/indian-express-malayalam/media/media_files/2024/10/25/xIXalCsBZllUyGfg3XqO.jpeg)
തലമുടിയുടെ ആരോഗ്യത്തിന് കറിവേപ്പിലയും കഞ്ഞി വെള്ളവും ഉലുവയും ചിത്രം: ഫ്രീപിക്
മുടി കൊഴിച്ചിലിനും താരനും പരിഹാരം ഇനി തിരഞ്ഞു നടക്കേണ്ട, അടുക്കളയിൽ മാറ്റി വച്ചിരിക്കുന്ന കഞ്ഞി വെള്ളവും കുറച്ച് കറിവേപ്പിലയും മതി. ഇവ തലമുടിക്ക് എങ്ങനെ ഗുണം ചെയ്യും എന്ന് അറിയാം
പരമ്പരാഗത മുടി സംരക്ഷണ ശീലങ്ങളിൽ കറിവേപ്പിലയും ഉൾപ്പെടുന്നു. വേരുകളിൽ നിന്നു തന്നെ കരുത്ത പകർന്ന് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മിക്ക പ്രശ്നങ്ങൾക്കും പ്രതിരോധം തീർക്കാൻ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ സഹായിക്കും. ഇതിനൊപ്പം ചേർക്കാൻ പറ്റിയ മറ്റൊരു ചേരുവയാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. മുടിക്കുള്ള നല്ലൊരു പ്രോട്ടീൻ ചികിത്സയാണ് ഇത്. മുടിയെ ശക്തിപ്പെടുത്തുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയ ധാരാളം പോഷകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
ഇവ മാത്രമല്ല, ഉലുവയും ആരോഗ്യത്തിനും തലമുടി വളർച്ചക്കും ഏറെ ഗുണപ്രദമാണ്. ഉലുവ കഞ്ഞി മുതൽ ഉലുവ വെള്ളം വരെ നമ്മുടെ നിത്യ ജീവിതത്തിലെ ഭാഗമായി മാറിയിരിക്കുന്നു. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നവർ ഉലുവയുടെ ഗുണങ്ങൾ ശ്രദ്ധിക്കാതെ പോകില്ല. വിറ്റാമിൻ എ, വിറ്റാമിൻ സി, ധാരാളം നാരുകൾ എന്നിവ അടങ്ങിയ ഉലുവ വെള്ളത്തിൽ കുതിർത്തു കുടിക്കുന്നത് ദഹനാരോഗ്യത്തെ മാത്രമല്ല ശരീരത്തിൻ്റെ താപനില നിയന്ത്രിച്ചു നിർത്തുന്നതിനും സഹായിക്കും.
ശരീരത്തിൻ്റെ ആരോഗ്യത്തിന് എന്നതു പോലെ തന്നെ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങളും ഉലുവയിലുണ്ട്. താരൻ തടഞ്ഞു നിർത്തി മുടി കൊഴിച്ചിൽ ഒഴിവാക്കാനും ഇത് മികച്ചതാണ്. അതിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളാണ് തലമുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അധികം പ്രയോജനപ്പെടുന്നത്.
ഇവ തലമുടിയിൽ ഉപയോഗിക്കേണ്ട വിധം
- ഒരു കപ്പ് ഉലുവ അൽപ്പം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു രാത്രി മുഴുവൻ അത് മാറ്റി വയ്ക്കുക. ശേഷം രാവിലെ അത് അരച്ചെടുക്കുക. തലയോട്ടിയിലും, മുടിയിലും ആ മിശ്രിതം പുരട്ടി 45 മിനിറ്റ് വിശ്രമിക്കുക. ശേഷം കഴുകി കളയാം. താരനും, തലമുടി കൊഴിച്ചിലും മാറാൻ ഈ ഹെയർ മാസ്ക് സഹായിക്കും.
- അൽപ്പം ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് അരച്ചെടുക്കുക. അതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് തലമുടിയിൽ പുരട്ട് പത്ത് മിനിറ്റിനു ശേഷം കഴുകി കളയുക. ആരോഗ്യവും തിളക്കവുമുള്ള മുടിക്ക് ഇത് നല്ലതാണ്.
- ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വച്ച ഉലുവയിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്ത അരയ്ക്കുക. അത് തലയോട്ടിയിലും തലമുടിയിലും പുരട്ടി പത്ത് മിനിറ്റ് വിശ്രമിക്കുക. ശേഷം കട്ടി കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. മുടി വളർച്ചയ്ക്ക് ഇത് ഏറെ സഹായിക്കും.
- രാത്രി മുഴുവൻ അൽപ്പം ഉലുവയും, ചോറും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിലേക്ക് കുറച്ച് ഉള്ളി തൊലിയും, കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. തിളച്ച മിശ്രിതം തണുപ്പിക്കാൻ മാറ്റി വയ്ക്കുക. ശേഷം അരച്ചെടുക്കുക. അത് അരിച്ചെടുത്ത് ഒരു സ്പ്രേയർ കുപ്പിയിലേക്കു മാറ്റുക. ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം രാത്രിയിൽ കിടക്കുന്നതിനു മുമ്പായി തലമുടിയിൽ സ്പ്രേ ചെയ്യുക, രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചു നോക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.