/indian-express-malayalam/media/media_files/2024/10/23/RB9uHWBM5TYbeZMs8Nrj.jpg)
ചിത്രം: ഫ്രീപിക്
മുട്ട സൂപ്പർഫുഡ് ആണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. ധാരാളം പോഷക ഗുണങ്ങളും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വെറുതെ പുഴുങ്ങിയും, സണ്ണി സൈഡ് അപ്പ് തയ്യാറാക്കിയും മുട്ട ഭക്ഷണക്രമത്തിൽ ചേർക്കാവുന്നതാണ്. എന്നാൽ ഇതേ മുട്ട ശരീരത്തിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം ഉയരം കൂട്ടും എന്നുള്ളത് ശരിയാണോ?. ഇതിനു പിന്നിലെ രഹസ്യം അറിയണമെങ്കിൽ ആദ്യം മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ കുറിച്ച് മനസ്സിലാക്കണം
മുട്ട സൂപ്പർഫുഡ് ആകുന്നത് എങ്ങനെ?
സാധാരണ നിങ്ങൾ എങ്ങനെയാണ് മുട്ട കഴിക്കാറുള്ളത്?. ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവരും, കായിക പ്രവർത്തനങ്ങളിൽ എർപ്പെടുന്നവരും മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് കണ്ടു വരുന്നത്.
കലോറി കുറവ്
മുട്ടയുടെ വെള്ളയിൽ കലോറി കുറവാണ്. അതിനാൽ മികച്ചൊരു ലഘുഭക്ഷണമാണ് മുട്ടയുടെ വെള്ള. ഇതിൽ കൊഴുപ്പുകളോ കാർബോഹൈഡ്രേറ്റുകളോ അടങ്ങിയിട്ടില്ല. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മുട്ടയുടെ വെള്ള പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഉയർന്ന പ്രോട്ടീൻ
കലോറി കുറവാണെങ്കിലും പ്രോട്ടീൻ കൂടുതലാണ്. ഒരു വലിയ മുട്ടയുടെ വെള്ളയിൽ 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് ശമിപ്പിച്ച് ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
ഉയർന്ന അളവിലുള്ള പൊട്ടാസ്യം
ഹൃദയാരോഗ്യത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും ഗുണകരമായ പൊട്ടാസ്യം മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അഭിപ്രായത്തിൽ, ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം.
മുട്ടയുടെ മഞ്ഞക്കരുവിലെ പോഷകങ്ങൾ എന്തൊക്കെയാണ്?
മുട്ടയുടെ ഒട്ടുമിക്ക പോഷകങ്ങളും മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്. വെള്ളയുമായി താരതമ്യം ചെയ്യുമ്പോൾ മഞ്ഞക്കരു വിറ്റാമിൻ എ, ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ കൂടുതൽ നൽകുന്നു. ധാരാളം കലോറിയും ഇതിൽ അടങ്ങിയിട്ടുണ്ട്.
വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിൽ കൊഴുപ്പും അധികമാണ്. അതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർ മുട്ടയുടെ മഞ്ഞക്കരു ഇടയ്ക്ക് കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിച്ചേക്കില്ല.
മുട്ട കഴിച്ചാൽ ഉയരം കൂടുമോ?
പോഷകങ്ങളുടെ ശക്തികേന്ദ്രമായ മുട്ട ആരോഗ്യത്തിനു മാത്രമല്ല ഉയരം കൂട്ടാനും സഹായിക്കും എന്നാണ് എഴുത്തുകാരനും കണ്ടൻ്റ് ക്രിയേറ്ററുമായ കൃഷ് അശോക് പറയുന്നത്. മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. അതിൻ്റെ മഞ്ഞക്കരുവിലാകട്ടെ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളും ഉണ്ട്.
ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്ന റൈബോഫ്ലേവിൻ, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിൽ കൊഴുപ്പ് കുറവാണ് അത് കൊളസ്ട്രോൾ രഹിതവുമാണ്. കൊളസ്ട്രോൾ നിലയിൽ ആശങ്ക ഉള്ളവർക്കും ശരീര ഭാരനിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്കും ഇത് ഗുണകരമാകും.
പേശികളുടെ വളർച്ചക്കും കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. അത് വളർച്ചയ്ക്ക് നിർണായകവുമാണ്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടമാണ് മുട്ട. അത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. ഒരു പരിധിവരെ ഉയരം വയ്ക്കുന്നതിന് ഇത് ഗുണകരമാണ്.
സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിനൊപ്പം മുട്ട കൊടുക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്കും ഉയരത്തിനും ഗുണം ചെയ്യുമെന്നാണ് കൃഷ് ഒരു അഭിമുഖത്തിൽ പറയുന്നത്. എന്നാൽ വളർച്ച മാതാപിതാക്കളുടെ ജീനുകളെ കൂടാതെ, ഗർഭ സമയത്ത് ലഭ്യമാകുന്ന സമീകൃത പോഷകാഹാരങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും.
ഉയരം വർധിക്കുന്നതിന് കാരണമായ എല്ലുകളിലെ ഘടകങ്ങൾ ഒരു പ്രായമെത്തുമ്പോൾ വളർച്ച തടയുന്നു. അതിനാലാണ് ഒരു നിശ്ചിത പ്രായത്തിനു ശേഷം അധികം ഉയരം കൂടാത്തത്.
മുട്ടയിൽ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഉയരം കൂടുന്നതും അതും തമ്മിൽ നേരിട്ട് ബന്ധമില്ല. മുട്ടയ്ക്ക് മാത്രമല്ല പച്ചക്കറികൾക്കോ പഴങ്ങൾക്കോ അത് സാധ്യമല്ല.
ജനിതക ശാസ്ത്രവും. പോഷകാഹാരവും, ശാരീരിക പ്രവർത്തനങ്ങളുമാണ് ഉയരത്തിൻ്റെ അടിസ്ഥാനം എന്ന് മുംബൈ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡയറ്റീഷ്യനായ ഫൗസിയ അൻസാരി പറയുന്നു. സൈക്ലിംഗ്, യോഗ, സ്ട്രെച്ചിങ് പോലെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ഉയരത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയേക്കും എന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- കഞ്ഞി വെള്ളം വെറുതെ കളയേണ്ട, തലമുടിയിൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- പ്രായം കൂടുന്തോറും ഉയരം കുറയുമോ?
- ചുളിവുകൾ അകറ്റാം മുഖം തിളക്കമുള്ളതാക്കാം, മാതളം ഉപയോഗിച്ചു നോക്കൂ
- മുഖത്തെ രോമം കളയാൻ വീട്ടിൽ തയ്യാറാക്കാം സൂപ്പർ ഫെയ്സ് മാസ്ക്
- പാദങ്ങളിലെ വിണ്ടുകീറലിനോട് വിട പറയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.