കുന്നത്, മെറ്റബോളിസവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കും, കൂടാതെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. "ക്രമരഹിതമായ ഭക്ഷണരീതികൾ സർക്കാഡിയൻ താളത്തെ തടസ്സപ്പെടുത്തിയേക്കാം, ഇത് കാലക്രമേണ ശരീരഭാരം, ഇൻസുലിൻ പ്രതിരോധം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം,” ഡോ വിനോദ് കൂട്ടിച്ചേർത്തു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us