/indian-express-malayalam/media/media_files/2025/02/20/7580BzipUpWcjBNt8FPc.jpeg)
റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ബുള്‍ഡോഗ് അടക്കം അപകടകരമായ നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും ഇന്ത്യയിൽ നിരോധിച്ചിരുന്നു | ചിത്രം: നന്ദഗോപാൽ രാജൻ
മനുഷ്യൻ്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയാറുള്ള വളർത്തു മൃഗമാണ് നായ്ക്കൾ. അരുമയായി വളർത്താൻ സാധിക്കുന്ന ഇനങ്ങളാണ് ഇവ. ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്ന മിക്ക നായ ഇനങ്ങളും ഇറക്കുമതി ചെയ്തവയാണ്. അവയിൽ തന്നെ വിലയിൽ മുൻപന്തിയിൽ നിൽക്കുന്നവ ഏതൊക്കെ എന്ന് പരിചയപ്പെടാം.
ടിബറ്റൻ മാസ്റ്റിഫ്
പേര് പോലെ തന്നെ ഹിമാലൻ പ്രദേശങ്ങളാണ് ടിബറ്റൻ മാസ്റ്റിഫിൻ്റെ ഉത്ഭവം. ടിബറ്റൻ ആശ്രമങ്ങളുടെ കാവൽ നായ്ക്കൾ എന്ന നിലയിൽ ചരിത്രപരമായ പ്രാധാന്യം ഇവയ്ക്കുണ്ട്. ടിബറ്റൻ മാസ്റ്റിഫിൻ്റെ കട്ടിയുള്ള രോമങ്ങൾ കഠിനമായ ഏതു കാലാവസ്ഥയേയും അതിജീവിക്കാൻ പര്യാപ്തമാണ്.
കറുപ്പ്, തവിട്ട്, ബ്രൗൺ എന്നിങ്ങനെ നിരവധി നിറങ്ങളിൽ ഇവയെ കണ്ടു വരാറുണ്ട്. വലിപ്പമേറിയ ശരീരപ്രകൃതമാണെങ്കിലും പ്രത്യേക പരിചരണം ഈ ഇനത്തിന് ആവശ്യമാണ്. ആഗോള തലത്തിൽ ടിബറ്റൻ മാസ്റ്റിഫിൻ്റെ എണ്ണം വളരെ കുറവാണ്. അതിനാൽ പരിപാലനത്തിന് ഒട്ടനവധി മാനദണ്ഡങ്ങളുണ്ട്.
സെൻ്റ് ബെർണാഡ്
വലിയ തലയും, തൂങ്ങി കിടക്കുന്ന ചെവികളും നീളമുള്ള കുറ്റിച്ചെടി പോലെയുള്ള വാലുമാണ് ഈ ഇനം നായക്ക് ഉള്ളത്. വെള്ള നിറത്തിൽ ചെറിയ കറുത്ത പാടുകളുള്ളവയാണ് ഏറെയും. ഇവയുടെ പ്രത്യുൽപാദനം ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. കൃത്രിമ ബീജ സങ്കലനം പോലെയുള്ളവ ചില സാഹചര്യങ്ങളിൽ ആവശ്യമായി വന്നേക്കും. ഭക്ഷണക്രമം, ആരോഗ്യ പരിപാലനം തുടങ്ങിയവയിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
ഇംഗ്ലീഷ് ബുൾഡോഗ്
ഇംഗ്ലീഷ് ബുൾഡോഗ് അല്ലെങ്കിൽ ബ്രിട്ടീഷ് ബുൾഡോഗ് എന്നും ഇത് അറിയപ്പെടുന്നു. ഏകദേശം 40–55 പൗണ്ട് (18–25 കിലോഗ്രാം) ഭാരമുള്ള ഇടത്തരം വലിപ്പമുള്ള, പേശീബലമുള്ള നായയാണിത്. മുഖത്തിനും തോളിനും ചുറ്റും കട്ടിയുള്ള ചർമ്മ മടക്കുകളും, നീണ്ടുനിൽക്കുന്ന താഴത്തെ താടിയെല്ലും, പൊതുവെ പരന്ന മുഖവുമാണ് ഇവയ്ക്കുള്ളത്.
ഇവയുടെ പ്രജനനം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനാൽ മിക്കപ്പോഴും സിസേറിയൻ ആവശ്യമായി വരാറുണ്ട്. ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്. ഇവയ്ക്ക് പ്രത്യേക വെറ്റിനറി പരിചരണം വേണ്ടി വരും.
/indian-express-malayalam/media/media_files/2025/02/19/OUPMda4J2W70b6aQnnnZ.jpeg)
ഗ്രേറ്റ് ഡെയ്ൻ
വലിപ്പം കൊണ്ട് പേരെടുത്ത നായ ഇനമാണ് ഗ്രേറ്റ് ഡെയ്ൻ. ഇവയ്ക്ക് മറ്റ് ഇനങ്ങളെ അപേക്ഷിച്ച് മെറ്റാബോളിസം കൂടുതലാണ്. എന്നാൽ വളരെ കുറഞ്ഞ ആയുസ്സാണ് ഉള്ളത്. അതിനാൽ 'ഹാർട്ട് ബ്രേക്ക് ബ്രീഡ്' എന്നും വിളിക്കപ്പെടുന്നു. പ്രത്യക പരിപാലനം നൽകി അരുമയായി വളർത്തേണ്ട ഇനമാണ്. പോഷകാഹാരങ്ങൾ, കൃത്യമായ ആരോഗ്യ സംരക്ഷണം എന്നിവ അത്യന്താപേക്ഷിതമാണ്.
വലിപ്പവും കരുത്തുമുള്ള ഇനമായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകുന്നത് അഭികാമ്യമായിരിക്കും. ഗ്രേറ്റ് ഡെയിനിൻ്റെ അന്താരാഷ്ട്ര ഇറക്കുമതിക്ക് ചിലവേറെയാണ്.
അകിത ഇനു
ജപ്പാനിൽ കണ്ടു വരുന്ന നായ ഇനമാണ് അകിത ഇനു. കൂടുതലും തണുപ്പുമുള്ള പർവത പ്രദേശങ്ങളിലാണ് കണ്ടു വരുന്നത്. കട്ടിയുള്ള രേമമാണ് ഇവയുടെ പ്രത്യേകത. ചില രാജ്യങ്ങളിൽ ഇവയെ അപകടകാരിയായി വിശേഷിപ്പിക്കാറുണ്ട്.
ശരിയായ പരിശീലനവും സാമൂഹികവൽക്കരണവും ഇവയെ പരിപാലിക്കുന്നതിന് ആവശ്യമാണ്. അപരിചിതരോട് അത്ര പെട്ടന്ന് അടുക്കില്ല. ഇവയും ആഗോള തലത്തിൽ എണ്ണത്തിൽ കുറവാണ്. അകിത ഇനുവിൻ്റെ ഇറക്കുമതിക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങളുണ്ട്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.